
നമ്മുടെ ജീവിതം സുരക്ഷിതവും സുഭിക്ഷവുമാക്കാനും, അവകാശങ്ങൾ സംരക്ഷിക്കാനും, മഴയും വെയിലുമേറ്റ് തോക്ക്- ലാത്തികൾക്ക് മുന്നിൽ പതറാതെ, വിരളാതെ വിരിമാറ് കാട്ടി നമുക്കുവേണ്ടി പൊരുതാനും, നിയമസഭയിലും, പാർലമെന്റിലും തെരുവിലും ശബ്ദമുയർത്താനും തയ്യാറാകുന്ന രാഷ്ട്രീയ നേതാക്കളോട് നമ്മൾ പൊതുജനങ്ങൾക്കുള്ള കടപ്പാട് വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവാത്തത്ര മഹത്തരമാണ്. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുടെ പേരിൽ പൊതുവേദികളിൽ പരസ്പരം കടിച്ചുകീറുന്നവർ അവിടെ നമുക്ക് ഒരു പോലെയാണ്. കാരണം സ്വന്തം കുടുംബം മാത്രം നോക്കി സ്വാർത്ഥതയോടെ ജീവിക്കുന്ന, നേരമില്ലാത്ത നമുക്കുവേണ്ടിയാണല്ലോ, കുടുംബം പോലും മറന്ന് അവർ നിസ്വാർത്ഥ സേവനം ചെയ്യുന്നത്. മദ്ധ്യകാല രാഷ്ട്രീയ ചിന്തകൾ തോമസ് ഹോബ്‌സ് പറഞ്ഞപോലെ, നമ്മെ ഭരിക്കാനും പ്രതിനിധീകരിക്കാനുള്ള പദവികൾ അവർക്ക് നമ്മൾ കൊടുക്കുന്നുണ്ടല്ലോ എന്ന് തിരിച്ചുപറയാമെങ്കിലും, അവരുടെ നിസ്വാർത്ഥ ത്യാഗത്തിനുമുന്നിൽ, സേവനത്തിന് മുന്നിൽ അതൊക്കെ എന്തോന്ന്; വെറും നിസ്സാരം. നമ്മൾ ഓർക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത ഏതെല്ലാം വിഷയങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടിയാണ് അവർ നമുക്കുവേണ്ടി പൊരുതുന്നത്. തളരാത്ത, പതറാത്ത ആ വീര്യത്തിന് മുന്നിൽ നമ്മൾ തലകുമ്പിട്ട് നമിച്ചേ മതിയാകൂ.
ഷേക്‌സ്പിയറുടെ വിഖ്യാത കഥാപാത്രമായ കൊറിയോലാനസ്സിനെപ്പോലെ ജനത്തിനെ കയ്യിലെടുക്കാനുള്ള വാഗ്വിലാസം എല്ലാവർക്കും ഒരുപോലെ കാണുകയില്ലായിരിക്കാം. ശ്വസിക്കുന്നതും ഭക്ഷിക്കുന്നതുമൊക്കെ നമുക്കുവേണ്ടിയായിരിക്കുമ്പോൾ എന്തോന്ന് വാഗ്വിലാസം.
അവരുടെ പോരാട്ടം ഭൗതികം, ബൗദ്ധികം, വൈകാരികം, ശാരീരികം തുടങ്ങി വിവിധ തലങ്ങളിലാണ്. ഉദാഹരണത്തിന് ശാരീരിക പ്രത്യക്ഷപ്പെടൽ അതിലും കാണാം പോരാട്ടവീര്യം.
പ്രായം അഥവാ കാലം മനുഷ്യജീവികളിൽ വരുത്തുന്ന ശാരീരിക പരിണാമങ്ങളിൽ പ്രധാനമാണല്ലോ ജരാനരകൾ. ഒരു പ്രായം കഴിയുമ്പോൾ അവശതകൾക്കൊപ്പം മീശ, താടിരോമം, തലമുടി എന്നിവയിൽ നര പ്രത്യക്ഷപ്പെടും. മിക്കവാറും അറുപത് കഴിയുന്നതോടെയായിരിക്കും ഇത് സംഭവിക്കുന്നത്. എഴുപതാകുമ്പോഴേയ്ക്കും ഇത് പൂർണ്ണമാകും. പാർട്ടി ഭേദെമന്യേ നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ ബഹുഭൂരിപക്ഷവും 65-70 വയസ്സ് പിന്നിട്ടിട്ടുള്ളവരാണ്. എന്നുപറഞ്ഞാൽ എല്ലാവരിലും ജരാനരകൾ ബാധിച്ചുകഴിഞ്ഞിരിക്കുന്ന പ്രായം. എന്നാൽ സ്വാഭാവികമായ ഈ ശാരീരിക പ്രക്രിയയ്ക്ക് കയ്യും കെട്ടി വിധേയരായി നിന്നുകൊടുക്കാൻ നമ്മുടെ രാഷ്ട്രീയനേതാക്കൾ തയ്യാറല്ല. അവർ അതിനെതിരെ സന്ധിയില്ലാസമരത്തിലാണ്. അത് അവരെ നോക്കിയാൽ മനസ്സിലാകും. തൊണ്ണൂറ്റിയെട്ട് ശതമാനത്തിലധികം നേതാക്കളുടെയും തലമുടിയും, മീശയും (താടിയുണ്ടെങ്കിൽ താടിയും) കറുകറുത്തിട്ടാണ്. കേവലം കറുപ്പടി പ്രക്രിയയായി ഇതിനെ കാണരുത്. സഹജമായ പോരാട്ടവീര്യം, അതായത് പ്രായത്തിനെതിരേയുള്ള സമരതീക്ഷ്ണത ഇവിടെ ദർശിക്കാനാവും. ചില പ്രധാന നേതാക്കളുടെ കാര്യം നമുക്ക് പരിശോധിച്ചുനോക്കാം.
രംഗത്ത് സജീവമായി നിൽക്കുന്ന നേതാക്കളിൽ പ്രായം കൊണ്ട് മന്ത്രി രാമചന്ദ്രൻ കടന്നപള്ളിയും (81. വയസ്സ്. ജനനം 1944 ജൂലായ് 1), മുഖ്യമന്ത്രി പിണറായി വിജയനും (80 വയസ്സ്. ജനനം 1945 മെയ് 24), പന്ന്യൻ രവീന്ദ്രനും (80 വയസ്സ്. ജനനം 1945 ഡിസംബർ 22) മുന്നിട്ടുനിൽക്കുന്നു. (1923 ഒക്‌ടോബർ 20 ന് വി.എസ്. അച്യുതാനന്ദന് 100 വയസ്സ് കഴിഞ്ഞെങ്കിലും രണ്ടുവർഷത്തോളമായി അദ്ദേഹം അബോധാവസ്ഥയിൽ കിടപ്പിലാണ്). മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഡൈ അടിക്കാറില്ലെങ്കിലും, പഴയ ഒരു കാലഘട്ടത്തിലെ ഫാഷനായ വീതുളിയും മുടിവളർത്തലും ഇപ്പോഴും സൂക്ഷിക്കുന്നു. ചെവിയ്ക്കിരുവശവും വളർന്നുനിൽക്കുന്ന നരച്ച താടിയും മുടിയും സാധുവായ ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്നു. 80 കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ കറുപ്പടിക്കാറില്ല. ഇപ്പോഴും സമൃദ്ധമായ മുടി പൂർണ്ണമായും നരച്ചിട്ടില്ലാത്ത മുടി എണ്ണതേച്ചു പിറകോട്ട് ചീകി വച്ചിരിക്കുന്നു. എന്നാൽ സി.പി.ഐ നേതാവായ പന്ന്യൻ രവീന്ദ്രന്റെ (80 വയസ്സ്. ജനനം: 1945 ഡിസംബർ 22) സ്ഥിതി അതല്ല. ട്രേഡ്മാർക്കായി കൊണ്ടുനടക്കുന്ന നീണ്ടുവളർന്ന മുടി സ്ത്രീകളുടെ കേശം പോലെ പരിപാലിക്കുന്നു. പ്രായം നോക്കിയാൽ പഞ്ഞിക്കെട്ടുപോലെ വെളുത്തിരിക്കേണ്ട തലമുടി ഡൈയ്യടിച്ചു കറുപ്പിച്ചിരിക്കുന്നു.
പ്രായം കൊണ്ട് തൊട്ടുതാഴെ നിൽക്കുന്നത് 80 വയസ്സ് കഴിഞ്ഞ വനം മന്ത്രി എ.കെ. ശശീന്ദ്രനും(ജനനം 1946, ജനുവരി 29), വി.എം. സുധീരനും (79 വയസ്സ്. ജനനം 1946 മെയ് 26) ആണ്. മൂവരും കറുപ്പടിക്കുന്നതിൽ നിഷ്ണാതരാണ്. (സുധീരൻ പണ്ടേ ഡൈ അടിച്ചു, മുഖസൗന്ദര്യം നിലനിറുത്തുന്നതിൽ ശ്രദ്ധാലുവാണ്.) പ്രായത്തിൽ തൊട്ടടുത്ത സ്ഥാനത്ത് മുൻ കെ.പി.സി.സി പ്രസിഡന്റ് സുധാകരനും(77 വയസ്സ്. ജനനം 1948 മെയ് 11), സി.പി.എം നേതാക്കളായ എ.കെ. ബാലനും(77 വയസ്സ്. ജനനം: 1948), പി.കെ. ശ്രീമതിയും(76 വയസ്സ്. ജനനം 1949 മെയ് 4), ഇ.പി. ജയരാജനും(75 വയസ്സ്. ജനനം 1950 മെയ് 28) നിൽക്കുന്നു. പ്രായത്തെ തോൽപ്പിക്കുന്നതിൽ മൂവരും പിന്നോട്ടല്ല. മുൻ രാജ്യസഭാ എം.പിയും സാക്ഷരതാമിഷൻ ഡയറക്ടറുമായ സി.പി.എം നേതാവ് ടി.എൻ സീമയ്ക്ക് പ്രായം 62 ആയെങ്കിലും (ജനനം 1963 ജൂൺ 1) ഇപ്പോഴും മുടിയൊന്നും നരച്ചിട്ടില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (72 വയസ്സ്. ജനനം 1953 ഏപ്രിൽ 23), സി.ഐ.ടി.യു നേതാവ് എളമരം കരീം (72 വയസ്സ്, ജനനം: 1953 ജൂലൈ 1), എന്നിവരാണ് തൊട്ടുതാഴെയുള്ളവർ. ഇരുവരും കറുപ്പടിയിൽ ഒരു വിട്ടുവീഴ്ചയും നടത്താറില്ല. എം.വി. ഗോവിന്ദൻ മുടിയും കട്ടിമീശയും കറുപ്പിച്ചു ഭംഗിയാക്കിയ നിലയിലേ പ്രത്യക്ഷപ്പെടാറുള്ളൂ; അതിലൊരു അമാന്തവും കാണിക്കില്ല. ഇതേസമയം സി.പി.ഐ(എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്തനാണ്. 71 കാരനായ എം.എ. ബേബി (ജനനം 1954 ഏപ്രിൽ 5) ഒരിക്കലും ഡൈ പുരട്ടിയതായി തോന്നുന്നില്ല. (കൊല്ലം എസ്.എൻ. കോളേജിൽ ബിരുദ പഠനത്തിന് ബേബിയും ഈ ലേഖകനും ബാച്ച്‌മേറ്റുകളായിരുന്നു. ബേബി എക്കണോമിക്‌സിനും, ഞാൻ പൊളിറ്റിക്കൽ സയൻസിനും. അന്നും ബേബി താടി വളർത്തുമായിരുന്നു. കറുത്ത താടിരോമങ്ങൾക്കിടയിൽ അവിടവിടെ വെള്ളനാരുകൾ കാണാമായിരുന്നു. ഇക്കാര്യം പറഞ്ഞു ഞങ്ങൾ സുഹൃത്തുക്കൾ ബേബിയെ കളിയാക്കുമായിരുന്നു.) ബേബിയെപ്പോലെയാണ് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും. കുമ്മനത്തിനിപ്പോൾ 73 വയസ്സായി. (ജനനം 1952 ഡിസംബർ 23). ദീർഘനാളായി അടുത്തസൗഹൃദമുള്ള കുമ്മനത്തിനെ ആദ്യം കാണുമ്പോഴേ താടിയിലും മുടിയിലും നരകയറി തുടങ്ങിയിരുന്നു.
പുതിയ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിന് 73 വയസ്സായെങ്കിലും (ജനനം 1952 ആഗസ്റ്റ് 18) മുൻഗാമികളെപ്പോലെ മീശയും മുടിയും കറുപ്പിക്കുന്നതിൽ ശ്രദ്ധാലുവാണ്. കെ.പി.സി.സി പ്രസിഡന്റും പലതവണ എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രന് 80 വയസ്സാകാൻ പോകുന്നു.(ജനനം 1944, നവംബർ 7) കട്ടിമീശയും മുടിയും ഭംഗിയായി കറുപ്പിച്ചേ മുല്ലപ്പള്ളി പുറത്തിറങ്ങൂ. കെ.എസ്.യു- യൂത്ത് കോൺഗ്രസ് സംസ്ഥാന-ദേശീയ പ്രസിഡന്റും, മുൻ മന്ത്രിയും കെ.പി.സി.സി പ്രസിഡന്റും, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മെമ്പറും പ്രതിപക്ഷ നേതാവുമൊക്കെയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് 69 വയസ്സ് കഴിഞ്ഞു. (ജനനം 1956, മെയ് 25). മുഖം കുറച്ച് ചീർത്തിട്ടുണ്ട് എന്നതൊഴിച്ചാൽ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ആദ്യം കണ്ടപ്പോഴുള്ള രമേശിൽ കാര്യമായ മാറ്റമൊന്നും ഇപ്പോ സംഭവിച്ചിട്ടില്ല. കറുത്ത മുടിയും കറുത്ത മീശയും ഇപ്പോഴും അതേപോലെതന്നെയുണ്ട്. കറുപ്പടിച്ചു മുഖകാന്തി വരുത്തിയും, ഇസ്തിരിയിട്ട ഖദർഷർട്ടും മുണ്ടുമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന രമേശ് ഇപ്പോഴും ഊർജ്ജസ്വലനാണ്. മുൻ കേന്ദ്രമന്ത്രിയും, പലതവണ എം.പിയുമായ ശശി തരൂരിന് 69 വയസ്സ് കഴിഞ്ഞു(ജനനം 1956. മാർച്ച് 9).
വേഷവിധാനത്തിൽ ശ്രദ്ധാലുവായ തരൂർ, കറുപ്പടിക്കുന്നതിലും, വേഷത്തിലും ഒട്ടും അലംഭാവം കാണിക്കാറില്ല. മുൻ കെ.പി.സി.സി പ്രസിഡന്റും, മന്ത്രിയും എം.പിയുമൊക്കെയായിരുന്ന കെ. മുരളീധരന് 68 വയസ്സായെങ്കിലും (ജനനം: 1957 മെയ് 14) കറുപ്പടിയിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാറില്ല. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമൊക്കെയായിരുന്ന വി. മുരളീധരന് 67 വയസ്സായി. (ജനനം 1958 ഡിസംബർ 12). മുടിയും മീശയും കറുപ്പോടെ നിലനിറുത്തുന്നതിൽ മുരളീധരൻ സദാ ശ്രദ്ധിക്കുന്നു. മുൻ രാജ്യസഭാ എം.പിയും സാക്ഷരതാമിഷൻ ഡയറക്ടറുമായ സി.പി.എം നേതാവ് ടി.എൻ സീമയ്ക്ക് പ്രായം 62 ആയെങ്കിലും (ജനനം 1963 ജൂൺ 1) ഇപ്പോഴും മുടിയൊന്നും നരച്ചിട്ടില്ല.
ഡൈയ്യടിച്ച് സുന്ദരക്കുട്ടപ്പന്മാരായി നമ്മുടെ രാഷ്ട്രീയനേതാക്കൾ കാണപ്പെടുന്നത് നമുക്ക് ഒരു അന്തസ്സല്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. തീർച്ചയായും അതിലൊരു തർക്കവുമില്ല. കറുപ്പടിക്കാതിരുന്നാലുള്ള അവസ്ഥ ഒന്ന് സങ്കൽപ്പിച്ചുനോക്കുക. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റും, സംസ്ഥാന കമ്മിറ്റിയും, കോൺഗ്രസ്സിന്റെ സംസ്ഥാന എക്‌സിക്യുട്ടീവും, സംസ്ഥാന കമ്മിറ്റിയുമൊക്കെ കൂടുന്ന ദൃശ്യങ്ങൾ പത്ര-ദൃശ്യമാധ്യമങ്ങളിൽ വരുന്നത് മനോമുകുരത്തിൽ വിഭാവന ചെയ്ത് നോക്ക്. പഞ്ഞിക്കെട്ടുപോലെ വെളുത്ത മുടിയും മീശയും താടിയുമുള്ള കുറേ വൃദ്ധരൂപങ്ങൾ. തീർച്ചയായും അരോചകമായിരിക്കുമത്. അതുണ്ടാകാത്തത് നമ്മുടെ ഭാഗ്യം.
എന്നാൽ എന്തിലും കുറ്റവും കുറവും കാണുന്ന ദോഷമനസ്സുകൾ അവിടെയും ന്യായവാദങ്ങൾ നിരത്തുന്നുണ്ട്. സ്വാഭാവികമായുണ്ടാകുന്ന നര അവരുടെ രാഷ്ട്രീയ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുമെന്നാണ് അവർ ചോദിക്കുന്നത്. ഇതിനുള്ള ശരിയായ മറുപടി, മൈൻഡ് ചെയ്യാതിരിക്കുക എന്നതാണ്. കറുപ്പടി നിറുത്തി പൊതുജനത്തെ അവഹേളിക്കരുത് എന്നാണ് അപേക്ഷിക്കാനുള്ളത്.
അനുബന്ധം:
പുകവലി നിലനിൽക്കുന്ന രാഷ്ട്രീയവ്യവസ്ഥിതിയോടുള്ള ഒരു പ്രതിഷേധ രൂപമാണെന്ന കാഴ്ചപ്പാട് മുൻപുണ്ടായിരുന്നു. ഹവായ് ചുരുട്ടുവലിക്കുന്ന ഏണസ്റ്റോ ചെഗുവേരയുടേയും ഫിദൽ കാസ്‌ട്രോയുടേയുമൊക്കെ ചിത്രങ്ങൾ എഴുപതുകളിൽ ക്ഷോഭിക്കുന്ന യുവമനസ്സുകളെ പ്രചോദിപ്പിച്ചിരുന്നു. വിപ്ലവചിന്തയുടെ തീപ്പൊരി അവർ അതിൽ കണ്ടു.











