04:44am 04 October 2026
NEWS
വയോജന കമ്മീഷനും വയോജനക്ഷേമ വകുപ്പും നോക്കുകുത്തികളാകരുത്
30/09/2026  01:40 PM IST
ചവറ സുരേന്ദ്രൻപിള്ള
വയോജന കമ്മീഷനും വയോജനക്ഷേമ വകുപ്പും നോക്കുകുത്തികളാകരുത്

ഒക്ടോബർ 1. വീണ്ടുമൊരു ലോക വയോജനദിനം കൂടി ആചരിക്കപ്പെട്ടു. വാർദ്ധക്യം ഒരു ശാപമല്ല. അതൊരു ജീവിതാവസ്ഥയാണ്. വൃദ്ധർ ഇന്നനുഭവിക്കുന്ന നിരാലംബ വാർത്തകളും നേർക്കാഴ്ചകളും നമ്മെ ഏറെ വേദനിപ്പിക്കുന്നവയാണ്. വാർദ്ധക്യം എന്ന അവസ്ഥയോട് അനുകൂലമായ മനോഭാവം വളർത്തിയെടുക്കാനും മുതിർന്ന പൗരന്മാരെ അനുഭാവപൂർവം പരിഗണിക്കാനുമാണ് ലോക വയോജദിനം നാം ആചരിക്കുന്നത്. 

1982 ൽ വാർദ്ധക്യത്തെക്കുറിച്ച് വിയന്ന അന്തർദേശീയ കർമപദ്ധതി ഐക്യരാഷ്ട്രസഭ വിലയിരുത്തുകയും അംഗീകാരം നൽകുകയും ചെയ്തു. 1990 ഡിസംബർ 14 ന് ഐക്യരാഷ്ട്രസഭ വീണ്ടും സമ്മേളിക്കുകയും എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വയോജനദിനമായി ആചരിക്കാൻ തീരുമാനിക്കുകയും ചെയ്തു.  

ഒറ്റപ്പെടലിന്റെ ദുഃഖവും പേറിയാണ് ഓരോ വൃദ്ധനും വൃദ്ധയും ജീവിതം കഴിച്ചു കൂട്ടുന്നത്. കാഴ്ച നഷ്ടപ്പെട്ടവരും ചെവി കേൾക്കാത്തവരും അൾഷിമേഴ്‌സ് ബാധിച്ചവരും അസ്ഥിക്ഷയമുള്ളവരും തുടങ്ങി നിരവധി മാറാ രോഗങ്ങൾക്കടിമപ്പെട്ടവരുടെയും എണ്ണം നാൾക്കു നാൾ വർധിച്ചു വരികയാണ്. ഇന്ത്യയിൽ വയോജനങ്ങളുടെ എണ്ണം ത്വരിതഗതിയിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്. 1961 ൽ വയോജനങ്ങളുടെ എണ്ണം 25.6 ദശലക്ഷം ആയിരുന്നു. 1991 ൽ അത് ഇരട്ടിയിലധികമായി വർധിച്ച് 56.7 ദശലക്ഷമായി. 2016 ൽ അത് വീണ്ടും ഇരട്ടിച്ച് 113.26 ദശലക്ഷമായി. 70 വയസ് കഴിഞ്ഞ അതിവൃദ്ധരുടെ വർധന നിരക്ക് 60 കഴിഞ്ഞ നവവൃദ്ധരുടെ നിരക്കിനെ അപേക്ഷിച്ച് കൂടുതലാണ്. ജനന സമയത്ത് പുരുഷന്മാരുടെ പ്രതീക്ഷിതായുസ്സ് രാജ്യത്ത് 1961 ൽ 47 വയസായിയിരുന്നത് 1991 ൽ 59 ആയി. സ്ത്രീകളുടേത് 45.6 വർഷമായിരുന്നത് 59.7 ആയി ഉയർന്നു.

 60-ാം വയസിൽ പ്രതീക്ഷിക്കുന്ന ശിഷ്ടായുസ് ഈ കാലയളവിൽ പുരുഷന്മാരുടേത് 13.0 വർഷത്തിൽ നിന്ന് 14.9 ആയും സ്ത്രീകളുടേത് 13.4 ൽ നിന്ന് 16.2 ആയും വർധിച്ചു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വയോജനങ്ങളുടെ എണ്ണം റോക്കറ്റ് കണക്കേ കുതിച്ചുയരുകയാണ്. 2036 ആകുമ്പോൾ കേരളത്തിലെ ഏകദേശം 22.8 ശതമാനം ആളുകൾ അറുപതു വയസിനു മുകളിലായിരിക്കും.                              
വാർധക്യത്തിൽ തുണയില്ലാത്തവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് വൃദ്ധസദനങ്ങളുടെ (സ്‌നേഹാലയങ്ങൾ) എണ്ണവും വർധിക്കുകയാണ്. പലയിടങ്ങളിലും വൃദ്ധസദനങ്ങൾ പണസമ്പാദനത്തിനു മാത്രമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തിപ്പോൾ അംഗീകാരമുള്ള 745 വൃദ്ധസദനങ്ങളുണ്ട്. സാർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നത് 17 എണ്ണമാണ്. സ്വകാര്യ വൃദ്ധസദനങ്ങളിൽ 32 എണ്ണം ഫീസ് വാങ്ങി പ്രവർത്തിക്കുന്നവയാണ്. 

ആരോരുമില്ലാത്തവർ, മക്കൾ വിദേശത്തുള്ളവർ, ഒറ്റവർ ഉപേക്ഷിച്ചവർ ഇങ്ങനെ ഒറ്റപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് ആശ്രയവും അഭയവും കൂണുപോലെ സംസ്ഥാനത്തുടനീളം വളർന്നു വരുന്ന വൃദ്ധസദനങ്ങളാണ്. 2016 - 17 ൽ സംസ്ഥാനത്തെ വൃദ്ധ സദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 19149 ആയിരുന്നെങ്കിൽ 2021-22 ൽ അത് മുപ്പതിനായിരത്തിലധികമായി ഉയർന്നു. ഓർഫനേജ് കൺട്രോൾ ബോർഡിൽ റജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളുമാണ് സംസ്ഥാനത്ത് ഭൂരിഭാഗം വൃദ്ധസദനങ്ങളും നടത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വൃദ്ധർ അധിവസിക്കുന്ന പ്രദേശത്തെ 'ബ്ലൂ സോൺ' എന്നാണ് അറിയപ്പെടുന്നത്. ജപ്പാനിലെ ഒക്കിനാവാ ദ്വീപിലെ ഒഗിമി എന്ന സ്ഥലത്താണ് 100 വയസിനു മേൽ പ്രായമുള്ളവർ ഏറെയുള്ളത്. ഒക്കിനാവയെപ്പോലെ ഇറ്റലിയിലെ സർഡീനിയ, കാലിഫോർണിയായിലെ ലൊമാലിൻഡ , കോസ്റ്റാറിക്കയിലെ നിക്കോയ, ഗ്രീസിലെ ഇകാരിയ എന്നീ അഞ്ചു പ്രദേശങ്ങളാണ് ലോകത്തിലെ ബ്ലൂ സോണുകളായി അറിയപ്പെടുന്നത്. 

ഇന്ത്യയിൽ കേരളമാണ് ഒരു ബ്ലൂ സോൺ. ആയുർദൈർഘ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെക്കാൾ ശരാശരി 10 വർഷം കൂടുതൽ ജീവിക്കുന്നവരാണ് കേരളീയർ. ഇവിടത്തെ ജനസംഖ്യയിൽ അഞ്ചിലൊരാൾ മുതിർന്ന പൗരനാണ്. ഈ പ്രത്യേകതകൾ കണക്കിലെടുത്താണ് കേരളത്തിലെ എൽ ഡി എഫ് സർക്കാർ സംസ്ഥാന വയോജന കമ്മീഷനും യുഡിഎഫ് സർക്കാർ സംസ്ഥാന വയോജനക്ഷേമ വകുപ്പിനും രൂപം കൊടുത്തത്. വയോജനങ്ങളെ സാമ്പത്തികവും ആരോഗ്യപരവും സാമൂഹികവും വൈകാരികവുമായ തലങ്ങളിൽ ശാക്തീകരിക്കുവാനും അവർക്ക് ആത്മവിശ്വാസത്തോടെ ഫലപ്രദവും തൃപ്തികരവുമായ ജീവിതം നയിക്കാനും പര്യാപ്തമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതി നും വേണ്ടി സംസ്ഥാന സർക്കാർ 2006 ൽ അംഗീകരിച്ചതാണ് സംസ്ഥാന വയോജന നയം. 

ഇതിന്റെ ചുവടു പിടിച്ചാണ് 2025 സെപ്തംബർ 3 ന് രൂപീകരിച്ച കേരള സംസ്ഥാന വയോജന കമ്മീഷൻ. വയോജനങ്ങളുടെ ക്ഷേമവും അവകാശ സംരക്ഷണവും ഉറപ്പാക്കാൻ ഇന്ത്യയിൽ ആദ്യമായി കേരളം രൂപീകരിച്ച സമിതിയാണിത്. അവഗണന, ചൂഷണം, അനാഥത്വം, തുടങ്ങിയവ നേരിടുന്ന മുതിർന്ന പൗരന്മാർക്ക് നിയമസഹായവും പുനരധിവാസവും ലഭ്യമാക്കാനുദ്ദേശിച്ചാണ് ഈ കമ്മീഷന് രൂപം കൊടുത്തത്. അഞ്ചംഗങ്ങളുള്ള ഈ കമ്മീഷന്റെ കാലാവധി മൂന്നു വർഷമാണ്. സി പി എം നേതാവും മുൻ രാജ്യസഭാ എം.പിയുമായ അഡ്വ.കെ.സോമപ്രസാദാണ് കമ്മീഷൻ ചെയർമാൻ. ഒരു വർഷം പിന്നിട്ടിട്ടും കേരള വയോജന കമ്മിഷൻ ചട്ടങ്ങൾ അംഗീകരിച്ച് സർക്കാർ ഇനിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുള്ള കരടുചട്ടങ്ങൾ ഇപ്പോഴും സാമൂഹ്യ നീതി വകുപ്പിന്റെ പരിഗണനയിലാണ്. ഇതിന് അംഗീകാരം ലഭിക്കാത്തതു കാരണം അംഗങ്ങളുടെ ഓണറേറിയം, യാത്രാബത്ത, ഔദ്യോഗിക വാഹനം, സിറ്റിങ് ഫീ എന്നിവയൊന്നും ലഭിച്ചിട്ടില്ല.   
                                                                 
ഈ കമ്മീഷനു പുറമേ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി 2026 മേയ് 20 ന് യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന സർക്കാർ വകുപ്പാണ് സംസ്ഥാന വയോജന ക്ഷേമവകുപ്പ് (കേരളം). വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന നിർദ്ദേശം ഐക്യ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. അതനുസരിച്ച് സാമൂഹ്യ വകുപ്പിൽ നിന്ന് വയോജനക്ഷേമ പോർട്ട് ഫോളിയോ വേർതിരിച്ചാണ് വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചത്. 2026 മേയ് 19 ലെ സർക്കാർ ഉത്തരവ് നമ്പർ 63/2026/GAD പ്രകാരമാണ് വകുപ്പ് രൂപീകരിക്കപ്പെട്ടത്. സംസ്ഥാന വയോജന കമ്മീഷൻ ഈ വകുപ്പിന്റെ അനുബന്ധ സ്ഥാപനമാണ്. ഇതു കൂടാതെ കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശസ്വയം ഭരണവകുപ്പ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവ ഏജൻസികളാണ്. കേരളത്തിലെ വർധിച്ചു വരുന്ന വയോജന ജനസംഖ്യ കണക്കിലെടുത്താണ് ഈ സ്വതന്ത്ര വകുപ്പ് നിലവിൽ വന്നത്. വയോമിത്രം, വയോരക്ഷ, വയോ അമൃതം, വയോജന ദ്രുത പ്രതികരണ സംഘം എന്നിവ വകുപ്പിന്റെ ക്ഷേമപദ്ധതികളാണ്. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി കമ്മീഷനും വകുപ്പും രൂപീകരണത്തിൽ മാത്രം ഒതുങ്ങാതെ അവർക്കു വേണ്ട സേവനത്തിൽ കമ്മീഷനും വകുപ്പും എത്രകണ്ട് മുന്നേറും എന്നത് കാത്തിരുന്നു കാണേണ്ടത്.                                   
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img