
തിരുവനന്തപുരം: "കണ്ണുതുറന്ന് നോക്കെടാ പൊന്നുമോനെ..." എന്ന മാതാവിന്റെ നെഞ്ചുപൊട്ടിയുള്ള നിലവിളിക്ക് മുന്നിൽ ഒരു നാടാകെ വിതുമ്പി. ജാതിവെറിയുടെ ക്രൂരതയ്ക്ക് ഇരയായി ജീവനൊടുക്കിയ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ വിയോഗം നെടുമങ്ങാടിനെ കണ്ണീർക്കടലാക്കി. ഡോക്ടറായി മകൻ മടങ്ങിവരുമെന്ന് സ്വപ്നം കണ്ടിരുന്ന മാതാപിതാക്കളുടെ മുന്നിലേക്ക് എത്തിയത് അവന്റെ നിശ്ചലമായ ശരീരമായിരുന്നു.
തളർന്നുവീണ് മാതാപിതാക്കൾ
മകന്റെ ഷർട്ടും ഐഡന്റിറ്റി കാർഡുകളും നെഞ്ചോട് ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ പിതാവ് രാജനെ ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കായില്ല. കൂലിവേല ചെയ്ത് മകനെ പഠിപ്പിച്ചിരുന്ന രാജന്റെ ഏക പ്രതീക്ഷയായിരുന്നു നിതിൻ. മൃതദേഹം സംസ്കരിക്കുന്നതിനായി കുഴിയിലേക്ക് മാറ്റുന്നതിന് മുൻപ് മകന്റെ മുഖം ഒരിക്കൽ കൂടി കാണണമെന്ന് വാശിപിടിച്ച അദ്ദേഹം മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കിടന്നത് ഹൃദയഭേദകമായ കാഴ്ചയായി. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അന്ത്യചുംബനം നൽകുന്നതിനിടെ അമ്മ ലത ബോധരഹിതയായി വീണു.
സ്വപ്നങ്ങൾ പാതിവഴിയിൽ
കുടുംബത്തിന്റെ കഷ്ടപ്പാടുകൾ മാറ്റാൻ മകൻ പഠിച്ച് ഡോക്ടറാകുന്നത് കാത്തിരിക്കുകയായിരുന്നു ഇവർ. യു.കെയിൽ ജോലി നേടി അച്ഛനെയും അമ്മയെയും ഒപ്പം കൊണ്ടുപോകുമെന്ന് നിതിൻ എപ്പോഴും പറയുമായിരുന്നു. കോളേജിലെ ജാതിപരമായ അധിക്ഷേപങ്ങളെക്കുറിച്ചും അധ്യാപകർ സ്റ്റാഫ് റൂമിൽ വിളിച്ചുവരുത്തി അപമാനിച്ചതിനെക്കുറിച്ചും നിതിൻ സഹോദരിമാരോട് പറഞ്ഞിരുന്നു. എന്നാൽ മാതാപിതാക്കൾ ഇതറിഞ്ഞ് വിഷമിക്കരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു.
ആരോപണവുമായി കുടുംബം
നിതിന്റേത് ആത്മഹത്യയല്ലെന്നും കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊന്നതാണെന്നും കുടുംബം ആരോപിക്കുന്നു. മരണത്തിന് ശേഷവും കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നിസ്സംഗത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മൃതദേഹത്തോടൊപ്പം കോളേജിൽ നിന്ന് ഒരാൾ പോലും എത്തിയില്ലെന്നും ആരും കുടുംബത്തെ വിളിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ചാലയ്ക്കാട്ടെ കുടുംബവകയായ വസ്തുവിൽ നടന്ന സംസ്കാര ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. നിതിന്റെ സഹോദരിയുടെ അഞ്ചു വയസ്സുകാരനായ മകൻ അഥർവനാണ് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത്.










