02:50pm 13 November 2026
NEWS
സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് മത്സ്യമേഖല നിർണായക സംഭാവനയാണ് നൽകുന്നത് സമുദ്ര മത്സ്യബന്ധനത്തിനൊപ്പം ഉൾനാടൻ മത്സ്യബന്ധനവും അത്രതന്നെ പ്രധാനമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
05/03/2026  09:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് മത്സ്യമേഖല നിർണായക സംഭാവനയാണ് നൽകുന്നത് സമുദ്ര മത്സ്യബന്ധനത്തിനൊപ്പം ഉൾനാടൻ മത്സ്യബന്ധനവും അത്രതന്നെ പ്രധാനമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
HIGHLIGHTS

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ സുവർണ ജൂബിലി കർട്ടൻ റൈസർ പരിപാടി ഉദ്ഘാടനം ചെയുന്നു.

കൊച്ചി: “കേരളത്തിൽ നാം എല്ലാവരും ഏതെങ്കിലും വിധത്തിൽ സമുദ്രപരിസ്ഥിതി വ്യവസ്ഥയുടെ ഭാഗമാണ്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ മത്സ്യമേഖല വലിയ പങ്ക് വഹിക്കുന്നു; രാജ്യത്തിന്റെ ജിഡിപിയിലേക്കും കേരളത്തിലെ മത്സ്യമേഖല  ഗണ്യമായ സംഭാവന നൽകുന്നുണ്ട്,” എന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ കർട്ടൻ റൈസർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്ര മത്സ്യബന്ധനം മാത്രമല്ല, ഉൾനാടൻ മത്സ്യബന്ധനവും സംസ്ഥാനത്തിന്റെ മത്സ്യമേഖലയിൽ വലിയ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മത്സ്യസംസ്കരണ, കയറ്റുമതി, മത്സ്യകൃഷി മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഇതിനോടൊപ്പം സുവർണ ജൂബിലി ആഘോഷത്തിന്റെ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു.

ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, കുഫോസിന്റെ സ്ഥാപക വൈസ് ചാൻസലറും കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിന്റെ മുൻ ഡയറക്‌ടറുമായ ഡോ. ബി മധുസൂദന കുറുപ്പ്, കേന്ദ്ര സർക്കാറിന്റെ മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയം ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി സാഗർ മെഹ്‌റ IAS, കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയറക്ടർ ഡോ. മിനി ശേഖരൻ, സീഫുഡ് എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (SEAI) ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസർ കെ.എൻ രാഘവൻ, വൈസ് പ്രസിഡന്റ് അലക്സ് നൈനാൻ, സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് പൂർവവിദ്യാർഥി ശൃങ്കല പ്രസിഡന്റ് സുനിൽ കുമാർ പി എന്നിവർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി വിവിധ വ്യവസായ മേഖലകളിൽനിന്നുമുള്ള വിദഗ്ധർ സെഷനുകൾ നയിച്ചു.

1976-ൽ സ്ഥാപിതമായ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ്, മത്സ്യശാസ്ത്രവും സാങ്കേതിക വിദ്യയും കേന്ദ്രീകരിച്ച രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നാണ്. മത്സ്യബന്ധനം, ജലകൃഷി, മത്സ്യ സംസ്കരണ സാങ്കേതികവിദ്യ, മത്സ്യസാമ്പത്തിക ശാസ്ത്രവും മാനേജ്‍മെൻറ്റും തുടങ്ങിയ മേഖലകളിൽ അക്കാദമിക-ഗവേഷണ സംഭാവനകൾ നിർണായകമാണ്. കഴിഞ്ഞ 5 ദശാബ്ദങ്ങളായി രാജ്യത്തും വിദേശത്തുമായി സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, സമുദ്രോൽപ്പന്ന വ്യവസായം തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന കഴിവുറ്റ മനുഷ്യവിഭവശേഷിയെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് രൂപപ്പെടുത്തിയിട്ടുണ്ട്.

സുവർണ ജൂബിലിയുടെ ഭാഗമായി ഒരു വർഷ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാവനം ചെയ്തിരിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img