
കൊച്ചി: എല്ലാ മാസവും മേയറും ഡെപ്യുട്ടി മേയറും അടങ്ങുന്ന ഭരണസമിതി ജനങ്ങളിലേക്കെത്തുമെന്നും ജനങ്ങളുടെ പാരാതികൾക്ക് നഗരസഭയിൽ തന്നെ പരിഹാരമുണ്ടാക്കുമെന്നും മേയർ അഡ്വ.വി കെ മിനിമോൾ. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് നഗരസഭയുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികൾ എത്തുന്നുണ്ട്. നൂലാമാലകളും കാലതാമസങ്ങളും ഒഴിവാക്കാൻ നഗരസഭാ തലത്തിൽ തന്നെ പരമാവധികം പരാതികൾക്ക് തീർപ്പുണ്ടാക്കുമെന്നും അതിന് വേണ്ടി കൂടിയാണ് നഗരസഭ തലത്തിൽ ഒരു അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത് എന്നും മേയർ പറഞ്ഞു. എറണാകുളം ടൗൺഹാളിൽ ഫയൽ അദാലത്ത്, ടോക്ക് വിത്ത് മേയർ പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയർ.
സാധ്യമായ എല്ലാ പരാതികളും അദാലത്തുകളിൽ പരിഹരിക്കും. അദാലത്തിൽ ലഭ്യമായ 662 അപേക്ഷകളിൽ പിഎംഎവൈ യുമായി ബന്ധപ്പെട്ട 450 ലേറെ അപേക്ഷകളും റവന്യൂ, ഹെൽത്ത്, ബിൽഡിംഗ് പെർമിറ്റ് , ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള വിഭാഗവുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചിരുന്നു. നിലവിലുള്ള നിയമങ്ങൾ അനുശാസിക്കും പ്രകാരം അദാലത്തിൽ ലഭിച്ച അപേക്ഷകളിൽ അദാലത്ത് ദിവസം നേരിട്ട് ലഭിച്ച അപേക്ഷകൾ ഒഴികെയുള്ള എല്ലാ പരാതികളും തീർപ്പാക്കുവാൻ കഴിഞ്ഞെന്നും അദാലത്ത് ദിവസം ലഭിച്ച അപേക്ഷകളിലും ഉടൻ തീർപ്പ് കൽപ്പിക്കുമെന്നും മേയർ അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായി വർഷങ്ങളോളം നഗരസഭയിൽ കയറിയിറങ്ങുന്നവർ വരെ അദാലത്തിനെത്തി. ഈ സ്‌ഥിതിക്ക് മാറ്റമുണ്ടാക്കുമെന്നും ഉദ്യോഗസ്‌ഥർക്ക് ചെയ്തു നൽകുവാൻ പറ്റാത്ത വിഷയങ്ങൾ ഭരണസമിതിയുടെ ശ്രദ്ധയിൽ പെടുത്തി തീരുമാനമുണ്ടാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും . ഓരോ ഫയലും ഓരോ സ്വപ്നമോ സ്വസ്‌ഥമായി ജീവിക്കാനുള്ള ആഗ്രഹങ്ങളോ ആയിരിക്കാമെന്നും മേയർ അറിയിച്ചു. ടോക്ക് വിത്ത് മേയർ പദ്ധതിയിൽ നാളത്തെ കൊച്ചിയെ സംബന്ധിച്ചുള്ള ആശയങ്ങളും നിർദേശങ്ങളും പങ്ക് വെയ്ക്കാം. മൂന്ന് മാസത്തിലൊരിക്കൽ അദാലത്ത് സംഘടിപ്പിക്കും. ടോക്ക് വിത്ത് മേയർ എല്ലാ മാസവും മുടങ്ങാതെ നടക്കും. വികസനക്കുതിപ്പിലേക്ക് കൊച്ചിയെ നയിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മേയർ അഭ്യർഥിച്ചു.
ഡെപ്യുട്ടി മേയർ ദീപക് ജോയ് അധ്യക്ഷത വഹിച്ചു. സ്‌ഥിരം സമിതി അധ്യക്ഷരായ ഷാകൃത സുരേഷ്ബാബു, ടി കെ അഷ്‌റഫ്, പി എം നസീമ, കെ എ മനാഫ്, ജിസ്മി ജെറാൾഡ്, നഗരസഭ സെക്രട്ടറി പി എസ് ഷിബു എന്നിവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്‌ഥിരം സമിതി ചെയർമാൻ ആന്റണി പൈനുതറ സ്വാഗതവും അഡീഷണൽ സെക്രട്ടറി എൽ എസ് സജി നന്ദിയും പറഞ്ഞു.
Photo Courtesy - Google








