
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിന്റെ അവതരണത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആമുഖമായി, കേരളജനതയ്ക്ക് വലിയ ആശ്വാസകരമായ ഒരു വാർത്ത പങ്കുവയ്ക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് പറഞ്ഞത് സമീപവർഷങ്ങളിൽ സംസ്ഥാന സർക്കാരിനെ ബാധിച്ച രൂക്ഷമായ ധനഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ കേരളം അതിജീവിച്ചിരിക്കുന്നു എന്നാണ്. ജീവിതത്തിന്റെ സമസ്തമേഖലകളിലും എല്ലാതുറകളിലുമുള്ള ജനങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന്റെ കെടുതികൾ അനുഭവിച്ചിരുന്നതുകൊണ്ട് സംസ്ഥാന ധനകാര്യമന്ത്രി അത് പറയുമ്പോൾ ആശ്വാസം തോന്നുക സ്വാഭാവികമാണ്.
എന്നാൽ ധനമന്ത്രിയുടെ ആശ്വസിപ്പിക്കലിനപ്പുറം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ മറികടന്നുവെന്നതിന്റെ സൂചനകളൊന്നും ബജറ്റ് രേഖ പൂർണ്ണമായി വായിക്കുമ്പോൾ ലഭിക്കുന്നില്ലെന്നാണ് ഭൂരിഭാഗം സാമ്പത്തികവിദഗ്ദ്ധരും അഭിപ്രായപ്പെട്ടിട്ടുള്ളത്. വർദ്ധിച്ചുവരുന്ന കടഭാരത്തിന്റെ ബാധ്യത കുറയ്ക്കാൻ വരുമാനം വർദ്ധിപ്പിക്കാനുള്ള ഉത്തരവാദിത്തം സാധാരണക്കാരന്റെ ചുമലിൽ കെട്ടിവയ്ക്കുംവിധം വിവിധ നികുതി വർദ്ധനവുകൾ ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
വിഭവസമാഹരണത്തിനുവേണ്ടി പുതുവഴികൾ കണ്ടെത്താനിത്തവണയും സാധിച്ചിട്ടില്ല. ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചതും, കോടതി ഫീസ് അഞ്ചിരട്ടി ഉയർത്തിയതും വൈദ്യുതി വാഹനങ്ങളുടെ നികുതി കൂട്ടിയതും സാധാരണക്കാരന് വീണ്ടും പ്രഹരമാകും.
കേന്ദ്രസർക്കാർ കേരളത്തോട് സാമ്പത്തിക സഹായങ്ങളുടെ കാര്യത്തിൽ അനുഭാവപൂർണ്ണമായ സമീപനം കൈക്കൊള്ളില്ലെന്നുറപ്പായിരിക്കെ സംസ്ഥാനത്തിന്റെ സുസ്ഥിരവളർച്ചയ്ക്ക് സഹായകരമായ ഘടനാപരമായ പരിഷ്‌കാരങ്ങൾക്കോ ബദൽ സമീപനങ്ങൾക്കോ സംസ്ഥാന ബജറ്റും ധൈര്യപ്പെടേണ്ടതായിരുന്നു. അതേസമയം കേന്ദ്ര സഹായത്തിനായി കാത്തിരിക്കാതെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിന് 750 കോടി ആദ്യഘട്ടമായി നീക്കിവെച്ചത് എന്തുകൊണ്ടും ഉചിതമായി.
പതിവുപോലെ ഈ ബജറ്റിലും ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായം, നഗരവികസനം,ഐ.ടി, ടൂറിസം തുടങ്ങിയ മേഖലകളിൽ പ്രത്യേകിച്ചും. വിഴിഞ്ഞത്തെ പ്രത്യേക കയറ്റുമതി തുറമുഖമാക്കി വികസിപ്പിക്കുന്നതിനൊപ്പം അനുബന്ധമായി വിഴിഞ്ഞം- കൊല്ലം- പുനലൂർ കോറിഡോർ വികസിപ്പിക്കുന്നതും യാഥാർത്ഥ്യമാകുമ്പോൾ ഈ മേഖലയുടെ വലിയ മുന്നേറ്റത്തിന് അതുവഴിയൊരുക്കും. 1000 കോടി രൂപയാണ് ഈ കോറിഡോർ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ഇതിനുപുറമെ കൊല്ലം നഗരസഭയിൽ ഐ.ടി. പാർക്ക്, കൊല്ലം-ചെറായി ബീച്ചുകളുടെ വികസനത്തിനായി അഞ്ച് കോടി, കൊല്ലത്ത് മറൈൻ ഗവേഷണ കേന്ദ്രം, ശാസ്താംകോട്ട ടൂറിസം വികസനത്തിനായി ഒരു കോടി, കൊട്ടാരക്കരയിലെ കെ.ഐ.പി ഭൂമിയിൽ ഐ.ടി പാർക്ക്, കൊട്ടാരക്കര കേന്ദ്രീകരിച്ച് തീർത്ഥാടന ടൂറിസം കേന്ദ്രം, കൊല്ലത്ത് ഫുഡ്പാർക്ക്, ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് 30 കോടി എന്നിവയൊക്കെ യാഥാർത്ഥ്യമായാൽ കാലങ്ങളായി വികസനത്തിന്റെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന ഒരു മേഖലയുടെ മുഖച്ഛായ തന്നെ മാറും. കൊല്ലത്തോട് കരുതൽ കാണിച്ച ധനമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു.
ബജറ്റിലെ പദ്ധതികളൊക്കെ നടപ്പാക്കാൻ പണം എവിടെയെന്ന ചോദ്യം ഗൗരവമുള്ളതാണ്. മുൻ ബജറ്റുകളിലെ പല പ്രഖ്യാപനങ്ങളും നടപ്പായില്ല എന്ന യാഥാർത്ഥ്യം നമ്മുടെ കൺമുമ്പിലുണ്ട്. പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമായില്ല. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് വിദ്യാഭ്യാസ പ്രോത്സാഹന ഫണ്ട്, ആരോഗ്യസുരക്ഷാ ഫണ്ട്, കായികവികസന ഫണ്ട് എന്നിവ രൂപീകരിക്കുമെന്ന പ്രഖ്യാപനം നടന്നില്ല. സ്വകാര്യ സർവ്വകലാശാലകൾ, കൊല്ലം തുറമുഖവികസനം, കുട്ടനാട് പാക്കേജ് അങ്ങനെ പാഴായിപ്പോയ ബജറ്റ് പ്രഖ്യാപനങ്ങൾ നിരവധിയാണ്. സാമൂഹ്യക്ഷേമപെൻഷൻ വർദ്ധനയും ശമ്പളപരിഷ്‌ക്കരണവും തദ്ദേശ ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് സർക്കാർ ഉത്തരവായി നടപ്പാകുമെന്ന് പ്രതീക്ഷിക്കാം. സാമൂഹ്യക്ഷേമം എന്നത് ഇപ്പോൾ വോട്ട് ഉറപ്പാക്കൽ കൂടിയാണല്ലോ.