
എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രംതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ കൊടിയേറുന്നു.
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഏഴുദിവസം നീളുന്ന ഉത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി. വെള്ളിയാഴ്ച രാത്രി ക്ഷേത്രംതന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. മധ്യകേരളത്തിലെ ഏറ്റവും പ്രമുഖമായ ക്ഷേത്രോത്സവങ്ങളിൽ ഒന്നാണ് എറണാകുളത്തപ്പൻ ക്ഷേത്രത്തിലേത്
30ന് ഉത്സവം സമാപിക്കും വരെ ദിവസവും വെളുപ്പിന് 5.30ന് നവകം, പഞ്ചഗവ്യം, അഭിഷേകം, കൂട്ടവെടി, രാവിലെ 8ന് ശീവേലി, മേളപ്രമാണം, വൈകിട്ട് 5ന് ശീവേലിമേളം, രാത്രി 7ന് ദീപാരാധന, പുഷ്പാലങ്കാരം, വിളക്ക്‌വെയ്പ്, നാദസ്വരം, കൂട്ടവെടി, ശ്രീഭൂതബലി, 10ന് വിളക്കിന് എഴുന്നള്ളിപ്പ്.
28നും 29നും രാവിലെ 10മുതൽ എറണാകുളത്തപ്പൻ മൈതാനത്ത് സജ്ജമാക്കിയ ഊട്ടുപുരയിൽ പ്രസാദഊട്ടും 30ന് രാവിലെ 10 മുതൽ ആറാട്ടുസദ്യയും.
ചെറിയവിളക്ക്, ഉത്സവബലി ദിവസമായ 28ന് രാവിലെ 7.30ന് പാറമേക്കാവ് അഭിഷേകിന്റെ നേതൃത്വത്തിൽ ശീവേലിമേളം, രാവിലെ 10.30ന് ഉത്സവബലി ആരംഭം, 11.30 മുതൽ ഭക്തജനങ്ങൾക്ക് ഉത്സവബലി ദർശനം, വൈകിട്ട് 4.30ന് ഭഗവാന്റെ പറപ്പുറപ്പാട്, രാത്രി 10ന് തായമ്പകയും ഭഗവാൻ തിരിച്ചെഴുന്നള്ളിയശേഷം ക്ഷേത്രത്തിലെ പതിവ് ചടങ്ങുകളും. രാത്രി 12.30ന് ചെറിയവിളക്ക്.
29ന് പകൽപ്പൂരവും വലിയവിളക്കും. വൈകിട്ട് 3ന് ദിവാൻസ് റോഡിൽനിന്ന് മേജർസെറ്റ് പഞ്ചവാദ്യത്തോടെ പകൽപ്പൂരം ആരംഭിക്കും. വൈകിട്ട് 6ന് ഡർബാർ ഹാൾ മൈതാനത്ത് പകൽപ്പൂരം അണിനിരക്കലും കുടമാറ്റവും. പെരുമനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം. വൈകിട്ട് 6ന് വലിയവിളക്ക്, പള്ളിവേട്ട, പള്ളിക്കുറുപ്പ്, പള്ളിവേട്ടമേളം, രാത്രി 8.30ന് കരിമരുന്ന് പ്രയോഗം, 1ന് വലിയവിളക്കും പള്ളിവേട്ടയും പാറമേക്കാവ് രാജപ്പൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും.
ആറാട്ട് ദിവസമായ 30ന് രാവിലെ 9ന് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ ശീവേലിമേളം, വൈകിട്ട് 6ന് ആറാട്ടുബലി ക്രിയകൾക്ക് തുടക്കം, രാത്രി 7ന് കൂട്ടവെടി, 7.30ന് കൊടിയിറക്കലും ആറാട്ട് പുറപ്പാടും, രാത്രി 8ന് ക്ഷേത്രക്കടവിൽ ആറാട്ട്, 9.30ന് ആറാട്ട് എഴുന്നള്ളിപ്പ്. ആർ.എൽ.വി മഹേഷിന്റെ നേതൃത്വത്തിൽ മേളപ്രമാണവും മേജർസെറ്റ് പഞ്ചവാദ്യവും. ശനിയാഴ്ച പുലർച്ചെ 3ന് ആറാട്ട് എതിരേൽപ്പ്, ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിപ്പ്, ഇറക്കി എഴുന്നള്ളിപ്പ്.
ഉത്സവ ദിവസങ്ങളിൽ ക്ഷേത്രാങ്കണത്തിലും ഡർബാർഹാൾ ഗ്രൗണ്ടിലും വടക്കേനടയിലും ക്ഷേത്രത്തിലെ കൂത്തമ്പലത്തിലും വിപുലമായ കലാസംസ്കാരിക പരിപാടികൾ അരങ്ങേറും.
Photo Courtesy - Google








