
കർണാടകം: ബിഡിദി ടൗൺഷിപ്പ് പദ്ധതിയ്ക്കെതിരായ കർഷകരോഷം ഡി കെ ശിവകുമാർ ഗവണ്മെന്റിനെ പിടിച്ചുലക്കുകയാണ്. ജെഡിഎസ്സാണ് പദയാത്ര നടത്തുന്നതെങ്കിലും ബിജെപിയും പിന്തുണക്കുന്നുണ്ട്. പദയാത്ര ഞായറാഴ്ചയാണ് ബിഡദിയിൽ നിന്ന് ആരംഭിച്ചത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന
പദയാത്ര നഗരത്തിലെ ഫ്രീഡം പാർക്കിൽ ഇന്നാണ് സമാപിക്കേണ്ടിയിരുന്നത് .എന്നാൽ ബംഗളുരു നഗരത്തിൽ പ്രവേശിക്കുന്ന കൺമിനികെ ടോൾ പ്ലാസയിൽ വെച്ച് പോലീസ് പദയാത്ര തടഞ്ഞു. മുൻപ്രധാനമന്ത്രിയും ജെഡിഎസ്സ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ ഇന്നലെ കർഷകരെ അഭിസംബോധന ചെയ്തിരുന്നു. പാവപ്പെട്ട കൃഷിക്കാരുടെ ജീവിതവും ഉപജീവനമാർഗ്ഗവും നശിപ്പിക്കാൻ ഡി കെ ഗവണ്മെന്റിനെ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ മാസം പതിനെട്ടിന് ഫ്രീഡം പാർക്കിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും കൃഷിക്കാരും പ്രവർത്തകരും അവിടെ എത്തിച്ചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പദയാത്ര താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
നൂറുകണക്കിന് കർഷകർ അണിനിരന്ന പദയാത്ര കേന്ദ്രമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. അദ്ദേഹത്തിന്റെ മകനും യുവനേതാവുമായ നിഖിലാണ് പദയാത്ര നയിക്കുന്നത്. ബിജെപിയിലെ പ്രമുഖനും നിലവിൽ പ്രതിപക്ഷ നേതാവുമായ ആർ അശോക് ആശംസയർപ്പിക്കാനെത്തി യിരുന്നു
. " ഭൂമി ഞങ്ങളുടെ അവകാശമാണ്. ജീവൻ നൽകാം എന്നാലും ഭൂമി വിട്ടുനൽകില്ല" എന്നാണ് പദയാത്രയിൽ ഉയർന്നുകേട്ട മുദ്രാവാക്യം. നഗരത്തോട് ചേർന്നുകിടക്കുന്ന ഫലഭൂയിഷ്ടമായ കാർഷികമേഖലയായ ബിഡദി അത്യാധുനിക എ ഐ ടൗൺ ഷിപ്പാക്കി മാറ്റുക എന്നത് മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സ്വപ്നപദ്ധതിയാണ്. ബിഡദി താലൂക്കിലെ ഒമ്പത് ഗ്രാമങ്ങളിലായി പരന്നുകിടക്കുന്ന എണ്ണായിരത്തോളം ഏക്ര വിസ്തൃതിയുള്ള കൃഷിഭൂമിയും തോട്ടങ്ങളും ഏറ്റെടുത്തുകൊണ്ട് ടൗൺഷിപ്പ് പദ്ധതി സഫലീകരിക്കാനാണ് ഡി കെ യുടെ ശ്രമം. ബംഗളുരു സൗത്ത് എന്ന് പേരുമാറ്റിയ രാമനഗര ജില്ലയിലെ ബിഡദി ഡി കെ യുടെ തട്ടകമാണ്. അദ്ദേഹത്തിന്റെ നിയമസഭാമണ്ഡലമായ കനകപുരയിലേക്ക് 45-50 കിലോമീറ്റർ ദൂരമേയുള്ളൂ. ബംഗളുരുവിലെ പ്രധാന പാതകളിലൊന്നായ കനകപുര റോഡിലെത്താൻ ബിഡദിയിൽ നിന്ന് 27 കിലോമീറ്റർ സഞ്ചാരിച്ചാൽ മതി. കൃഷിക്കാരുടെ പാർട്ടിയായി അറിയപ്പെടുന്ന ജെഡിഎസ്സാണ് കർഷക പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടുന്ന ഗൗരവപ്രശ്നമായി ബിഡദി ടൗൺഷിപ്പ് പദ്ധതി വളർന്നുകഴിഞ്ഞു. "ഭൂമി വിട്ടുനൽകാൻ ആരെയും നിർബന്ധിക്കില്ല. ഏക്രയ്ക്ക് മൂന്നുകോടി രൂപ വീതം നൽകാൻ ഗവണ്മെന്റ് തയ്യാറാണ്. പണം വേണ്ടാത്തവർക്ക് ഡവലപ്പ് ചെയ്യാൻ വിട്ടുനൽകുന്ന ഭൂമിയുടെ പകുതി അളവിൽ സൈറ്റുകൾ നൽകും" മുഖ്യമന്ത്രി ഡി കെ എക്‌സിൽ കുറിച്ചിരുന്നു. ആ കുറിപ്പിനോട് കുമാരസ്വാമി പരിഹാസത്തോടെ പ്രതികരിച്ചത് ഇങ്ങനെയാണ് " ഇതെന്താ ലേലംവിളി ടൗൺഷിപ്പാണോ? " ചില നേതാക്കളുടെ മക്കൾക്ക് ആളാകാൻ വേണ്ടിയാണ് പ്രതിഷേധവും പദയാത്രയുമൊക്കെ നടത്തുന്നതെന്ന് ഡി കെ പരിഹസിച്ചിരുന്നു. 93 കാരനായ ദേവഗൗഡയും പ്രതിഷേധ രംഗത്ത് പ്രത്യക്ഷപ്പെട്ടതോടെ ബിഡദി ടൗൺഷിപ്പ് വിരുദ്ധ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുന്നു. 18 ന് ഫ്രീഡം പാർക്കിൽ ചേരുന്ന പ്രതിഷേധം നഗരത്തെ ഇളക്കി മറിച്ചേക്കും.
Photo Courtesy - Google










