NEWS
പ്രഥമ ഈസക്ക മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ (വ്യാഴാഴ്ച) കിക്ക് ഓഫ്: ആദ്യദിനം നാല് മത്സരങ്ങൾ
11/11/2026 07:27 PM IST
nila
ദോഹ: സാമൂഹ്യ പ്രവർത്തകനും മികച്ച സംഘാടകനും ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (QIFF) മുൻ പ്രസിഡന്റുമായിരുന്ന ഈസക്കയുടെ സ്മരണാർത്ഥം 'ഖിഫ്' സംഘടിപ്പിക്കുന്ന 'പ്രഥമ ഈസക്ക മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്' നവംബർ 12 വ്യാഴാഴ്ച തുടക്കമാവും. കാൽപന്തിനെയും താരങ്ങളെയും ഹൃദയത്തോട് ചേർത്തുപിടിച്ച, കളിക്കളത്തിന്റെ ഹൃദയത്തുടിപ്പായ ഈസക്കയ്ക്ക് സ്മരണാഞ്ജലിയായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് ദോഹ (യു.ഡി.എസ്.ടി) മൈതാനത്ത് തുടക്കം കുറിക്കുന്ന പ്രഥമ ഈസക്ക മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനായി ടീമുകളെല്ലാം കടുത്ത പരിശീലനത്തിലും പോരാട്ടവീര്യത്തിലുമാണ്. നവംബർ 12 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് വിസിൽ മുഴങ്ങുന്നതോടെ ടൂർണമെന്റിന്റെ ആദ്യദിനത്തിലെ നാല് ആവേശകരമായ പോരാട്ടങ്ങളിലൊന്നിന് തുടക്കമാകും. ടൂർണ്ണമെൻറ് ഡിസംബർ നാല് വരെ നീണ്ടുനിൽക്കും.
ആദ്യദിനം ഗ്രൂപ്പ് എ-യിലെ മേറ്റ്സ് ഖത്തർ ഓർബിറ്റ് എഫ്.സിയെ നേരിടും. തുടർന്ന് രാത്രി 8:50-ന് നടക്കുന്ന രണ്ടാം പോരാട്ടത്തിൽ ഗ്രൂപ്പ് ബി-യിലെ ഹിലാൽ എഫ്.സിയും ഇൻഫിനിറ്റി എഫ്.സിയും തമ്മിൽ മാറ്റുരയ്ക്കും. രാത്രി 9:40-ന് നടക്കുന്ന മൂന്നാം മത്സരത്തിൽ ഗ്രൂപ്പ് സി-യിലെ എമർജൻസ് എഫ്.സി മില്ലേനിയം എഫ്.സിയുമായി പന്ത് തട്ടുമ്പോൾ രാത്രി 10:30-ന് നടക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് ഡി-യിലെ ഒറിക്സ് എഫ്.സി കാസർഗോഡ് ദെസ്പെരാഡോസ് എഫ്.സിയെ നേരിടും.
തുടർന്നുള്ള വാരാന്ത്യങ്ങളിൽ വ്യാഴം, വെള്ളി ദിനങ്ങളിലായിരിക്കും മത്സരങ്ങളുടെ വേദി പ്രധാനമായും സജീവമാവുക. രണ്ടാം ദിനമായ നവംബർ 13 ന് വെള്ളിയാഴ്ച 5 ലീഗ് മത്സരങ്ങൾ അരങ്ങേറും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മികവുറ്റ താരങ്ങൾ കളത്തിലിറങ്ങുന്ന സെവൻസിൽ ഖത്തർ ഐ.ഡി (QID) യുള്ള ഇന്ത്യൻ കായികതാരങ്ങൾക്ക് മാത്രമാണ് മത്സരയോഗ്യത.
ടൂർണമെന്റിൽ 16 പ്രമുഖ ടീമുകൾ നാല് ഗ്രൂപ്പുകളിലായിട്ടാണ് പോരാടുന്നത്. ഗ്രൂപ്പ് എ-യിൽ മേറ്റ്സ് ഖത്തർ, ഓർബിറ്റ് എഫ്.സി, ഫ്രൈഡേ ഫിഫ മഞ്ചേരി, എഫ്.സി ഖത്തർ മഞ്ഞപ്പട എന്നിവരും ഗ്രൂപ്പ് ബി-യിൽ ഹിലാൽ എഫ്.സി, ഇൻഫിനിറ്റി എഫ്.സി, ഫ്രണ്ട്സ് എഫ്.സി, ഈഗിൾസ് എഫ് സി എന്നീ ടീമുകളും ഗ്രൂപ്പ് സി-യിൽ എമർജൻസ് എഫ്.സി, മില്ലേനിയം എഫ്.സി, ബൈസന്റൈൻ എഫ്.സി, മാവറിക്സ് എഫ്.സി എന്നിവരും ഗ്രൂപ്പ് ഡി-യിൽ ഒറിക്സ് എഫ് സി കാസർഗോഡ്, ദെസ്പരാദോസ് എഫ് സി, ഖത്തർ മാസ്റ്റേഴ്സ്, നാസ്ഗാർഡ് എഫ് സി എന്നീ ക്ലബ്ബുകളുമാണ് മാറ്റുരയ്ക്കുന്നത്.
നവംബർ 27-ന് ക്വാർട്ടർ ഫൈനലുകളും ഡിസംബർ 3-ന് കലാശക്കൊട്ടിന് മുന്നോടിയായുള്ള സെമി ഫൈനലുകളും നടക്കും. ആവേശത്തിന്റെ കൊടുമുടി കയറുന്ന ഫൈനൽ പോരാട്ടം ഡിസംബർ 4-ന് രാത്രി 7:30-ന് യു.ഡി.എസ്.ടി മൈതാനത്ത് നടക്കും.
-----
ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (QIFF)
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുക, കായിക പങ്കാളിത്തം വർധിപ്പിക്കുക, വളർന്നുവരുന്ന പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരു സാമൂഹിക കായിക കൂട്ടായ്മയാണ് ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം.
-----
കൂടുതൽ വിവരങ്ങൾക്ക്:
അൻവർ ഹുസൈൻ - മൊബൈൽ: 66260218
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











