06:10am 11 February 2026
NEWS
ഭൂതലം എന്ന സിനിമ മുന്നോട്ടു വെക്കുന്നത് അതീവ ഗൗരവമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ
05/02/2026  03:35 PM IST
വിഷ്ണുമംഗലം കുമാർ
ഭൂതലം എന്ന സിനിമ മുന്നോട്ടു വെക്കുന്നത് അതീവ ഗൗരവമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ

തകോടി ക്ലബുകളിലേക്ക് കടന്നുകയറി കച്ചവടസിനിമ പ്രകമ്പനം സൃഷ്ടിക്കുമ്പോഴും മലയാളത്തിൽ കലാമൂല്യമുള്ള ചെറിയ സിനിമകൾ വ്യാപകമാകുന്നുണ്ട്. തീർച്ചയായും നമുക്ക് അവയെ സമാന്തര സിനിമ എന്ന് വിശേഷിപ്പിക്കാം. പണ്ടത്തെ ഉച്ചപ്പടങ്ങൾ പോലെ പ്രേക്ഷകരെ മടുപ്പിക്കുന്ന ബുദ്ധിജീവി അഭ്യാസങ്ങളല്ല പുതിയകാലത്തെ കലാസിനിമകൾ. അതീവ ഗൗരവമുള്ള പ്രമേയങ്ങൾ സാങ്കേതിക മികവോടെ ഏതുതരം പ്രേക്ഷകനും മനസ്സിലാകുന്ന വിധം ലളിതമായാണ് യുവതലമുറയിലെ പ്രതിഭാശാലികൾ അവതരിപ്പിക്കുന്നത്. അത്തരം സിനിമകൾ നിരൂപകരെയും പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നു എന്നതാണ് പുതിയകാലത്തെ പ്രത്യേകത. രാജ്യത്തിന്‌ അകത്തും പുറത്തുമുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മലയാള ചിത്രങ്ങൾ നേടുന്ന അംഗീകാരവും പ്രേക്ഷക സമ്മതിയും ശ്രദ്ധിക്കേണ്ടതുണ്ട്. വിദേശ- അന്യസംസ്ഥാന ചിത്രങ്ങളെ പിന്നിലാക്കിയാണ് ഇന്റർനാഷണൽ ഫെസ്റ്റുകളിൽ മലയാളത്തിലെ സമാന്തര സിനിമ കയ്യടി നേടുന്നത്. ഈയിടെയായി ഓരോ വർഷവും കലാമേന്മയും ഗുണനിലവാരവുമുള്ള പത്തിലേറെ മലയാള ചിത്രങ്ങൾ പുറത്തുവരികയും അവയിൽ മിക്കതും മേളകളിൽ എത്തുന്നുമുണ്ട്. ഇതരഭാഷക്കാർ ഉൾപ്പെടെയുള്ള പ്രേക്ഷകർ അവ കൈനീട്ടി സ്വീകരിക്കുന്നു. പല ചിത്രങ്ങളും പുരസ്‌കാരങ്ങൾ വാരിക്കൂട്ടുന്നു.അത്തരം ചെറുചിത്രങ്ങൾ കേരളത്തിലെ തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള സംവിധാനമാണ് ഇനി ഉണ്ടാകേണ്ടത്. സമാന്തരസിനിമകൾക്കായി ഒരു പ്രത്യേക പ്രദർശനനയം രൂപപ്പെടേണ്ടതുണ്ട്. ഇത്തവണ ആറുമലയാള ചിത്രങ്ങളാണ് ബംഗളുരു ഫെസ്റ്റിൽ വിവിധ മത്സരവിഭാഗത്തിലായി പ്രദർശിപ്പിക്കപ്പെട്ടത്. രണ്ടു ചിത്രങ്ങൾ വേറെയും ഉണ്ടായിരുന്നു. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ മലയാളസിനിമകൾ ഫെസ്റ്റിൽ നേടിയത്. ആറുസിനിമകളും ഒന്നിലേറെ തവണ പ്രദർശിപ്പിച്ചപ്പോഴും സദസ്സിൽ കാണികൾ നിറഞ്ഞിരുന്നു. ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന വിധത്തിലാണ് കേരളത്തിൽ പാറമടകൾ വ്യാപകമാകുന്നത്. അതിന്റെ പിന്നിൽ രാഷ്ട്രീയ ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്. ധനാർത്തിയോടെ ഒരു കൂട്ടർ പ്രകൃതിയെ പിടിച്ചുലയ്ക്കുകയാണ്. ഉരുൾപൊട്ടലും പ്രളയവുമൊക്കെ പാറമട ലോബിയുടെ സംഭാവനകളാണെന്ന് നമുക്കറിയാം. മലകൾ തുരന്നും കുന്നുകൾ ഇടിച്ചുനിരത്തിയും വർഷങ്ങളേറെയായി തുടരുന്ന നശീകരണ പ്രവണത പ്രകൃതിയെ ഒരു സ്ഫോടനാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. അതിന്റെ സൂചനകളും അടയാളങ്ങളും പ്രകൃതി നൽകുന്നുമുണ്ട്. ആ കഥയാണ് തികഞ്ഞ കയ്യടക്കത്തോടെ നവാഗത സംവിധായകനായ ശ്രീകാന്ത് പങ്ങപ്പാട്ട് ഭൂതലം എന്ന സിനിമയിലൂടെ പറയുന്നത്. ആർക്കിടെക് എന്ന നിലയിൽ പ്രകൃതിയിലുണ്ടാകുന്ന, അഥവാ ഉണ്ടാക്കപ്പെടുന്ന മാറ്റങ്ങൾ അതിസൂക്ഷ്മമായി നിരീക്ഷിച്ചു നേടിയ അനുഭവ സമ്പത്താണ് ശ്രീകാന്തിനെ 'ഭൂതല'ത്തിൽ എത്തിച്ചത്. പാറമടകളുടെ പ്രവർത്തനമോ ഉരുൾപൊട്ടലോ ഒന്നുംതന്നെ ചിത്രത്തിൽ നേരിട്ട് കാണിക്കുന്നില്ല. സ്ഫോടനശബ്ദങ്ങളിലൂടെയും അതിന് ഇരകളാവുന്ന നിസ്സഹായ മനുഷ്യജന്മങ്ങളുടെ വിങ്ങലുകളിലൂടെയുമാണ് സംവിധായകനായ ശ്രീകാന്ത് അത് പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നത്. കച്ചവടസിനിമകളിലെ ബഫൂൺ വേഷങ്ങളിൽ നിന്ന് മലയാള സമാന്തര സിനിമയ്ക്ക് ലഭിച്ച അനർഘ അഭിനയരത്നമാണ് ഇന്ദ്രൻസ് എന്ന നടൻ. മലമുകളിൽ ഭീതിയോടെ കഴിയുന്ന കുടിയേറ്റക്കാരന്റെ നായകവേഷം 'ഭൂതല'ത്തിൽ ഇന്ദ്രൻസ് ഉജ്ജ്വലമാക്കിയിരിക്കുന്നു. പല സമാന്തര സിനിമകളും ശ്രദ്ധിക്കപ്പെട്ടത് അഭിനയത്തിൽ എളിമ കാത്തുസൂക്ഷിക്കുന്ന ഇന്ദ്രൻസിന്റെ സാന്നിധ്യം കൊണ്ടാണ്. 'ഭൂതല'ത്തിന്റെ ഒരു സവിശേഷത ഇന്ദ്രൻസിന്റെ സാന്നിധ്യവും പ്രകടനവും തന്നെയാണ്. സാധാരണക്കാരുടെ കഥ പറയുന്ന സമാന്തര സിനിമകളിൽ ഇന്ദ്രൻസ് നായകനാകുമ്പോൾ പ്രേക്ഷക ഹൃദയങ്ങളെ ആ സിനിമയും കഥാപാത്രവും ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. അത്തരം അവിസ്മരണീയ മുഹൂർത്തങ്ങളുണ്ട് ശ്രീകാന്തിന്റെ 'ഭൂതല'ത്തിൽ. എൻ. എസ്‌. താര, കലാഭവൻ റഹ്‌മാൻ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ക്യാമറ നിഖിൽ പ്രവീൺ. ബംഗളുരു ഫെസ്റ്റിൽ രണ്ടാം തവണയും നിറഞ്ഞ സദസ്സിലാണ് ഭൂതലം പ്രദർശിപ്പിച്ചത്. കേരളം ചർച്ച ചെയ്യേണ്ട ഒരു ഉദാത്ത കലാസൃഷ്ടിയാണ് ഈ സിനിമ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.