
സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ പരിപാടികളുടെ ഭാഗമായി കാക്കനാട് ഹോർട്ടികോർപ്പിൽ നിർമിച്ച സംയോജിത പാക്ക്ഹൗസിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ് നിർവഹിക്കുന്നു
കാർഷിക മേഖലയെ ആധുനികവത്കരിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുകയാണ് സംസ്ഥാന കൃഷിവകുപ്പിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ കാക്കനാട്ട് നിർമ്മിച്ച സംയോജിത പാക്ക് ഹൗസ് നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകർക്ക് വിളവെടുപ്പിന് മുൻപും വിളവെടുപ്പിന് ശേഷവും എന്തെല്ലാം സൗകര്യങ്ങൾ ആവശ്യമുണ്ടോ ആ സൗകര്യങ്ങൾ മുഴുവൻ ഒരുക്കി കൊടുക്കുക എന്നുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഈ പാക്ക് ഹൗസ് തയ്യാറാക്കിയത്. സംഭരണം, മൂല്യ വർദ്ധന, പാക്കിങ് , കോൾഡ് സ്റ്റോറേജ് , കയറ്റുമതി വിപണന മേഖലകളിലേക്കുള്ള ബന്ധപ്പെടുത്തൽ തുടങ്ങിയ വിവിധ മേഖലകളിൽ കർഷകരെ സംരക്ഷിച്ചും അടുപ്പിച്ചും ചേർത്ത് നിർത്തിയും ചെയ്യാവുന്ന കാര്യങ്ങളൊക്കെ ചെയ്യാനുള്ള ദീർഘവീക്ഷണമുള്ള സമീപനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾക്ക് മികച്ച വിപണിയും ന്യായമായ വിലയും ഉറപ്പാക്കുന്നതിന് സംഭരണം, ഗ്രേഡിംഗ്, പാക്കേജിംഗ്, മൂല്യവർധന, കയറ്റുമതി തുടങ്ങിയ മേഖലകളിൽ ആധുനിക സൗകര്യങ്ങൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
വിളവെടുപ്പ് സമയത്ത് വിലക്കുറവ് നേരിടുന്ന സാഹചര്യം ഒഴിവാക്കാൻ കോൾഡ് ചെയിൻ സംവിധാനങ്ങളും ആധുനിക പാക്കേജിംഗ് സൗകര്യങ്ങളും വലിയ പങ്കുവഹിക്കുമെന്നും പരമ്പരാഗത കൃഷിരീതികളിൽ നിന്ന് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആധുനിക കൃഷിയിലേക്കാണ് കേരളം മുന്നേറുന്നതെന്ന് മന്ത്രി പറഞ്ഞു. ഡ്രോണുകൾ, ഡാറ്റാ അധിഷ്ഠിത കൃഷിരീതികൾ, കൃത്യതാ കൃഷി, കാർഷിക സ്റ്റാർട്ടപ്പുകൾ എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാർഷിക മേഖലയിൽ പുതിയ മുന്നേറ്റം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ദേശീയ-അന്തർദേശീയ വിപണികൾ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ കയറ്റുമതിക്കാരുമായി കർഷകരെ നേരിട്ട് ബന്ധിപ്പിക്കുന്നതിനും ഉത്പന്നങ്ങൾ വിദേശ വിപണിയിലെത്തിക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പിലാക്കിവരുന്നതായും അദ്ദേഹം അറിയിച്ചു.
കൃഷിവകുപ്പിൻ്റെ വിവിധ ലാബുകളായി 1258 ഇനം പച്ചക്കറി, കാർഷിക ഭക്ഷ്യോത്പനങ്ങളിൽ നടത്തിയ പരിശോധനയിൽ 62 ഇനങ്ങളിൽ വർദ്ധിച്ച തോതിലുള്ള കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തി.വിഷം പണം കൊടുത്തു വാങ്ങുന്ന സ്ഥിതിയാണുള്ളത്. ഇത് ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകുന്നു.കേരളത്തിൻ്റെ നഷ്ടപ്പെട്ട കാർഷിക സംസ്കാരം തിരിച്ച് പിടിക്കണം.പുതുതലമുറയെ കൃഷിയിലേക്ക് തിരികെ കൊണ്ടുവരണം. അവരിൽ കാർഷിക അവബോധം സൃഷ്ടിക്കണം.അതിനായി സ്കൂളുകളിൽ കതിർ ക്ലബ്ബുകൾ ആരംഭിച്ചു. കാർഷിക വൃത്തിയിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്നും, അത്തരത്തിൽ ഗ്രേസ് മാർക്ക് നൽകുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അറിയിച്ചു.
കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. വിളനാശ നഷ്ടപരിഹാര വിതരണം, വന്യജീവിശല്യ പ്രതിരോധം, മൂല്യവർധിത ഉൽപ്പന്ന വികസനം, എക്സോട്ടിക് ഫലവിള കൃഷി പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിവരുന്നതായും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വിള നഷ്ടപ്പെട്ട കർഷകർക്ക് ഇപ്പോൾ ലഭിക്കുന്ന തുകയുടെ ഇരട്ടി തുക നഷ്ടപരിഹാരമായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും പ്രധാന വിപണന കേന്ദ്രങ്ങൾക്കും സമീപം പ്രവർത്തനം ആരംഭിക്കുന്ന സംയോജിത പാക്ക് ഹൗസ് ജില്ലയിലെ കർഷകർക്ക് വലിയ സഹായമാകുമെന്നും ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി വിപണന സാധ്യതകൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃക്കാക്കര എംഎൽഎ ഉമാ തോമസ് അധ്യക്ഷത വഹിച്ചു. കാർഷിക ഉത്പന്നങ്ങൾ കൂടുതൽ സുരക്ഷിതമായും ഗുണമേന്മയോടെയും ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആധുനിക സൗകര്യം ഒരുക്കിയിരിക്കുന്നത്. പച്ചക്കറികളിലെ കീടനാശിനിയുടെ സാന്നിദ്ധ്യം കുറച്ച് സുരക്ഷിത ഭക്ഷണം ജനങ്ങളിലെത്തിക്കാൻ ഓസോൺ വാഷ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുള്ളത് അഭിനന്ദനാർഹമാണെന്ന് എംഎൽഎ പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മൂല്യവർധനവ് നൽകുന്നതിനും ഈ പദ്ധതി സഹായകമാകും. വനിതാ കാർഷിക വർഷത്തിന്റെ ഭാഗമായി സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തവും ഈ മേഖലയിലേക്ക് ഉണ്ടാകട്ടെയെന്നും ഉമാ തോമസ് എംഎൽഎ പ്രത്യാശിച്ചു.
സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻ ഡയറക്ടർ ആശ എസ് പദ്ധതി വിശദീകരണം നടത്തി. കെ എൽ ഡി സി മാനേജിംഗ് ഡയറക്ടർ ബീന ലളിത സാങ്കേതിക അവതരണം നടത്തി, തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർ സിന്ധു എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം പി ക്ലീറ്റസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിൻ്റ ജേക്കബ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജോ പറമ്പി, നഗരസഭ ചെയർപേഴ്സൺ ഷെറീന ഷുക്കൂർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് അനിൽകുമാർ, ജില്ലാ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, ആത്മ പ്രൊജക്റ്റ് ഡയറക്ടർ ഇന്ദു പി നായർ, ഹോർട്ടി കോർപ്പ് റീജണൽ മാനേജർ ജിതേഷ് സി വി എന്നിവർ സംസാരിച്ചു.
Photo Courtesy - Google










