
കൊച്ചി : വല്ലാർപാടം രാജ്യാന്തര ടെർമിനലിൻ്റെ നിർമ്മാണത്തിനു വേണ്ടി കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് 2008 ൽ സർക്കാർ അനുവദിച്ച ചതുപ്പ് സമാനമായ പുനരധിവാസ ഭൂമി വാസയോഗ്യമാക്കുന്നതിന് 2.68 കോടി രൂപ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് കൈമാറി. ആഴിമുഖത്ത് നിന്ന് ഡ്രഡ്ജ് ചെയ്ത മണലാണ് കൊച്ചിൻ പോർട്ട് അധികാരികൾ സൗജന്യമായി അനുവദിച്ചത്. ഈ മണൽ ഉപയോഗിച്ച് പുനരധിവാസ സൈറ്റുകൾ ബലപ്പെടുത്തുവാൻ വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്. കൊച്ചി പോർട്ട് അധികാരികൾ പുനരധിവാസത്തിനു വേണ്ടി ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിലവിൽ നിക്ഷേപിച്ചിരിക്കുന്ന തുകയിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. മുളവുകാട് പോലീസ് സ്റ്റേഷന് സമീപം 14 കുടുംബങ്ങൾക്കും കാക്കനാട് വാഴക്കാല ആദർശ് നഗറിൽ 56 കുടുംബങ്ങൾക്കും കാക്കനാട് ഇന്ദിരാ നഗറിൽ 118 കുടുംബങ്ങൾക്കും അനുവദിച്ചിട്ടുള്ള പുനരധിവാസ സൈറ്റുകളാണ് ബലപ്പെടുത്തുന്നത്. 188 കുടുംബങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ജില്ലാ കളക്ടർ അധ്യക്ഷനായിട്ടുള്ള പാക്കേജ് നിരീക്ഷണ സമിതിയുടെ 31/09/2026 മീറ്റിംഗിൽ എടുത്ത തീരുമാന പ്രകാരം പിഡബ്ല്യുഡി വകുപ്പിനെ ഈ പ്രവർത്തികൾ ഏകോപിപ്പിക്കുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. മണൽ കൊണ്ടു പോകുന്നതിനും ബലപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ തുക ഉപയോഗിക്കുന്നത്. സൈറ്റുകളുടെ ബലപ്പെടുത്തുന്നതിന്റെ കാര്യക്ഷമത കൊച്ചി മെട്രോ റെയിൽവേ ലിമിറ്റഡ് കമ്പനി മേൽനോട്ടം വഹിക്കും. 2008-ൽ ബദൽ സംവിധാനങ്ങൾ ഇല്ലാതെ മുളവുകാട് മൂലംമ്പിള്ളി, കോതാട്, ചേരാനല്ലൂർ, ഏലൂർ, മഞ്ഞുമ്മൽ, പടിഞ്ഞാറെ കടുങ്ങല്ലൂർ, എളമക്കര, പോണേക്കര, വടുതല എന്നീ പ്രദേശങ്ങളിൽ നിന്ന് 316 കുടുംബങ്ങളെ അന്നത്തെ ഇടതുപക്ഷ സർക്കാർ കുടിയൊഴിപ്പിച്ചത്. ജനകീയ പ്രക്ഷോഭണത്തെ തുടർന്നാണ് പാക്കേജ് 2008 മാർച്ചിൽ വിജ്ഞാപനം ചെയ്തത്. മൂന്നു മുഖ്യമന്ത്രിമാരും നാല് റവന്യൂ മന്ത്രിമാരും 7 ജില്ലാ കളക്ടർമാരും അധികാരത്തിൽ ഇരുന്നിട്ട് പരിഹാരം കാണാത്ത പ്രശ്നമാണ് ഇപ്പോഴത്തെ സർക്കാർ സംവിധാനത്തിൽ 18 സംവത്സരങ്ങൾക്ക് ശേഷം നിലവിലെ ജില്ലാ കളക്ടറുടെ ഊർജ്ജസ്വലമായ ഇടപെടലിലൂടെ പരിഹരിക്കപ്പെടുന്നതെന്ന് നിരീക്ഷണ സമിതി അംഗങ്ങളായ സി.അറ് നീലകണ്ഠൻ, ഫ്രാൻസീസ് കളത്തിങ്കൽ , വി പി വിൽസൺ, കെ രജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥും വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതിയുടെ ചെയർമാൻ ഫാദർ ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിലും അഭിപ്രായപ്പെട്ടു. ടെൻഡർ നടപടികൾ പൂർത്തിയാലുടൻ സൈറ്റുകൾ മണൽ അടിച്ചു ബലപ്പെടുത്തുന്ന നടപടികൾ ആരംഭിക്കും എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
Photo Courtesy - Google







