NEWS
എംപ്ലോയീസ് പെൻഷൻ സ്‌കീം എന്ന പകൽക്കൊള്ള
10/05/2025 09:42 PM IST
എൻ. ബാലചന്ദ്രൻ നായർ (റീജിയണൽ പ്രോവിഡന്റ് ഫണ്ട് കേരളാ കമ്മീഷണർ (റിട്ട.)

തൊഴിലാളി ക്ഷേമത്തിന്റെ പേരുപറഞ്ഞ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൊണ്ടുവരുന്ന പദ്ധതികൾ പലതും അതേ തൊഴിലാളിക്ക് പാരയായി മാറുന്ന അനുഭവങ്ങൾ നമ്മുടെ നാട്ടിൽ അത്യപൂർവ്വമല്ല. അങ്ങനെ പാരയാകുമ്പോഴും ആരും (തൊഴിലാളി വർഗ്ഗതാൽപ്പര്യ സംരക്ഷണ സംഘടന) അതിൽ കുണ്ഠിതപ്പെടുന്നില്ല എന്നുള്ളതാണ് ഏറ്റവും വിചിത്രമായ സംഗതി. ഉദാഹരണത്തിന് എംപ്ലോയീസ് പെൻഷൻ സ്‌കീമിന്റെ (ഇ.പി.എസ്) കാര്യം തന്നെ നോക്കാം. സ്വകാര്യ മേഖലയിലും മറ്റും ജോലി നോക്കുന്ന തൊഴിലാളികൾ ജോലിയിൽ നിന്ന് പിരിയുമ്പോൾ അവർക്ക് ആയുഷ്‌ക്കാലം മുഴുവൻ ഒരു നിശ്ചിതതുക പെൻഷനായി മാസം തോറും നൽകുക എന്ന നല്ല ലക്ഷ്യത്തോടെ കൊട്ടും കുരവയുമായി കൊണ്ടുവന്ന ഇ.പി.എസ് (എംപ്ലോയീസ് പെൻഷൻ സ്‌കീം) ചുരുങ്ങിയ കാലം കൊണ്ടുതന്നെ തൊഴിലാളികളെ മനോഹരമായ കബളിപ്പിക്കുന്ന ഒരേർപ്പാടാണെന്ന് തെളിഞ്ഞതാണല്ലോ. എന്നിട്ടും ആ കബളിപ്പിക്കലിനെതിരെ 'കമാ' എന്നുരിയാടാൻ ഒരു മതേതര- ജനാധിപത്യ- തൊഴിലാളിവർഗ്ഗ രാഷ്ട്രീയ പ്രസ്ഥാനവും മുന്നോട്ടുവരുന്നില്ല എന്നുള്ളതാണ് അതിശയിപ്പിക്കുന്ന സംഗതി.
ഇ.പി.എസ് എന്ന പകൽക്കൊള്ള
തൊഴിലാളിക്ഷേമത്തിന്റെ പേരിൽ, 1995 ൽ രാജ്യത്ത് നിലവിൽ വന്ന എംപ്ലോയീസ് പെൻഷൻ പദ്ധതി തൊഴിലാളികൾക്കുമേൽ നടത്തുന്നത് വൻ പകൽക്കൊള്ളയാണെന്ന് പറയാതെ വയ്യ. ഒരുദാഹരണം പറയാം. 23-ാമത്തെ വയസ്സിൽ 15000 രൂപ പ്രതിമാസ ശമ്പളത്തോടുകൂടിയ ഒരു ജോലിയിൽ പ്രവേശിക്കുന്ന വ്യക്തി പത്തുവർഷക്കാലം ഇ.പി.എസിൽ അംഗമായിരുന്നു എന്നുകരുതുക. ഈ പത്തുവർഷക്കാലവും 15000 രൂപ ശമ്പളത്തിന്റെ 8.33 ശതമാനം വിഹിതമായ 1250 രൂപ വച്ച് അയാൾ മാസം തോറും കൃത്യമായി തന്നെ ഇ.പി.എസിൽ അടച്ചുകൊണ്ടിരുന്നശേഷം 33- ാത്തെ വയസ്സിൽ പിരിഞ്ഞുപോയാൽ, പെൻഷൻ ലഭിക്കുവാൻ പക്ഷേ കാലാവധി പൂർത്തിയാക്കുന്ന 58 വയസ്സ് തികയുന്നതുവരെ കാത്തിരുന്നേ പറ്റൂ. അതായത് പിന്നെയും ഇരുപത്തിയഞ്ച് വർഷക്കാലം കാത്തിരിക്കണം എന്നുസാരം.
ഇവിടെയാണ് പെൻഷൻ എന്ന വാക്കിന്റെ മലയാള അർത്ഥം കൂടി മനസ്സിലാക്കേണ്ടത്. ഒരു റിട്ടയർമെന്റ് ബെനിഫിറ്റായി ഗവൺമെന്റോ, തൊഴിലുടമയോ അല്ലെങ്കിൽ സ്വകാര്യസ്ഥാപനമോ വിരമിച്ച വ്യക്തിക്കോ, അവരുടെ ജീവിച്ചിരിക്കുന്ന ആശ്രിതർക്കോ പതിവായി നൽകുന്ന ഒരു നിശ്ചിത തുകയാണ് പെൻഷൻ. വിശ്രമവേതനം, വാർദ്ധക്യകാല ശമ്പളം എന്നുമൊക്കെക്കൂടി ഈ വാക്കിന് അർത്ഥമുണ്ട്. അങ്ങനെ നോക്കുമ്പോൾ 33-ാമത്തെ വയസ്സ് വാർദ്ധക്യകാലമല്ല എന്ന് സമ്മതിക്കാം. അതുകൊണ്ടുതന്നെ 33-ാമത്തെ വയസ്സിൽ പിരിയുന്നയാൾക്ക് വാർദ്ധക്യകാല ശമ്പളം നൽകേണ്ട കാര്യവുമില്ല. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടോ മറ്റെന്തെങ്കിലും കാരണത്താലോ വിശ്രമജീവിതം നയിക്കാനായിട്ടാണ് 33-ാമത്തെ വയസ്സിൽ അടുത്തൂൺ വാങ്ങിയതെങ്കിൽ അടുത്തമാസം മുതൽക്കുതന്നെ അത് നൽകേണ്ട ബാധ്യത ഇ.പി.എസ് കമ്പനിക്കുണ്ട്. അത് മനസ്സിലാക്കുവാൻ അത്ര വലിയ നിയമപരിജ്ഞാനമൊന്നും ആവശ്യമില്ല. എന്നാൽ അത് ലഭിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.
ഇനി, 58 വയസ്സ് തികയുമ്പോൾ മുതൽ അയാൾക്ക് ലഭിക്കുന്ന പെൻഷൻ തുക എത്രയാണെന്ന് നോക്കാം. ആവറേജ് ശമ്പളം ത സർവ്വീസ് കാലാവധി ÷ 70 എന്ന ഫോർമുല പ്രകാരമാണ് പെൻഷൻ കണക്കാക്കുന്നത്. അങ്ങനെ കണക്കാക്കുമ്പോൾ വെറും 2143 രൂപ മാത്രമായിരിക്കും ഈ പത്തുവർഷക്കാരന് ലഭിക്കുന്ന പെൻഷൻ. അതേസമയം പ്രതിമാസ കോൺട്രിബ്യൂഷനായി 1250 രൂപ സർക്കാരിന്റെ തന്നെ സുരക്ഷിത സമ്പാദ്യ പദ്ധതിയായ പോസ്റ്റ് ഓഫീസുകളിൽ നിലവിലുള്ള 6.7 ശതമാനം പലിശ ലഭിക്കുന്ന അഞ്ചുവർഷം കാലാവധിയുള്ള റെക്കറിംഗ് ഡെപ്പോസിറ്റായും പിന്നീടുള്ള കാലം 7.7 ശതമാനം പലിശ ലഭിക്കുന്ന നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റായും നിക്ഷേപിക്കുവാൻ 58 വയസ് തികയുമ്പോൾ കോൺട്രിബ്യൂഷനും അതുവരെയുള്ള കൂട്ടുപലിശയും ചേർത്ത് മൊത്തം തുക 14 ലക്ഷത്തോളം ഉണ്ടായിരിക്കുമെന്ന് കാണാൻ കഴിയും. ആ തുക പോസ്റ്റ് ഓഫീസിൽതന്നെ മൻത്‌ലി ഇൻകം സ്‌കീമിൽ നിക്ഷേപിച്ചാൽ 7.4 ശതമാനം നിരക്കിൽ പ്രതിമാസം 8633 രൂപ പലിശയിനത്തിൽ ലഭിക്കും. ഡെപ്പോസിറ്റ് തുകയായ 14 ലക്ഷം നയാപൈസ കുറയാതെ കുടംബത്തിന് തിരികെ ലഭിക്കുകയും ചെയ്യും. 60 വയസ്സ് തികഞ്ഞാൽ തുക സീനിയർ സിറ്റിസൺസ് സേവിംഗ് സ്‌കീമിൽ ഡെപ്പോസിറ്റ് ചെയ്യുന്ന പക്ഷം പലിശയിനത്തിൽ ലഭിക്കുന്ന പ്രതിമാസ വരുമാനം 8.2 ശതമാനം നിരക്കിൽ 9567 രൂപയായി ഉയരും.
ഇങ്ങനെ 10 വർഷക്കാലം, അതായത് 120 മാസം, 1250 രൂപ വീതം വിഹിതം അടപ്പിച്ച് മൊത്തം ഒന്നരലക്ഷം തുക കളക്ട് ചെയ്യുകയും, ആ തുക സർവ്വീസ് കാലത്തുമാത്രമല്ല, പിന്നീടുള്ള നീണ്ട 25 വർഷക്കാലം കയ്യിൽ വച്ച് സർക്കാരിന്റെ തന്നെ അംഗീകൃത നിക്ഷേപങ്ങളിലൂടെ പെരുപ്പിക്കയും ചെയ്തശേഷം, വാർദ്ധക്യകാലത്ത് പ്രതിമാസം തുച്ഛമായ 2143 രൂപ പെൻഷൻ എന്ന പേരിൽ വിതരണം ചെയ്യുന്നത് അദ്ധ്വാനിക്കുന്ന തൊഴിലാളികൾക്ക് മേൽ സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കടുത്ത ചൂഷണമായി മാത്രമേ കാണുവാൻ കഴിയുകയുള്ളൂ. പെൻഷനായി നൽകുന്ന തുക, പലിശയുൾപ്പെടെ ദീർഘകാലം കൂട്ടിവച്ച മുതലിന്റെ പലിശയിനത്തിൽ കണക്കാക്കിയാൽ അത് പ്രതിവർഷം വെറും 2 ശതമാനത്തിലും താഴെയാണ്. മുതൽ ഒരിക്കലും മടക്കി നൽകില്ല എന്നത് അമ്പരപ്പിക്കുന്ന മറ്റൊരു സത്യം.
ഇനി 23 വയസ്സിൽ ജോലിക്ക് പ്രവേശിച്ച് തുടർച്ചയായി 35 വർഷം സേവനം അനുഷ്ഠിച്ചശേഷം 58-ാമത്തെ വയസ്സിൽ പിരിഞ്ഞുപോകുന്ന മറ്റൊരു തൊഴിലാളിയുടെ അവസ്ഥ നോക്കാം.
പ്രതിമാസ ശമ്പളമായ 15000 രൂപയ്ക്ക് 1250 രൂപ വീതം 35 വർഷക്കാലം മുടങ്ങാതെ വരിസംഖ്യയായി അടയ്ക്കുന്ന തുക, ഓരോ ആദ്യ 5 വർഷക്കാലം റെക്കറിംഗ് ഡെപ്പോസിറ്റായും പിന്നീട് 5 വർഷം വീതം കാലാവധിയുള്ള നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റായും നിക്ഷേപിച്ചാൽ 58 വയസ്സ് തികയുമ്പോൾ ആ വ്യക്തിയുടെ അക്കൗണ്ടിൽ പലിശയുൾപ്പെടെ 24,66,000 രൂപയുണ്ടായിരിക്കും. ഈ തുക പോസ്റ്റ് ഓഫീസിലെത്തുന്ന മൻത്‌ലി ഇൻകം സ്‌കീമിൽ നിക്ഷേപിച്ചാൽ 7.4 ശതമാനം നിരക്കിൽ പ്രതിമാസം 15207 രൂപ പലിശയിനത്തിൽ ലഭിക്കും. അത് സേവനത്തിൽ നിന്ന് പിരിഞ്ഞപ്പോൾ കോൺട്രിബ്യൂഷന് വിധേയമാക്കിയിരുന്ന ശമ്പളത്തേക്കാൾ കൂടുതലാണെന്നറിയുക. വിരമിച്ച തൊഴിലാളികളുടെ മരണാനന്തരം ഡെപ്പോസിറ്റ് ചെയ്തിരിക്കുന്ന മുഴുവൻ തുകയും കുടുംബത്തിന് തിരികെ ലഭിക്കുകയും ചെയ്യും. 60 വയസ്സ് തികഞ്ഞശേഷം നിക്ഷേപം സീനിയർ സിറ്റിസൺസ് സേവിംഗ് സ്‌കീമിലേക്ക് മാറുന്ന പക്ഷം, പലിശയിനത്തിലുള്ള പ്രതിമാസ വരുമാനം 8.2 ശതമാനം നിരക്കിൽ 16,851 രൂപയായി ഉയരും. ആ തൊഴിലാളിക്ക് ഇ.പി.എസ് ഫോർമുലപ്രകാരം(15000 ത 37 ÷ 70) ലഭിക്കുന്ന പെൻഷൻ തുക പ്രതിമാസം വെറും 7,929 രൂപ മാത്രമായിരിക്കും. ആ തുകകൾക്കുമേലുള്ള പലിശയായി കണക്കാക്കിയാൽ, പലിശനിരക്ക് പ്രതിവർഷം 3 ശതമാനം മാത്രമാണെന്നുകൂടി കാണുവാൻ കഴിയും.
ഇവിടെ സേവനകാലത്ത് കൂട്ടിവച്ച മുടക്കുമുതൽ ഒരിക്കലും തിരികെ നൽകുന്നില്ല എന്നതും പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഋജഎഛ പി.എഫ് വരിക്കാർക്ക് അവരുടെ നിക്ഷേപത്തിന് നൽകിവരുന്ന വാർഷികപലിശ നിരക്ക് 8 ശതമാനത്തിനും മുകളിലായതിനാൽ, പെൻഷൻ ഫണ്ടിലേക്ക് വകമാറ്റുന്ന പ്രതിമാസ വരിസംഖ്യയായ 1250 രൂപ പ്രോവിഡന്റ് ഫണ്ട് പദ്ധതിയിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 58 വയസ്സിൽ പിരിഞ്ഞുപോകുമ്പോൾ അത് പലിശയുൾപ്പെടെ റെക്കറിംഗ് ഡെപ്പോസിറ്റായും നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റായും നിക്ഷേപിച്ചാൽ ലഭിക്കുന്ന തുകയേക്കാൾ വളരെ കൂടുതലായിരിക്കും എന്നതും ശ്രദ്ധേയമാണ്.
എന്തുകൊണ്ടിങ്ങനെ?
'95 ലെ പെൻഷൻ പദ്ധതി തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത്രമേൽ അനാകർഷകമായി മാറുവാൻ എന്താണ് കാരണം? മുഖ്യമായും താഴെപ്പറയുന്ന രണ്ട് കാരണങ്ങൾ കൊണ്ടാണെന്ന് വേണം പറയുവാൻ.
1. പദ്ധതിയുടെ തുടക്കത്തിൽ ഫോർമുല പ്രകാരം നൽകിവരുന്ന പെൻഷൻ തുകയ്ക്ക് പുറമെ പെൻഷൻ ഫണ്ട് ആക്ച്യൂറിയൽ വാല്യുവേഷന് വിധേയമാക്കി, അതിലെ വർദ്ധനവ് പരിഗണിച്ച് പെൻഷൻകാർക്ക് ഓരോ വർഷവും നിശ്ചിതശതമാനം ഡിയർനസ് റിലീഫ് കൂടി നൽകിയിരുന്നു. എന്നാൽ ആദ്യനാലുവർഷക്കാലം കഴിഞ്ഞതോടെ അത് പൂർണ്ണമായും നിർത്തലാക്കി. കഴിഞ്ഞ 25 വർഷക്കാലമായി പെൻഷൻ തുകയുടെമേൽ അത്തരം വർദ്ധനവുകൾ ഒന്നും തന്നെ വരുത്തിയിട്ടില്ല.
2. പണപ്പെരുപ്പത്തെ തുടർന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിനനുസരിച്ച് തൊഴിലാളികളുടെ വേതനത്തിൽ വർഷാവർഷം ശരാശരി 7-8 ശതമാനം വർദ്ധനവുണ്ടാകാറുണ്ട്. അപ്രകാരം നോക്കുമ്പോൾ പെൻഷൻ കണക്കാക്കാൻ എടുക്കുന്ന അവസാനത്തെ പന്ത്രണ്ട് മാസത്തെ ശരാശരി വേതനം(പെൻഷൻ തുക കുറയ്ക്കണമെന്ന ഒരേയൊരു ലക്ഷ്യം മുന്നിൽക്കണ്ട് ഇത് 2014 സെപ്തംബർ മുതൽ 60 മാസത്തെ ശരാശരിയാക്കി മാറ്റിയിട്ടുണ്ട്). സർവ്വീസിന്റെ തുടക്കക്കാലത്ത് ലഭിച്ചിരുന്നതിനേക്കാൾ പതിന്മടങ്ങ് വർദ്ധിച്ചതായിരിക്കും. എന്നാൽ കഴിഞ്ഞ പത്തുവർഷത്തിലേറെയായി പെൻഷന് കണക്കാക്കുന്ന ശമ്പളപരിധി 15000 രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്. മാത്രവുമല്ല അതിൽ ഭാവിയിൽ വർദ്ധനവ് വരുത്തിയാൽപ്പോലും ഇ.പി.എഫ്.ഒ പെൻഷൻ കണക്കാക്കാൻ എടുക്കുന്ന ശമ്പളത്തിന്റെ കാര്യത്തിൽ 'പ്രോറേറ്റാ' സമ്പ്രദായം നടപ്പിലാക്കിയതോടുകൂടി തൊഴിലാളികൾക്ക് അപ്രകാരം ലഭിച്ചേക്കാവുന്ന പ്രയോജനം തീർത്തും ഇല്ലാതായി.
എങ്ങനെ ക്ഷേമകരമാക്കാം ?
ഇനി ഈ പദ്ധതി എങ്ങനെ തൊഴിലാളി ക്ഷേമകരമാക്കാം എന്നുനോക്കാം. പദ്ധതിയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ. അതിനുവേണ്ടത് കേന്ദ്രസർക്കാർ പെൻഷൻ പദ്ധതിയിലെ പാരാ 32 ൽ പറഞ്ഞിരിക്കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ഒരു സ്വതന്ത്ര ആക്ച്യൂറിയൽ ഏജൻസിയെക്കൊണ്ട് വസ്തുതകളുടെ അടിസ്ഥാനത്തിൽ യാഥാർത്ഥ്യബോധത്തോടെ പെൻഷൻ ഫണ്ട് വിശദമായ വാല്യുവേഷന് വിധേയമാക്കി, കുറഞ്ഞത് കോൺട്രിബ്യൂഷനായി ലഭിച്ച തുകയും അതിന്മേലുള്ള പലിശയും കൂടിച്ചേർന്ന മൊത്തം തുകയ്ക്ക് ഇ.പി.എഫ്.ഒ നൽകിവരുന്നു. പലിശ നിരക്കിൽ കുറയാത്ത സംഖ്യ പെൻഷനായി നൽകുവാൻ തയ്യാറാകണം. കൂട്ടിവച്ച തുക ഒരിക്കലും തിരികെ നൽകാത്ത സാഹചര്യത്തിൽ അതിന്റെ ഒരു വിഹിതം കൂടി പെൻഷൻ തുക കൂടുതൽ ആകർഷകമാക്കി, വിരമിച്ച പാവപ്പെട്ട തൊഴിലാളികളുടെ ജീവിതം അവരുടെ വാർദ്ധക്യകാലത്ത് അൽപ്പമെങ്കിലും ആയാസരഹിതമാക്കാൻ മുന്നോട്ടുവരണം. പെൻഷൻ ഫണ്ട് നാളിതുവരെ ശരിയായ രീതിയിൽ മാനേജ് ചെയ്തിരുന്നു എങ്കിൽ യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കാതെതന്നെ, മുകളിൽ പറഞ്ഞിരിക്കുന്ന കാര്യം നടപ്പിലാക്കുവാൻ സർക്കാരിന് കഴിയുമെന്ന് നിസ്സംശയം പറയാം.
(ലേഖകൻ ഇ.പി.എഫ് സ്റ്റാഫ് പെൻഷനേഴ്‌സ് അസോസിയേഷൻ കേരളാഘടകത്തിന്റെ പ്രസിഡന്റുമാണ്.)
തയ്യാറാക്കിയത് : പി. ജയചന്ദ്രൻ
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











