05:04pm 17 April 2026
NEWS

ജെൻസി പ്രക്ഷോഭം: ഭാഗ്യനിർഭാഗ്യങ്ങളുടെ കഥ

16/04/2026  08:53 PM IST
കല്ലമ്പലം അൻസാരി
 ജെൻസി പ്രക്ഷോഭം: ഭാഗ്യനിർഭാഗ്യങ്ങളുടെ കഥ

'നമ്മുടെ സ്വത്വം നാം അന്യദേശങ്ങളിൽ വിറ്റഴിക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർ മുപ്പതിനായിരം എണ്ണി വാങ്ങുകയാണ്. മുപ്പത് ഇടങ്ങളിൽ അവർക്ക് ആസ്തികൾ ഏഴ് കടലിനക്കരെ പണി ചെയ്യുന്നവന്റെ കടം ആരാണ് വീട്ടുക?'
'നേപ്പാൾ പുഞ്ചിരിക്കണം
നേപ്പാളികളുടെ മനസ്സ് നൃത്തം ചെയ്ണം
നേപ്പാൾ പുഞ്ചിരിക്കണം
നേപ്പാളികൾ സന്തോഷത്തോടെ കഴിയണം.'
ഈ റാപ് ഗാനങ്ങൾ പാടി ജെൻസി പ്രക്ഷോഭത്തിനെ കത്തിജ്വലിപ്പിച്ച റാപ്പർ ഗായകർ 'ബാലെൻ' എന്ന് വിളിക്കുന്ന ബാലന്ദ്രഷാ നേപ്പാളിലെ പ്രധാനമന്ത്രിയായി അധികാരമേറ്റു. മാർച്ച് 28 നായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. അധികാരം ഏറ്റെടുത്ത ഉടൻതന്നെ മുൻ പ്രധാനമന്ത്രി ശർമ്മ ഒലിയെ അറസ്റ്റ് ചെയ്ത് കൽതുറുങ്കിലിട്ടു ബാലേന്ദ്രഷാ.

ആറുമാസം മുൻപ് നടന്ന ജെൻസി പ്രക്ഷോഭത്തിൽ അന്നത്തെ ശർമ്മ ഒലിയുടെ സർക്കാർ താഴെ വീണതിനെ തുടർന്നാണ് നേപ്പാളിൽ തെരഞ്ഞെടുപ്പ് നടന്നത്. മാർച്ച് 5 നായിരുന്നു തെരഞ്ഞെടുപ്പ്. പരമ്പരാഗത രാഷ്ട്രീയപ്പാർട്ടികളായ ഇരു കമ്മ്യൂണിസ്റ്റ് കക്ഷികളെയും, നേപ്പാളി കോൺഗ്രസിനെയും തറപറ്റിച്ചുകൊണ്ടാണ് ബാലേന്ദ്രഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (ആർ.എസ്.പി) 275 അംഗ പാർലമെന്റിൽ 182 സീറ്റ് സ്വന്തമാക്കി അധികാരം പിടിച്ചത്. കാട്മൻഡുവിലെ മേയറായിരുന്നത് ഒഴിച്ചാൽ വലിയ അധികാരസ്ഥാനങ്ങളിലൊന്നും അനുഭവ പരിചയമില്ലാത്ത ബാലേന്ദ്രഷാ വെറും മുപ്പത്തിയഞ്ചാമത്തെ വയസ്സിലാണ് നേപ്പാളിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

നേപ്പാളിന്റെ ചരിത്രം തിരുത്തിക്കുറിച്ച ജനകീയ പ്രക്ഷോഭമായിരുന്നു ജെൻസി. യുവതലമുറ അത്യുജ്ജല ആവേശത്തോടെ തെരുവിലിറക്കിയ ഈ പോരാട്ടത്തിൽ അധികാരശക്തികൾ സർവ്വ ആയുധങ്ങളും എടുത്തുവീശി പ്രതിരോധിച്ചിട്ടും അതിന്റെ ഒഴുക്ക് തടയാനായില്ല. ശർമ്മ ഒലിയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യൂണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ്) നയിച്ചിരുന്ന നേപ്പാളി ഭരണകൂടം ഈ കലാപത്തിൽ തകർന്നുവീണു. ഏതാണ്ട് എഴുപതോളം സമരാനുകൂലികൾ രക്തസാക്ഷികളായി. ഈ സംഭവത്തെക്കുറിച്ച് പഠിക്കാൻ ഇടക്കാല സർക്കാർ നിയോഗിച്ച മുൻ സുപ്രീംകോടതി ജഡ്ജി ഗൗരി ബഹദൂർ കർക്കി അദ്ധ്യക്ഷനായുള്ള സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് അന്നത്തെ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയെ അധികാരമേറ്റതിന്റെ പിറ്റേദിവസം തന്നെ ബാലേന്ദ്രഷാ അറസ്റ്റ് ചെയ്തത്.

ഏഷ്യയിലെ പല രാജ്യങ്ങളിലും കത്തിക്കയറിയ യുവജനതയുടെ വീറുറ്റ സമരപരമ്പരയായിരുന്നു ജെൻസി എന്ന പേരിലറിയപ്പെടുന്ന ജനറേഷൻ 7 പ്രക്ഷോഭം. ശ്രീലങ്കയിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളിലൂന്നി നിന്നിരുന്ന ഗോതസായ രാജപക്‌സെയുടെ സർക്കാരിനെയാണ് 2022 ൽ ജെൻസി പ്രക്ഷോഭകർ ആദ്യം അട്ടിമറിച്ചത്. 2022 ജൂലൈ 13 ന് ജെൻസി സമരത്തിന്റെ തീച്ചൂളയിൽ കത്തിക്കരിയാതിരിക്കാൻ രാജപക്‌സെ തന്റെ കുടുംബത്തെയും കൂട്ടി ആദ്യം മാലിദ്വീപിലേക്കും പിന്നീട് സിംഗപ്പൂരിലേക്കും ഒളിച്ചോടി. പിന്നീട് പഴയ പുൽവായ റനിൻ വിക്രമസിംഗയെ പ്രസിഡന്റാക്കി പാർലമെന്റ് അധികാരം കാത്തെങ്കിലും 2024 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ അനരാ കുമാരദിൻനായകെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. 2022 ലെ പ്രക്ഷോഭത്തിന്റെ വിത്തായിരുന്നു ദിൻനായകെ.

ശ്രീലങ്കയിൽ നടന്ന അട്ടിമറിയുടെ പുനരാവർത്തനമായിരുന്നു പിന്നീട് ബംഗ്ലാദേശിൽ നടന്നത്. ഷേക് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ 2024  ജൂലൈയിലാണ് ബംഗ്ലാദേശിൽ ജെൻസി കലാപം പൊട്ടിപുറപ്പെടുന്നത്. 15 വർഷത്തെ ഹസീന ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് ആഗസ്റ്റിൽ പ്രക്ഷോഭം അതിന്റെ വിജയക്കൊടി നാട്ടി. ആഗസ്റ്റ് 5 2024 ൽ ഹസീന ഇൻഡ്യയിൽ അഭയം തേടി. 1400ൽപ്പരം സമരാനുകൂലികളാണ് ആ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ജെൻസി പ്രക്ഷോഭകരും യുവനേതൃത്വം നയിച്ച ജെൻസി പ്രക്ഷോഭകരും യുവനേതൃത്വം നയിച്ച നാഷണൽ സിറ്റിസൺ പാർട്ടി (എൻ.സി.പി)ക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല. 

അവരുടെ ചുരുക്കം ചില സ്ഥാനാർത്ഥികൾ മാത്രമാണ് തെരഞ്ഞെടുപ്പിൽ ജയിച്ച് വന്നത്. ഷേക് ഹസീനയുടെ അവാമി ലീഗിന്റെ പരമ്പരാഗത എതിരാളിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി(ബി.എൻ.പി) മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. 'മണ്ണും ചാരിയിരുന്നവൻ പെണ്ണുംകൊണ്ട് പോയി' എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ് ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭത്തിന്റെ ആകെ തുക. അതിന്റെ അനുരണനങ്ങൾ ബംഗ്ലാദേശിൽ ഇനിയും അടങ്ങിയിട്ടില്ല. ജെൻസി പ്രക്ഷോഭത്തെ നയിച്ചവർ ഇപ്പോഴത്തെ സ്ഥിതിയിൽ ഒട്ടും സംതൃപ്തരല്ലെന്നാണ് പറഞ്ഞുകേൾക്കുന്നത്. 

ഷേക് ഹസീനയെ പുറത്താക്കാൻ പ്രക്ഷോഭത്തിനിറങ്ങിയവർ പുതിയ സർക്കാരിന്റെ പിടിപ്പുകേടുകളെക്കുറിച്ച് വിലപിക്കുകയാണ് ഇപ്പോൾ. രാജ്യത്തുടനീളം വംശീയവും, ജാതീയവുമയ അക്രമങ്ങൾ, ഗുണ്ടാവിളയാട്ടങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങളുടെ വേട്ടയാടൽ ഒക്കെ വലിയ സുരക്ഷാപാളിച്ചകളായിത്തന്നെ തുടരുകയാണ്. മനുഷ്യാവകാശ ധ്വംസനങ്ങളും, സാധാരണ ജനങ്ങൾക്ക് നേരെയുള്ള പോലീസിന്റെയും പട്ടാളത്തിന്റെയും അഴിഞ്ഞാട്ടങ്ങൾക്കും ബംഗ്ലാദേശിൽ ഒട്ടും കുറവ് വന്നിട്ടില്ല. ഹസീനയുടെ കാലത്ത് നടന്ന വേട്ടയാടലുകളെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച കമ്മിഷനുകൾ പതിവുപോലെ അന്വേഷണം നടത്തി ഇഴഞ്ഞുനീങ്ങുകയാണ്. തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും പഴയതുപോലെതന്നെ ജനജീവിതം ദുസ്സഹമാക്കുന്നു. ജെൻസി പ്രക്ഷോഭം നയിച്ച വിദ്യാസമ്പന്നരായ നേതാക്കൾപോലും ഏതെങ്കിലും വിസ സംഘടിപ്പിച്ച് വിദേശത്ത് പോയി ജീവിക്കാനുള്ള നെട്ടോട്ടത്തിലാണ്. പലരും ഇതിനകം തന്നെ ബംഗ്ലാദേശ് വിട്ടുകഴിഞ്ഞു.

ശ്രീലങ്കയും, ബംഗ്ലാദേശും, നേപ്പാളും കടന്ന് ജെൻസി പ്രക്ഷോഭത്തിന്റെ അലയൊലികൾ ഇൻഡോനേഷ്യയിലും ഫിലിപ്പൈൻസിലും വരെ ചെന്നെത്തി. 2025 ആഗസ്റ്റിലും സെപ്റ്റംബറിലും ഇൻഡോനേഷ്യൻ  പ്രസിഡന്റ് പ്രബൊവൊ സുബിയാന്റോയ്‌ക്കെതിരെ വലിയ കലാപങ്ങളാണ് തലസ്ഥാനമായ ജക്കാർത്തയിലും മറ്റ് പ്രാദേശിക നഗരങ്ങളിലും നടന്നത്. പ്രക്ഷോഭത്തിന്റെ മൂർദ്ധന്യതയിൽ ചൈനയിലേക്കുള്ള ഔദ്യോഗിക സന്ദർശനം തന്നെ പ്രസിഡന്റിന് റദ്ദാക്കേണ്ടി വന്നു. സമരക്കാരെ കർശനമായി നേരിട്ട സർക്കാർ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ലേബർ വെൽഫെയർ കൗൺസിൽ രൂപീകരിക്കാൻ നിർബന്ധിതമായി. അധികാര സ്ഥാനത്തിലുള്ളവർക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനവും പ്രസിഡന്റ് നൽകിയതോടെയാണ് പ്രക്ഷോഭണം തെല്ലൊന്നു അയഞ്ഞിരിക്കുന്നത്.

അഴിമതിനിറഞ്ഞ ഭരണാധികാര വർഗ്ഗത്തിനെതിരെയാണ് ഫിലിപ്പൈലൻസിൽ 2025 സെപ്റ്റംബറിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. വെള്ളപ്പൊക്ക നിവാരണത്തിനുവേണ്ടി സർക്കാർ ചെലവഴിച്ച തുകകളിൽ വൻവെട്ടിപ്പ് നടന്നതിനെതിരെയാണ് പ്രധാനമായി പ്രക്ഷോഭകർ രംഗത്തിറങ്ങിയത്. 'ട്രില്യൻ പെസോ മാർച്ച്' എന്ന പേരിലാണ് ഇതറിയപ്പെട്ടത്. ഫിലിപ്പൈൻ കറൻസിയായ പെസോ വെള്ളപ്പൊക്ക നിവാരണ പദ്ധതികളിൽ നിന്ന് ശതകോടി കണക്കിന് വെട്ടിച്ചതിനെതിരെയായിരുന്നു പ്രക്ഷോഭം. 2025 സെപ്റ്റംബറിൽ ആരംഭിച്ച ഈ സമരം ഏറിയും കുറഞ്ഞും ഇപ്പോഴും തുടരുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 25 ന് വമ്പിച്ച ഒരു റാലിയാണ് മനിലയിൽ നടന്നത്. ഫിലിപ്പൈൻസ് പ്രസിഡന്റ് മാർക്കോസ് ജൂനിയർ ഈ വെട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും, അധികാര ദുർവിനിയോഗം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും പ്രക്ഷോഭകർക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്. എങ്കിലും പ്രക്ഷോഭത്തിന്റെ തിരയടികൾ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ 3-4 കൊല്ലക്കാലത്തിനിടയിൽ ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ അധികാരി വർഗ്ഗത്തിനെതിരായി രൂപം കൊണ്ട ജനകീയ പ്രക്ഷോഭങ്ങൾക്കെല്ലാം ഒരു ഏകദേശ മുഖഛായയുണ്ട്. നേപ്പാളിലും ശ്രീലങ്കയിലും പ്രക്ഷോഭകാരികളെ ജനം അധികാരത്തിലെത്തിച്ചപ്പോൾ ബംഗ്ലാദേശിൽ അവർ കടുത്ത നിരാശരാണ്. അതിനർത്ഥം ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭത്തിന്റെ തിര അടങ്ങിയിട്ടില്ലെന്ന് തന്നെയാണ്.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img