04:10pm 16 October 2026
NEWS
ഖത്തർ വേദിയാകുന്ന അണ്ടർ-17 ഗൾഫ് കപ്പിന് ഇന്ന് ദോഹയിൽ കൊടിയേറും; ഉദ്ഘാടന മത്സരത്തിൽ ഖത്തറും ചൈനയും നേർക്കുനേർ
16/10/2026  12:58 PM IST
nila
ഖത്തർ വേദിയാകുന്ന അണ്ടർ-17 ഗൾഫ് കപ്പിന് ഇന്ന് ദോഹയിൽ കൊടിയേറും; ഉദ്ഘാടന മത്സരത്തിൽ ഖത്തറും ചൈനയും നേർക്കുനേർ

 


ദോഹ:ഏഷ്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ ഖത്തറിൽ വീണ്ടുമൊരു വൻകര പോരാട്ടത്തിന് ഇന്ന് വിസിൽ മുഴങ്ങുന്നു. രണ്ടാമത് അണ്ടർ-17 ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് (ഒക്ടോബർ 16)  ദോഹയിൽ വർണ്ണാഭമായ തുടക്കം. നവംബർ നാല് വരെ നീണ്ടുനിൽക്കുന്ന കൗമാര ഫുട്ബോൾ മാമാങ്കത്തിൽ ആതിഥേയരായ ഖത്തർ ഉൾപ്പെടെ 10 പ്രമുഖ ടീമുകളാണ് കിരീടപ്പോരിനിറങ്ങുന്നത്. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയപോരാട്ടത്തിനാണ് ഇത്തവണ ഖത്തർ വേദിയാകുന്നത്.
​ഗൾഫ് ഫുട്ബോൾ ഫെഡറേഷന്റെ സഹകരണത്തോടെ പ്രാദേശിക സംഘാടക സമിതി ഒരുക്കുന്ന ഈ ടൂർണമെന്റിൽ ആകെ 23ആവേശപ്പോരാട്ടങ്ങൾ അരങ്ങേറും. അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആതിഥേയരായ ഖത്തർ, യു.എ.ഇ, ബഹ്‌റൈൻ, ഒമാൻ എന്നിവർക്കൊപ്പം ക്ഷണിതാക്കളായി എത്തിയ ചൈനയും ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് എ. നിലവിലെ ചാമ്പ്യന്മാരായ സൗദി അറേബ്യ, ഇറാഖ്, യെമൻ, കുവൈത്ത് എന്നിവരോടൊപ്പം ഈജിപ്തും ഗ്രൂപ്പ് ബിയിൽ മാറ്റുരയ്ക്കുന്നു.ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിൽ നിന്ന് ആതിഥേയരായ ഖത്തർ, പുതുമുഖങ്ങളായ ചൈനയെ നേരിടും. വൈകുന്നേരം 5:45-ന് ഹമദ് ബിൻ ഖലീഫ സ്റ്റേഡിയത്തിലാണ് ഈ ബിഗ് മാച്ച്. തുടർന്ന് രാത്രി 8:00 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ യു.എ.ഇ ബഹ്‌റൈനുമായി കൊമ്പുകോർക്കും.
​നിലവിലെ ചാമ്പ്യന്മാരായ സൗദി അറേബ്യയുടെ കിരീട സംരക്ഷണ പോരാട്ടങ്ങൾക്ക് നാളെ (ഒക്ടോബർ 17) തുടക്കമാകും. വൈകുന്നേരം 5:45-ന് ഹമദ് അൽ കബീർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ സൗദി ഈജിപ്തിനെയും, രാത്രി 8:00-ന് സൗദ് ബിൻ അബ്ദുൽ റഹ്മാൻ സ്റ്റേഡിയത്തിൽ ഇറാഖ് യെമനെയും നേരിടും.
​സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സമനിലയിൽ കലാശിച്ചാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാകും വിജയികളെ നിശ്ചയിക്കുക. നവംബർ രണ്ടിനാണ് സെമി പോരാട്ടങ്ങൾ. കലാശക്കൊട്ട് നവംബർ നാലിന് വൈകുന്നേരം 5:45-ന് ഹമദ് ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടക്കും.മത്സരങ്ങൾ നേരിട്ട് കാണുന്നതിനായുള്ള ടിക്കറ്റുകൾ 15 ഖത്തറി റിയാൽ നിരക്കിൽ roadtoqatar.qa എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാണ്. ഭിന്നശേഷിക്കാരായ ആരാധകർക്കായി പ്രത്യേക ആക്‌സസിബിലിറ്റി സൗകര്യങ്ങളും സ്റ്റേഡിയങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
​പൂർണ്ണമായും കായികാവഹേശം നിറഞ്ഞുനിൽക്കുന്ന ദോഹയിൽ, വരും ദിവസങ്ങളിൽ ലോക ഫുട്ബോളിലെ നാളത്തെ താരങ്ങളുടെ കളിമിടുക്കിന് സാക്ഷ്യം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് കായികപ്രേമികൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img