02:51pm 11 September 2026
NEWS
പിഎം ശ്രീയുടെ ഭാവി മുഖ്യമന്ത്രി പറയുന്നത് പോലെ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
11/09/2026  10:46 AM IST
nila
പിഎം ശ്രീയുടെ ഭാവി മുഖ്യമന്ത്രി പറയുന്നത് പോലെ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് നിർണായക ചർച്ചകൾ ഉടൻ നടക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ രണ്ടാമതും കത്തയച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചു. കേന്ദ്രത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചതായാണ് മന്ത്രി അറിയിച്ചത്.

വിഷയത്തിൽ അടിയന്തരമായി കൂടിയാലോചന നടത്താനാണ് സർക്കാർ തീരുമാനം. സർക്കാർ തലത്തിലും യുഡിഎഫിനുള്ളിലും ചർച്ചകൾ നടത്തിയ ശേഷം മുഖ്യമന്ത്രി കേരളത്തിന്റെ അന്തിമ നിലപാട് വ്യക്തമാക്കും. തനിക്ക് ഒറ്റയ്ക്ക് ഇക്കാര്യത്തിൽ നിലപാട് പ്രഖ്യാപിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതി പൂർണമായി നിരസിക്കണമോ, അതോ ചില ഉപാധികളോടെ കേരളത്തിൽ നടപ്പാക്കാൻ അനുമതി നൽകണമോ എന്നതടക്കമുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യുക. പദ്ധതിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുഡിഎഫിൽ പിഎം ശ്രീ പദ്ധതിയോട് എതിർപ്പാണ് ഉണ്ടായിരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, കേന്ദ്രവുമായി രഹസ്യമായി കരാറിൽ ഒപ്പിട്ട് പദ്ധതിക്ക് തയ്യാറാണെന്ന് അറിയിച്ചത് മുൻ എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അവകാശപ്പെട്ട ഏകദേശം 2,000 കോടി രൂപ ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) ഫണ്ട് വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നും ഈ തുക കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേരളത്തിന് അവകാശപ്പെട്ട ഫണ്ട് തടഞ്ഞുവയ്ക്കരുതെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻ. ഷംസുദ്ദീൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും മുന്നണിയുടെയും ചർച്ചകൾക്ക് ശേഷമായിരിക്കും പദ്ധതിയുടെ കാര്യത്തിൽ കേരളത്തിന്റെ അന്തിമ തീരുമാനം ഉണ്ടാകുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img