03:12am 17 September 2026
NEWS
മാവോയിസ്റ്റ് വേട്ടക്ക് പിന്നിലെ സാമ്പത്തിക ശാസ്ത്രം
25/07/2025  10:12 PM IST
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
മാവോയിസ്റ്റ് വേട്ടക്ക് പിന്നിലെ സാമ്പത്തിക ശാസ്ത്രം

കേരളത്തിലെ മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റുകളെന്ന് പൊലീസ് എണ്ണിയവരിൽ രണ്ടു പേരുകൾ രൂപേഷ് എന്നും അഡ്വ. ഷൈന പി.എ എന്നുമാണ്. ദമ്പതികളായ ഇരുവരും നിയമ ബിരുദധാരികളുമാണ്. ഇതിൽ രൂപേഷ് ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണുള്ളത്. അഡ്വ. ഷൈന പി.എ കേരളഹൈക്കോടതിയിലെ അഭിഭാഷകയായി പ്രവർത്തിക്കുന്നു. നേരത്തെ ഹൈക്കോടതിയിൽ യു ഡി ക്ലർക്കായിരുന്ന ഷൈനയ്‌ക്കെതിരെ 'മാവോയിസ്റ്റുകൾക്ക് താമസിക്കാൻ സൗകര്യമൊരുക്കി, നന്ദിഗ്രാമിൽ നിന്നുള്ളവരോടൊപ്പം അറസ്റ്റ് ചെയ്തു എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു' ഇതേ തുടർന്നാണ് അവർ ജോലി രാജിവെച്ചത്. നന്ദിഗ്രാം വിഷയങ്ങൾ രാജ്യമൊട്ടും അറിയിക്കാൻ വന്നവരോടൊപ്പം തന്നെ പൊലീസ് അകാരണമായി പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചതിനാണ് അറസ്റ്റെന്ന് പറയുന്നതെന്ന് ഷൈന വ്യക്തമാക്കുന്നു. നന്ദിഗ്രാമിൽ നിന്നുള്ളവർ വാർത്താ സമ്മേളനം ഉൾപ്പെടെ നടത്തിയിരുന്നുവെന്നും കേരള പൊലീസ് നടത്തിയ അന്വേഷണത്തിൽ അവിടെ അവർക്കെതിരെ ഒരു പെറ്റി കേസ് പോലും ഇല്ലെന്നും തെളിഞ്ഞതാണെന്നും അഡ്വ. ഷൈന വിശദീകരിച്ചു. 

ഒരാൾ മാവോയിസ്റ്റായി അറിയപ്പെട്ടാൽ അയാൾക്കെതിരെ എത്ര കേസുകൾ ചുമത്താനാവുമെന്നതിന് കണക്കുവേണമെങ്കിൽ രൂപേഷിന്റെ കേസുകൾ എണ്ണിയാൽ മാത്രം മതി. ഇനിയും എണ്ണം കൂടുകയല്ലാതെ കുറയാൻ യാതൊരു സാധ്യതയുമില്ല. കാരണം 2026 മെയ് 31 ന് ഇന്ത്യയെ മാവോയിസ്റ്റ് മുക്ത രാജ്യമായി പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ട്. 

രൂപേഷിനെതിരെയുള്ള കേസുകൾ

രൂപേഷിനെതിരെ കേരളത്തിലങ്ങോളമിങ്ങോളം 26 കേസുകളുണ്ട്. കേരളത്തിൽ മാത്രമല്ല കർണാടകയിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ കേസുകളോട് കേസുകളാണ്. ഓരോ മാസവും പല ദിവസങ്ങളിലും കോടതിക ളിലേക്കുള്ള യാത്രകളായിരിക്കും രൂപേഷിന്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കേരളത്തിലെ വിവിധ കോടതികളിലേക്കും കേരളത്തിന് പുറത്തെ കോടതികളിലേക്കും പല തവണ യാത്ര ചെയ്താലും കേസുകളൊന്നും തീർപ്പാക്കുന്നതിന് അധികാരികളോ വേണ്ടപ്പെട്ടവരോ യാതൊരു താൽപ്പര്യവും കാണിക്കുന്നില്ല. മാത്രമല്ല ഏതെങ്കിലുമൊരു കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങാനാവുമെന്നു തോന്നുന്ന ഘട്ടത്തിൽ വേറെ ഏതെങ്കിലും കേസുകൾ പുതുതായി ചേർക്കുകയും ചെയ്യും. 
കൊല്ലത്ത് രണ്ട് കേസുകൾ, എൻ ഐ എയുടെ ഒരു കേസ്, തലശ്ശേരിയിൽ അഞ്ച് കേസുകൾ, അതിൽ നാലെണ്ണം എ ടി എസ് കോടതിയിലേക്കും ഒന്ന് ഹൈക്കോടതിയുടേയും പരിധിയിലായി. പെരുമ്പാവൂരിൽ ഒരു കേസ്, കൽപറ്റയിൽ ഏഴ് കേസുകൾ, മഞ്ചേരിയിൽ ഒന്ന്, കോഴിക്കോട് മൂന്ന്, പാലക്കാട് രണ്ട് എന്നിങ്ങനെയാണ് കേസുകളുടെ കണക്കുകൾ. കർണാടകയിൽ മടിക്കേരിയിൽ ഒന്നും പുതുതായി  ചാർജ് ചെയ്ത മറ്റൊരു കേസും കൂടിയായി. അതിന്റെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. 

തമിഴ്‌നാട്ടിൽ 16 കേസുകളാണുള്ളത്. കോയമ്പത്തൂരിൽ അഞ്ച് കേസുകളുള്ളതിൽ നാലെണ്ണത്തിന്റെ വിചാരണ തുടരുകയും പ്രധാനപ്പെട്ട ഒരു കേസിന്റെ വിചാരണ ഇതുവരെ നിശ്ചയിച്ചിട്ടുമില്ല. തിരുപ്പൂരിൽ ആറു കേസുകൾ, ഈറോഡ് രണ്ട് കേസുകൾ, മധുരയിൽ രണ്ട് കേസുകൾ, ശിവഗംഗയിൽ ഒരു കേസ് എന്നിങ്ങനെ പട്ടികപ്പെടുത്തിയിരിക്കുന്നു.  
 
രൂപേഷിനെതിരെയുള്ള പുതിയ കേസ്

കഴിഞ്ഞ പത്ത് വർഷമായി ജയിലിലാണ് രൂപേഷ്. 2015-ൽ രണ്ടു കേസുകളിലായാണ് രൂപേഷ് അറസ്റ്റിലായത്. ഈ കേസുകളുടെ കാലാവധി പൂർത്തിയാക്കി ഇറങ്ങുമെന്ന അവസ്ഥ വന്നപ്പോൾ 13 വർഷം മുമ്പ് കർണാടകയിൽ നടന്നൊരു സംഭവത്തിന്റെ പേരിൽ കേസ് ചാർജ് ചെയ്ത് ജയിലിൽ തന്നെ തുടരാനുള്ള വകുപ്പാണ് അധികൃതരുണ്ടാക്കിയത്. 
കേരള, കർണാടക, തമിഴ്‌നാട് പൊലീസും സെൻട്രൽ ഇന്റലിജൻസും ചേർന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും അവരാണ് രൂപേഷ് ഉൾപ്പെടെയുള്ളവരെ സ്ഥിരമായി ജയിലിനകത്താ ക്കാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതെന്നാണ് അഡ്വ. ഷൈന പി.എ പറയുന്നത്. രൂപേഷിന്റെ ഭാര്യ എന്നതിനോടൊപ്പം അദ്ദേഹത്തിന്റെ അഭിഭാഷ കൂടിയാണ് ഷൈന. നേരത്തെ കേരള ഹൈക്കോടതിയിൽ യു ഡി ക്ലർക്കായിരുന്ന ഷൈന പിന്നീടാണ് അഭിഭാഷകയായി പ്രവർത്തിച്ചു തുടങ്ങിയത്. 

നിലമ്പൂരിൽ ട്രെയിനിന്റെ ബ്രേക്ക് പൈപ്പ് മുറിച്ചു വെന്നായിരുന്നു രൂപേഷിനെതിരെയുണ്ടായിരുന്ന ഒരു കേസ്. സിനിക്, ശശിധരൻ തുടങ്ങി നിരവധിപ്പേർ പ്രതികളായിരുന്നു. ആദിവാസിയായ സിനിക് പിന്നീട് മരിച്ചു. കൗതുകകരമായ കാര്യം ട്രെയിനിന്റെ ബ്രേക്ക് പൈപ്പ് മുറിക്കാൻ ശ്രമിച്ചെന്ന പേരിലെടുത്ത കേസ് പിന്നീട് ആദിവാസികളെ അനധികൃതമായി സംഘടിപ്പിച്ചു എന്നതായി മാറി. ഇത്തരത്തിൽ പലവിധത്തിൽ കേസുകളെ മാറ്റിമറിക്കുന്നതും കൂട്ടിച്ചേർക്കുന്നതുമെല്ലാം പൊലീസിന്റെ പതിവ് പരിപാടികളാണ്. 

പത്ത് വർഷത്തെ കാലാവധി പൂർത്തിയായി പുറത്തിറങ്ങുമെന്ന ഘട്ടം വന്നപ്പോഴാണ് 2012-ൽ കർണാടകയിൽ നടന്ന സംഭവം രൂപേഷിന്റെ തലയിൽ വന്നത്. 73/2012 എന്ന ക്രൈം നമ്പറിൽ കർണാടകയിലെ ബൽത്തങ്ങാടി  പൊലീസ് സ്റ്റേഷൻ പരിധിയിൽ രെജിസ്റ്റർ ചെയ്ത കേസിൽ അക്കാലത്തൊന്നും പ്രതിപ്പട്ടികയിൽ പേരില്ലാതിരുന്ന രൂപേഷിനെ 13 വർഷത്തിനു ശേഷം ചേർക്കുകയായിരുന്നു. പൊലീസ് എൻകൗണ്ടറുമായി ബന്ധപ്പെട്ട് പൊലീസിനെ ആക്രമിച്ചുവെന്നും ആംസ് ആക്ട് ഉപയോഗിച്ചുമെല്ലാം കേസിൽ പ്രതി ചേർത്തിട്ടുണ്ട്. സെൻട്രൽ ഇന്റലിജൻസ് ഉൾപ്പെടെ ചമയ്ക്കുന്ന കേസാണിതെന്ന് ഷൈന പറയുന്നു. അക്കാലത്ത് ബൽത്തങ്ങാടിയിൽ പോയിട്ടു പോലുമില്ലാത്ത രൂപേഷ് ഒരു കേസിൽ നിന്നും ഇറങ്ങുമ്പോൾ മറ്റൊരു കേസുമായി അകത്തുണ്ടാവണമെന്ന ഉറപ്പുവരുത്തലാണത്. 

പത്തുവർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാവുകയും പിഴയ്ക്ക് പകരമുള്ള ശിക്ഷയുടെ സമയം ആരംഭിക്കുകയും ചെയ്യുന്ന സമയത്താണ് പുതിയ കേസ് വന്നത്. പിഴ അടയ്ക്കാനുള്ള സംഖ്യ ഉൾപ്പെടെ തയ്യാറാക്കി രൂപേഷിനെ പുറത്തിറക്കാനുള്ള നടപടികളെല്ലാം പൂർത്തിയായപ്പോഴാണ് പുതിയ കേസ് ഉദിച്ചത്. 

ബൽത്തങ്ങാടിയിലെ 73/ 2012 കേസുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളൊന്നും അഭിഭാഷകർക്കോ രൂപേഷിനോ ലഭിച്ചിട്ടില്ല. കേസ് നമ്പറും കുറ്റകൃത്യങ്ങൾക്കായി ചുമത്തിയ വകുപ്പുകളുമൊക്കെ വെച്ച് അന്വേഷിച്ചു കണ്ടുപിടിച്ചതാണ് ഇത്രയും വിവരങ്ങൾ. 
കർണാടക കേസിൽ പ്രതിയായിരുന്ന കുപ്പുസ്വാമിയും അജിതയും നിലമ്പൂരിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ പ്രതികളായിരുന്ന ബിജി കൃഷ്ണമൂർത്തിയേയും സാവിത്രിയേയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. 2017-ൽ കേസ് വന്നപ്പോഴും രണ്ടു വർഷം മുമ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തപ്പോഴുമൊന്നും രൂപേഷ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നില്ല. അക്കാലത്തൊക്കെ രൂപേഷ് ജയിലിലുമായിരുന്നു. എന്നിട്ടാണ് 2025 ൽ പ്രതിപ്പട്ടികയിൽ പേര് ചേർത്തിരിക്കുന്നത്. 

കേസിൽ എഫ് ഐ ആർ റജിസ്റ്റർ ചെയ്തപ്പോഴൊന്നും പേരില്ലാത്ത രൂപേഷാണ് ഇപ്പോൾ പ്രതിപ്പട്ടികയിലെത്തിയത്. കർണാടകയിൽ ഏഴുപേരെ അറസ്റ്റ് ചെയ്തപ്പോൾ അവരാണ് രൂപേഷിന്റെ പേര് പറഞ്ഞിരിക്കുന്നതെന്ന രീതിയിലാണ് കേസിൽ രൂപേഷിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.  കേസ് രജിസ്റ്റർ ചെയ്ത് കോടതിയിലെത്തിയാൽ സാധാരണരീതിയിൽ ആറു മാസത്തിനകം അപ്പീൽ കേൾക്കണമെന്നതാണ് രീതി. എന്നാൽ രൂപേഷിന്റെ കാര്യത്തിൽ ഇതൊന്നും നടക്കാറില്ല. 

എന്തുകൊണ്ട് മാവോയിസ്റ്റുകൾ ?

എണ്ണത്തിൽ തീരെ കുറവുള്ള മാവോയിസ്റ്റുകളെ എന്തുകൊണ്ടാണ് അധികാരികൾ ലക്ഷ്യമിടുന്നത് എന്ന ചോദ്യത്തിന് അഡ്വ. ഷൈനയ്ക്ക് ഒറ്റ ഉത്തരമേയുള്ളു. ഛത്തീസ്ഗഡിലെ ബസ്തറിലും ഝാർഖണ്ഡിലും ബീഹാറിലുമൊക്കെയുള്ള ഖനിജങ്ങൾ കൈപ്പിടിയിലൊതുക്കാനുള്ള അധികാരികളുടെ ദുരയാണ് അതിന് പിന്നിലെന്നാണ് നക്‌സലുകൾ മുഴുവൻ ആരോപിക്കുന്നത്. ആദിവാസികളെ പുറത്താക്കി ഇന്ത്യയിലെ വൻകിട മുതലാളിമാർക്ക് ഈ പ്രദേശങ്ങൾ തീറെഴുതി കൊടുക്കാനും അതുവഴി വിദേശ രാജ്യങ്ങൾക്ക് പാദസേവ ചെയ്യാനുമാണ് ഭരണാധികാരികൾക്ക് താല്പര്യം. വിദേശ രാജ്യങ്ങളിലെ കൊമ്പൻ കമ്പനികൾക്ക് ഇന്ത്യയുടെ ഖനിജ സമ്പത്തുകളിൽ കണ്ണുണ്ട്. അവ ഇന്ത്യൻ കോർപ്പറേറ്റുകൾ വഴി സ്വന്തമാക്കണം. 

ഇന്ത്യയിലെ ഏറ്റവും വലുതും അതിപുരാതനവുമായ ആദിവാസി മേഖലയാണ് ഏഴു ജില്ലകൾ ഒന്നിച്ചു ചേരുന്ന ബസ്തർ ഡിവിഷൻ. അവിഭക്ത മധ്യപ്രദേശിലായിരുന്ന ഈ സ്ഥലം 2000-ലെ വിഭജനത്തെ തുടർന്ന് ഛത്തീസ്ഗഡിന്റെ ഭാഗമായി. ബസ്തർ, ദന്തേവാദ, കൊണ്ടെഗാവ്, നാരായൺപൂർ, കാംകേർ, സുക്മ, ബിജാപൂർ തുടങ്ങിയവയാണ് ബസ്തർ ഡിവിഷനായി മാറിയത്. ഒഡിഷ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി ബസ്തർ അതിർത്തി പങ്കിടുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്. 

ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും മാത്രമല്ല നരവംശശാസ്ത്രപരമായും ബസ്തർ മേഖലയ്ക്ക് വലിയ പ്രത്യേകതകളും പ്രാധാന്യവുമുണ്ട്. കേരള സംസ്ഥാനത്തേക്കാൾ വലുപ്പമേറിയ ബസ്തർ മേഖലയുടെ വിസ്തീർണം 39117 ചതുരശ്ര കിലോമീറ്ററാണ്. ഇസ്രായേലിനേക്കാളും ബെൽജിയത്തേക്കാളും വലുതാണ് ഈ മേഖലയെന്ന് തിരിച്ചറിയുമ്പോഴാണ് അതിന്റെ പ്രാധാന്യം കൂടുതൽ ബോധ്യപ്പെടുക. 
ഇന്ദ്രാവതി, ശബരി, ശംഖിനി, ദൂധ്, സെന്ദൂർ തുടങ്ങി നിരവധി നദികളും ചിത്രകൂട്, തീർഥഗഢ്, ചിത്രധാര, ബീജാകാസ തുടങ്ങിയ വെള്ളച്ചാട്ടങ്ങളും കുടുംസോർ, കൈലാശ് തുടങ്ങിയ പ്രകൃതിദത്ത ചുണ്ണാമ്പുകല്ലുകളും ഇന്ദ്രാവതി, കാംഗർവാലി നാഷണൽ പാർക്കുകളും അടങ്ങിയ ഈ പ്രദേശം അതിവിചിത്രം മാത്രമല്ല ആവാസ വ്യവസ്ഥയുടെ വൈവിധ്യവും അടയാളപ്പെടുത്തുന്നതാണ്. 

ബസ്തറിലെ വനങ്ങളിൽ പതിനായിരം വർഷങ്ങൾക്കു മുമ്പുള്ള സസ്യങ്ങൾ പലതും അതേപടിയുണ്ടെന്നു കൂടി പറയുമ്പോഴാണ് ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസ്സിലാവുക. ഗോണ്ട്, മാഡിയ, മുരിയ, ബത്ര, ഹൽബ, ധ്രുവ തുടങ്ങി നിരവധി പ്രാചീന ഗോത്രങ്ങളും അവയ്‌ക്കെല്ലാം വ്യത്യസ്ത ഭാഷകളും ജീവിത രീതികളും ഭക്ഷണ വൈവിധ്യങ്ങളും വസ്ത്രധാരണങ്ങളും പാർപ്പിട രീതികളുമുണ്ട്. ഏറ്റവും പഴക്കമേറിയ ഗോത്രജീവിത ചിഹ്നങ്ങൾ അടയാളപ്പെടുത്തുന്ന ഇടം കൂടിയാണ് ബസ്തർ. 

ബല്ലാഡില മലനിരകളിലെ ഇരുമ്പയിരിന്റെ നിക്ഷേപമാണ് കോർപ്പറേറ്റുകളുടെ ശ്രദ്ധ ആദ്യം ബസ്തറിലെത്തിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ഏകദേശം മധ്യത്തിലായി കിടക്കുന്ന അബുജ്മാർ ബസ്തറിലാണ്. അബുജ്മാർ എന്നാൽ ഗോണ്ടി ഭാഷയിൽ അറിയാ മലകളുടെ നാട് എന്നാണർഥം. 
രാമായണത്തിലെ പല സന്ദർഭങ്ങളുമായും ബസ്തർ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന ഐതിഹ്യവുമുണ്ട്. ദണ്ഡകനെന്ന കാട്ടുരാജാവിന്റെ സാമ്രാജ്യമായ ദണ്ഡകാരണ്യം, ജഡായുവിന്റെ ആരണ്യം, ശ്രീരാമന്റെ ഗോദാവരി തീരത്തേക്കുള്ള വനഗമനപഥം തുടങ്ങി കുറേ ഐതിഹ്യങ്ങൾ ഈ പ്രദേശങ്ങളുമായി ബന്ധപ്പെട്ടുണ്ട്. ദണ്ഡകാരണ്യം എന്നാൽ ശിക്ഷ നടപ്പാക്കുന്ന വനം എന്നാണർഥം. 

ഇവിടുത്തെ ആദിവാസികളേയും ജനങ്ങളേയും ഒഴിവാക്കിയാൽ മാത്രമാണ് അധികാരികൾക്കും കോർപ്പറേറ്റുകൾക്കും ഇവിടം അടക്കി ഭരിക്കാൻ സാധിക്കുക. അതിന് വെല്ലുവിളി ആ പ്രദേശത്ത് സ്വാധീനമുള്ള മാവോയിസ്റ്റുകളാണെന്നതാണ് അധികാരികളുടെ കണ്ടെത്തൽ. അതുകൊണ്ടുതന്നെയാണ് മാവോയിസ്റ്റുകളില്ലാത്ത രാജ്യം അധികാരികളുടെ സ്വപ്‌നമാകുന്നതും. ബസ്തർ മേഖലയിലെ ഏറ്റുമുട്ടലിൽ ഒരു വർഷം മാത്രം 79 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 

നക്‌സലുകളേയും മാവോയിസ്റ്റുകളേയും ചെറുക്കാൻ അധികൃതർ ബസ്തർ മേഖലയിലെ ആദിവാസി യുവതീയുവാക്കളെ ചേർത്ത് സി ആർ പി എഫിന് രൂപം നൽകിയിട്ടുണ്ട്. ബസ്തരിയ ബറ്റാലിയൻ എന്നാണ് ഇത് അറിയപ്പെടുന്നത്. അഞ്ഞൂറ് പേരടങ്ങുന്ന സംഘത്തിൽ 189 പേർ വനിതകളാണ്. 

രാജ്യത്തെ വിഭവ ക്കൊള്ളക്കെതിരെ ആദിവാസികൾക്കൊപ്പം മാവോയിസ്റ്റുകളും ചേർന്നതാണ് അധികാരികൾ മാവോയിസ്റ്റുകൾക്കെതിരെ ശക്തമായി തിരിയുന്നതിന് കാരണമെന്ന് അഡ്വ. ഷൈന പറയുന്നു. വന്നുവന്നിപ്പോൾ തങ്ങൾക്കിഷ്ടപ്പെടാത്തവരെയെല്ലാം 'അർബൻ നക്‌സലെന്ന്' വിശേഷിപ്പിക്കാനും അവരെ രാജ്യദ്രോഹികളോ വിരോധികളോ ആക്കി മാറ്റാനുമാണ് അധികൃതർ ശ്രമിക്കുന്നതെന്നും ഷൈന വിശദീകരിച്ചു. 

ഓപ്പറേഷൻ ഖഗാർ

വ്യത്യസ്തമായതോ അധികാരികൾക്ക് ഇഷ്ടമില്ലാത്തതോ ആയ അഭിപ്രായങ്ങൾ പറയുന്നവരേയും വിമതരേയും അടിച്ചമർത്തുന്നതാണ് പുതിയ രീതി. ഇന്ത്യയിലെ നക്‌സൽ സ്വാധീന മേഖലകളെ 'ശുദ്ധീകരിക്കാൻ' എന്ന പേരിൽ ഓപ്പറേഷൻ ഖഗാർ 2024-ൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. സൈനിക പദ്ധതിയായ ഓപ്പറേഷൻ ഖഗാർ ഏറ്റവുമധികം ധാതുനിക്ഷേപമുള്ള പ്രദേശത്തുനിന്നും ആദിവാസികളെ കൊന്നൊടുക്കി പിടിച്ചെടുക്കാനുള്ളതാണെന്ന് ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്. 

നാല് തലങ്ങളിലുള്ള സൈനിക ഓപ്പറേഷനാണ് ഓപ്പറേഷൻ ഖഗാർ എന്നാണ് വിലയിരുത്തപ്പെടുന്നത്. ബസ്തറിലുടനീളം ഫോർവേർഡ് ഓപ്പറേറ്റിംഗ് ബേസുകൾ സ്ഥാപിക്കുക, രഹസ്യാന്വേഷണ ശേഖരണത്തിനായി ഡ്രോണുകളും ഉപഗ്രഹ ഇമേജിംഗും വിന്യസിക്കുക, തിരിച്ചുപിടിച്ച പ്രദേശത്ത് 612 ലധികം പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുക, നക്‌സലുകൾക്ക് ഉദാരമായ കീഴടങ്ങൽ നയം നടപ്പാക്കുക എന്നതാണ് ഓപ്പറേഷൻ ഖഗാറിലുണ്ടാവുക. 

ഛത്തീസ്ഗഡിൽ 2023-ൽ 23 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 2024-ൽ ഓപ്പറേഷൻ ഖഗാർ ആരംഭിച്ചതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 235 ആയി ഉയർന്നു. 2025-ൽ മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 140 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്നാണ് പറയുന്നത്. 

ഓപ്പറേഷൻ ഖഗാറിനെതിരെ തമിഴ്‌നാട്ടിൽ പോലും വിമർശനം ഉയർന്നപ്പോൾ കേരളത്തിൽ പ്രതിഷേധമേ പുറത്തുവന്നില്ലെന്നും ഷൈന പറയുന്നു. തീരെ പ്രായം കുറഞ്ഞ കുട്ടികൾ വരെ 'ഏറ്റുമുട്ടലിൽ' കൊല്ലപ്പെടുന്നത് പതിവായിരിക്കുകയാണ്. ആരെ കൊലപ്പെടുത്തി ഏറ്റുമുട്ടലിന്റെ പേര് പറഞ്ഞാലും പൊലീസുകാർക്ക് മെഡൽ കിട്ടും. കഴിഞ്ഞ രണ്ടു വർഷംകൊണ്ട് ഇന്ത്യയിലെ മാവോയിസ്റ്റ് വേട്ട ഇരട്ടിയിലേറെ വർധിച്ചുവെന്നും അഡ്വ. ഷൈന പി എം പറയുന്നു. 

മാവോയിസ്റ്റ് വേട്ടയുടെ രൂപേഷ് സാക്ഷ്യം

അധികാരികളുടെ ഒത്താശയോടെയാണ് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ഏറ്റുമുട്ടലെന്ന പേരിൽ കൊന്നുതള്ളുകയും ചെയ്യുന്നതെന്ന് ഷൈന രൂപേഷിന്റെ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ഒരു 'ഏറ്റുമുട്ടൽ' കൊലപാതകത്തിൽ രൂപേഷും അവസാനി ക്കേണ്ടതായിരുന്നു. എന്നാൽ ബുദ്ധിപൂർവ്വമായ നീക്കവും നാട്ടുകാരോട് വിവരങ്ങൾ വിളിച്ചു പറഞ്ഞതുമാണ് രൂപേഷ് ഉൾപ്പെടെയുള്ള ഏതാനും പേർക്ക് ജീവിതം തിരിച്ചു കിട്ടാൻ കാരണമായത്. 

കേരളത്തിൽ നിന്നും രൂപേഷിനെ അറസ്റ്റ് ചെയ്തത് ആന്ധ്ര സ്‌പെഷ്യൽ ബ്രാഞ്ചാണെന്നത് 'ഏറ്റുമുട്ടിക്കൊല്ലാൻ' നടത്തിയ തിരക്കഥയുടെ ആദ്യ ഭാഗമാണെന്ന് ഷൈനയ്ക്ക് ഉറപ്പുണ്ട്. രൂപേഷിനേയും മറ്റു ചിലരേയും അറസ്റ്റ് ചെയ്ത് വാഹനത്തിൽ കൊണ്ടുപോയി. എവിടേക്കാണ് കൊണ്ടുപോകുന്നതെന്നതിന് വലിയ രൂപമൊന്നുമുണ്ടായിരുന്നില്ല. പൊലീസ് വാഹനത്തിൽ ഉദ്യോഗസ്ഥർ തമ്മിൽ സംസാരിച്ച സംഭാഷണത്തിൽ നിന്നും കൂട്ടത്തിൽ തെലുങ്ക് അറിയാവുന്ന ഒരാൾ കാര്യം മനസ്സിലാക്കുകയായിരുന്നു. 

വാഹനം തമിഴ്‌നാട്ടിലൂടെ പോകുന്നതിനിടയിൽ മറ്റൊരു വാഹനത്തോട് വരാൻ ആവശ്യപ്പെടുകയും പൊലീസ് വാഹനത്തിൽ നിന്നും മാവോയിസ്റ്റുകളെ അതിലേക്ക് മാറ്റാനുമായിരുന്നു പദ്ധതി. എന്നാൽ ഇത് തിരിച്ചറിഞ്ഞതോടെ ഒരു സിഗ്‌നലിൽ നിന്ന പൊലീസ് വാഹനത്തിനു മുമ്പിൽ ഡ്രൈവർക്ക് സമീപമിരുന്ന രൂപേഷ് വാഹനത്തിന്റെ ക്ലച്ചിന് താഴെ തന്റെ കാല് വെക്കുകയും ക്ലച്ച് ജാമാക്കി വാഹനം മുമ്പോട്ട് പോകാനാവാത്ത അവസ്ഥ ഉണ്ടാക്കുക യുമായിരുന്നത്രേ. അതോടെ കൂട്ടത്തിലുണ്ടായിരുന്ന തമിഴൻ തമിഴ് ഭാഷയിൽ തങ്ങളുടെ കാര്യങ്ങൾ ജനങ്ങളോട് വിളിച്ചു പറയുകയും സമീപത്തെ ബസ് സ്റ്റോപ്പിലുണ്ടായിരുന്നവരെല്ലാം പൊലീസ് ജീപ്പിന് ചുറ്റും കൂടുകയും ചെയ്തു. വിവരം തമിഴ്‌നാട് സർക്കാറിനും ലഭിച്ചതോടെ ഏറ്റുമുട്ടൽ കൊലപാതകം തങ്ങൾക്കും തലവേദനയാകുമെന്ന് തമിഴ്‌നാട് തിരിച്ചറിയുകയും മാവോയിസ്റ്റുകൾക്കെല്ലാം ജീവൻ തിരിച്ചു കിട്ടുകയും ചെയ്തു. 

തമിഴ്‌നാട്ടിൽ ഫൺമാൾ എന്ന സ്ഥലത്തെ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്. മാവോയിസ്റ്റുകളെ കൊലപ്പെടുത്താൻ സാധിച്ചില്ലെങ്കിലും അധികാരികൾ പിന്നീട് അവിടെയുണ്ടായിരുന്ന ബസ് സ്റ്റോപ്പ് പൊളിച്ചു നീക്കി തങ്ങളുടെ അരിശം തീർത്തുവെന്നാണ് അഡ്വ. ഷൈന പറയുന്നത്. 
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രൂപേഷിനെ കാണാൻ അഭിഭാഷകയായും ഭാര്യയായും ഷൈന പോകാറുണ്ട്. വളരെ അടുത്ത ബന്ധുക്കളെയല്ലാതെ രൂപേഷിനെ കാണാൻ മറ്റാരേയും അധികാരികൾ അനുവദിക്കാറില്ല. 

എഴുത്തുകാരനായ രൂപേഷ്

തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകരയിൽ ജനിച്ച രൂപേഷ് മാവോയിസ്റ്റ് എന്നതിനോടൊപ്പം നോവലിസ്റ്റും കൂടിയാണ്. മലയാളത്തിലെ രണ്ട് പ്രസാധകർ രൂപേഷിന്റെ ഒരേ നോവൽ രണ്ടു പേരുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വസന്തത്തിലെ പൂമരങ്ങൾ എന്ന പേരിൽ ഗ്രീൻ ബുക്‌സും മാവോയിസ്റ്റ് എന്ന പേരിൽ ഡി സി ബുക്‌സുമാണ് രൂപേഷിന്റെ നോവൽ പ്രസിദ്ധീകരിച്ചത്. 
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെ 'ബന്ധിതരുടെ ഓർമക്കുറിപ്പുകൾ' എന്ന പേരിൽ മറ്റൊരു നോവൽ എഴുതിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ജയിലിൽ നിന്നുള്ള പുസ്തകമായതിനാൽ സർക്കാറിന്റെ സമിതി പുസ്തകം വിലയിരുത്തുകയാണ്. ജയിലിലകപ്പെട്ട ഒരു കവി അയാളുടെ ജീവിതാനുഭവങ്ങളാണ് ഈ നോവലിൽ പറയുന്നത്. 
രൂപേഷിനും ഷൈനയ്ക്കും രണ്ട് പെൺമക്കളാണുള്ളത്. മൂത്തയാൾ ആമി കൊൽക്കത്ത ശാന്തിനികേതനിൽ എം എഫ് എ പൂർത്തിയാക്കി. രണ്ടാമത്തേയാൾ സവേര ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിനിയും മിക്‌സോളജി അധ്യാപികയുമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img