08:56am 11 November 2026
NEWS
നിയമസഭാ സ്പീക്കർ സഭയിൽ അവതരിപ്പിച്ച ചരമോപചാരം
15/09/2025  07:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിയമസഭാ സ്പീക്കർ സഭയിൽ അവതരിപ്പിച്ച ചരമോപചാരം
വി.എസ്. അച്ചുതാനന്ദൻ 
 
* കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും,സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതുല്യനായ നേതാവുമായിരുന്ന വി. എസ്. അച്ചുതാനന്ദൻ, 2025 ജൂലൈ 21ന് അന്തരിച്ചു.  അന്തരിക്കുമ്പോള്‍ 101 വയസ്സായിരുന്നു അദ്ദേഹത്തിന്.
* ആലപ്പുഴ ജില്ലയിലെ പുന്നപ്ര വില്ലേജിൽ കളർകോട് വേലിക്കകത്ത് വീട്ടിൽ പരേതരായ ശങ്കരന്റെയും അക്കമ്മയുടെയും രണ്ടാമത്തെ മകനായി 1923 ഒക്ടോബർ 20-നാണ് വി.എസ്. അച്ചുതാനന്ദൻ ജനിച്ചത്. 
* 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ ഏഴ് തവണ കേരള നിയമസഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, അമ്പലപ്പുഴ, മാരാരിക്കുളം, മലമ്പുഴ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു.
* 2006 മുതൽ 2011 വരെ സംസ്ഥാന  മുഖ്യമന്ത്രിയായിരുന്ന വി.എസ് 1992- 1996, 2001-2006, 2011-2016 എന്നീ കാലഘട്ടങ്ങളിൽ പതിനഞ്ചുവർഷത്തോളം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായും 2016 മുതൽ 2021 വരെ ക്യാബിനറ്റ് റാങ്കോടെ കേരള സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചു.
* ദേശാഭിമാനി ദിനപത്രത്തിന്റെയും ചിന്ത വാരികയുടെയും കർഷകത്തൊഴിലാളി മാസികയുടേയും ചീഫ് എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ച വി.എസ്., സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി  എന്നീ നിലകളിൽ ഇടതു പക്ഷത്തിന്റെ ജനകീയ മുഖമായിരുന്നു.
* കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ 'വി.എസ്.' എന്ന രണ്ടക്ഷരം നേരിന്റെയും സഹനത്തിന്റെയും പ്രതീകമാണ്.
* നാലാം വയസ്സിൽ അമ്മയെയും പതിനൊന്നാം വയസ്സിൽ അച്ഛനെയും നഷ്ടപ്പെട്ട്, ദാരിദ്ര്യത്തിലും പട്ടിണിയിലും വളർന്ന അദ്ദേഹത്തിന് ഏഴാം ക്ലാസിന് ശേഷം ഔപചാരിക വിദ്യാഭ്യാസം തുടരാൻ സാധിച്ചില്ല.
* പിന്നീട് ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി ജോലി ചെയ്തുകൊണ്ടാണ് വി.എസ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്.
* തിരുവിതാംകൂറിൽ ഭരണപരിഷ്ക്കാരത്തിന് വേണ്ടി നടന്ന നിവർത്തന പ്രക്ഷേഭത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച വി. എസ്., 1939-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ ചേർന്നുകൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി.
* 1940-ൽ പതിനേഴാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നൽകിയത് പി. കൃഷ്ണപിള്ളയാണ്. നന്നേ ചെറുപ്പത്തിൽത്തന്നെ അനീതിക്കും അസമത്വത്തിനുമെതിരെ കലഹിച്ച വി.എസ്. സ്വാതന്ത്ര്യസമരം, പുന്നപ്ര വയലാർ സമരം, മറ്റ് വിവിധ പ്രക്ഷോഭങ്ങൾ എന്നിവയിൽ പങ്കെടുത്തതിനും അടിയന്തരാവസ്ഥക്കാലത്തുമായി ആകെ അഞ്ച് വർഷവും ആറ് മാസവും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
* അതോടൊപ്പം പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി നാലര വർഷം ഒളിവിലും കഴിയേണ്ടിവന്നു.
* കർഷക-തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്ത് സജീവമായത്.
* 1946-ലെ പുന്നപ്ര-വയലാർ സമരത്തിൽ വോളന്റിയർ ആയും പിന്നീട് നേതൃതലത്തിലും പ്രവർത്തിക്കുമ്പോൾ പോലീസ് പിടിയിലായ വി.എസ്. കൊടിയ ലോക്കപ്പ് മ‍ർദ്ദനം നേരിടുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തു.
* രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനുമെതിരെയും പാർശ്വവൽകൃത ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും  നടന്ന  തൊഴിലാളി വർഗ്ഗ സമരങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകി.
* 1952-ൽ പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായും, 1956 മുതൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.
* 1957-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും, 1958-ൽ കേന്ദ്രകമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
* സി.പി.ഐ.-യുടെ ദേശീയ കൗൺസിലിൽ നിന്നിറങ്ങി വന്ന് 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 പേരിൽ ഒരാളായിരുന്നു അദ്ദേഹം.
* 1980 മുതൽ 1992 വരെ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച വി.എസ്., 1985 മുതൽ 2009 വരെ പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്നു.
* ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ കേരള ചരിത്രത്തിന്റെ ഭാഗമാണ്.
* ആലപ്പുഴയിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച തിരുവിതാകൂർ കർഷക തൊഴിലാളി യൂണിയനാണ് ഇന്ത്യയിലെ ആദ്യത്തെ കർഷക തൊഴിലാളി സംഘടന.
* സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഇരുമ്പഴികൾക്കുള്ളി
ലായിരുന്ന വി.എസ്. ഇന്ത്യയുടെ സ്വാതന്ത്ര്യ പുലരിയെ സ്വാഗതം ചെയ്തത് സെൻട്രൽ ജയിലിനുള്ളിൽ കഴിയുമ്പോഴായിരുന്നു.
* കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി,വിദ്യാഭ്യാസ മേഖലകളിൽ വി.എസ്. അച്യുതാനന്ദൻ നൽകിയ സംഭാവനകൾ നിസ്തുലമാണ്.
* മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടപ്പിലാക്കിയ പല പദ്ധതികളും കേരള സമൂഹത്തിൽ ദൂരവ്യാപകമായ മാറ്റങ്ങൾ വരുത്തി. 2006-ലെ കർഷക കടാശ്വാസകമ്മീഷൻ നിയമം, 2008-ലെ കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം സമഗ്രവൈദ്യുതീകരണം, ജനമൈത്രി പോലീസ് എന്നിവ അദ്ദേഹത്തിന്റെ ഭരണകാലത്തെ ശ്രദ്ധേയമായ ചുവടുവയ്പ്പുകളായിരുന്നു.
* പരിസ്ഥിതി സംരക്ഷണത്തിനും, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും, അഴിമതിക്കെതിരെ പൊതുബോധം വളർത്തുന്നതിനും അദ്ദേഹം നിരന്തരം ശബ്ദമുയർത്തി.
* സാഹിത്യ, സാംസ്കാരിക മേഖലകളിലും അദ്ദേഹത്തിന് തന്റേതായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.
* 'സമരം തന്നെ ജീവിതം' എന്ന ആത്മകഥ അദ്ദേഹത്തിന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ അടയാളപ്പെടുത്തുന്നു.
* പൊതുപ്രവർത്തനത്തിലെ സമഗ്ര സംഭാവനകൾക്ക് 2024ജനുവരി
5-ന് 'കർഷക തൊഴിലാളി' മാസികയുടെ പ്രഥമ കേരള പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
* 2025 ജനുവരി 9-ന് തിരുവനന്തപുരം കോർപ്പറേഷന്റെ പ്രഥമ 'നഗരരത്ന' പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
* ജീവിത സായന്തനത്തിൽ ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ  പ്രവർത്തനം പുതുതലമുറ മാതൃകയാക്കേണ്ടതാണ്.
* വി.എസ്. എന്ന സംജ്ഞയിലൂടെ ഒരു ഇടതുപക്ഷനേതാവ് എന്നതിലുപരിയായി സാധാരണക്കാർ ഒരു വിപ്ലവകാരിയുടെയും പോരാളിയുടെയും പ്രതിരൂപമായിരുന്നു ദർശിച്ചിരുന്നത്.
* കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിലപാടുകളിലെ ഉറച്ച വിശ്വാസവും, ശക്തമായ സ്ത്രീപക്ഷനിലപാടും, അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത സമീപനവും, ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലുള്ള ആത്മാർത്ഥതയും അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കി മാറ്റി.
* കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും, തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആ ധീരനായകന്റെ വിയോഗം കേരളത്തിനും, ഇന്ത്യൻ രാഷ്ട്രീയത്തിനും, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നികത്താനാവാത്ത നഷ്ടമാണ്.
* അദ്ദേഹം അവശേഷിപ്പിച്ചുപോയ പാതയും ആശയങ്ങളും എന്നും വരും തലമുറയ്ക്ക് പ്രചോദനമായിരിക്കും.
 
 വാഴൂർ സോമൻ 
 
പതിനഞ്ചാം കേരള നിയമസഭയിൽ പീരുമേടിനെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗവും മുതിർന്ന സി.പി.ഐ. നേതാവുമായ വാഴൂർ സോമൻ  അന്തരിച്ചു. 2025 ഓഗസ്റ്റ് 21-ന് തിരുവനന്തപുരത്ത് വെച്ച് നടന്ന റവന്യൂ വകുപ്പിന്റെ  ഇടുക്കി ജില്ലാതല യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങവേ കുഴഞ്ഞ് വീണ് അന്ത്യം സംഭവിക്കുകയായിരുന്നു.കോട്ടയം ജില്ലയിലെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14-ന് ജനിച്ച അദ്ദേഹം, കർമ്മമണ്ഡലമായി തിരഞ്ഞെടുത്തത് ഇടുക്കിയിലെ പീരുമേടായിരുന്നു.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് വാഴൂർ സോമൻ പൊതുരംഗത്തേക്ക് കടന്നുവരുന്നത്.ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ  പൊതു പ്രവർത്തനം ആരംഭിച്ച അദ്ദേഹം പിന്നീട് ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി.
എ.ഐ.ടി.യു.സിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും ദേശീയ കൗൺസിൽ അംഗമായും പ്രവർത്തിച്ചു.തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ അദ്ദേഹം, അവരുടെ ഇടയിൽ വലിയ സ്വാധീനമുള്ള നേതാവായി വളർന്നു.2005 മുതൽ 2010 വരെ ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും, 2016 മുതൽ 2021 വരെ കേരള സ്റ്റേറ്റ് വെയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാനായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പീരുമേട് നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്.തോട്ടം തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങൾ നിയമസഭയിലും പൊതുസമൂഹത്തിലും എത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
തൊഴിലാളികളുമായി അനായാസം സംവദിക്കുന്നതിനായി തമിഴ് ഭാഷയിൽ പ്രാവീണ്യം നേടിയത് അദ്ദേഹത്തിന്റെ ജനകീയത വർദ്ധിപ്പിച്ചു.കുടിയേറ്റ മേഖലയിലെ പട്ടയ പ്രശ്നവും ,മനുഷ്യ-വന്യജീവി സംഘർഷങ്ങളും നിരന്തരമായി പൊതു സമൂഹത്തിൽ ഉയർത്തികൊണ്ട് വന്ന നേതാവായിരുന്ന അദ്ദേഹം ലളിതമായ ജീവിതശൈലിയും സൗമ്യമായ പെരുമാറ്റത്തിനുടമയുമായിരുന്നു.
നിയമസഭാംഗം എന്ന നിലയിൽ തന്റെ മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു സഭയ്ക്കകത്തും പുറത്തും ഒരുപോലെ ശക്തമായി ഇടപെട്ടിരുന്ന അദ്ദേഹം ജനപ്രതിനിധികൾക്ക് മാതൃകയാണ്.സാധാരണക്കാരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചും  തൊഴിലാളി വർഗ്ഗത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിച്ചും പോരാടിയ ഒരു ജനകീയ നേതാവിനെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ്.
 
പി.പി. തങ്കച്ചൻ 
 
മുന്‍ കേരള നിയമസഭാ സ്പീക്കറും മുന്‍ മന്ത്രിയുമായ മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ  2025 സെപ്തംബർ 11 ന് അന്തരിച്ചു. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ കേരള നിയമസഭയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്ന അദ്ദേഹം, കെപിസിസി പ്രസിഡന്റ്, യു.ഡി.എഫ്. കൺവീനർ തുടങ്ങി നിരവധി സുപ്രധാന രാഷ്ട്രീയ പദവികളും വഹിച്ചിട്ടുണ്ട്.1939 ജൂലൈ 29-ന് എറണാകുളം ജില്ലയിലെ അങ്കമാലിയിൽ റവ. ഫാദർ പൗലോസ് പൈനാടത്തിന്റേയും അന്നമ്മയുടെയും മകനായാണ് പി.പി. തങ്കച്ചന്റെ ജനനം. 
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കേന്ദ്രീകരിച്ച് പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം, പടിപടിയായി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സജീവമായ രാഷ്ട്രീയ സാന്നിദ്ധ്യമായി മാറി.
1968-ൽ പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, അക്കാലത്ത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർമാൻ എന്ന ബഹുമതി നേടിയിരുന്നു.  
നിയമ ബിരുദധാരിയായ പി. പി. തങ്കച്ചന്‍ യൂത്ത് കോൺഗ്രസിലൂടെയും തുടര്‍ന്ന് ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളിലൂടെയുമാണ് കേരള രാഷ്ട്രീയത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചത്. 
എറണാകുളം ഡി.സി.സി. പ്രസിഡന്റ് എന്ന നിലയിലും സംഘാടന മികവ് പ്രകടിപ്പിച്ച അദ്ദേഹം, 1982-ൽ പെരുമ്പാവൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് 1987, 1991, 1996 വർഷങ്ങളിൽ വീണ്ടും  നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  
തുടര്‍ച്ചയായി  പത്തൊൻപത് വർഷം പെരുമ്പാവൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.1991 മുതൽ 1995 വരെ ഒമ്പതാം കേരള നിയമസഭയുടെ സ്പീക്കറായി പ്രവർത്തിച്ച പി. പി. തങ്കച്ചന്‍, സഭയുടെ അന്തസ്സും അച്ചടക്കവും കാത്തുസൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു. സ്പീക്കര്‍ പദവിയില്‍ അദ്ദേഹം പുലർത്തിയ നിഷ്പക്ഷ നിലപാടുകൾ ഏറെ പ്രശംസ പിടിച്ചുപറ്റി. തുടര്‍ന്ന് അതേ നിയമസഭാ കാലയളവില്‍ 1995-ൽ സത്യപ്രതിജ്ഞ ചെയ്ത എ.കെ. ആന്റണി മന്ത്രിസഭയിൽ അദ്ദേഹം കൃഷിവകുപ്പ് മന്ത്രിയായിരുന്നു. കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മന്ത്രിയെന്ന നിലയിൽ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. 
1987-91 കാലഘട്ടത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്ന അദ്ദേഹം 2004-ൽ കെ.പി.സി.സി. പ്രസിഡന്റിന്റെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.
2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി 14 വര്‍ഷം യു.ഡി.എഫ്. കണ്‍വീനറായിരുന്നു എന്നത് പി.പി.തങ്കച്ചന്റെ നേതൃപാടവത്തെ സാക്ഷ്യപ്പെടുത്തുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം സാമൂഹിക പ്രതിബദ്ധത പുലർത്തിയ നേതാവായിരുന്നു പി.പി. തങ്കച്ചൻ. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളിൽ  നിരന്തരം ഇടപെട്ടിരുന്ന അദ്ദേഹം, നിരവധി ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചുകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങൾക്കായി  ശബ്ദമുയർത്തുകയും ചെയ്തു. പി.പി. തങ്കച്ചന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഒരു തലമുതിർന്ന നേതാവിനെയാണ്.സ്പീക്കര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിഷ്പക്ഷതയും ജനകീയതയും, പൊതുജനങ്ങളോടുള്ള ലളിതമായ ഇടപെടലുകളും എന്നും ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img