
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടി രൂപ സ്വന്തമാക്കുന്ന ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ചടങ്ങിന് പിന്നാലെയാണ് നറുക്കെടുപ്പ്. മന്ത്രി കെ. മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപ്പനയ്ക്കാണ് ഇത്തവണത്തെ തിരുവോണം ബമ്പർ സാക്ഷ്യം വഹിച്ചത്. ആകെ 90 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇതിലൂടെ സർക്കാരിനും ഏജന്റുമാർക്കും വലിയ സാമ്പത്തിക നേട്ടമാണ് ലഭിച്ചത്.
തിരുവോണം ബമ്പറിന്റെ കണക്കുകൾ
500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 90 ലക്ഷം ടിക്കറ്റുകൾ വിറ്റതോടെ ആകെ വിറ്റുവരവ് 450 കോടി രൂപയായി.
ഏജന്റുമാർക്ക് സർക്കാർ 411 രൂപ നിരക്കിലാണ് ടിക്കറ്റ് നൽകുന്നത്. ഏജൻസി കമ്മിഷനും ജി.എസ്.ടി.യും ഉൾപ്പെടെയുള്ള കിഴിവുകൾക്ക് ശേഷം ഒരു ടിക്കറ്റിൽ നിന്ന് സർക്കാരിന് ലഭിക്കുന്നത് 268 രൂപയാണ്.
ഇത്തരത്തിൽ തിരുവോണം ബമ്പർ വിൽപ്പനയിലൂടെ സർക്കാർ ഖജനാവിലേക്ക് 241.20 കോടി രൂപ എത്തിയതായാണ് കണക്കുകൾ. ജി.എസ്.ടി. ഇനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ചത് ആകെ 128.52 കോടി രൂപയാണ്.
ഇത്തവണ 5,34,670 സമ്മാനങ്ങളാണുള്ളത്. ആകെ സമ്മാനത്തുക 125,54,00,000 രൂപയാണ്. ഏജൻസി കമ്മിഷനായി മാത്രം 12,55,40,000 രൂപയാണ് നൽകുന്നത്.
30 കോടി അടിച്ചാൽ കൈയിൽ എത്ര കിട്ടും?
തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിച്ചാലും മുഴുവൻ തുകയും വിജയിയുടെ കൈയിലെത്തില്ല. ഏജൻസി കമ്മിഷൻ ഉൾപ്പെടെയുള്ള കിഴിവുകൾക്കും ആദായനികുതിക്കും ശേഷം ലഭിക്കുന്ന തുകയിൽ വലിയ വ്യത്യാസമുണ്ടാകും.
30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിൽ 3 കോടി രൂപ ഏജൻസി കമ്മിഷനായി മാറ്റിവയ്ക്കും. ശേഷിക്കുന്ന 27 കോടി രൂപയ്ക്കാണ് ആദായനികുതി ബാധകമാകുന്നത്.
27 കോടി രൂപയുടെ അടിസ്ഥാന ആദായനികുതി 8.10 കോടി രൂപയാണ്. ഇതിന് 25 ശതമാനം സർച്ചാർജ് കൂടി കണക്കാക്കുമ്പോൾ 2,02,50,000 രൂപ വരും. അടിസ്ഥാന നികുതിയും സർച്ചാർജും ചേർന്നാൽ 10.12 കോടി രൂപയാകും.
ഇതിന് പുറമേ നാല് ശതമാനം സെസ് കൂടി ബാധകമാണ്. സെസ് തുക 40.50 ലക്ഷം രൂപയാണ്. അങ്ങനെ ആദായനികുതി, സർച്ചാർജ്, സെസ് എന്നിവയായി ആകെ 10.53 കോടി രൂപയോളം കുറയും.
ഇതോടെ 27 കോടി രൂപയിൽ നിന്ന് നികുതിയായി 10.53 കോടി രൂപ കുറച്ചാൽ ഏകദേശം 16.47 കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിന് ലഭിക്കുക.
അതായത്, 30 കോടിയുടെ ബമ്പർ സമ്മാനം നേടിയാലും നികുതിയും മറ്റ് ബാധ്യതകളും കഴിഞ്ഞ് വിജയിയുടെ കൈയിലെത്തുന്നത് ഏകദേശം 16.47 കോടി രൂപ മാത്രമായിരിക്കും.










