
ദോഹ:ഡിജിറ്റൽ കളിമുറ്റങ്ങളിൽ വീണ്ടും തന്ത്രങ്ങളുടെയും വേഗതയുടെയും പോരാട്ടച്ചൂടുയരുന്നു. ഖത്തറിലെ പ്രമുഖ ഈസ്പോർട്സ് ചാമ്പ്യൻഷിപ്പായ വിർചുവോസിറ്റി ബാറ്റിൽ ഗ്രൗണ്ട് (VBG) ഖത്തർ 2026-ന്റെ രണ്ടാം പതിപ്പ് സെപ്റ്റംബർ 1 മുതൽ 30 വരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വിർചുവോസിറ്റിയിൽ വച്ച് നടക്കുമെന്ന് ഖത്തർ കലണ്ടർ അറിയിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന ഈ മത്സരമാമാങ്കത്തിൽ രാജ്യത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് ഗെയിമർമാരും കണ്ടന്റ് ക്രിയേറ്റർമാരും ആരാധകരും പങ്കാളികളാകും.
രണ്ടു ലക്ഷം യു.എസ് ഡോളറാണ് (ഏകദേശം 1.6 കോടിയോളം ഇന്ത്യൻ രൂപ) ഇത്തവണത്തെ ആകെ സമ്മാനത്തുക.
വാലറന്റ് (Valorant),
ഫോർട്ട്നൈറ്റ് (Fortnite),
പബ്ജി മൊബൈൽ (PUBG Mobile),
മൊബൈൽ ലെജൻഡ്സ്: ബാങ് ബാങ് (MLBB),
ഇ.എ സ്പോർട്സ് എഫ്.സി 26 (EA Sports FC 26),
ടെക്കൻ 8 (Tekken 8),
സൂപ്പർ സ്മാഷ് ബ്രോസ്. അൾട്ടിമേറ്റ് (Super Smash Bros. Ultimate)എന്നി
ഏഴ് ലോകോത്തര ഗെയിമിംഗ് ടൈറ്റിലുകളിലാണ് പോരാട്ടം നടക്കുന്നത്.
ഓൺലൈൻ ക്വാളിഫയറുകൾ, ലാൻ (LAN) ക്വാളിഫയറുകൾ എന്നിവയ്ക്ക് ശേഷം ആവേശകരമായ തത്സമയ ഗ്രാൻഡ് ഫൈനലുകളോടെയാകും ചാമ്പ്യൻഷിപ്പ് അവസാനിക്കുക.
വിസിറ്റ് ഖത്തർ അവതരിപ്പിക്കുന്ന 'ഹല സമ്മർ 2026' പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. ഒരീദൂ നേഷൻ സാങ്കേതിക പങ്കാളിത്തം വഹിക്കുന്ന ടൂർണമെന്റിൽ അൽ കാസ് സ്പോർട്സ് ചാനലാണ് മീഡിയ പങ്കാളി. ഖത്തർ ഈസ്പോർട്സ് ഫെഡറേഷനും സ്നൂനു സിറ്റിയുമാണ് പ്രധാന സ്പോൺസർമാർ.
വളർന്നുവരുന്ന ഡിജിറ്റൽ-വിനോദ മേഖലയിൽ യുവാക്കൾക്ക് മികച്ച അവസരമൊരുക്കാനും, ഖത്തറിനെ ആഗോള ഈസ്പോർട്സ് ഹബ്ബായി ഉയർത്താനും ഈ ഇവന്റിലൂടെ സാധിക്കുമെന്ന് വിസിറ്റ് ഖത്തർ ഫെസ്റ്റിവൽസ് ആന്റ് ഇവന്റ്സ് ഡയറക്ടർ അഹമ്മദ് അൽ ബിനാലിയും, ലീഷർ സി.ഒ.ഒ അലി ബിൻ മുഹമ്മദ് അൽ അത്തിയ്യയും വ്യക്തമാക്കി.










