06:07pm 22 April 2026
NEWS
ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് കിക്കോഫ്.
22/04/2026  11:16 AM IST
ചെറുകര സണ്ണിലൂക്കോസ്
ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് കിക്കോഫ്.

 

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്‌ക്കും. ഇത്രയും കാലം 32 ടീമുകളായിരുന്ന ലോകകപ്പില്‍ ഇതാദ്യമായാണ് 48 ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ കളിക്കുന്നത്. 12 ഗ്രൂപ്പുകളിലായി ടീമുകള്‍ അണിനിരക്കുമ്പോള്‍ ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ട് ടീമുകളും മൂന്നാം സ്ഥാനത്തെത്തുന്ന മികച്ച എട്ടു ടീമുകളും റൗണ്ട് ഓഫ് 32ലേക്ക് മുന്നേറും. പിന്നീട് അതില്‍നിന്നു 16 ടീമുകള്‍ പ്രീ ക്വാര്‍ട്ടറിലേക്കും എട്ടു പേര്‍ ക്വാര്‍ട്ടറിലേക്കും നാല് ടീമുകള്‍ സെമിയിലേക്കും രണ്ട് ടീമുകള്‍ ഫൈനലിലേക്കും മുന്നേറും. ആതിഥേയ രാജ്യങ്ങളായ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവ നേരിട്ട് യോഗ്യത നേടിയപ്പോള്‍ ബാക്കിയുള്ള 45 ടീമുകള്‍ വിവിധ മേഖലകളില്‍നിന്ന് യോഗ്യതാ മത്സരങ്ങള്‍ കളിച്ചെത്തി. 39 ദിവസം നീളുന്ന ലോകകപ്പില്‍ 16 വേദികളിലായി 104 മത്സരങ്ങളാണ് അരങ്ങേറുന്നത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യന്‍ സമയം 11ന് രാത്രി 12.30നാണ് മത്സരം. വേദി, മെക്‌സിക്കോ സിറ്റി സ്‌റ്റേഡിയം. 12ന് പുലര്‍ച്ചെ 7.30ന് ദക്ഷിണകൊറിയ ചെക് റിപ്പബ്ലിക്കിനെയും നേരിടും. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ആദ്യമത്സരം ജൂണ്‍ 17ന് അള്‍ജീരിയയ്‌ക്കെതിരേ പുലര്‍ച്ചെ 6.30നാണ്. അഞ്ചു വട്ടം ലോകചാമ്പ്യന്മാരായ ലാറ്റിനമേരിക്കയില്‍നിന്നുള്ള ബ്രസീലിന്റെ ആദ്യമത്സരം മൊറോക്കോയ്‌ക്കെതിരേ ജൂണ്‍ 13ന് പുലര്‍ച്ചെ 3.30നാണ്. ജൂലൈ 19ന് ന്യൂജഴ്‌സിയിലെ പ്രശസ്തമായ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനല്‍. പ്രാഥമിക റൗണ്ടില്‍ ദിവസേന ആറ് മത്സരങ്ങള്‍ വരെ നടക്കും.

യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇറാന്‍ ലോകപ്പില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പായിട്ടില്ല. ഇറാന്‍ പങ്കെടുക്കാതിരുന്നാല്‍, ലോകകപ്പില്‍ ഇത്തവണയും ഇടം നേടാന്‍ സാധിക്കാത്ത ഇറ്റലിക്ക് സാധ്യതയേറും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img