01:41am 13 November 2026
NEWS
കോട്ടയം ജില്ലയിലെ ആദ്യത്തെ സപ്ലൈകോ സിഗ്‌നേച്ചർ മാർട്ട് തുറന്നു
20/02/2026  06:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോട്ടയം ജില്ലയിലെ ആദ്യത്തെ സപ്ലൈകോ സിഗ്‌നേച്ചർ മാർട്ട് തുറന്നു

കോട്ടയം: സംസ്ഥാന സർക്കാരിൻറെ പൊതുവിപണന ശൃംഖലയായ സപ്ലൈകോയുടെ ജില്ലയിലെ ആദ്യ സിഗ്നേച്ചർ മാർട്ട് ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ- ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സപ്ലൈകോയുടെ വിപണിയിലെ ഇടപെടൽ വിലക്കയറ്റം പിടിച്ചുനിർത്താൻ വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

കോട്ടയം നഗരത്തിൽ തിരുനക്കര മൈതാനത്തിന് എതിർവശത്തുള്ള ഹൈപ്പർമാർക്കറ്റാണ് സിഗ്നേച്ചർ മാർട്ടായി ഉയർത്തിയത്. സംസ്ഥാനത്തെ സപ്ലൈകോയുടെ രണ്ടാമത്തെ സിഗ്നേച്ചർ മാർട്ടാണിത്. പ്രമുഖ കോർപ്പറേറ്റ് റീട്ടെയിൽ ശൃംഖലകളുടേതിനു സമാനമായ സൗകര്യങ്ങളുള്ള സിഗ്‌നേച്ചർ മാർട്ടിൽ സബ്സിഡി സാധനങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും വിലക്കുറവുമുണ്ട്. 

ഡെവൺ, കിച്ചൻ ട്രഷേഴ്സ്, വിപ്രോ എന്നിവയുടെ സഹകരണത്തോടെയാണ് സിഗ്നേച്ചർ മാർട്ട് സജ്ജീകരിച്ചത്. വിവിധ  ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വിലക്കിഴിവിൽ വാങ്ങാം. റേഷൻകാർഡുമായി എത്തുന്നവർക്ക് സബ്സിഡി സാധനങ്ങളും ലഭിക്കും. 

തിരുനക്കരയിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ  ആദ്യവിൽപന നിർവഹിച്ചു. നടൻ ഇർഷാദ് അലി മുഖ്യാതിഥി ആയിരുന്നു. നവീകരിച്ച സപ്ലൈകോ വെബ്സൈിൻറെ  ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 

സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, സപ്ലൈകോ ജനറൽ മാനേജർ എം.ആർ. ദീപു, റീജണൽ മാനേജർ ബി. സജിനി, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് പി.കെ. ഷൈനി, വിപ്രോ സീനിയർ മാനേജർ സദാശിവൻ, കിച്ചൻ ട്രഷേഴ്സ് ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ് കുര്യൻ, ഡെവൺ സി.ഇ.ഒ. കെ.കെ. ഷജീന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. സന്തോഷ് കേശവനാഥ്, ബാബു കപ്പക്കാലാ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ രണ്ടാമത്തെ സിഗ്നേച്ചർ  മാർട്ട് ആണിത് . ആദ്യത്തേത്  തലശ്ശേരിയിൽ  ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img