07:34pm 20 July 2026
NEWS
ജനാധിപത്യത്തിന്റെ 'മാരക' സൗന്ദര്യം
19/07/2026  10:26 AM IST
ഉണ്ണി വി.ജെ.നായർ
ജനാധിപത്യത്തിന്റെ മാരക സൗന്ദര്യം

''ജനങ്ങൾ എന്ന് അർത്ഥമുള്ള ഡെമോസ്, ഭരണം എന്ന് അർത്ഥമുള്ള ക്രറ്റോസ് എന്നീ പദങ്ങൾ ചേർന്ന് ഗ്രീക്ക് ഭാഷയിൽ ഉണ്ടായതാണ് ഡെമോക്രാറ്റിയ എന്ന സമസ്തപദം. ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത് ബി.സി. അഞ്ചാം നൂറ്റാണ്ടിലെ ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആയിരുന്നു. ഇതാണ് പിന്നീട്'ഡെമോക്രസി'യായത്. ഡെമോക്രസി എന്നാൽ ജനാധിപത്യം. ജനങ്ങൾക്കു വേണ്ടി ജനങ്ങൾ, ജനങ്ങളെ ഭരിക്കുന്നതാണു ജനാധിപത്യം.''

വിക്കി പീഡിയ വായിച്ചവർക്കു മാത്രമല്ല സകല ജനങ്ങൾക്കും ഇന്ന് ജനാധിപത്യം എന്തെന്നറിയാം. എന്നാൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കൾക്കു മാത്രം ഇനിയും ജനാധിപത്യത്തിന്റെ അർത്ഥവും മഹത്വവും അറിയില്ല. അടുത്തിടെ ജനാധിപത്യത്തിന്റെ യഥാർത്ഥ 'സൗന്ദര്യ'വും 'കലാവിരുതും' ഒരിക്കൽകൂടി ആസ്വദിക്കാനുള്ള നിർഭാഗ്യം ജനങ്ങൾക്ക് ലഭിച്ചു! 

തലസ്ഥാന നഗരിയിലെ കോർപ്പറേഷൻ ഹാളായിരുന്നു വേദി. പുതിയ ഭരണക്കാർ അധികാരമേറ്റതോടെ കേളികൊട്ട് അന്നേ തുടങ്ങിയിരുന്നു. അവിടെ അരങ്ങേറിയിരുന്ന ഓരോ കൗൺസിൽ യോഗവും സമാനതകളില്ലാത്ത ഒരു ഒന്നാന്തരം രാഷ്ട്രീയ ആക്ഷേപഹാസ്യ നാടകമായി. എ റിയൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമ! തലങ്ങും വിലങ്ങും ഡയലോഗുകൾ വാരിവിതറിയും ചില പ്രത്യേക ആക്ഷൻ കൊണ്ടും സമ്പന്നമായ തട്ടുപൊളിപ്പൻ പരിപാടി. ഓരോ കൗൺസിൽ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഹാളിൽ പ്രവേശിക്കുന്ന ജനപ്രതിനിധികളുടെ മുഖത്ത് ഒരേസമയം ഗൗരവവും കാരുണ്യവും മിന്നിമറഞ്ഞു. ആദ്യം പരസ്പരം നോക്കി ചിരിച്ചും കുശലം പറഞ്ഞും തോളിൽ കൈയിട്ടും അവർ സീറ്റുകളിലേക്ക് നീങ്ങി. കൈയിൽ ജനങ്ങളുടെ കണ്ണീരൊപ്പാനുള്ള വികസന രേഖകളും പരാതിക്കെട്ടുകളും ഉണ്ടായിരുന്നു. 

പൊടുന്നനെ നേരും നെറിയും മുഖത്ത് ഫിറ്റ് ചെയ്ത് മേയർ ഡയസിലേക്ക് എത്തിയതോടെ നാടകത്തിന്റെ പ്രൊലോഗ് അവസാനിച്ചു. പിന്നീട് അരങ്ങേറിയത് പ്രതിഷേധം എന്ന ക്ലാസിക് കലാരൂപമാണ്. അജണ്ടകൾ വായിച്ച് തുടങ്ങി. പ്രതിപക്ഷ നിരയിൽ നിന്ന് പെട്ടെന്ന് ഒരാൾ എഴുന്നേറ്റു. അതൊരു സിഗ്നലാണ്. തൊട്ടു പിന്നാലെ മുഴുവൻ പ്രതിപക്ഷ അംഗങ്ങളും ബഞ്ചുകളിൽ ചടപടാന്ന് അടിച്ച് താളം പിടിക്കാൻ തുടങ്ങി. വീട്ടിൽ നിന്നു കരുതിയ പ്ലക്കാർഡുകൾ, ബാനറുകൾ, കറുത്ത തുണികൾ എന്നിവ നിമിഷനേരം കൊണ്ടു പുറത്തെടുത്തു. എല്ലാവരും ഒരേ താളത്തിൽ ഡയസിന് മുന്നിലെ 'കിണറ്റി'ലേക്ക് (വെൽ ഓഫ് ദ ഹൗസ്) കുതിച്ചു. ഭരണപക്ഷത്തിന്റെ വികസന നേട്ടങ്ങളെ കടലാസ് വിമാനങ്ങളാക്കി പറത്തുന്നവരും മേശപ്പുറത്തിരിക്കുന്ന ഫയലുകൾ വായുവിൽ വട്ടമിട്ടു പറത്തുന്നവരും ഈ നൃത്തച്ചുവടുകളിലെ പ്രധാനികളായി. വാക്കുകൾ കൊണ്ട് കാര്യമില്ലെന്നു ബോധ്യമായതോടെ നാടകം അതിന്റെ ക്ലൈമാക്സിലേക്ക് കടന്നു. ഇനിയാണ് കൈയാങ്കളി. ഒരു ഇൻഡോർ സ്പോർട്സ് ഇനം. ഇവിടെയാണ് ജനാധിപത്യത്തിന്റെ ഫിസിക്കൽ ഫിറ്റ്നസ് തെളിയുന്നത്. ആക്ഷൻ...മേയറുടെ കസേരയ്ക്ക് ചുറ്റും കോട്ട കെട്ടുന്ന വാച്ച് ആൻഡ് വാർഡുമാർ. സമാധാനത്തിന്റെ കാവൽക്കാർക്ക് മേൽ ജനപ്രതിനിധികളുടെ സ്നേഹ പ്രകടനം ആരംഭിക്കയായി. ഷർട്ടിന്റെ കൈ മടക്കിക്കുത്തൽ, പരസ്പരം നെഞ്ചോട് നെഞ്ച് മുട്ടിച്ചുള്ള നിൽപ്പ്.

ആദ്യം ഡയലോഗ് ഇല്ലെങ്കിലും കണ്ണ് കാണിച്ചുള്ള വെല്ലുവിളികൾ എന്നിവ തിയേറ്ററിലെ മാസ് പടങ്ങളെ വെല്ലുന്നതായി. പിന്നീട് ന്യൂ ജനറേഷൻ സിനിമാ ഡയലോഗ്. ശ്ലീലവും അശ്ലീലവും മാറ്റുരച്ചു. പിന്നീടാണ് മേശപ്പുറത്തു കയറി നിന്നുള്ള ആക്രോശവും ചൂടുവെള്ളം ചീറ്റിക്കലും.
പരസ്പരം ഷർട്ടിൽ പിടിച്ച് വലിക്കുമ്പോഴും വാച്ച് ആൻഡ് വാർഡിന്റെ തോളിൽ ചവിട്ടി ഡയസിലേക്ക് കയറാൻ നോക്കുമ്പോഴും ക്യാമറക്കണ്ണുകൾ എവിടെയാണെന്ന് കൃത്യമായി നോക്കി പോസ് ചെയ്യാൻ, റേഷൻ കാർഡിൽ നിന്നുപോലും പേരു പോയ ആണുങ്ങളും ശാക്തീകരണ ത്താൽ വീര യോദ്ധാക്കളായ പെണ്ണുങ്ങളും മറന്നില്ല. മണിക്കൂർ നീണ്ട തീപ്പൊരി യുദ്ധം. നിയമസഭയിൽ കാരുണ്യഭൂതാനുഗ്രഹമായി ലഭിച്ച മാജിക്കൽ 102-ന്റെ അഹങ്കാരത്തിൽ ദുർബല ഗുണവാന്മാരും ഗുണവതികളും തട്ടുകട പൂട്ടി വരുമാനം നിലച്ചവരും ചേർന്നു ജനങ്ങൾ തെരഞ്ഞെടുത്ത നഗര പിതാവിനെ ആക്രമിച്ചു. തലങ്ങും വിലങ്ങും ആക്രോശവും പോർവിളിയും. പ്രത്യാക്രമണമാകട്ടെ സംഘപരിവാര കലുഷിതവും. മൈക്കുകൾ ഒടിഞ്ഞുതൂങ്ങി, കസേരകളുടെ സ്ഥാനം മാറി, പേപ്പറുകൾ മഞ്ഞുപൊഴിയും മലപോലെ ഹാളിൽ ചിതറി. ഉടുതുണി കീറിയെറിയുന്നു.... ആക്രോശം, അട്ടഹാസം...ഒടുവിൽ എല്ലാവർക്കും മടുത്തപ്പോൾ കൗൺസിൽ പിരിഞ്ഞതായി പ്രഖ്യാപനവും. ഇരുകൂട്ടരും ഹാളിൽ നിന്ന് പുറത്തേക്ക് പായുകയും ചെയ്തു. 

കണ്ടുനിന്ന ജനങ്ങൾ എന്താണീ മാമാങ്കത്തിന്റെ മൂലമെന്ന് അന്വേഷിച്ച് മൂക്കത്തു കൈവച്ചു. 40 വർഷം ഭരിച്ചവർ ആറ് മാസം പോലും തികയാത്ത ഭരണസമിതിക്കെതിരെ എന്തിനാണ് സമരം നടത്തിയത്. വ്യാജ രസീതുകൾ ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത് കണ്ടെത്തിയതോ. കോർപ്പറേഷന്റെ കെട്ടിടങ്ങൾ പ്രതിപക്ഷത്തെ ചിലർ റെന്റിന് കൊടുത്ത് കാശുണ്ടാക്കിയതോ. മാർക്കറ്റിലെ അനധികൃത പിരിവുകൾ അവസാ നിപ്പിച്ചതോ.... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. ഏതായാലും യുദ്ധം തുടങ്ങിയതേയുള്ളൂ. ഇനി പുക കണ്ടേ അടങ്ങൂ. ഭരണസമിതിക്കെതിരെ തോറ്റ മൂന്ന് എം.എൽ.എമാർ കൂടി പ്രത്യക്ഷത്തിൽ വന്നു ആരോപണങ്ങൾ ഉന്നയിച്ച് സമരം ആരംഭിച്ചതും അവിശ്വാസപ്രമേയം കൊണ്ടുവന്നു പുറത്താക്കാൻ കോൺഗ്രസുകാർ കൂട്ടുകൂടിയതും എല്ലാം കേമമായി. 

നേരും നെറിയും ജനക്ഷേമവും കോർപ്പറേഷൻ ഹാളിന്റെ വാതിലിനപ്പുറം വിശ്രമിക്കുമ്പോൾ, പുറത്തു ജനങ്ങൾ നികുതിയും ഒടുക്കി ജനാധിപത്യത്തിന്റെ ഈ പരമമായ സൗന്ദര്യം കണ്ടു കൈയടിക്കാൻ പോലുമാകാതെ വായും പൊളിച്ചു നിൽക്കയാണ്. ഇതിന് മുൻപ് നിയമസഭയിലാണ് ഇതുപോലൊരു ജനാധിപത്യം ആസ്വദിക്കാൻ ജനങ്ങൾക്ക് കഴിഞ്ഞത്. അതിന്റെ ചുക്കാൻ പിടിച്ച താണ്ഡവനേതാവ് കോർപ്പറേഷൻ ജനാധിപത്യ കലാപരിപാടിയിൽ തലയിട്ടു പ്രോത്സാഹനം നൽകിയതും ജനങ്ങൾ കണ്ടു. ഇതാണ് ജനാധിപത്യത്തിന്റെ 'മാരക' സൗന്ദര്യം

ഒടുക്കത്തെ വാചകം: വീര്യം കുറഞ്ഞ മദ്യം ഇനി 'പൂക്കി' എന്ന ഓമനപ്പേരിൽ അറിയപ്പെടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img