
മലപ്പുറത്തുണ്ടായ ശ്രദ്ധേയമായ രണ്ട് സംഭവങ്ങളുടെ പശ്ചാതലത്തിലാണ് ഇ കുറിപ്പ്.
വാർഷിക പരീക്ഷ എഴുതാനായി വീട്ടിൽ നിന്നിറങ്ങിയ 17-കാരികളായ രണ്ട് പെൺകുട്ടികളെ കാണാതായി. സി.സി.ടി.വി, സെൽ ഫോൺ ലൊക്കേഷൻ, വയർലെസ് സന്ദേശങ്ങൾ എന്നിങ്ങനെ പോലീസ് സടകുടഞ്ഞെഴുന്നേറ്റു. കുടുംബത്തേയും, നാട്ടുകാരേയും, പോലീസിനേയും ആശങ്കയിലാക്കിയ പെൺകുട്ടികളെ അധികം വൈകാതെ തന്നെ പോലീസ് മുംബൈയിൽ കണ്ടെത്തി. ലോകം എന്താണെന്ന് 'റീൽസിലൂടെ' പഠിച്ച പാവം പെൺകുട്ടികൾ.! ഇവരുടെ ജീവിതമാകട്ടെ, അതും 'ഇൻസ്റ്റയും, റീൽസും' ഒക്കെ ആയിരുന്നു. ഇൻസ്റ്റ വഴി പരിചയപ്പെട്ട റഹീം എന്ന യുവാവിനൊപ്പമാണ് പെൺകുട്ടികൾ 'ഇന്ത്യയെ കണ്ടെത്താനുള്ള സാഹസിക യാത്ര' നടത്തിയത്. റഹീമിനേയും പോലീസ് അകത്തായി.
ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ 14-കാരിയിൽ നിന്ന്, 19-കാരൻ ആൺസുഹൃത്ത് അടിച്ചെടുത്തത് ''24 പവൻ സ്വർണ്ണാഭരണങ്ങൾ''!. 19-കാരനും, ടിയാന്റെ സഹോദരനും ഉൾപ്പെടുന്ന 'നാലംഗ ചങ്കുകളേ'യും കോട്ടക്കൽ പൊലീസ് അകത്താക്കി. 14-കാരിയുടെ ആൺസുഹൃത്തായ നബീറിന്റെ ആവശ്യ പ്രകാരം, വീട്ടിൽ നിന്ന് ആരുമറിയാതെ കൊണ്ട് വന്ന ആഭരണങ്ങൾ പെൺകുട്ടി വാട്സ് ആപ്പ് ചങ്ക്, നബീറിന് നൽകുകയായിരുന്നു. പെൺകുട്ടിയുടെ നാത്തൂന്റേതായിരുന്നു ആഭരണങ്ങൾ. അത് വിറ്റ് കിട്ടിയ പണം കൊണ്ട് നബീറും, സഹോദരൻ അമീനും, അവരുടെ 'ചങ്കുകളായ' വസീം, ജാസിൽ എന്നിവരും, പുതിയ ബൈക്കും വാങ്ങിച്ച് അടിച്ച് പൊളിച്ചങ്ങ് വാഴുന്നതിനിടെയാണ്, പോലീസ് എല്ലാവരേയും പൊക്കുന്നത്. (എല്ലാ ചങ്കുകളേയും ഫോട്ടോയിൽ കാണാം.)
ഇനി കാര്യത്തിലേക്ക്..
രണ്ട് പതിറ്റാണ്ടിനിങ്ങോട്ട് നമ്മുടെ സാമൂഹിക ജീവിതത്തിലുണ്ടായ മാറ്റം കുടുംബ ജീവിതത്തിന്റെ നിർവചനങ്ങൾ തന്നെ മാറ്റിത്തിരുത്തുകയാണ്. സമൂഹത്തേക്കാൾ വ്യക്തിക്കാണ് പ്രാധാന്യം എന്ന നിലയിലാണ് ഇന്നിന്റെ കാര്യങ്ങളുടെ പോക്ക്. കേരളത്തിലിപ്പോൾ മൂത്ത ഇനത്തിൽ പെട്ട ഒരു തരം ഭ്രാന്തുണ്ട്. 'ഇൻസ്റ്റാ ബ്രോ' കളുടെ കൂടെയുള്ള പെൺകുട്ടികളുടെ ഒളിച്ചോട്ടം. അതാണ് ട്രെന്റും, ത്രില്ലും. സോഷ്യൽ മീഡിയായിൽ ഇര കോർത്ത ചൂണ്ടയുമായി ക്ഷമയോടെ കാത്തിരിക്കുന്ന 'അഭിനവ ആങ്ങളമാർ' ഒരു പാടുണ്ട്. ഫേസ്ബുക്കിലും, വാട്സ്ആപ്പിലും 'ഫീലിങ്സാഡും, ഫീലിങ് ആൻഗ്രിയും' പോലുള്ള സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യുന്ന പെൺ വിഭാഗത്തെ ആശ്വസിപ്പിക്കാൻ, അപരിചിതരായ ആങ്ങളമാർ പാഞ്ഞടുത്ത് വരും. 'വാട്ട് റോംഗ് വിത്ത് യു' എന്ന ചോദ്യവുമായി എത്തുന്ന അവരുടെ ആശ്വാസ വാക്കുകളിൽ മയങ്ങിപ്പോകുന്ന മഹിളകൾ ഏറിയ പങ്കും ചെന്നെത്തുന്നത് ചതിക്കുഴിയിലേക്കാണ്. അതാണ് ഇവിടേയും സംഭവിച്ചത്.
തുല്യനീതിയ്ക്കും, സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി മുറവിളി കൂട്ടുന്ന ഫെമിനിസ്റ്റ് വാദികൾ, അവരുടെ സ്വാതന്ത്ര്യത്തിന് പുതിയ നിർവ്വചനങ്ങളുണ്ടാക്കുന്നു. ആ നിർവ്വചനങ്ങളെല്ലാം ഒരു അവകാശമായി പുതുതലമുറ ആവാഹിക്കുകയും ചെയ്യുന്നു. പെൺകുട്ടികൾക്കുള്ള യഥാർത്ഥ സുരക്ഷിതത്വം രക്ഷിതാക്കളുടെ കീഴിലാണെന്ന, യാഥാർത്ഥ്യത്തെ ആസൂത്രിതമായി ഇന്ന് അട്ടിമറിക്കപ്പെടുകയാണ്. ഇൻസ്റ്റയും, റീൽസും, ഒളിച്ചോട്ടവുമെല്ലാം പുതിയ തലമുറയുടെ പൗരാവകാശമാണ്. ആൺ സുഹൃത്തിന്റെ കൂടെ വീട് വിട്ട് പോകുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്. അവരെ അവരുടെ വഴിക്ക് വിടുന്നതിന് പകരം, ഉപദേശിക്കാനും ശാസിക്കാനും തുനിയുന്ന 'വൈബ് തന്തമാരെ' കൊണ്ട് പാവം നമ്മുടെ കുട്ടികൾ വശം കെടുകയാണ്. ഏറിയ പങ്ക് രക്ഷിതാക്കൾക്കും ഒരറിവുമില്ല. ഈ വൈബ് തന്തമാരുടെ പിടിപ്പ് കേടുകളും, ധാർമ്മിക-സദാചാര ചിന്തകളും പുതിയ തലമുറയെ അസ്വസ്തരാക്കുകയാണ്-പ്രകോപിതരാക്കുകയാണ്.
താനൂരിലെ പെൺകുട്ടികളുടെ ലക്ഷ്യം 'ബ്രൂട്ടീഷൻ' ആയിരുന്നുവത്രെ. ജീൻസ് ധരിയ്ക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ലെന്നും, വീട്ടിൽ ഒരു സ്വാതന്ത്ര്യവും ഇല്ലെന്നുമാണ് പാവം പെൺകുട്ടി പറഞ്ഞത്. മുംബൈയിൽ എത്തിയ ഉടനെ തന്നെ പെൺകുട്ടി 10,000 രൂപാ മുടക്കി തലമുടി സ്ട്രൈറ്റ് ചെയ്തു. ജീൻസും ധരിച്ചു. ഹാവൂ... ആ കുട്ടിയ്ക്ക് എത്രമാത്രം ആശ്വാസം കിട്ടിക്കാണും. 'മുടി വെട്ടാനും, ജീൻസ് ധരിയ്ക്കാനും വേണ്ടി മുംബൈ വരെ പോയ,' ഇത്രയും ഡെഡിക്കേറ്റഡ് ആയ തലമുറയെ നാം വെറുതെ കുറ്റപ്പെടുത്തുന്നതും ശരിയല്ല. പുതിയ പയ്യൻമാർക്ക് മുടി വെട്ടാൻ മടിയാണ്. പെൺകുട്ടികൾക്കാണെങ്കിൽ മുടി വളർത്താനും മടിയാണ്. കാതിലെ കമ്മലിന്റെ കാര്യത്തിലും ഇതേ അവസ്ഥ. പോവഴി ഒന്നേയുള്ളൂ. കുട്ടികൾക്ക് ഫ്രീഡം അനുവദിക്കാത്ത വൈബ് തന്തമാർക്കെതിരെ സർക്കാർ പുതിയ നിയമം കൊണ്ട് വരണം. സൈബർ ലോകത്തേയും, അനുബന്ധ ശാസ്ത്രീയ മുന്നേറ്റങ്ങളും പരിചയിച്ച പുതിയ തലമുറയെ രക്ഷിതാക്കളോ, ബന്ധുക്കളോ ഉപദേശിക്കാൻ തുനിഞ്ഞാൽ പോലീസ് കേസ്സെടുക്കണം. പുതിയ തലമുറയുടെ മാറ്റത്തിനൊപ്പം, പഴഞ്ചൻമാരായ തന്തമാർ മാറിയേ തീരൂ. അങ്ങനെ സകലരും പുരോഗതി കൈവരിക്കണം. ദൈവത്തിന്റെ സ്വന്തം നാടിനെ കുറച്ച് കൂടെ മനോഹരമാക്കി മാറ്റണം.
ശാസ്ത്രീയമായ ഏത് കണ്ടെത്തലുകളും, മനുഷ്യന്റെ സ്വഭാവത്തേയും, ജീവിത രീതിയേയുമെല്ലാം അടിമുടി സ്വാധീനിക്കപ്പെടുന്നു. മനുഷ്യന് ഉപയുക്തമാകാൻ വേണ്ടി സംവിധാനിച്ച സൗകര്യങ്ങളെല്ലാം തന്നെ, ധാർമ്മിക മൂല്യങ്ങളുടെ ശോഷണത്തിലൂടെ, നമുക്ക് തന്നെ വിനയായി മാറുകയും ചെയ്യുന്നു. കംപ്യൂട്ടറിലും, സെൽഫോണിലുമായി ചടഞ്ഞിരിക്കുന്ന മക്കളെക്കുറിച്ച്, ചില രക്ഷിതാക്കൾ വിലയിരുത്തുന്നത് 'ലോകത്തിന്റെ വളർച്ചയ്ക്കൊപ്പം നമ്മുടെ മക്കളും വളരുന്നുണ്ടല്ലോ' എന്നാണ്. അതിനായി അത്യാധുനിക സൗകര്യങ്ങളെല്ലാം നാം മക്കൾക്ക് നൽകുന്നു. ഫലമെന്നോണം മക്കൾ യാന്ത്രിക ജീവിതത്തിന് അടിമകളാവുന്നതും, പിന്നീടവർ നമ്മളുടേത് അല്ലാതായി മാറുന്നതും നമുക്ക് ഉൾക്കൊള്ളേണ്ടി വരികയും ചെയ്യുന്നു.
കുടുംബ മാന്യമായ രീതിയിൽ ജീവിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിനും അതേ പ്രാധാന്യമുണ്ട്. പക്ഷെ, കുടുംബ വ്യവസ്ഥ എന്താണെന്ന് അറിയാത്ത ഒരു തലമുറയോടൊപ്പമാണ് നാം ജീവിക്കുന്നത്. അവർ അറിവിലും, ബുദ്ധിയിലും മികച്ചവരാണെന്നാണ് നടിയ്ക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം, മോശമായ സാഹചര്യങ്ങൾ ഇല്ലാതാക്കാൻ നാം ശ്രദ്ധിക്കണം. മക്കൾ വളരുന്ന ചുറ്റുപാടുകളും, അന്തരീക്ഷങ്ങളും സംശുദ്ധമാക്കേണ്ടതുണ്ട്. മക്കളെ പൂർണ്ണമായും വിശ്വസിക്കുന്നതിനോടൊപ്പം, ദൈനംദിന കാര്യങ്ങളിലെല്ലാം നിയന്ത്രണം അനിവാര്യമാണ്. അതിനർത്ഥം, അവരവരുടെ സ്വാതന്ത്ര്യങ്ങൾ ഹനിയ്ക്കപ്പെടണം എന്നല്ല, മറിച്ച് നമ്മുടെ സംരക്ഷണത്തിൽ, അവർ പൂർണ്ണ സ്വന്തന്ത്രരും, സംതൃപ്തരുമാണെന്ന് ഉറപ്പ് വരുത്തുക എന്നതാണ് ഒരു പരിധി വരെ ഇതിനെല്ലാമുള്ള പരിഹാര മാർഗ്ഗം.











