01:11am 07 November 2026
NEWS
പൊതുസേവനം എന്ന പാമ്പും കോണിയും കളി
03/07/2025  06:29 PM IST
ഡോ. ബി. അശോക്
പൊതുസേവനം എന്ന പാമ്പും കോണിയും കളി
HIGHLIGHTS

മറ്റു സംസ്ഥാനങ്ങളിലില്ലാത്ത ഒരധിക സമ്മർദ്ദംകൂടി കേരളത്തിലെ സിവിൽ സർവ്വീസിലെ പ്രത്യേകിച്ച് - നേതൃത്വ സ്ഥാനങ്ങളിലുള്ളവർ അഭിമുഖീകരിക്കുന്നുണ്ട്.  

ദീർഘകാലത്തെ  പ്രധാന പദവികളിലെ താരതമ്യേന  മെച്ചപ്പെട്ട സേവന-നേതൃത്വ പദവികളായാലും, പൊതുകാര്യങ്ങളിലും രാജ്യത്തിന്റെ വികസനത്തിലും  പങ്കെടുക്കാനുള്ള അവസരമായാലും ഇതര തൊഴിലുകളെ അപേക്ഷിച്ചു മെച്ചപ്പെട്ട പൊതുദൃശ്യതയായാലും മെച്ചപ്പെട്ട സാധ്യതകൾ ഉള്ളതുകണ്ടാകണം അഖിലേന്ത്യാ സർവ്വീസുകൾ ഉൾപ്പെടെയുള്ള  ദേശീയ സിവിൽ സർവ്വീസുകൾക്ക്  ഇന്നും ഒട്ടേറെ അപേക്ഷകരും തൽപ്പരരുമുള്ളത്. എന്നാൽ യു.പി.എസ്.സി പരീക്ഷാപ്പനി ബാധിച്ച ചെറുപ്പക്കാർ പലരും സിവിൽ സർവ്വീസിനുള്ളിലെ സംഘർഷഭരിതവും  യാതനാപൂർണ്ണവുമായ  നാൾവഴികളെക്കുറിച്ച്  പലപ്പോഴും ബോധവാന്മാരല്ല. അതിലെ ആഭ്യന്തര സമ്മർദ്ദത്തിൽ പയറ്റി നിൽക്കാനുള്ള ശേഷി തങ്ങൾക്കുണ്ടോയെന്ന്  പലരും സത്യസന്ധമായി ചിന്തിക്കാറുമില്ല.  ഏതാനും വർഷത്തെ അനുഭവം കൊണ്ടുള്ള പ്രതികൂല മാനസികാവസ്ഥയിൽ തന്നെ മനസ്സുമടുത്തു പോകുന്നവരെ ഇന്ന് കുറയൊക്കെക്കാണാം. അപൂർവ്വമായെങ്കിലും ചികിത്സയാവശ്യമുള്ളത്ര വിഷാദരോഗത്തിൽ പോലും അമരുന്നവരും ഒട്ടുമില്ല എന്നു പറഞ്ഞുകൂടാ. ഇതിൽ ഒരു  ചെറിയ മുൻധാരണ എപ്പോഴും നല്ലതാണ്. കാലാന്തരേണ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നത്  സൂചിപ്പിക്കുന്നത് പുറത്തുനിൽക്കുന്നവർക്ക് നല്ലതായിരിക്കും.  

ഞാൻ പറയാൻ പോകുന്ന പല വസ്തുതകളും പ്രശ്‌നങ്ങളും മറ്റുപല മുൻനിര പ്രൊഫഷനുകളിലുമുണ്ട്.  മനുഷ്യസഹജമായ  മൃഗീയവാസനകളും, പര്‌സപര മത്സരങ്ങളും അഹംബോധ പ്രചോദിതമായ ആഭ്യന്തര സംഘട്ടനങ്ങളും ഒക്കെ തീരെയില്ലാത്ത പ്രൊഫഷനുകളില്ല. കുടുംബത്തിനുള്ളിൽപോലും ഇവ തലപൊക്കാറുണ്ട്. വക്കീലായാലും ജഡ്ജിയായാലും ഡോക്ടറോ എഞ്ചിനീയറോ എന്തിന് സിനിമാതാരമോ ഡയറക്ടറോ ആയാലും ഇത്തരം 'ഓഫീസ് രാഷ്ട്രീയം' എന്നറിയപ്പെടുന്ന   വൈതരണികൾ വ്യക്തികൾ  നേരിട്ടേ മതിയാകൂ. എന്നാൽ ഈ  തൊഴിലുകളിലൊന്നും നേരിടേണ്ടതില്ലാത്ത ഒരു അധിക അപകടം സിവിൽ സർവ്വീസിലുണ്ട്. താരതമ്യേന വലിയ അധികാരങ്ങൾ കൈകാര്യം ചെയ്യുന്നതും ഉത്തരവാദിത്വമുള്ളതുമായ പദവികൾ ധാരാളം ഉള്ളതുകൊണ്ടും തന്നെ സംവിധാനത്തിനുള്ളിൽ താത്ക്കാലികമായിപ്പോലും 'അപ്രിയത്വം' ഉണ്ടായാൽ കാര്യമായി  സർവ്വീസിലെ വ്യക്തിയെ കഷ്ടപ്പെടുത്താനാവും.   

ആഭ്യന്തര പ്രകടന- റിപ്പോർട്ടിംഗ്, ക്രിമിനൽ - വിജിലൻസ് ആരോപണങ്ങൾ, സ്വഭാവഹത്യകൾ, വ്യക്തിഗത  അസൗകര്യങ്ങളുണ്ടാക്കുന്ന സ്ഥാനമാറ്റങ്ങൾ, തരം താഴ്ത്തലുകൾ, അന്യായമായ മാറ്റിനിറുത്തലുകൾ എന്നിവയൊക്കെ പലപ്പോഴും  ആർജ്ജവത്തോടെയും സത്യസന്ധമായും പ്രവർത്തിക്കുന്നവർക്കും നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലില്ലാത്ത ഒരധിക സമ്മർദ്ദംകൂടി കേരളത്തിലെ സിവിൽ സർവ്വീസിലെ പ്രത്യേകിച്ച് - നേതൃത്വ സ്ഥാനങ്ങളിലുള്ളവർ അഭിമുഖീകരിക്കുന്നുണ്ട്.  

അത് നൂറു ശതമാനം കക്ഷി രാഷ്ട്രീയാഭിമുഖ്യ അടിസ്ഥാനത്തിൽ വിഭജിച്ച് വളരെക്കാലമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന സംസ്ഥാന സർവ്വീസിലെ ആഭ്യന്തര അന്തരീക്ഷമാണ്.   അക്ഷരാർത്ഥത്തിൽ കേരളത്തിന്റെ മുഖമുദ്രയായ  മുന്നണിയുടെ രാഷ്ട്രീയാടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർ വിഭാഗീയമായി സംഘടിക്കപ്പെട്ടുപോകുന്നു. ഇതാണ് സ്ഥിതി. ഭരിക്കുന്ന കക്ഷിയുടെയോ മുന്നണിയുടെയോ സ്വാധീനത്തിലും ആവശ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് പ്രധാന സീറ്റുകളിൽ കൂടുതലും സാധാരണയായി ഉദ്യോഗസ്ഥർ നിയോഗിക്കപ്പെടുക. ഒരു അനൗദ്യോഗിക സ്‌പോയിൽസ്  (വെട്ടിപ്പിടിയ്ക്കൽ)  സംവിധാനമാണ് നിലവിലുള്ളത്.  ഇതേ സംഘടനകളുടെ മേൽനോട്ടത്തിലാണ് ഉയർന്ന ഭരണഘടനാ ഓഫീസുകളും   നിർവ്വഹിക്കപ്പെടുക.    വകുപ്പ് മേധാവിക്കോ ഗവൺമെന്റിന്റെ  സെക്രട്ടറിക്കോ മികച്ച സംസ്ഥാന ഉദ്യോഗസ്ഥരെ നിർണ്ണായക സ്ഥാനങ്ങളിൽ നിയോഗിക്കാനോ നിലനിറുത്താനോ എപ്പോഴും  കഴിഞ്ഞെന്നുവരില്ല. നല്ല പ്രകടനമുള്ളവരെ നിലനിറുത്താനും  പ്രോത്സാഹിപ്പിക്കാനും മേധാവികൾക്ക് ചില പരിമിതികളുണ്ട്. അതിനാൽ ടീം ബിൽഡിംഗ് വേണ്ടത്ര നടക്കാതെയാവും എന്നു ചുരുക്കം. 
കേന്ദ്ര ചട്ടങ്ങളൊക്കെ യുണ്ടെങ്കിലും ഐ.എ.എസ്/ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽപ്പോലും ചട്ടം ഭാഗികമായെങ്കിലും പാലിക്കപ്പെട്ടത് ഉദ്യോഗസ്ഥർ കേന്ദ്രഭരണ ട്രിബ്യൂണലിൽ നിന്നും അനുകൂല ഉത്തരവ് നേടിയതിനുശേഷം മാത്രമാണ്. ഇനി എന്തെങ്കിലും ഗുണപരമായ മാറ്റം സൃഷ്ടിക്കാനുതകുന്ന രണ്ടു വർഷത്തോളം കിട്ടുന്ന ഒരു കാലയളവ് പദവിയിൽ നേടിയെടുത്താൽ തന്നെ   ഭരണപരിഷ്‌ക്കരണത്തിനും  സത്വരമായ പദ്ധതി നിർവ്വഹണത്തിനും വേണ്ട കരുത്തുള്ള ഒരു ടീമിനെ ഒരുക്കാൻ  നേതൃത്വ സ്ഥാനത്തുള്ളവർക്ക്  സാധിക്കില്ല. അത്രകണ്ട്  വേഗതയിലാകും കീഴുദ്യോഗസ്ഥരായ സംസ്ഥാന ഉദ്യോഗസ്ഥരുടെ മാറ്റങ്ങളും  വിരമിക്കലും. കൃഷിവകുപ്പിൽ മൂന്ന് വർഷം പൂർത്തിയാവുമ്പോൾ അഞ്ചു ഡയറക്ടർമാർ മാറിമാറി വന്നു എന്നു പറഞ്ഞാൽ ഇതു വ്യക്തമാകും. ഒരാൾ ശരാശരി വാഴ്ന്നത് അഞ്ച് ആറു മാസം മാത്രം. ‌

കേന്ദ്രവും സംസ്ഥാനവും രണ്ട്  വ്യത്യസ്തമായ റിട്ടയർമെന്റ് പ്രായം നിഷ്‌ക്കർഷിക്കുന്നതും ഇതിന് ആക്കം കൂട്ടുന്നു. കാര്യമായ സംഭാവന ആർജ്ജിച്ച പരിചയത്തിൽ നിന്നും കൂടുതൽ ചെയ്യാവുന്ന ഒരു ഘട്ടത്തിലാണ് സംസ്ഥാന ജീവനക്കാർ  അടുത്തൂൺപറ്റി പിരിയുന്നത്. ടീം വർക്കിന്റെ അഭാവം, അമിതമായ കക്ഷിരാഷ്ട്രീയം അഥവാ ഉദ്യോഗസ്ഥ സംഘടനാ അമിത പ്രഭാവം എന്നിവ സിവിൽ സർവ്വീസിലെ മാറ്റത്തിനുള്ള ശേഷി  പിന്നോട്ടുവലിക്കുന്ന ഘടകങ്ങളായിപ്പോയി.  ജനങ്ങൾക്കുള്ള സേവനങ്ങൾ വൈകുന്നതും  ഉത്തരവാദിത്വക്കുറവും തത്ഫലമായി വേണ്ടിവരുന്ന ഫയൽ പരിഹാര പ്രായശ്ചിത്തക്രിയകളും ഒക്കെ ഘടനാപരമായ  ഈ പ്രശ്‌നത്തിന്റെ ഒരു ബാക്കി പത്രമാണ്. ഇതൊക്കെയാണെങ്കിലും  സാമാന്യം നീണ്ട ഇതുവരെയുള്ള സേവനത്തിൽ പൊതുവിൽ ഉപകാരപ്പെടുന്നതും ശ്രദ്ധിക്കപ്പെടുന്നതുമായ ഒട്ടേറെ പദ്ധതികളുടെ ഭാഗമാകാൻ കഴിഞ്ഞു എന്നതിലഭിമാനിക്കാം. അതൊരു ദീർഘ വിഷയമാകെക്കൊണ്ട് ഈ  കുറിപ്പിൽ അതിലേയ്ക്കു കടക്കുന്നില്ല.  

എന്തുചെയ്തു നേടിയെങ്കിലും അത് ഇരുപത്തിയഞ്ചു വർഷത്തിൽപ്പരം ആഴ്ചയിൽ 60-70 മണിക്കൂർ അവിശ്രമം പണിയെടുത്തിട്ടാണ് എന്നുമാത്രം പറയട്ടെ. അടുത്തകാലം വരെ  ആഴ്ചയിൽ ഏഴു ദിവസവും ഓഫീസിൽ പോകുമായിരുന്നു, ശരാശരി പത്തുമണിക്കൂർ  ദിവസവും ഔദ്യോഗിക കാര്യങ്ങൾക്കായി ചെലവിടുകയും ചെയ്യും. എല്ലാവർഷവും ശപഥം ചെയ്തതുപോലെ പാലിച്ചതാണ് ഒരോ ദിവസവും പരിഗണിക്കേണ്ട ഫയലുകൾ അന്നന്ന് വൈകിട്ട് ബാക്കി നിറുത്തില്ല എന്നത്.  ദിവസം എഴുപത് ഫയലുകൾ  വരെ പരിശോധിക്കേണ്ട പലതരം  നൂലാമാലകളുള്ള വകുപ്പുകളിൽ  വരെ 48 മണിക്കൂറിനുള്ളിൽ  ദിവസേന 100% എന്ന ടാർജറ്റ് പാലിച്ചിട്ടുണ്ട്. 

സുപ്രീം കോടതിയടക്കം  നോട്ടീസയച്ച ഡസൻ കണക്കിന് ഗൗരവമായ കോടതിയലക്ഷ്യ കേസുകൾ നേരിട്ടു. ഒന്നിലും  സർക്കാരിന് അന്തിമമായി ഒരു പ്രതികൂല പരാമർശത്തിലെത്തിച്ചില്ല.  എന്റെ അറിവിൽ നൽകിയ ഒരു ഉപദേശം വലിയ തെറ്റായിരുന്നെന്നോ, തൽഫലമായി പുറപ്പെടുവിച്ച ഉത്തരവ് നിയമബാഹ്യമായിരുന്നെന്നോ ഒരിക്കൽപ്പോലും വിധിയുണ്ടായില്ല.  എന്നാലിത് വ്യക്തിപരമായ മിടുക്ക് മാത്രമാണെന്നു കരുതുന്നില്ല.   നൂറുകണക്കിന് പുറങ്ങളുള്ള  50 ഫയലുകൾ ഒരു ദിവസം  പരിഗണിച്ചാൽ എത്ര പരിചയമുണ്ടെങ്കിലും ചില മനുഷ്യസഹജമായ പിശകുകൾ പറ്റാം. ചിലപ്പോൾ ചില വസ്തുതകൾ അപഗ്രഥനം ചെയ്ത  മറ്റ് ഉദ്യോഗസ്ഥർ ചിലതു വിട്ടുപോയിരിക്കും. ചിലപ്പോൾ ബന്ധപ്പെട്ട നിയമം അഥവാ ചട്ടം  ഫയലിൽ പൂർണ്ണമായും ചേർത്തിരിക്കില്ല. ചിലതു പിശകായി വ്യാഖാനിക്കപ്പെടും. 

ഇനി അപൂർവ്വമെങ്കിലും ചിലപ്പോൾ ഒരു പ്രത്യേക താത്പ്പര്യത്തിന്റെ പുറത്ത് കീഴുദ്യോഗസ്ഥർ ബാഹ്യപ്രേരണയിൽ ഫയൽ തയ്യാറാക്കിയെന്നുമിരിക്കും.  മാനുഷികമായ നോട്ടപ്പിശകും സംഭവിക്കാം.  പ്രതിവർഷം 10,000 കടലാസുകൾ - അതിൽ 30% കേസിലും സർക്കാർ ഉത്തരവുകൾ  പുറപ്പെടുവിക്കുന്നതുവരെയുള്ളവ തെറ്റു കൂടാതെ പരിശോധിക്കുന്നത് കുറഞ്ഞ ഒരു കാര്യമല്ല.   അതിൽ ഒരു 20% കാര്യമായ സാമ്പത്തിക  പ്രാധാന്യമുള്ളതുമാണ് എന്നോർക്കണം.   ആയിരക്കണക്കിന് 'ക്ലോസുകൾ'  ഉള്ള സർക്കാർ ചട്ടങ്ങളുടെ  പരിധിക്കുള്ളിൽ നിന്നുമാണ് ഈ വളയത്തിനുള്ളിലെ  'അഭ്യാസം' എന്നതും പരിഗണിക്കണം.   

വർഷങ്ങൾ പിന്നിട്ടപ്പോൾ വന്ന  ഒരു മാറ്റം പൊതുവെ  ഉദ്യോഗസ്ഥരിൽ വളർന്ന ചട്ടങ്ങളോടുള്ള അവഗണനയാണ്.  ചട്ടപ്രകാരം ഒരു കാര്യം സുതാര്യമായി തന്നെ ചെയ്യാമെന്നിരിക്കേ ദ്രുതഗതിയിൽ എന്തെങ്കിലും കാട്ടാമെന്ന ശൈലി കടന്നു വന്നു. പല ചട്ടങ്ങളും  കാലഹരണപ്പെട്ടതാണ് എന്നതു ശരിയാണെങ്കിലും തീർത്തും അവയ്ക്കു ബാഹ്യമായി സർക്കാരുകൾക്ക് പ്രവർത്തിക്കാനൊക്കില്ല. ഒപ്പം എങ്ങനെയും ചില്ലറ ഫലം  കാട്ടിയാൽ മതി എന്ന ഒരു ചിന്തയും വന്നു. വളയരഹിതമായിപ്പോയി ചാട്ടം എന്നർത്ഥം. ചട്ടങ്ങളോടുള്ള അസഹിഷ്ണുത അതു  ചൂണ്ടിക്കാട്ടിപ്പോയ വ്യക്തിയോടുകൂടി വളർത്തുന്നതും  ഒരു പ്രതിഭാസമായി. 'നിയമം പറയുന്ന മഹാ ബോറൻ.' എന്ന  പിശകായ ഒരു പരിവേഷമുണ്ടാക്കുക പതിവായി. നമ്മൾ ഉപദേശം നൽകുന്നത് ദൂഷ്യം കുറഞ്ഞ ഒരു അന്തിമ തീരുമാനത്തിലെത്താനാകാം. എന്നാലെങ്ങനെയാകണം അതു എന്നു മനസ്സിലാക്കപ്പെടണമെന്നില്ല.  ഒപ്പം ഒരു  ചട്ടത്തിന്റെ  ബാന്ധവവുമില്ലാതെ ''എന്തും ചെയ്യും വാലിബന്മാരും'' സേവന രംഗത്തു പെരുകി. അപ്പോൾ ഔദ്യോഗിക രീതിശാസ്ത്രം എന്നൊന്ന് ഏതാണ്ട് അനാവശ്യമായി പലർക്കും തോന്നിത്തുടങ്ങി. ഒട്ടൊക്കെ സങ്കീർണ്ണമായ ഒരന്തരീക്ഷം സിവിൽ സർവ്വീസിൽ  ഉടലെടുത്തുവരാൻ കാരണം ഇതൊക്കെയാണ്.

ഏതാണ്ട് സ്ഥിരമായി ''ക്രോണിക്ക് അപ്രിയത്തിൽ''  പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചതുകൊണ്ടു പറയട്ടെ.  ഇത്തരം ഒരു അവസ്ഥയുടെ  ഭീകരത പലപ്പോഴും  പുറത്തുള്ളവരും ഈ ഉദ്യോഗം തേടുന്നവരുമൊന്നും മനസ്സിലാക്കി കൊള്ളണം എന്നില്ല.   ഈയടുത്ത് വേണ്ട വിധത്തിലല്ലാതെ കേഡർ തസ്തികയ്ക്കു പുറത്ത് ഒരു ജോലി ഏൽപ്പിച്ചപ്പോൾ എനിക്കും ചട്ടത്തിന്റെ നിയമപരിരക്ഷ  തേടേണ്ടിവന്നു. പത്രമാധ്യമങ്ങൾ പരാമർശിച്ചതുകൊണ്ട് കേഡർ ചട്ടങ്ങൾക്കു ബാഹ്യമായി പ്പോയതിനാൽ സർക്കാർ ഉത്തരവ് ട്രിബ്യൂണൽ അസ്ഥിരപ്പെടുത്തി  കേഡർ തസ്തികയിൽ തന്നെ തുടരാനനുവദിച്ച സാഹചര്യം വിശദമാക്കുന്നില്ല.    നിയമവാഴ്ചയുടെ ഒരുവിജയം എന്നു പറയാം.  

എന്നാൽ അപ്രിയമുള്ളപ്പോൾ  ഒരു മുതിർന്ന ഉദ്യോഗസ്ഥനു പോലും നേരിടേണ്ടി വരുന്ന വ്യക്തിഗത ബുദ്ധിമുട്ടുകൾ പുറംലോകം അറിയാറില്ല. ഉന്നത പദവിയുണ്ടാകാം; പക്ഷേ സാധാരണ മനുഷ്യനുപോലും ലഭ്യമാക്കേണ്ട നീതിയും കേവലം മാനുഷികമായ പരിരക്ഷകൾപോലും ഈ ഉന്നതസ്ഥാനത്തു ജീവിതകാലത്തേയ്ക്ക്  ബന്ധിക്കപ്പെടുന്ന മിണ്ടാപ്രാണികൾക്കില്ല എന്നതാണ് സത്യം. ഇത് സമർത്ഥിക്കാൻ  ഇനിപ്പറയുന്ന വ്യക്തിഗത അനുഭവം ഉപകരിക്കും.  

ആഴ്ചയിൽ 60 മണിക്കൂർ കുറയാത്ത ജോലിഭാരം താങ്ങേണ്ടി വരും എന്ന് പറഞ്ഞല്ലോ.  ജില്ലാകളക്ടറുടെയോ എമർജൻസി സ്വഭാവമുള്ള വകുപ്പിന്റെ  അദ്ധ്യക്ഷന്റെയോ ഫോൺ ഇപ്പോൾ  എല്ലാസമയവും ശബ്ദിക്കും. പോലീസ് ഉദ്യോഗസ്ഥരുടേത് പ്രത്യേകിച്ചും. താരതമ്യേന ചെറുപ്പമായിരിക്കുമ്പോൾ കുറെയൊക്കെ ഉദ്യോഗസ്ഥർക്ക്  എല്ലായിടത്തും ഓടിയെത്താൻ കഴിയും. കൂടുതൽ ഉത്സാഹവും ആരോഗ്യവും ഉള്ള സമയമാണത്.  മുതിർന്ന ഉദ്യോഗസ്ഥർക്ക്   ആവശ്യമായ മിനിമം വിശ്രമം കൂടി  ലഭിക്കാതെയാകും പലപ്പോഴും  പിറ്റേ ദിവസത്തെ പ്രവർത്തനമാരംഭിക്കുക. ഇതിനൊക്കെ ഇടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറ്റും  അപ്രതീക്ഷിത ചുമതലകൾ കൂടി കടന്നു വരിക. ഒരിയ്ക്കൽ  തെരഞ്ഞെടുപ്പ് നിരീക്ഷകനായി  നിയമിക്കപ്പെട്ട അനുഭവമാണ് പറയാൻ പോകുന്നത്. 

ഏതനുഭവവും സമയത്തിന്റെ ഏതെങ്കിലും ഒരു ബിന്ദുവിൽ നിന്നും പറയുന്നതാണ് നല്ലത്.  തീയതി 29.10.2023. ഞാൻ മദ്ധ്യപ്രദേശിലെ ഖജുരാഹോ എന്ന പ്രസിദ്ധമായ ഇടത്തരം  വിമാനത്താവളത്തിലാണ്.  28.10.2023 ന് തിരുവനന്തപുരത്താരംഭിച്ച നീണ്ട വിമാനയാത്ര ദൽഹി, ഭോപ്പാൽ വഴി 'ഇൻഡിഗോ'യുടെ ഒരു ചെറിയ വിമാനത്തിൽ ഖജുരാഹോയിലെത്തി നിൽക്കുന്നു. വിമാനമിറങ്ങി  ലോഞ്ചിലേയ്ക്ക് നടക്കുന്ന ഞാൻ  വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ്. വന്ന ദൗത്യം പൂർത്തീകരിച്ചു മടങ്ങിയാലുടൻ ഐ.എ.എസ്സിൽ നിന്നും രാജിവയ്ക്കാൻ എന്റെ മനസ്സ് ശക്തമായി പറയുന്നു. 2023 ലെ മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ് ഞാൻ. സാധാരണഗതിയിൽ  ആതിഥേയ സംസ്ഥാനത്തിന്റെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ചെലവിൽ  ആഹ്ലാദകരമായി ചെലവിടേണ്ട മുപ്പതു ദിവസമാണ് തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ചുമതല. കമ്മീഷൻ അരമാസത്തെ ശമ്പളവും അധികം തരും. തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്ന അഞ്ചു വസ്തുതാ റിപ്പോർട്ടുകൾ യഥാസമയം കമ്മീഷനയയ്ക്കണം. കളക്ടർ, ഐ.ജി, ഡിവിഷണൽ കമ്മീഷണർ എന്നിവരുടെയെല്ലാം അതിഥിയാകലാണ് മുഖ്യ നേരമ്പോക്ക്. ജില്ലയിൽ കുറെ യാത്രകളും. 

ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ വളരെ എളുപ്പമാണ് നിരീക്ഷകന്റെ ചുമതല.   ഖജുരാഹോയിൽ നിന്നും ഏതാനും കിലോമീറ്റർ  അകലെ ടീകാംഗഢ്  എന്ന നിയമസഭാ നിയോജകമണ്ഡലത്തിന്റെ  ചുമതലയാണ് എന്നെ കമ്മീഷൻ ഏൽപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ദുഷ്‌ക്കരമായ എത്രയോ പ്രദേശങ്ങളിൽ എത്രയോവട്ടം സന്തോഷപൂർവ്വം ചെയ്തിരിക്കുന്നു.  2005-06 ൽ നക്‌സൽ ശല്യം രൂക്ഷമായിരുന്ന ബീഹാറിൽ നേപ്പാളിനോട് ചേർന്ന് കിടക്കുന്ന 'മധുബനി'യിൽ. അന്നൊക്കെ മൂപ്പതുകിലോമീറ്റർ സഞ്ചരിക്കാൻ  മധുബനിയിൽ അരദിവസം വേണം.  വേഗത പ്രതിമണിക്കൂർ  അഞ്ചുകിലോമീറ്ററും. അഡ്വാൻസ് പാർട്ടി, അതായത് കമാണ്ടോകൾ റോഡ് തുറന്നു നൽകണം. ഓരോ പാലവും ആന്റി സബോട്ടാഷ്  ചെക് ചെയ്തു വേണം പോകാൻ. 

കാരണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നക്‌സലുകൾ പാലങ്ങൾക്കടിയിൽ കുഴിബോംബുകൾ വയ്ക്കും.  ബംഗാളിൽ മമത ബാനർജി ആദ്യം അധികാരം പിടിച്ച തെരഞ്ഞെടുപ്പിൽ, നോർത്ത് 24 പർഗാനാസ് ജില്ലയിൽ ചുമതല.  ബംഗാളിൽ നടമാടുന്ന കൊടിയ ദാരിദ്ര്യം അന്നാണ് കണ്ടത്.   കൽക്കത്തയ്ക്ക് തൊട്ടു പുറത്ത്  കൂലി കഷ്ടി അന്ന് 100 രൂപയാണ്. തലമുറകൾ തകർന്നുപോയ ഒരു സാമ്പത്തിക ചരിത്രമാണ്  സ്വാതന്ത്യാനന്തര ബംഗാൾ ഗ്രാമങ്ങളുടേതെന്ന് അന്നു മനസ്സിലായി.  

ഇന്ത്യ മുഴുവൻ കറങ്ങിത്തിരിയാൻ അവസരമേകുന്ന ജോലിയായിട്ടും സെപ്തംബർ 2025  ൽ ഞാനതു പാടേ വേണ്ടെന്നു വയ്ക്കാൻ ആലോചിക്കുകയാണ്.   തെരഞ്ഞെടുപ്പ് ചുമതലയുമായി  ബന്ധപ്പെട്ട് മുപ്പതു ദിവസം വീട്ടിൽ നിന്നും മാറിനിൽക്കാൻ കഴിയുന്ന ഒരന്തരീക്ഷമല്ല എന്നതുതന്നെ കാരണം.  

അതിന്റെ കാരണം ചുരുക്കിപ്പറഞ്ഞാൽ ഇതായിരുന്നു.  കൃത്യം ഒരു മാസം മുമ്പ് വയറുവേദന എന്നു പരാതിപ്പെട്ടു ഓഫീസിൽ നിന്നും വന്ന എന്റെ ജീവിതപങ്കാളിയ്ക്ക് അണ്ഡാശയത്തിൽ കണ്ടെത്തിയ മുഴ  അപകടകാരിയാണ് എന്ന്  ഡോക്ടർമാർ വിധിച്ചു. കൂടുതൽ   പടരും മുൻപെ അത് ഗർഭപാത്രത്തോടൊപ്പം നീക്കം ചെയ്യണം. 26.09.2023ന് ആ സർജറി  നടന്നു. സർജറി തുടരവെ സർജൻ ഞങ്ങളെ വിളിപ്പിച്ച് വൻകുടലിന്റെ ഒരു ചെറിയ ഭാഗം കൂടി നീക്കം ചെയ്യണം എന്നറിയിച്ചു. അത്  സാമാന്യം  ഒരപ്രതീക്ഷിത  കോംപ്ലിക്കേഷനായിരുന്നു.  ഏകദേശം ഒരു മാസത്തോളം  ആശുപത്രിയിൽക്കഴിഞ്ഞ്   സർജറിക്കുശേഷമുള്ള കുടലിന്റെ  പ്രവർത്തനം  സാധാരണഗതിയിലാക്കേണ്ട  പ്രയത്‌നമായി. അതികഠിനമാണ്  അത്രകണ്ട് മേജർ സർജറിക്കുശേഷമുള്ള  പുനരധിവാസം. വേദനകൂടാതെ നടക്കാനാകാൻ തന്നെ ആഴ്ചകളെടുത്തു. ഇടയ്ക്കിടെ  അസഹ്യമായ വേദനയിൽ പുളയും. രാത്രിയിൽ വേണ്ടത്ര ഉറക്കമില്ല.   വയറിലേക്കിട്ട കുഴലുകളും ബാഗുകളും ഒക്കെ ശ്രദ്ധാപൂർവ്വം പ്രത്യേക നഴ്‌സ് 24 മണിക്കൂറും പരിപാലിക്കേണ്ടി വന്നു.   അക്ഷരാർത്ഥത്തിൽ ജീവരക്തം ശരീരത്തിൽ നിന്നും പോകുന്നത് കണ്ടു കൊണ്ടു വേണം  ഓഫീസിലും ഇതര ചുമതലകളിലും എത്തിപ്പെടാൻ.  

ജീവിതപങ്കാളിയുടെ മാതാപിതാക്കളുടെയും, അന്നു ജീവിച്ചിരുന്ന എന്റെ അമ്മയുടെയും  വലിയ ദൈനംദിന സഹായത്തോടെയാണ് ഞങ്ങളാ വലിയ വൈതരണി ഒരു വിധം തരണം ചെയ്തത്. 28.09.2023 നു തന്നെ ഞാൻ എന്റെ നിസ്സഹായാവസ്ഥ ചീഫ് സെക്രട്ടറിയിലൂടെ സർക്കാരിനെ  അറിയിച്ചിരുന്നു.  ഒഴിവാക്കാവുന്ന യാത്രകളിൽ നിന്നും യോഗങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നും, ഓഫീസ് ദൈനംദിന ജോലി ഞാൻ ഇ-ഓഫീസ് വഴി എങ്ങനെയും  മുടക്കാതെ നോക്കാമെന്നും ഞാൻ രേഖാമുലം  തന്നെ അറിയിച്ചു; നേരിട്ടു സന്ദർശിച്ചും. 
ശസ്ത്രക്രിയയുടെ മുറിവുണങ്ങിയ സെപ്തംബർ മാസം തന്നെ ഭാര്യയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു. പരിണിതഫലങ്ങൾ ശക്തമായിരുന്നു. മൂന്ന് സൈക്കിൾ  കഴിഞ്ഞപ്പോൾ ആളെ തിരിച്ചറിയാൻ തന്നെ പ്രയാസമായിരുന്നു. എന്റെ നിവേദനം നിലനിൽക്കെതന്നെ കീമോതെറാപ്പിയുമായി മൽപ്പിടുത്തം നടത്തുന്ന ഭാര്യയുടെ അടുത്തുനിന്നും രണ്ടായിരം കിലോമീറ്റർ അകലെ ടീക്കംഗഢിലെ രണ്ടു തെരഞ്ഞെടുപ്പു മല്ലൻമാർ  തമ്മിലുള്ള ഗുസ്തിയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ  റഫറിയായി എന്നെ കംപ്യൂട്ടർ തെരഞ്ഞടുത്തു. 26/10/2023 ന് ഞാൻ ടീക്കാംഗഢിലെത്തി ചുമതലയേൽക്കേണ്ടതിന്റെ കൃത്യം  മൂന്നു ദിവസം മുൻപ് മാത്രം   കമ്മീഷന്റെ അടിയന്തിര നിയമന സന്ദേശം എനിക്കു ലഭിച്ചു. ഒരു മുന്നറിയിപ്പുമില്ല!

ഞാനുടൻ ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു.  സത്യത്തിൽ ചീഫ് സെക്രട്ടറിയും സർക്കാരും നിരപരാധികളായിരുന്നു.  പോകേണ്ടിയിരുന്ന മറ്റൊരുദ്യോഗസ്ഥൻ പെട്ടെന്ന് ഒഴിവായി. 'സബ്സ്റ്റിറ്റിയൂഷൻ നടത്തുമ്പോൾ നിങ്ങളുടെ അസൗകര്യം ഫയലിൽ ചേർത്തിരുന്നില്ല. കമ്മീഷൻ നിർബന്ധിപ്പിച്ചപ്പോൾ പെട്ടെന്ന്  ഒരു പേര് കൊടുത്തുപോയി'.   ഈ അവസ്ഥയിൽ  ഭാര്യയ്ക്ക് ഒപ്പമില്ലെങ്കിൽ പിന്നെ ഞാൻ ജീവിക്കുന്നതിൽ അർത്ഥമില്ല എന്ന് തെല്ല് വികാരത്തോടെ ഞാൻ പറഞ്ഞു. ഈ തൊഴിലിൽ വന്നിട്ട്   ഇരുപത്തിയഞ്ച് വർഷമായി. എല്ലാദിവസവും വേണ്ടതിലധികം പണിയെടുത്തു. മിക്കപ്പോഴും ആഴ്ചയിൽ ഏഴുദിവസവും. കുടുംബത്തിന് ഒരു ജീവന്മരണ പ്രശ്‌നം വന്നുകയറുമ്പോൾ  അധികാരത്തിനു മല്ലടിക്കുന്ന   രണ്ടാൾ പോരാട്ട മര്യാദകൾ  കാട്ടുന്നോ എന്നു നിരീക്ഷിക്കാൻ നിർബന്ധിക്കുകയാണ്.  

എന്റെ ദുരവസ്ഥ കണ്ട് ചീഫ് ഉടനെ ഒരു പകരക്കാരനെ കണ്ടെത്തി സെപ്തംബർ 26നു തന്നെ ഇലക്ഷൻ കമ്മീഷന്റെ സെക്രട്ടറിയെ വിവരം അറിയിച്ചു.   എന്നാൽ 26-ാം തീയതി വൈകി ഞാൻ കമ്മീഷനിൽ ബന്ധപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിപ്പോയെന്നും, ഒരു നിരീക്ഷകനെയും ഇനി വെച്ചു മാറ്റാനാവില്ലെന്നും, നിയോഗിക്കപ്പെട്ട ഏല്ലാവരും നിശ്ചിത ദിവസം മണ്ഡലത്തിലെത്തണമെന്നും, രാത്രി വൈകിയും എത്താത്തവരുടെ  പേർക്ക് പിറ്റേന്നു തന്നെ  നടപടിയുണ്ടാകുമെന്നും ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ എന്നെ വാക്കാൽ അറിയിച്ചു. ജനകീയ സർക്കാരുകളെയപേക്ഷിച്ച് കമ്മീഷനുകൾ പോലുള്ള യന്ത്രസമാന അധികാര സ്ഥാപനങ്ങളിലുള്ളവർ  മാനുഷികമായ വശങ്ങളൊന്നും അത്ര പരിശോധിക്കാറില്ല എന്നാണനുഭവം. കമ്മീഷനിലെ  പലരേയും- പരിചയ ക്കാരെപ്പോലും  -സമീപിച്ചിട്ടും 26 ന് വൈകിയും ചുമതല മാറ്റില്ല താങ്കൾ  ഉടൻ യാത്ര തിരിക്കൂ' എന്ന സന്ദേശമാണ് കിട്ടിയത്. അങ്ങനെയാണ് 28/06 ന് ചുമതല കഴിഞ്ഞയുടൻ ജോലി രാജിവച്ചു സ്വതന്ത്രനാകണം എന്ന ചിന്തയുമായി ടീക്കാംഗഢിലേയ്ക്കുള്ള ആ യാത്ര തുടങ്ങുന്നത്.  

എന്നാൽ ഇത്തരം അനീതികൾ നിശ്ശബ്ദമായി സഹിക്കുന്നത് പണ്ടേ ഇഷ്ടമല്ല. ഞാനുടൻ (27 ന്) കേരള ഹൈക്കോടതിയിലെ അഭിഭാഷക അഡ്വ. ഗിരിജാ കെ. ഗോപാലിന് എന്റെ നിയമനരേഖകളും ഭാര്യയുടെ ചികിത്സാരേഖകളും അയച്ചു കൊടുത്തു. കീമോത്തെറാപ്പിയ്ക്കു ശേഷമുള്ള വിഷമാവസ്ഥയിൽ ഭർതൃസാമീപ്യവും ഭൗതികസഹായവും ഇല്ലെങ്കിൽ  ചികിത്സ ഫലപ്രദമാകില്ല എന്നു തന്നെ ഡോക്ടർ കുറിച്ചിരുന്നു.  മാനസികമായ പിന്തുണയും ധൈര്യപ്പെടുത്തലും ആ ഘട്ടത്തിൽ വളരെ വലുതാണ്. ഇതുചേർത്ത് ഏകപക്ഷീയമായും  മൂൻകൂർ നോട്ടീസില്ലാതെയും എന്റെ ഭാര്യയുടെ ജീവിക്കാനുള്ള അവകാശത്തെ തന്നെ ഹനിക്കുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ്  കമ്മീഷന്റെ മദ്ധ്യപ്രദേശിൽ നിരീക്ഷകനാകാനുള്ള ഉത്തരവ്  അന്നുതന്നെ ഹൈക്കോടതിയിൽ  ചോദ്യം ചെയ്യാൻ ഞാൻ അഡ്വക്കേറ്റിനോട് നിർദ്ദേശിച്ചു. അഡ്വ. ഗിരിജ മണിക്കൂറുകൾക്കകം ഹർജി തയ്യാർ ചെയ്തു.  വസ്തുതാപരമായ സാഹചര്യങ്ങളെക്കാൾ ജനപ്രാതിനിധ്യ നിയമത്തിന്റെ  20 (ബി) വകുപ്പനുസരിച്ചുള്ള എന്റെ  നിയമനത്തിലെ അപാകതയും ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. 20 (ബി) അനുസരിച്ച് ഒരു നിരീക്ഷകനെ 'നാമനിർദ്ദേശം' ചെയ്യാനേ കമ്മീഷന് അധികാരമുള്ളൂ. നിയമിച്ച് വിടുതൽ ചെയ്യേണ്ടത് സർക്കാരാണ്.   സർവ്വകലാശാലയുടെ കൂടി അധിക ചുമതലയുള്ളതുകൊണ്ട്  ചാൻസലർ എന്നെ വിടുതൽ  ചെയ്തിട്ടില്ലെന്നും, ആയതുകൊണ്ട്   കമ്മീഷന്റെ ഉത്തരവിന് നിലനിൽക്കാനാവില്ല എന്നുമായിരുന്നു വാദം.

സാധാരണഗതിയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ ഇത്തരം  നടപടികളൊന്നും ഭരണഘടന ഉദ്ധരിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ അനുവദിക്കില്ല. എന്റെ കേസ്  ഭാഗ്യവശാൽ  വന്നത് നീതിമാനും കരുത്തനുമായ ഒരു ഹൈക്കോടതി ജഡ്ജിയുടെ മുന്നിലായിരുന്നു.  കമ്മീഷൻ തടസ്സവാദം  തുടങ്ങിയപ്പോൾ തന്നെ ജഡ്ജി അതു തടഞ്ഞു. 'സാഹചര്യങ്ങൾ ശ്രദ്ധിക്കൂ. നിങ്ങൾക്ക് നിഷ്പ്രയാസം മറ്റൊരാളെ കണ്ടെത്താം. കേസ് തിങ്കളാഴ്ച വയ്ക്കുന്നു.  മറുപടി വേണം. കേസ് മെറിറ്റിൽ കേൾക്കുന്നത് ഒഴിവാക്കുക!' ജഡ്ജി കർശനമായി പറഞ്ഞു.  കേസ് അദ്ദേഹം അടുത്ത തിങ്കളാഴ്ചത്തേയ്ക്കു വച്ചു.   ഖജുരാഹോയിലെ ലോഞ്ചിൽ  ഏതാണ്ട് നിരാശനായി ചെന്നു കയറുമ്പോൾ എന്റെ പേരെഴുതിയ  ബോർഡ് പ്രദർശിപ്പിച്ച ഒരു  തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ  എന്നെ കാത്തു നിൽക്കുന്നു. 'സർ, താങ്കളെ കമ്മീഷൻ ചുമതലയിൽ നിന്നും ഒഴിവാക്കി. അടുത്ത ഫ്‌ളൈറ്റിൽ  താങ്കൾക്കു മടങ്ങാം.' 

ഞാൻ ഖജുരാഹോ ഗസ്റ്റ് ഹൗസിൽ ചെന്ന് വിശ്രമിച്ചു  രാത്രി വൈകി ബോംബെ വഴിയോ മറ്റോ ഉള്ള തിരുവന്തപുരം ഫ്‌ളൈറ്റ്  പിടിച്ചു. തിരുവനന്തപുരം മുതൽ ഖജുരാഹോ വരെ ചെന്നുപറ്റി ആകെ ചെയ്തത് ഭാരത സർക്കാരിന്റെ  ചെലവിൽ ഖജുരാഹോ മഹാശിവ ക്ഷേത്രത്തിൽ ചെന്നു തൊഴുക മാത്രമാണ്. ചെലപ്പോൾ അതായിരുന്നിരിക്കും വിധി. ആയുസ്സിന്റെ രക്ഷകനാണല്ലോ ധന്വന്തരിയായ മഹാശിവൻ. ചെന്നു കണ്ടു; വിഷമം മാറി. വക്കീലിനെ വിളിച്ചു നന്ദി പറഞ്ഞു. മഹത്തായ ഇന്ത്യയിലെ ജുഡീഷ്യറി  'ഉദ്യോഗസ്ഥന്റെ വ്യക്തിഗത പ്രയാസം കാണൂ' എന്ന് കമ്മീഷനോട് കർശന സ്വരത്തിൽ പറഞ്ഞതുകൊണ്ടാണ് പിറ്റേദിവസം തന്നെ ഭാര്യയുടെ അടുത്ത് തിരിച്ചെത്താൻ കഴിഞ്ഞത്. അവർ സാവകാശം ആ ദുരവസ്ഥ തരണം ചെയ്തു. ഇപ്പോൾ ഭേദമായി ഓഫീസിൽപോകുന്നു. ഇത് എഴുതുമ്പോൾ അനുഭവിച്ചതെല്ലാം   ഒരു ദു:സ്വപ്നം പോലെയേ  തോന്നുന്നുള്ളു. 

പക്ഷേ സെപ്തംബർ 2023 ൽ അത് എനിക്ക് ഐ.എ.എസ്സിലെ അടിമത്തമാണ്, അതിലേറേ അതി കഠിനമായ വെറുപ്പും വിദ്വേഷവുമാണ് തോന്നിയത്. എത്രയും വേഗം ഇത് അവസാനിപ്പിക്കണം എന്ന് പലവട്ടം ഞാൻ സ്വയം പറഞ്ഞു കൊണ്ടേയിരുന്നു. ബന്ധുക്കളൊക്കെ  വളരെ സമാശ്വാസ വാക്കുകൾ പറഞ്ഞാണ് സ്വയം വിരമിക്കൽ അപേക്ഷ സമർപ്പിക്കുന്നതിൽനിന്നും തടഞ്ഞത്. ഗ്ലാമർ പദവിയാണ് എന്നു കരുതപ്പെടുന്ന ഉദ്യോഗങ്ങളിലെ ഇത്തരം ദുർഘടങ്ങൾ പുറത്തുനിൽക്കുന്നവർക്ക് അറിയില്ല! ഉന്നതരായ കമ്മീഷനംഗങ്ങൾക്കോ  ഉദ്യോഗസ്ഥർക്കോ ഇതൊന്നും  തീരെ അറിയില്ല. വ്യക്തിഗത ദു:ഖങ്ങൾക്കും  ദു:സ്ഥിതികൾക്കൊന്നും  അധികാരത്തിന്റെ തലത്തിൽ  ഒരു സ്ഥാനവുമില്ല.  പൊതുതാത്പ്പര്യത്തിന്റെ ബലിക്കല്ലിൽ അതൊക്കെ അവർ  നിഷ്‌ക്കരുണം അരിഞ്ഞുവീഴ്ത്തും.

ഈ അനുഭവങ്ങൾ എന്നെ കൂടുതൽ വ്യക്തികളുടെ പ്രയാസങ്ങളിലേക്ക് അടുപ്പിച്ചു. ഇന്ന് ക്യാൻസർ അഥവാ മറ്റ് ഗുരുതര രോഗം ബാധിച്ച ഒരാളുള്ള ഒരു കുടുംബത്തിന്റെ പ്രയാസം എനിക്ക് വെറും കേട്ട് കേൾവിയല്ല. കീമോ വാർഡിലെ കുഞ്ഞുങ്ങളുടെ നിലവിളി  മുതൽ ആകെ ജീവിത രീതി മാറ്റേണ്ടി വരുന്ന ചെറുപ്പക്കാരുടെ  പ്രയാസങ്ങൾ വരെ  ഏറെ മനസ്സിലാവുന്നു, മനസ്സ് സ്വയം കുറെ അലിവുള്ളതാവുന്നു.
 ചെറുപ്രാണികളുടെ പോലും സ്‌നേഹം ഇന്ന്  എനിക്ക് ഇപ്പോൾ കൂടുതൽ ഗ്രഹിക്കാം. എന്തിന് ശസ്ത്രക്രിയക്ക് ശേഷമുള്ള ദുർഘടമായ സമയത്ത് താങ്ങി നടക്കാൻ ആശുപത്രി വാർഡിൽ പുന:പ്പരിശീലിപ്പിച്ചപ്പോഴാണ് ഭാര്യയുമായി ഒട്ടേറെക്കാല ത്തിനുശേഷം മനസ്സു തുറന്ന് ഏറെ നേരം സംസാരിച്ചത്. ഭാവിയിൽ ആശങ്കയുള്ള നിമിഷങ്ങളിലും ദിവസങ്ങളിലും വരെ മകളുടെ കാര്യങ്ങളും ഭാവി പരിപാടികളും ഉറപ്പിച്ചു പറഞ്ഞ് ഞങ്ങളാ ഭയങ്ങളെ ഒന്നിച്ചു മറികടക്കാൻ ശ്രമിച്ചു. രോഗം മാറിയ ശേഷമുള്ള യാത്രകൾ, സന്തോഷങ്ങൾ  ജീവിതത്തിൽ ചെയ്തു തീർക്കാനാഗ്രഹിക്കുന്നതെല്ലാം അപ്പോൾ പങ്കുവച്ചു.  മകളുടെ ഭാവിയെക്കുറിച്ചടക്കം ഒരുപാട് സ്വപ്നങ്ങൾ ഒപ്പം  കണ്ടു. ആകമാനം ഞാൻ ടീക്കാംഗഢിൽ  ആ മാസം തന്നെ പൂർണ്ണമായും അകപ്പെട്ടു പോയെങ്കിൽ സത്യമായും എനിക്ക് എന്തെങ്കിലും ഗുരുതര മാനസികരോഗം വന്നേനെ. ചിലപ്പോൾ ആത്മഹത്യയെപ്പറ്റിപോലും ചിന്തിച്ചേനെ. ജോലിയിലും മനസ്സുറയ്ക്കുമായിരുന്നില്ല.

ഹൈക്കോടതിയിൽ ഭംഗിയായി കേസവതരിപ്പിച്ച അഡ്വക്കേറ്റും,  സഹിഷ്ണതയോടെ എന്റെ പ്രയാസം മനസ്സിലാക്കിയ ജഡ്ജും  എന്നെ ഒഴിവാക്കാൻ വാക്കാൽ തന്നെ കമ്മീഷനോട്   പറയുകയായിരുന്നു. എനിക്ക് ലഭിച്ചത് ഐ.എ.എസ്സിലെ അംഗമെന്ന നിലയ്ക്കുള്ള പരിഗണനയല്ല; ഇന്ത്യൻ പൗരനെന്ന നിലയിലുള്ള നിയമത്തിന്റെ അടിസ്ഥാന  പരിരക്ഷയാണ്.  അപ്പോൾ ഐ.എ.എസ്സ് അല്ല മുഖ്യം, മഹത്തായ ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണമുള്ള പൗരൻ എന്നതാണ് ജീവിതത്തിലെ എന്റെ വലിയ മേൽ വിലാസം എന്നെനിക്ക് മനസ്സിലായി. ഈ ഭരണഘടനയും സ്വതന്ത്രമായ കോടതിയും ഇല്ലെങ്കിൽ ഐ.എ.എസ്സുകാരനായ എനിക്കുപോലും നമ്മുടെ നാട്ടിൽ സാമാന്യനീതി കിട്ടുകയില്ല.  ലക്ഷക്കണക്കിന് ഇന്ത്യക്കാർ  സ്വന്തം ഭാവി തന്നെ വലിച്ചെറിഞ്ഞു നേടിയ സ്വാതന്ത്ര്യത്തിന്റെ - ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണം  - ഞാനനുഭവിക്കുകയാണ്! എത്ര ഉയർന്ന പദവിക്കാരനും  അധികാരസ്ഥനും  അത് ഞെരിച്ചുകളയാനാവില്ല,  എന്റെ ചെറിയ കുടുംബത്തിന്റെ സംരക്ഷണം പ്രതിസന്ധി ഘട്ടത്തിൽ  എന്റെ സംവിധാനത്തിൽ നിന്നുപോലും നടത്തി തരുന്നത്  നീതിപീഠമാണ്. നിലവിലും സർവ്വീസിലുള്ളതു കൊണ്ട് നീതി നൽകിയ ജഡ്ജിയെ ഞാൻ  പരാമർശിക്കുന്നില്ല. പറയാൻ തുടങ്ങിയാൽ ഇത്തരം ഉന്നത സർവ്വീസുകളിലെ പുറത്തറിയാത്ത പ്രയാസങ്ങൾ നിരവധിയാണ്.  സിംഹത്തിന്റെ പുറത്തുകയറി  യാത്ര ചെയ്ത് അതിന്റെ വായിൽ തലയിടുന്ന ഒരു പരിപാടിയാണത്.  പലപ്പോഴും പരാതിപ്പെടാൻ പോലും അവസരം ഉണ്ടാകില്ല. 

ഈ സംഘർഷത്തിനെല്ലാം ദീർഘകാലം സാക്ഷിയായ എന്റെ മകളോട് ഐ.എ.എസ്സിന്  എഴുതുന്നില്ലേ എന്ന് എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചിലപ്പോൾ ചോദിക്കാറുണ്ട്. 'ഒരിക്കലുമില്ല' എന്നവൾ ഉടനെ കൃത്യമായി പറയുകയും ചെയ്യും.  എന്തുകൊണ്ട് പിതാവിന്റെ പ്രൊഫഷനിൽ വരാനാഗ്രഹിക്കുന്നില്ല എന്ന് ആരെങ്കിലും ചോദിച്ചാൽ, അതിലെ ദുർഘടങ്ങളും ധർമ്മസങ്കടങ്ങളും  ഇത്രയും വർഷം നേരിൽ കാണുകയും ഭാഗികമായി അനുഭവിയ്ക്കുകയും ചെയ്തതു കൊണ്ടാണെന്ന് ഡോക്ടറായ അവൾ പറയും. 
(അഭിപ്രായം വ്യക്തിപരം)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img