05:25pm 30 May 2026
NEWS
പാൻ ഇന്ത്യ പ്രതിഛായയുള്ള ഡി കെ ശിവകുമാറിന്റെ സ്വപ്നസാഫല്യം.
30/05/2026  11:53 AM IST
വിഷ്ണുമംഗലം കുമാർ
പാൻ ഇന്ത്യ പ്രതിഛായയുള്ള ഡി കെ ശിവകുമാറിന്റെ സ്വപ്നസാഫല്യം

ബംഗളുരു: ഇ ഡി കേസ്സിൽ അറസ്റ്റിലായി ഡി കെ ശിവകുമാർ തീഹാർ ജയിലിൽ കിടന്ന നാളുകൾ. ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന 2019 ഒക്ടോബർ 23 ന് അവിടെ അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ സോണിയാഗാന്ധി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത് കർണാടകത്തിലെ കോൺഗ്രസ്സ് അധ്യക്ഷ പദവി മാത്രമായിരുന്നില്ല, അതിലൂടെ കോൺഗ്രസ്സിനെ വിജയത്തിലെത്തിക്കുമ്പോൾ മുഖ്യമന്ത്രി പദവിയുമായിരുന്നു. പല നിർണ്ണായക ഘട്ടങ്ങളിലും കോൺഗ്രസ്സ് ഹൈക്കമാണ്ടിനെ അകമഴിഞ്ഞ് തികഞ്ഞ ആത്മാർത്ഥതയോടെ സഹായിച്ചുപോന്ന പോരാളിയായ സംഘാടകനാണ് ഡി കെ. 2020 ജൂലൈ രണ്ടിനാണ് ദിനേഷ് ഗുണ്ടുറാവുവിൽ നിന്ന് ഡി കെ പിസിസി അധ്യക്ഷപദവി ഔദ്യോഗികമായി ഏറ്റുവാങ്ങിയത്. മുൻമുഖ്യമന്ത്രി ഗുണ്ടുറാവുവിന്റെ മകൻ ദിനേഷ് ഗുണ്ടുറാവു ഡി കെയോടൊപ്പം സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. ഇനിയിപ്പോൾ ഡി കെയുടെ മന്ത്രിസഭയിലും ബ്രാഹ്മണനായ ദിനേഷ് ഗുണ്ടുറാവു ഉണ്ടാകുമെന്ന് കരുതാം. 2023 ൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയപ്പോൾ സോണിയാഗാന്ധിയും പ്രിയങ്കയും ആഗ്രഹിച്ചതും പരിശ്രമിച്ചതും ഡി കെയെ മുഖ്യമന്ത്രിയാക്കാനാണ്. പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ എന്ന നിലയിൽ ഡി കെയും ഒത്തുചേർന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. 2013 ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്. അക്കാലത്ത് ഡി കെ മുൻനിരയിൽ എത്തിയിരുന്നില്ല. മുൻ ജെഡിഎസ്സുകാരനായ സിദ്ധരാമയ്യയേക്കാൾ 2023ൽ അതിവിശ്വസ്തനായ ഡി കെ യെ മുഖ്യമന്ത്രിയാക്കാനായിരുന്നു സോണിയയ്ക്ക് താല്പര്യം. പക്ഷെ രാഷ്ട്രീയ സാഹചര്യം അനുകൂലമായിരുന്നില്ല. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയും പ്രതിഛായ മികവും ഉണ്ടായിരുന്നത് സിദ്ധരാമയ്യയ്ക്കായിരുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനാണ് രാഹുൽ ഗാന്ധി അന്തിമമായി തീരുമാനിച്ചത്. മൂന്നുവർഷം കടന്നുപോയിരിക്കുന്നു. സിദ്ധരാമയ്യ കുഴപ്പമില്ലാതെ ഭരിക്കുന്നു. ഗുരുതരമായ അഴിമതിയാ രോപണങ്ങളൊന്നുമില്ല. ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷപദവിയും ഒന്നിച്ചു വഹിച്ചും മറ്റു സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളിൽ ഹൈക്കമാണ്ടിന് വേണ്ടി ഇടപെട്ട് പാൻ ഇന്ത്യ പ്രതിഛായ ഒന്നുകൂടി ഉയർത്തിയും ഡി കെ സിദ്ധരാമയ്യയുടെ ഒപ്പമുണ്ട്. സിദ്ധരാമയ്യയെ തൽസ്ഥാനത്തുനിന്ന് മാറ്റി ഡി കെയെ മുഖ്യമന്ത്രിയാക്കാനാണ് രാഹുൽഗാന്ധി ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഡി കെ യോടുള്ള കടപ്പാട് വീട്ടുന്നതോടൊപ്പം 2028 ലെ തെരഞ്ഞെടുപ്പിനെ നേരിടാൻ ഊർജ്ജസ്വലനായ ഒരു നേതാവിന്റെ നേതൃത്വത്തിൽ സുശക്തമായ ഒരു സംവിധാനം സജ്ജമാക്കുക എന്ന ലക്ഷ്യവും രാഹുൽ ഗാന്ധിയ്ക്കുണ്ട്. സിദ്ധരാമയ്യയെ വിഷമിപ്പിക്കാതെ മാറ്റാനാണ് രാഹുൽ പരിശ്രമിച്ചത്. മകൻ യതീന്ദ്ര ഉൾപ്പെടെയുള്ള തന്റെ വിശ്വസ്തർക്ക് ഡി കെ മന്ത്രിസഭയിൽ ഇടം നൽകണമെന്ന് സിദ്ധരാമയ്യ രാഹുലിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ രാജ്യസഭ അംഗമായി ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ താല്പര്യമില്ലെന്നും കാലാവധി പൂർത്തിയാകുംവരെ എം എൽ എയായി തുടരാനാണ് ഇഷ്ടമെന്നും 77 കാരനായ സിദ്ധരാമയ്യ രാഹുലിനോട് വ്യക്തമാക്കുയിട്ടുണ്ട്. മുഖ്യമന്ത്രി പദവി രാജിവെച്ച ശേഷം സിദ്ധരാമയ്യ ഇന്നലെ വീണ്ടും ഡൽഹിയിലെത്തി രാഹുലിനെ കണ്ടിരുന്നു. മകൻ യതീന്ദ്രയെ അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ഡി കെ മന്ത്രിസഭയിൽ സിദ്ധരാമയ്യയുടെ മകനും മറ്റു വിശ്വസ്തരും ഉണ്ടാകുമെന്നാണ് കരുതുന്നത്. പിസിസി അധ്യക്ഷനാകുന്ന സതീഷ് ജാർക്കിഹോളി ഉപമുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയും കരുക്കൾ നീക്കുന്നുണ്ട്. പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള കോൺഗ്രസ്സ് നിയമസഭാ കക്ഷിയോഗം ഇന്ന്‌ നടക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img