02:47pm 16 September 2026
NEWS
പട്ടയമേളകൾ എന്ന പ്രഹസനമേളകൾ
16/09/2026  11:35 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പട്ടയമേളകൾ എന്ന പ്രഹസനമേളകൾ

വാണിജ്യരംഗത്തിന് ഒഴിവാക്കാനാവാത്തതാണ് മേളകൾ. വസ്ത്രമേള, പുസ്തകമേള, ഭക്ഷ്യമേള എന്നിങ്ങനെ എന്തിനും ഏതിനും മേളകൾ നടത്തിയാണ് സ്വകാര്യ സംരംഭകർ കസ്റ്റമേഴ്‌സിനെ കണ്ടെത്തുന്നത്- അഥവാ ചൂഷണം ചെയ്യുന്നത്. അതവരുടെ വാണിജ്യതന്ത്രം. ഓഫറുകളുടെ പിന്നാലെ പാഞ്ഞ് ചതി പറ്റുന്നവരുണ്ടെങ്കിൽ അത് അവരുടെ പിടിപ്പുകേടെന്നു പറയാം. പക്ഷേ കച്ചവടതന്ത്രത്തിന്റെ ഭാഗമായി സ്വകാര്യ വ്യാപാരികൾ കണ്ടെത്തിയ വാണിജ്യ മേളകളുടെ പിൻപറ്റി ജനശ്രദ്ധ ലഭിക്കാൻ സർക്കാരും ആ വഴിക്ക് നീങ്ങിയിരിക്കുന്നു കാലങ്ങളായി. അതത്രേ പട്ടയമേളകൾ. കച്ചവടക്കാരുടെ മേളയ്ക്ക് പിന്നിൽ വാണിജ്യതാൽപ്പര്യങ്ങളാണുള്ളതെങ്കിൽ സർക്കാരിന്റെ മേളയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്.

പട്ടയമേളയുടെ  അശാസ്ത്രീയത

അതീവ ജാഗ്രതയോടെയും അവധാനതയോടെയും ചെയ്യേണ്ട ജോലിയാണ് പട്ടയം തയ്യാറാക്കൽ. ഒട്ടേറെ പരിശോധനകളും ആവശ്യമാണ്. അനധികൃത കൈയേറ്റം വ്യാപകമായപ്പോളാണ് കാലാകാലങ്ങളിൽ ഭരിച്ചിരുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വനസംരക്ഷണനിയമം കൊണ്ടുവന്നത്. എങ്കിലും ഗണ്യമായി വനത്തിന്റെ വിസ്തൃതി കുറഞ്ഞിട്ടുണ്ടെന്നുള്ളതും വസ്തുതയാണ്. ആദ്യകാലത്ത് കുടിയേറ്റം സർക്കാർതന്നെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ആ നയം മാറ്റേണ്ടിവന്നു. വ്യാപകമായ വനനശീകരണം നാടിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും എന്ന നില വന്നപ്പോൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നയം മാറ്റാൻ നിർബന്ധിതരായി. അന്നുമുതൽ തുടങ്ങിയതാണ് കേരളത്തിലെ പട്ടയ പ്രശ്‌നങ്ങളും

നേരത്തെ സൂചിപ്പിച്ചതുപോലെ വിവിധ വകുപ്പുകൾ കൂടിച്ചേർന്ന് കൂട്ടായി പരിശോധിച്ചാണ് പട്ടയം നൽകാൻ അർഹതയുള്ള ഭൂമി കണ്ടെത്തേണ്ടത്. അതിൽ വനനിയമങ്ങളും കേന്ദ്രസർക്കാർ നിയമങ്ങളും ഉൾപ്പെടും. വളരെ കർക്കശമായ നിയമങ്ങളാണ് ഇതുസംബന്ധിച്ചു കേന്ദ്രസർക്കാർ ഉണ്ടാക്കിയിരിക്കുന്നത്. അതിൽ ചിലത് പ്രായോഗികമായി നടപ്പിലാക്കാൻ പ്രയാസമുള്ളതുമാണ്. എങ്കിലും സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ നടപ്പിലാക്കുകയും ആകാം. ഒരു ഉദാഹരണം പറയാം. കേന്ദ്രസർക്കാർ പട്ടയം നൽകുന്നതിനായി നിശ്ചയിച്ചിരിക്കുന്ന നിബന്ധനകൡ ഒന്ന് പട്ടയം നൽകുന്ന  ഭൂമിയുടെ ഇരട്ടി ഭൂമി വനവൽക്കരണത്തിനായി കണ്ടെത്തണം എന്നതാണ്. ഇത് സംസ്ഥാന സർക്കാർ ശ്രദ്ധിക്കാറെ ഇല്ല. പകരം ഇരട്ടി  ഭൂമി കണ്ടെത്തുക എളുപ്പമല്ലല്ലോ. അതേസമയം സർക്കാർ ഉറച്ച നിലപാടെടുത്താൽ കണ്ടെത്താനും കഴിയും. 

പതിറ്റാണ്ടുകൾക്ക് മുമ്പ് അഥവാ നൂറ്റാണ്ടു മുമ്പുതന്നെ കുത്തകപ്പാട്ട വ്യവസ്ഥയിലൊക്കെ തോട്ടം മേഖലയിൽ ഭൂമി നൽകിയിട്ടുണ്ട്. അതിൽ കാലാവധി കഴിഞ്ഞതും ധാരാളമുണ്ട്. ഇച്ഛാശക്തിയുള്ള സർക്കാരാണെങ്കിൽ അത് തിരിച്ചുപിടിക്കും. പക്ഷേ പല കാരണങ്ങൾകൊണ്ടും ഒരു ഗവൺമെന്റും അതിന് തയ്യാറാകുന്നില്ല. അതുകൊണ്ട് സംഭവിക്കുന്നതെന്താണ്. പട്ടയഭൂമി സംബന്ധിച്ച് കോടതിയിൽ കേസു വരുമ്പോൾ കോടതി എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. സ്വാഭാവികമായും ഈ ഇരട്ടി ഭൂമിയുടെ കാര്യവും കോടതിയുടെ പരിഗണനയിൽവരും. അതു കണ്ടെത്തിയിട്ടില്ല എന്നു മനസ്സിലാക്കുന്നതോടെ പട്ടയം നൽകിയത് സ്റ്റേ ചെയ്യപ്പെടും. ഇത് ഒരു കാരണം മാത്രമാണ്. ഇങ്ങനെ നിരവധി നിബന്ധനകളും നിയന്ത്രണങ്ങളുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പട്ടയമേളകളുടെ അശാസ്ത്രീയത ചർച്ച ചെയ്യപ്പെടേണ്ടത്.

പട്ടയമേള നടത്തുന്നതുതന്നെ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആയിരിക്കും. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് അടുക്കുന്ന നാളുകൡ. അതല്ലെങ്കിൽ മറ്റേതെങ്കിലും ഗൂഢാലോചനകളുമാകാം. എന്തായാലും നൂറുശതമാനം ജനങ്ങൾക്ക് പ്രയോജനപ്പെടണം എന്ന ആഗ്രഹത്തോടെയല്ല. അങ്ങനെയാണെങ്കിൽ നിബന്ധനകളെല്ലാം പൂർണ്ണമായും പാലിക്കാൻ ശ്രദ്ധിക്കുമല്ലോ? ആയിരക്കണക്കിന് പട്ടയങ്ങളാണ് ഒരു മേളയിൽ വിതരണം ചെയ്യപ്പെടുന്നത്. അത്രയും പട്ടയങ്ങൾ സംബന്ധിച്ച് രേഖകൾ പൂർണ്ണമായും പരിശോധിച്ചു ബോധ്യപ്പെടാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിയുന്നുണ്ടോ? ഇല്ല എന്നതാണ് വസ്തുത. ഉദ്യോഗസ്ഥറുടെ കഴിവില്ലായ്മ അല്ല ഇവിടെ പ്രശ്‌നമാകുന്നത് സമയക്കുറവാണ്. ഒരു പട്ടയമേളയ്ക്ക് തയ്യാറെടുക്കുവാൻ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത് ഏതാനും മാസങ്ങളായിരിക്കും. ആ ചുരുങ്ങിയ കാലയളവിനുള്ളിൽ സമഗ്രമായ പരിശോധനയ്ക്ക് സമയം ലഭിക്കുമോ? അത് വ്യക്തമാക്കാനായി പട്ടയം നൽകാനായി കേന്ദ്രസർക്കാർ വച്ചിട്ടുള്ള ചില ഉപാധികൾ വിവരിക്കാം.

ഒന്നാമതായി നേരത്ത് സൂചിപ്പിച്ച  ഇരട്ടിഭൂമി കണ്ടെത്തൽ തന്നെ. അത് വനവൽക്കരണത്തിനായുള്ളതാണ്. അതോടൊപ്പംതന്നെ ഈ വനവൽക്കരണത്തിനുള്ള ഫണ്ടും സംസ്ഥാന സർക്കാർതന്നെ കണ്ടെത്തണം. ആദിവാസി കോളനിയിലും അവരോടു വാങ്ങിയ സ്ഥലത്തിനും പട്ടയം കൊടുക്കാൻ പാടില്ല എന്നതാണ് മറ്റൊന്ന്. ഇത് വ്യക്തമാകണമെങ്കിൽ ആ സ്ഥലത്തുപോയി അന്വേഷിക്കേണ്ടതാണ്. വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ പട്ടയം നൽകാൻ പാടില്ല  എന്നതും ഒരു നിബന്ധനയാണ്. വനമദ്ധ്യത്തിൽ പട്ടയം കൊടുക്കാൻ പാടില്ല. പട്ടയം കൊടുക്കുന്ന ഭൂമിയും വനഭൂമിയും വ്യക്തമായി വേർതിരിക്കണം. അതായത് വനം  ജണ്ട ഇട്ട് വേർതിരിച്ചിട്ടുണ്ട് എന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഇതും നേരിൽ കണ്ട് ബോധ്യപ്പെടേണ്ടതാണ്. പട്ടയത്തിനപേക്ഷിച്ച ആൾക്ക് മിച്ചഭൂമി ഉണ്ടെങ്കിൽ അത് പിടിച്ചെടുക്കേണ്ടതാണ്. അതോടൊപ്പം മണ്ണൊലിപ്പ് തടയാനുള്ള നടപടിയും സ്വീകരിക്കണം. പട്ടയം നൽകുന്നതിന് ഇത്രയും നിബന്ധനകൾ കേന്ദ്രസർക്കാരിന്റെതുമാത്രമാണ്. കേരളസർക്കാരിന്റെയും വനംവകുപ്പിന്റെയും നിയമങ്ങൾ വേറെയുണ്ട്. ഇതൊക്കെ വിശദമായി പരിശോധിച്ചു പട്ടയം നൽകാൻ എത്രസമയം എടുക്കും? അതിനായി എത്ര ജീവനക്കാരുടെ അദ്ധ്വാനം വേണ്ടിവരും? ഏതാനും മാസങ്ങൾകൊണ്ട് ഇതൊന്നും കൃത്യമായി ചെയ്യാൻ ആർക്കും കഴിയില്ല. അത് സർക്കാരിനും അറിയാം. അറിഞ്ഞുകൊണ്ടുതന്നെ ഈ ജനവഞ്ചനയ്ക്ക് എല്ലാവരും കൂട്ടുനിൽക്കുകയാണ്.

പരിശോധനകൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കാനായി സംയുക്ത പരിശോധനകൾ നടത്താറുണ്ട്. അതായത് വനംവകുപ്പും റവന്യുവകുപ്പും ചേർന്ന്. ഇത് കൃത്യമായി നടത്തിയാൽ സുതാര്യവും ശാസ്ത്രീയവുമാണെന്നു പറയാം. പക്ഷേ അതും ശരിയായ രീതിയിൽ നടത്താറില്ല. ഒരുദാഹരണം പറയാം. വർഷങ്ങൾക്കുമുമ്പ് അതായത് 1982 ൽ ഒരിക്കൽ ഇങ്ങനെ സംയുക്ത പരിശോധന ആരംഭിച്ചു. 5-12-1982 ൽ ആണ് ആരംഭിച്ചത്. ആറുമാസംകൊണ്ട് പരിശോധന തീർക്കുക എന്നതായിരുന്നു തുടങ്ങുമ്പോൾ ഉണ്ടായിരുന്ന തീരുമാനം. റവന്യുഭൂമി ഭൂമിയാണോ വനഭൂമിയാണോ എന്നതാണ് സംയുക്ത പരിശോധനയിൽ വ്യക്തമാക്കേണ്ട ഒരു കാര്യം. മറ്റൊന്ന് 1-1-1977 ന് മുമ്പുള്ളതാണോ എന്നും പരിശോധിക്കുക എന്നുള്ളതാണ്. 1977 നു മുമ്പുള്ള എല്ലാ കൈയേറ്റങ്ങൾക്കും കുടിയേറ്റങ്ങൾക്കും പട്ടയം നൽകാൻ തീരുമാനിച്ചതുകൊണ്ട് 1977 പൊതു മാനദണ്ഡം ആക്കിയിരിക്കുന്നത്.

1977 ന് മുമ്പുള്ളതാണോ ശേഷമുള്ളതാണോ എന്നൊക്കെ പരിശോധിക്കുന്നതുതന്നെ വളരെ ശ്രമകരമാണ്. കുടിയേറ്റഭൂമിയിലെ കൃഷിയുടെ പ്രായം, കെട്ടിടത്തിന്റെ പഴക്കം, പഞ്ചായത്തിൽനിന്നുള്ള വീട്ടുനമ്പർ ഉണ്ടെങ്കിൽ അതിന്റെ തീയതി, മറ്റു സാഹചര്യത്തെളിവുകൾ എന്നിവയൊക്കെ പരിശോധിക്കണം. ആറുമാസക്കാലത്തിനകം തീർക്കണം എന്നു നിശ്ചയിച്ചുതുടങ്ങിയ പരിശോധന ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും പൂർത്തിയാക്കാനും കഴിഞ്ഞില്ല. ഈ പരിശോധനകൾ പൂർത്തിയാകും മുമ്പേ നൽകിയ പട്ടയത്തിന്റെ അവസ്ഥ ഊഹിക്കാമല്ലോ?
ഒടുവിൽ വളരെ വൈകിയാണെങ്കിലും സംയുക്തപരിശോധനയിൽ അഞ്ചു ജില്ലകളിലായി 28589 ഹെക്ടർ വനഭൂമി കണ്ടെത്തുകയും പട്ടയം നൽകുന്നതിനായി കേന്ദ്രത്തിൽനിന്നും അനുവാദം വാങ്ങുകയും ചെയ്തു. പക്ഷേ ഈ സംയുക്ത പരിശോധനയിൽ അതിഭീമമായ തെറ്റുകടന്നുകൂടിയിരുന്നു. ഇടുക്കി കളക്‌ട്രേറ്റിലെ ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ നടപടിയും അശ്രദ്ധയുമാണ് അതിനു കാരണമെന്നും പറയാം. പട്ടയം നൽകാൻ അനുവദിച്ച 28589 ഹെക്ടർ വനഭൂമിയിൽ 20363 ഹെക്ടർ സി.എച്ച് ആർ (കാർഡമം ഹിൽ റിസർവ്) ഉൾപ്പെട്ടു എന്നതാണത്. മലയാളത്തിൽ ഏലമലക്കാടുകൾ എന്നു പറയും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img