12:56am 18 January 2026
NEWS
ആരോഗ്യമേഖലയോട് സർക്കാരിന് ചിറ്റമ്മനയം -ഡോ. കെ.പി. പൗലോസ്
08/12/2025  12:40 PM IST
പി. ജയചന്ദ്രൻ
ആരോഗ്യമേഖലയോട് സർക്കാരിന് ചിറ്റമ്മനയം  -ഡോ. കെ.പി. പൗലോസ്

''പൗരന്റെ ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റേറ്റിന്റെ ഉത്തരവാദിത്വമായി കരുതിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഈ രണ്ട് മേഖലയിലും കേരളം രാജ്യത്തെത്തന്നെ മുൻനിര സംസ്ഥാനമായി മാറിയത്, ആ ഉത്തരവാദിത്വം ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് കൈകാര്യം ചെയ്യുവാൻ കഴിവും പ്രാപ്തിയും ആത്മാർത്ഥതയുമുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നതുകൊണ്ടുകൂടിയായിരുന്നു. എന്നാലിന്ന് പി.ആർ. വർക്ക് നടത്തി, ഈ രംഗങ്ങളിൽ മാത്രമല്ല സമസ്ത മേഖലയിലും, കേരളം ലോകത്തിന്റെ നെറുകയിലാണെന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ യാതൊരുവിധ ഉളുപ്പും കൂടാതെ വിളിച്ചുപറയുന്നത്. ചികിത്സാപ്പിഴവ് മൂലവും, മെഡിക്കൽ കോളേജിലുമുൾപ്പെടെയുള്ള അനാസ്ഥ മൂലവുമൊക്കെ ദിവസം ഒന്നുവീതമെങ്കിലും മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഇതേ വിളിച്ചുപറയൽ കാലത്തുതന്നെയാണ്''. പ്രശസ്ത ഡയബറ്റോളജിസ്റ്റും ഫിസിഷ്യനുമായ ഡോ. കെ.പി. പൗലോസ് ചൂണ്ടിക്കാട്ടി.

എന്താണ് ഈയൊരവസ്ഥയ്ക്ക് കാരണം?

വ്യക്തമായി പരിശോധിച്ചാൽ ചിലത് ശരിയാണ്. ചിലത് ശരിയല്ല എന്നുകാണാം. മെഡിക്കൽ കോളേജുകളിൽ ചികിത്സാപ്പിഴവുമൂലം രോഗി മരിച്ചു എന്നുപറയുന്ന വാർത്തയുടെ പിന്നാമ്പുറം സത്യസന്ധമായി പരിശോധിച്ചാൽ അതിൽ നല്ലൊരു ശതമാനത്തിലും ചില ദുരുദ്ദേശങ്ങളോടുകൂടി അങ്ങനൊരു കഥ മെനയുവാൻ ബന്ധുക്കൾ തയ്യാറാണെന്നുകാണുവാൻ കഴിയും. ഒടുവിൽ ബോഡി പോസ്റ്റുമോർട്ടം ചെയ്തിട്ട് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് മെഡിക്കൽ ബോർഡുതന്നെ പറഞ്ഞാലും കേൾക്കില്ല. പിന്നെ കേസും പ്രശ്‌നങ്ങളുമാകും.

ഞാൻ പറയുന്നത്, ഈ പറയുന്നതെല്ലാം, അല്ലെങ്കിൽ പുറത്തുവരുന്ന വാർത്തകളൊക്കെയും അതേപടി വിശ്വസിക്കുവാൻ പാടില്ല. കാരണം ഒരിക്കൽ പബ്ലിഷ് ചെയ്യുന്ന വാർത്ത തെറ്റാണെങ്കിൽ അത് തിരുത്തുകയും പത്രാധിപരുടെ ക്ഷമാപണക്കുറിപ്പ് കൂടികൊടുക്കുകയും ചെയ്യുന്ന നല്ല രീതി മുൻപുണ്ടായിരുന്നു. ഇന്നതില്ല, മിക്കവാറും പത്രങ്ങളുടെ രീതി അതാണ്.

ഉദാഹരണത്തിന് മലയാളത്തിലെ ഒരു വലിയ പത്രത്തിന്റെ കാര്യം തന്നെ പറയാം. അവർ ഒരു ദിവസം ഒരു വാർത്തയുമായി ബന്ധപ്പെട്ട് 'ഇൻഫന്റ് മോർട്ടാലിറ്റി' എന്നെഴുതി. ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത് ഇൻഫന്റ് മോർട്ടാലിറ്റി, നിയോണൽ മോർട്ടാലിറ്റി എന്നിങ്ങനെ മോർട്ടാലിറ്റി രണ്ടുവിധമുണ്ട്. ഇൻഫന്റ് മോർട്ടാലിറ്റി എന്നുപറഞ്ഞാൽ ഒരു കൊല്ലത്തിനുള്ളിൽ സംഭവിക്കുന്ന മരണമാണ്. നിയോണൽ മോർട്ടാലിറ്റി 28 ദിവസങ്ങൾക്കുള്ളിൽ സംഭവിക്കുന്ന മരണവും. ഇപ്പറഞ്ഞ പത്രത്തിൽ അത് അച്ചടിച്ചുവന്നപ്പോൾ നേരെ തിരിഞ്ഞുപോയി. ഞാനുടൻതന്നെ പത്രത്തിന്റെ എഡിറ്ററെ വിളിച്ച് കാര്യം പറഞ്ഞു. പറ്റിയ തെറ്റ് സമ്മതിച്ച അദ്ദേഹം തിരുത്തിക്കൊടുക്കാമെന്നുപറഞ്ഞെങ്കിലും കൊടുത്തില്ല.
അങ്ങനെ തെറ്റുകൾ പലതും വരും. മനഃപൂർവ്വം ചെയ്യുന്നതല്ല. പക്ഷേ അവരത് തിരുത്തിക്കൊടുക്കില്ല. മേൽപ്പറഞ്ഞ മരണവാർത്തകളിൽ പലതിലും അതാണ് സംഭവിക്കുന്നത്.

എന്താണ് കാരണം?

ഇനി നമ്മുടെ മെഡിക്കൽ മേഖലയിൽ കാര്യങ്ങളൊക്കെ ഭംഗിയായിട്ടാണോ നടക്കുന്നതെന്നും, അല്ലെങ്കിൽ എന്താണ് കാരണമെന്നും നോക്കാം.
തീർച്ചയായും നമ്മുടെ മെഡിക്കൽ മേഖലയിൽ കാര്യങ്ങളൊക്കെയും ഭംഗിയായി നടക്കുന്നു എന്ന് എനിക്കഭിപ്രായമില്ല. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഗവൺമെന്റിന്റെ കയ്യിൽ പണമില്ല എന്നുള്ളതാണ്. അതുകാരണം ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ല. പേവിഷബാധയ്ക്ക് കുത്തിവയ്ക്കാനുള്ള വാക്‌സിൻ എത്ര പി.എച്ച്.സികളിലുണ്ട്. ഇപ്പഴത്തെ ഈ ബഹളം കാരണം റാബിസ് വാക്‌സിനേഷന്റെ സിറം ചിലപ്പോൾ കണ്ടേക്കും. എന്നാൽ ഹൈപ്പർ ഇമ്മ്യൂൺ ഗ്ലോബലിൽ എന്നുപറയുന്ന ഒരു സാധനമുണ്ട്. മുഖത്തും മറ്റും നായുടെ കടിയേറ്റാൽ പെട്ടെന്ന് റെസ്‌പോൺസ് ചെയ്യുന്ന മരുന്ന്. അത് മിക്കയിടത്തും ഇല്ല. അത്യാവശ്യം വേണ്ടതാണ്.

നമുക്കിവിടെ 900 പി.എച്ച്.സികളുണ്ട്. അതിൽ ഇരുന്നൂറോ മറ്റോ മാത്രമാണ് ഫാമിലി ഹെൽത്ത് സെന്റർ എന്നുപറയാവുന്നത്. അതെല്ലാം ഡെവലപ് ചെയ്യാൻ പറഞ്ഞാൽ എത്ര രൂപ വേണം. റാബിസ് വാക്‌സിൻ തന്നെ വേണമെങ്കിൽ എത്ര രൂപ വേണം. അപ്പോൾ പണം ഇല്ലാതെ ഇതൊട്ടുമേ നടക്കില്ല. പിന്നെ കേരളം ആരോഗ്യരംഗത്ത് എന്തെങ്കിലും നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ ഒരു വലിയ റോൾ പ്രൈവറ്റ് ആശുപത്രികൾക്കുണ്ട്. നമുക്കിവിടെ മൂവായിരത്തോളം സ്വകാര്യ ആശുപത്രികളുണ്ട്.

അതുപോലെ ആരോഗ്യകാര്യങ്ങളെ സംബന്ധിച്ചുള്ള അവബോധം ജനങ്ങളിൽ കൂടിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ വാക്‌സിനേഷന്റെ തോത് കൂടിയത്. എന്തെങ്കിലും അസുഖം വന്നാൽ ഉടൻതന്നെ ആശുപത്രിയിൽ പോകണമെന്നുള്ള ചിന്ത ജനങ്ങൾക്കുണ്ട്. ആ ഒരു മനോഭാവം വർദ്ധിച്ചതുകൊണ്ടാണ് ഗർഭിണികളുടേയും കുഞ്ഞുങ്ങളുടേയുമൊക്കെ മരണ നിരക്ക് കുറയുന്നത്. അതുകൊണ്ടാണ് പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങുന്നത്.

മൂന്നോ നാലോ പേരുടെ മരണമേ നമ്മൾ അറിയുന്നുള്ളൂ. എത്ര പേർ സുഖപ്പെട്ടുപോകുന്നു. ഞാൻ അയ്യായിരം പേരെ ചികിത്സിച്ചിട്ട് ഒരാൾ മരിച്ചാൽ മതി. എന്റെ പേരിൽ കേസായി പുകിലായി. പക്ഷേ ഞാൻ സുഖപ്പെടുത്തിയ ബാക്കി 4999 പേരുടെ കാര്യം ആരും പറയില്ല.
മെഡിക്കൽ കോളേജിൽ പത്തുവർഷം ജോലി ചെയ്തയാളാണ് ഞാൻ. അവിടെ ക്രോണിക് വാർഡിലേക്ക് ആൾക്കാരെ മാറ്റും. അവിടെ പക്ഷേ ആവശ്യത്തിന് ബെഡ് ഇല്ല. ബെഡ് ഉള്ളതിന്റെ ഇരട്ടി രോഗികൾ ഉണ്ടാകും. അപ്പോൾ കുറേപ്പേർ താഴെ കിടക്കണം. താഴെ കിടക്കാൻ പറ്റാത്തവരാണെങ്കിൽ ഒരു ബെഡിൽ രണ്ടുപേരെ കിടത്തും.

അതുപോലെയാണ് എസ്.എ.ടിയിൽ. ഗർഭിണികളെ തറയിൽ കിടത്താൻ പറ്റില്ലല്ലോ. അപ്പോൾ ഒരു ബെഡിൽ രണ്ടുപേരെ കിടത്തും. അതിൽ ഒരാൾക്ക് ചിലപ്പോൾ പനി കാണും. അല്ലെങ്കിൽ പിന്നെ ബെഡ് ഇല്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കണം. അത് ജനം സമ്മതിക്കുമോ?
മറ്റൊന്ന് സ്റ്റാഫിന്റെ അഭാവമാണ്. 5 പേർക്ക് 1 സ്റ്റാഫ് എന്ന കണക്കിൽ, എട്ടുമണിക്കൂർ വച്ച് ഇടണമെങ്കിൽ എത്ര നഴ്‌സിംഗ് സ്റ്റാഫ് വേണം? ഐ.സി.യുവിൽ രണ്ട് രോഗികൾക്ക് ഒരു നഴ്‌സാണ്. ഈ സ്‌ട്രെംഗ്‌തൊന്നും നമ്മുടെ മെഡിക്കൽ കോളേജുകളിൽ പോലുമില്ല. വെറുതെ പതിനാല് മെഡിക്കൽ കോളേജുകൾ ഉണ്ടാക്കിവച്ചു എന്നല്ലാതെ അതിനു 536 വേക്കൻസിയാണുള്ളത്. നാഷണൽ മെഡിക്കൽ കമ്മിഷനിൽ നിന്നും ഇൻസ്‌പെക്ഷന് ആള് വരുമ്പോൾ സ്റ്റാഫ് ഉണ്ട്. അവർ പോകുമ്പോൾ ഇല്ല. അതാണ് സ്ഥിതി. അതാണ് ഗവൺമെന്റിന്റെ സിസ്റ്റം എന്നുപറയുന്നത്.
കാശില്ലെങ്കിൽ ഗവൺമെന്റ് എന്തുചെയ്യും. എല്ലാ പി.എച്ച്.സിയിലും സ്‌നേക്ക് വെനം, പേപ്പട്ടി കടിച്ചാലുള്ള ഹൈപ്പർ ഇമ്മ്യൂണോ ഗ്ലോബുലിൻ എന്നിവയൊക്കെ നിർബന്ധമായും വേണമെന്നാണ്. അതിനൊക്കെ പണം വേണ്ടെ. ഉള്ള പണം അടിച്ചുമാറ്റാനല്ലെ നോക്കുന്നത്. നമ്മൾ എന്ത് തൊട്ടാലും അടിച്ചുമാറ്റും. ഇപ്പോൾ കണ്ടില്ലെ ശബരിമലയിലെ സ്വർണ്ണം കവർച്ച. അപ്പോൾ ആരെയാണ് വിശ്വസിക്കാനാവുക.

ചുരുക്കിപ്പറഞ്ഞാൽ ഒന്നിനും പണമില്ല. മരുന്നുകമ്പനികൾക്ക് കൊടുക്കാൻ പണമില്ല. വാൽവും മറ്റും വാങ്ങിയാൽ കൊടുക്കാൻ പണമില്ല.. അതൊക്കെ കാരണം രോഗി മരിച്ചാൽ കുറ്റം ഡോക്ടർക്ക്. അവിടെ ഡോക്ടർ കുറ്റക്കാരനല്ലെന്ന് മെഡിക്കൽ ബോർഡ് പറഞ്ഞാൽ, ഒരു ഡോക്ടർ മറ്റൊരു ഡോക്ടർക്ക് എതിരുപറയില്ലെന്നുപറയും.

ഇതൊക്കെയാണെങ്കിലും നമ്മൾ അമേരിക്കയെക്കാൾ കേരളം മുൻപിലാണ് എന്നൊക്കെയാണ് പറയുന്നത്. ആയിരിക്കാം. അതുപക്ഷേ സ്വകാര്യ ആശുപത്രികളുടെ കാര്യത്തിലാണെന്നുമാത്രം. അതല്ലല്ലോ ഒരു ഗവൺമെന്റ് പറയേണ്ടത്.

സർക്കാർ എന്തുചെയ്യണം?

ഗവൺമെന്റ് മേഖലയിൽ താലൂക്ക്, ഡിസ്ട്രിക്റ്റ്, പി.എച്ച്.സി, മെഡിക്കൽ കോളേജ് എല്ലാം കൂടി 1288 ആശുപത്രികളാണുള്ളത്. ഇതൂകൂടാതെ 5000 സബ്‌സെന്റേഴ്‌സുണ്ട്. അവിടെ മിഡ് വൈഫ്മാർ മാത്രമേയുള്ളൂ. അതുകൂടി ചേർത്താൽ 6691 വരും. ഇതിൽ പി.എച്ച്.സിയിൽ വരെ മാത്രമേ മരുന്നുള്ളൂ. എന്നാൽ 24 x 7 എല്ലായ്‌പ്പോഴും ആളുള്ളത് 200 ൽ താഴെ മാത്രം വരുന്ന ഫാമിലി ഹെൽത്ത് സെന്ററുകളിലാണ്. മറ്റ് ഹെൽത്ത് സെന്ററുകളിൽ ഒരു ഡോക്ടറേ കാണൂ. മരുന്നും ആവശ്യത്തിന് കാണില്ല. അതേസമയം 2024 ലെ കണക്കനുസരിച്ച് 3556 സ്വകാര്യആശുപത്രികളാണുള്ളത്. 90,000 ഡോക്ടർമാരുള്ളതിൽ ഏതാണ്ട് 80000 പേരും സ്വകാര്യമേഖലയിലാണ്.

ഈ ഒരു സാഹചര്യത്തിൽ ഗവൺമെന്റ് ചെയ്യേണ്ടത് സബ്‌സെന്റേഴ്‌സിനെ ഡെവലപ് ചെയ്യുകയാണ്. 900 പി.എച്ച്.സികളുള്ളതിൽ 200 ൽ താഴെ മാത്രമേ ഫാമിലി ഹെൽത്ത് സെന്റർ ആക്കിയിട്ടുള്ളൂ. മറ്റുള്ളവയും കൂടി ലാബ് സൗകര്യം 24 x 7 ഡോക്ടർമാരുള്ള, കിടത്തിചികിത്സയുള്ള സംവിധാനത്തിലേക്ക് മാറ്റണം. ആവശ്യത്തിന് മരുന്നും വേണം. അതൊന്നും ഇല്ലാത്തതിനാൽ ജനങ്ങൾക്ക് പ്രൈവറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.

സർക്കാർ ആശുപത്രിയിൽ ചെന്നാലോ, വീട്ടിൽ ചെന്നുകാണണം. അല്ലെങ്കിൽ ആവശ്യമില്ലാത്ത സ്‌കാനിംഗിന് വിടും. കമ്മിഷൻ കിട്ടുമല്ലോ. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് പ്രൈവറ്റ് പ്രാക്ടീസ് പാടില്ലെന്നാണ് നിയമം. എന്നുമാത്രമല്ല 75000 മോ മറ്റോ നോൺ പ്രാക്ടീസിംഗ് അലവൻസായി നൽകുന്നുണ്ട്. എന്നിട്ടും നല്ലൊരു ശതമാനം പേരും അത് ചെയ്യുന്നില്ലെ. എന്തുകൊണ്ട് സർക്കാർ അത് നിയന്ത്രിക്കുന്നില്ല.
പൗരന് നല്ല ചികിത്സ കൊടുക്കാൻ ബാധ്യതയുള്ള സർക്കാർ പണമില്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറുമ്പോൾ മറ്റെന്തിനൊക്കെ ചെലവിടുന്നു എന്ന് നോക്കണം. ഒരു പാലം തന്നെ മൂന്നും നാലും പ്രാവശ്യം ഉദ്ഘാടനം ചെയ്യുകയും, അതിന്റെ പരസ്യം ദേശീയപത്രങ്ങളിൽ വരെ മുൻപേജിൽ കൊടുക്കാനും പണമുള്ളവരാണ് ആശുപത്രികളോട് ചിറ്റമ്മനയം കാണിക്കുന്നത്. ആ നയം മാറണം. മാറ്റണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img