08:59pm 11 November 2026
NEWS
പാവയാകാൻ ശ്വേതയില്ല! 'അമ്മ'യിലെ വനിതാ രാജവാഴ്ച പത്തുമാസത്തിൽ തകർന്നുതരിപ്പണം
22/06/2026  09:01 AM IST
ന്യൂസ് ബ്യൂറോ
പാവയാകാൻ ശ്വേതയില്ല! അമ്മയിലെ വനിതാ രാജവാഴ്ച പത്തുമാസത്തിൽ തകർന്നുതരിപ്പണം

കൊച്ചി: ട്വിസ്റ്റുകളും നാടകീയ മുഹൂർത്തങ്ങളും നിറഞ്ഞ ഒരു സിനിമാക്കഥ പോലെ താരസംഘടനയായ 'അമ്മ'യിലെ  വനിതാ ഭരണത്തിന് ആന്റി ക്ലൈമാക്സ്. സംഘടനയിലെ ആഭ്യന്തര തർക്കങ്ങളും തമ്മിലടിയും മൂർച്ഛിച്ചതോടെ പ്രസിഡന്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള 17 അംഗ ഭരണസമിതി ഒന്നടങ്കം രാജിവെച്ചു. 31 വർഷത്തെ പുരുഷാധിപത്യം തകർത്ത് വലിയ പ്രതീക്ഷകളോടെ അധികാരത്തിലേറിയ ഭരണസമിതിയാണ് വെറും 10 മാസം തികയും മുൻപേ തകർന്നുതരിപ്പണമായത്ഭരണസമിതിയിൽ നിന്ന് മാത്രമല്ല, സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ശ്വേതാ മേനോൻ രാജിവെച്ചു കഴിഞ്ഞു.
​നടിയെ ആക്രമിച്ച കേസ് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ മുൻ ഭാരവാഹികൾ നടന്മാരെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലായിരുന്നു ശ്വേത മേനോൻ പ്രസിഡന്റായും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും വനിതാ ഭരണസമിതി അധികാരമേറ്റത്. എന്നാൽ തുടക്കം മുതൽ ഭാരവാഹികൾക്കിടയിൽ നിലനിന്നിരുന്ന അധികാരത്തർക്കങ്ങളാണ് ഒടുവിൽ കൂട്ടരാജിക്കും ഭരണസമിതിയുടെ പതനത്തിനും കാരണമായത്.
​പൊട്ടിത്തെറിയിലേക്ക് നയിച്ച നാല് രംഗങ്ങൾ
​അധികാരത്തർക്കം: ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലും ചേർന്ന് തന്നെയറിയാതെ സംഘടനയെ നിയന്ത്രിക്കുന്നു എന്നതായിരുന്നു ശ്വേതയുടെ പ്രധാന പരാതി. ശ്വേത അറിയാതെ ഓഫീസ് മാനേജരെ പിരിച്ചുവിട്ടത് തർക്കം രൂക്ഷമാക്കി. ഒടുവിൽ ജീവനക്കാരിയെ തിരിച്ചെടുക്കുകയും ട്രഷററെ നിർബന്ധിത അവധിയിൽ വിടുകയുമാണുണ്ടായത്.
​അൻസിബയുടെ രാജി: ഫെബ്രുവരിയിൽ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ കമ്മിറ്റി അംഗങ്ങളായ ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ അൻസിബ രാജിവെച്ചു.
​70 ലക്ഷത്തിന്റെ സ്പോൺസർഷിപ്പ് വിവാദം: ഫെബ്രുവരിയിൽ നടന്ന കുടുംബസംഗമത്തിന് ഒരു ക്ഷേത്ര ട്രസ്റ്റിൽ നിന്ന് 70 ലക്ഷം രൂപ സ്പോൺസർഷിപ്പ് കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളിൽ വലിയ എതിർപ്പുകൾ ഉയർന്നിരുന്നു.
​കാണാതായ കണക്കുകൾ: കാക്കനാട് നടന്ന പൊതുയോഗത്തിൽ കുടുംബസംഗമത്തിന്റെ 67 ലക്ഷം രൂപയുടെ കണക്കുകൾ വ്യക്തമല്ലെന്ന് കാട്ടി ഒരു വിഭാഗം ബഹളം വെച്ചു. മുൻപ് ബാബുരാജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കുഴപ്പങ്ങൾ കൊണ്ടാണ് കണക്കുകൾ പൂർത്തിയാക്കാൻ കഴിയാത്തതെന്നായിരുന്നു ശ്വേതയുടെ വിശദീകരണം.
​ഇനി നിയന്ത്രണം അഡ്ഹോക്ക് കമ്മിറ്റിക്ക്
​ഭരണസമിതി പരാജയപ്പെട്ടതോടെ സംഘടനയുടെ താൽക്കാലിക ചുമതലയ്ക്കായി രമേഷ് പിഷാരടി എം.എൽ.എ കൺവീനറായ അഡ്ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജഗദീഷ്, കെ.ബി. ഗണേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. നാല് മാസത്തിന് ശേഷം പൊതുയോഗം ചേർന്ന് കൃത്യമായ കണക്കുകളും റിപ്പോർട്ടും അവതരിപ്പിക്കാനാണ് പുതിയ സമിതിയുടെ തീരുമാനം.
​"തുറന്നു പറയാൻ ഒരുപാടുണ്ട്..."
​"ഞാൻ ഇനി അമ്മയിൽ അംഗമല്ല. കുറ്റാരോപിതർ ഗൂഢാലോചന നടത്തിയാണ് വനിതാ നേതൃത്വത്തെ പുറത്താക്കിയത്. വനിതകൾ വെറും പാവകളല്ല, പാവയാകാൻ ഞാൻ തയ്യാറുമല്ല. മുൻ കമ്മിറ്റിയുടെ വീഴ്ചകളാണ് കണക്കുകൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയാത്തതിന് കാരണം."
- ശ്വേതാ മേനോൻ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img