06:02am 12 November 2026
NEWS
എൻഡിഎ വിടണമെന്ന വികാരം ബിഡിജെഎസിൽ ശക്തം; എങ്ങോട്ട് പോകുമെന്ന കാര്യത്തിൽ അവ്യക്തത
17/12/2025  09:19 AM IST
nila
എൻഡിഎ വിടണമെന്ന വികാരം ബിഡിജെഎസിൽ ശക്തം; എങ്ങോട്ട് പോകുമെന്ന കാര്യത്തിൽ അവ്യക്തത

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ തോൽവിക്ക് പിന്നാലെ ബിഡിജെഎസിൽ അമർഷം കനക്കുന്നു. എൻഡിഎ സഖ്യത്തിൽ നിന്നും പാർട്ടി പിന്മാറണണെന്ന അഭിപ്രായം ഒരു വിഭാ​ഗം നേതാക്കളിൽ ശക്തമാണ്. ബിജെപിയിൽ നിന്നും പാർട്ടി നേരിടുന്നത് കടുത്ത അവ​ഗണനയാണെന്നും നേതാക്കൾ ആരോപിക്കുന്നു. 

തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് സീറ്റു വിഭജനം മുതൽ തന്നെ ബിഡിജെഎസ് - ബിജെപി ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ബിഡിജെഎസിന്റെ ശക്തികേന്ദ്രങ്ങളിലും, ധാരണയുണ്ടായ സീറ്റുകളിലും ബിജെപി സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുകയായിരുന്നു. ചേർത്തലയിൽ രാജീവ് ചന്ദ്രശേഖറും തുഷാർ വെള്ളാപ്പളളിയും ചേർന്ന് പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് നേതാക്കൾ അവകാശപ്പെട്ടു, പക്ഷേ താഴത്തട്ടിൽ ഐക്യം ഉണ്ടായിരുന്നില്ല. ഫലം വന്നപ്പോൾ ബിഡിജഎസിന് കടുത്ത പരാജയമാണ് നേരിടേണ്ടി വന്നത്. അതേസമയം, ബിജെപി പല സ്ഥലങ്ങളിലും നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. 

ബി.ഡി.ജെ.എസിന് ലഭിച്ച 40 സീറ്റുകളിൽ പലതിലും ബിജെപി തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തി. ചില മേഖലകളിൽ ഇരുപാർട്ടികൾക്കും സ്ഥാനാർഥികൾ ഇല്ലാതായതായും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ചിലർ പോസ്റ്റർ അടച്ച ശേഷമാണ് പിന്മാറേണ്ടിവന്നത്. താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് അധികാരത്തിന്റെ ഭാഗമാകാൻ സാധിക്കുമായിരുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ പൂർണമായി അവഗണിക്കപ്പെട്ടതിനാൽ ഇനി അണികളോടു പറഞ്ഞുനിൽക്കാനാകില്ലെന്നാണ് നേതാക്കളുടെ വികാരം. കൊച്ചി കോർപ്പറേഷനിൽ കഴിഞ്ഞതവണ രണ്ടാമതെത്തിയ സീറ്റ് ബി.ജെ.പി. പിടിച്ചെടുത്ത് മത്സരിച്ചു തോറ്റതും ഇവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചാൽ പാർട്ടിയുടെ നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടും എന്ന അഭിപ്രായം ഒരു വിഭാ​ഗം നേതാക്കൾക്കുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏതെങ്കിലും മുന്നണിയുടെ ഭാ​ഗമായല്ലാതെ നിൽക്കാനാകില്ല. എൻഡിഎ വിട്ടാൽ എൽഡിഎഫിലോ യുഡിഎഫിലോ ഇടം ലഭിച്ചില്ലെങ്കിൽ പാർട്ടി വലിയ പ്രതിസന്ധികളെ നേരിടേണ്ടി വരുമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img