
ദോഹ:പ്രകടനമികവിന്റെയുംദൃശ്യവിസ്മയത്തിന്റെയുംഅത്യപൂർവ്വമായൊരു തിയേറ്റർ അനുഭവമൊരുക്കി മുപ്പത്തിയെട്ടാമത് ദോഹ തിയേറ്റർ ഫെസ്റ്റിവലിൽ മികച്ച നാടകത്തിനുള്ള ഒന്നാം സ്ഥാനം ‘ദി ഡിവൈഡിംഗ് സിറ്റി’ (The Dividing City) സ്വന്തമാക്കി. നാടകീയ മുഹൂർത്തങ്ങളുടെ കരുത്തുറ്റ ആവിഷ്കാരത്തിലൂടെയും അണിയറയിലെ സാങ്കേതിക മികവിലൂടെയും മേളയെ ഒന്നടങ്കം കൈയിലെടുത്താണ് ഖത്തർ തിയേറ്റർ ഗ്രൂപ്പ് നിർമ്മിച്ച ഈ നാടകം ഏറ്റവും വലിയ ജേതാക്കളായത്.
കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും നാടകപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന പ്രൗഢഗംഭീരമായ സമാപന ചടങ്ങിൽ ഖത്തർ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് അൽഥാനി ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രശസ്ത കലാകാരൻ ഖാസി ഹുസൈൻ, ഡോ. നിസാർ ഷഖ്റൂൺ, ഖാലിദ് അബ്ദുൽ കരീം അൽ ഹമ്മാദി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.സംവിധാന മികവിലും ദൃശ്യഭാഷയിലും പുലർത്തിയ പക്വതയാണ് ‘ദി ഡിവൈഡിംഗ് സിറ്റി’യെ അവാർഡുകളിലേക്ക് നയിച്ചത്. ടൂർണമെന്റിലെ പ്രധാന അവാർഡുകളെല്ലാം ഈ നാടകം തൂത്തുവാരി.ഗർഭസ്ഥ ശിശു ഭാവിയിൽ തങ്ങളുടെ അധികാരത്തിന് ഭീഷണിയാകുമെന്ന് ഭയന്ന്, ഭരണാധികാരിയെ ഭാര്യയുടെ സഹോദരന്മാർ ചേർന്ന് വധിക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. ട്രാജഡിയും ഡാർക്ക് കോമഡിയും ഇഴചേർത്തവതരിപ്പിച്ച നാടകം ഭയം, അധികാരം, അതിജീവനത്തിനായുള്ള പോരാട്ടം എന്നിവയെ മനോഹരമായി ചർച്ച ചെയ്യുന്നു. നാടകത്തിലെ കഥാപാത്രങ്ങൾ പ്രതീകാത്മകമായാണ് രംഗത്തെത്തിയത്. സഹോദരന്മാർ സ്വാർത്ഥ അധികാരത്തിന്റെ രൂപങ്ങളായപ്പോൾ അമ്മയും പ്രസവമെടുത്ത സ്ത്രീയും സത്യത്തിന്റെയും മനസ്സാക്ഷിയുടെയും പ്രതീകങ്ങളായി. സാധാരണക്കാരനായ കർഷകൻ ഭരണകൂട ശക്തികൾക്കിടയിൽ പെട്ടുപോകുന്ന ജനതയുടെ നേർച്ചിത്രവുമായി.ദോഹ തിയേറ്റർ കമ്പനിയുടെ ‘അണ്ടർ ദി റബിൾ’ (Under the Rubble) എന്ന നാടകത്തിലെ വികാരനിർഭരമായ അഭിനയത്തിലൂടെ അമീന അൽ വകീലി മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കി. അൽ-വതൻ തിയേറ്റർ കമ്പനിയുടെ ‘ദി ബ്ലാക്ക് പേൾ ബാങ്ക്’ ഉൾപ്പെടെ മൂന്ന് വൻകിട നാടകങ്ങളാണ് ഇത്തവണ പ്രധാനമായും മത്സരരംഗത്തുണ്ടായിരുന്നത്.
നാടകത്തിന്റെ അവതരണ ശൈലിയിലും സംഗീതത്തിലും ദൃശ്യാവിഷ്കാരത്തിലും ഉണ്ടായ പുതിയ പരീക്ഷണങ്ങൾ ഖത്തറി നാടകവേദിയുടെ വളർച്ചയെ അടയാളപ്പെടുത്തുന്നതാണെന്ന് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സെമിനാറുകളിൽ വിലയിരുത്തപ്പെട്ടു.











