11:40am 12 November 2026
NEWS
അഖില മലങ്കര സുവിശേഷ മഹായോഗത്തിന് കൊടിയേറി
23/12/2025  08:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഖില മലങ്കര സുവിശേഷ മഹായോഗത്തിന് കൊടിയേറി

പുത്തൻകുരിശ് :  ഡിസംബർ 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ മൈതാനിയിൽ നടക്കുന്ന  യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പതാക ഉയർത്തി. 

അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അത്താനാസിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, സുവിശേഷ സംഘം വൈസ് പ്രസിഡൻ്റ് വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഷെവ. മോൻസി വാവച്ചൻ, ട്രഷറർ ഷെവ. തോമസ് കണ്ണടിയിൽ എന്നിവരും, നിരവധി വൈദികരും, വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു. 

ഉച്ചയ്ക്ക് 2.30-ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും പുറപ്പെട്ട പതാക ഘോഷയാത്ര പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ കവാടത്തിൽ എത്തിയപ്പോൾ വ്യാപാരി അസ്സോസിയേഷൻ പ്രസിഡന്റ് റെജി പോളിൻ്റെ നേതൃത്വത്തിൽ പതാകയെ സ്വീകരിച്ച് സൂവിശേഷ നഗറിൽ എത്തിച്ചു. തുടർന്ന് മോർ അത്താനാസിയോസ് കത്തീഡ്രലിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് കൊടിയേറ്റ് കർമ്മം നിർവഹിക്കപ്പെട്ടത്.

ഡിസംബർ 26-ന് തുടങ്ങുന്ന സുവിശേഷയോഗത്തിൽ പകലും രാത്രിയുമായി 40 ഓളം പ്രാസംഗികർ വചനശുശ്രൂഷ നടത്തും. 'കേനോറൊ' യുടെ 101 അംഗ ഗാനശുശ്രൂഷയും നടക്കും. "ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിൻ" (കൊലോസിയർ 3:2) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img