06:44am 13 November 2026
NEWS
മുൻ ആക്ടിംഗ് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.വി.പത്മരാജന്റെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും
17/07/2025  08:53 AM IST
സുരേഷ് വണ്ടന്നൂർ
മുൻ ആക്ടിംഗ് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.വി.പത്മരാജന്റെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും

മുൻ ആക്ടിംഗ് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.വി.പത്മരാജൻ (93) അന്തരിച്ചു. ഇന്നലെ വൈകിട്ട് ആറോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജന്മനാടായ പരവൂരിലെ കുടുംബ വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് 4ന് സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടക്കും. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞമാസം 30നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായെങ്കിലും ചൊവ്വാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് വെന്റിലേറ്ററിലായിരുന്നു.

ഭൗതികദേഹം ഇന്നലെ രാത്രി എട്ടോടെ കൊല്ലം ആനന്ദവല്ലീശ്വരത്തെ വസന്ത വിഹാറിലെ വസതിയിലെത്തിച്ചു. ഇന്നുച്ചവരെ അവിടെ പൊതുദർശനം ഉണ്ടാകും. അര നൂറ്റാണ്ടിലധികം അദ്ദേഹം പ്രസിഡന്റായിരുന്ന കൊല്ലം സഹകരണ അർബൻ ബാങ്കിൽ ഉച്ചയ്ക്ക് ഒന്നോടെ പൊതുദർശനമുണ്ടാകും. അവിടെനിന്ന് ഡി.സി.സി ഓഫീസിലേക്ക് കൊണ്ടുവരും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് അവിടെനിന്ന് വൻ ജനാവലിയുടെ അകമ്പടിയോടെ വിലാപ യാത്രയായി മൃതദേഹം പരവൂരിലെ കുടുംബ വീട്ടിലെത്തിക്കും. തുടർന്നാണ് സംസ്കാര ചടങ്ങുകൾ.
1931 ജൂലായ് 22ന് പരവൂരിലാണ് സി.വി. പത്മരാജൻ ജനിച്ചത്. എഴിയത്ത് കെ. വേലുവൈദ്യനും കുന്നത്ത് കെ.എം. തങ്കമ്മയുമാണ് മാതാപിതാക്കൾ. അഡ്വ. വസന്തകുമാരിയാണ് ഭാര്യ. സജി പത്മരാജൻ, അനി പത്മരാജൻ (ഇരുവരും എൻജിനിയർ) എന്നിവർ മക്കളാണ്. സ്മിത മരുമകളാണ്.

രാഷ്ട്രീയ ജീവിതം:

 * 1982ൽ ചാത്തന്നൂർ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു.
 * കെ.കരുണാകരൻ മന്ത്രിസഭയിൽ സാമൂഹ്യക്ഷേമ, ഫിഷറീസ് വകുപ്പ് മന്ത്രിയായി.
 * 1983ൽ കെ.പി.സി.സി പ്രസിഡന്റായതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ചു. 1987 വരെ കെ.പി.സി.സി പ്രസിഡന്റായി തുടർന്നു.
 * 1991ലെ കെ.കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി, കയർ വകുപ്പുകളും പിന്നീട് ധനവകുപ്പും കൈകാര്യം ചെയ്തു.
 * 1992ൽ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോൾ ആക്ടിംഗ് മുഖ്യമന്ത്രിയായി ചുമതലയേറ്റു.
 * 1995 മുതൽ 1996 വരെയുള്ള എ.കെ.ആന്റണി മന്ത്രിസഭയിൽ ധന, കയർ, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img