01:01am 16 September 2026
NEWS
കശുവണ്ടി കർഷകരുടെ ദുരിതകാലം: പ്രതീക്ഷകളും പ്രതിസന്ധികളും
14/05/2025  08:38 AM IST
സുരേഷ് വണ്ടന്നൂർ
കശുവണ്ടി കർഷകരുടെ ദുരിതകാലം: പ്രതീക്ഷകളും പ്രതിസന്ധികളും

കൊല്ലവും,കണ്ണൂരും കാസർകോടും കശുവണ്ടിയുടെ പ്രധാന ഉത്പാദന മേഖലകളാണ്. ഇവിടുത്തെ മലയോര കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമാണ് ഈ വിള. എന്നാൽ ഇപ്പോൾ കർഷകർക്ക് നിരാശയുടെ കാലമാണ്. അപ്രതീക്ഷിതമായ വേനൽ മഴയും സർക്കാർ തലത്തിൽ നിന്നുള്ള സഹായമില്ലായ്മയും അവരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഒരുകാലത്ത് കശുവണ്ടിക്കാലം കർഷകർക്ക് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സമയമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് കർഷകർക്ക് ദുഃഖം മാത്രമാണ് സമ്മാനിക്കുന്നത്.

വിലയിടിവും ഉത്പാദനക്കുറവും വന്യമൃഗങ്ങളുടെ ശല്യവും

കശുവണ്ടിയുടെ വില കുത്തനെ ഇടിഞ്ഞതും ഉത്പാദനം കുറഞ്ഞതും വന്യമൃഗങ്ങളുടെ ശല്യവും മലയോര കർഷകരെ വല്ലാതെ വിഷമിപ്പിക്കുന്നു. തുടക്കത്തിൽ കിലോയ്ക്ക് 165 രൂപ വരെ വിലയുണ്ടായിരുന്ന കശുവണ്ടിക്ക് വേനൽ മഴ എത്തിയതോടെ 125-130 രൂപയായി കുറഞ്ഞു. മഴയിൽ നനഞ്ഞ് കശുവണ്ടിയുടെ നിറം മാറിയതാണ് വിലയിടിയാൻ കാരണം. മഴ കർഷകർക്ക് ചൂടിൽ നിന്ന് ആശ്വാസം നൽകിയെങ്കിലും വരുമാനത്തിൽ വലിയ തിരിച്ചടിയായി. ഇനിയും വില കുറയാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. മഴ തുടർന്നാൽ ഉത്പാദനത്തെയും അത് കാര്യമായി ബാധിക്കും.

തെറ്റായ സമയത്തുള്ള മഴ പൂക്കൾ കൊഴിയാനും രോഗങ്ങൾ വരാനും കാരണമാകുന്നു. കൂടാതെ കാട്ടാന, കുരങ്ങ്, മുള്ളൻപന്നി, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾ കൂട്ടത്തോടെ എത്തുന്നത് കശുവണ്ടി ശേഖരിക്കുന്നതിനും തടസ്സമുണ്ടാക്കുന്നു. മുള്ളൻപന്നിയും കുരങ്ങും മലയണ്ണാനും വ്യാപകമായി കശുവണ്ടി തിന്നു നശിപ്പിക്കുന്നു.

നല്ല വിളവും ഉയർന്ന വിലയും പ്രതീക്ഷിച്ചു ലക്ഷങ്ങൾ കടമെടുത്തു തോട്ടം പാട്ടത്തിനെടുത്ത പലരും ഇന്ന് കടക്കെണിയിലാണ്. കറുത്ത നിറത്തിലുള്ള കശുവണ്ടി വിൽക്കാൻ കൊണ്ടുപോകുമ്പോൾ വ്യാപാരികൾ വാങ്ങാൻ മടികാണിക്കുന്നു. തുടർച്ചയായി മഴ പെയ്താൽ കശുവണ്ടി കറുക്കും. ഇങ്ങനെയുള്ള കശുവണ്ടി മൊത്തവ്യാപാരികൾ വാങ്ങില്ല.

തറവിലയിലെ നിരാശ

സർക്കാർ തറവില പ്രഖ്യാപിക്കുന്നത് കാത്തിരുന്ന കർഷകർക്ക് ഇത്തവണയും നിരാശയായിരുന്നു ഫലം. കിലോഗ്രാമിന് 110 രൂപയാണ് തറവിലയായി നിശ്ചയിച്ചത്. കഴിഞ്ഞ വർഷം ഇത് 114 രൂപയായിരുന്നു. 150 രൂപയെങ്കിലും തറവില പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് ഇത് വലിയ തിരിച്ചടിയായി. പ്ലാന്റേഷൻ കോർപ്പറേഷൻ കഴിഞ്ഞ വർഷം 130 രൂപയ്ക്ക് കശുവണ്ടി സംഭരിച്ചിരുന്നു. അത്രപോലും ഇത്തവണ ലഭിച്ചില്ല.
മുൻകാലങ്ങളിൽ സഹകരണ സംഘങ്ങൾ വഴി നേരിട്ട് കശുവണ്ടി വികസന കോർപ്പറേഷൻ സംഭരിച്ചിരുന്നു. എന്നാൽ സഹകരണ സംഘങ്ങൾക്ക് മുൻകൂറായി പണം അനുവദിക്കുന്നതിലും സംഭരിച്ച കശുവണ്ടി കൃത്യ സമയത്ത് ഏറ്റെടുക്കുന്നതിലും വന്ന കാലതാമസം വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഉത്പാദന ചെലവ് വർധിച്ചിരിക്കെ തുച്ഛമായ തറവില കൊണ്ട് കർഷകർക്ക് യാതൊരു ലാഭവും ലഭിക്കുന്നില്ല.

കശുമാങ്ങയ്ക്ക് 15 രൂപ

കശുവണ്ടി വികസന കോർപ്പറേഷന്റെ വിവിധ സംരംഭങ്ങളിലൂടെ കശുമാങ്ങയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കിലോയ്ക്ക് 15 രൂപ നിരക്കിൽ കശുമാങ്ങയ്ക്ക് വില നിശ്ചയിച്ചിട്ടുണ്ട്. അച്ചാർ, ജാം, സ്ക്വാഷ് തുടങ്ങിയ ഉത്പന്നങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്. എന്നാൽ ഇത്തവണ 15 രൂപ തറവില നിശ്ചയിച്ചെങ്കിലും ഒരുകിലോ മാങ്ങ പോലും എവിടെയും ശേഖരിച്ചിട്ടില്ല. കാലങ്ങളായി ടൺ കണക്കിന് കശുമാമ്പഴം കർഷകർ വെറുതെ കളയുകയാണ്. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണി കണ്ടെത്തിയാൽ കശുവണ്ടിക്ക് തുല്യമായ വില കശുമാങ്ങയ്ക്കും ഉറപ്പാക്കാൻ കഴിയുമെന്ന് കർഷകർ പറയുന്നു.

റബ്ബറിനും തെങ്ങയ്ക്കും വിലയിടിവുണ്ടായതിനെ തുടർന്ന് കർഷകർ അടുത്ത കാലത്തായി കശുമാവ് കൃഷിക്ക് പ്രാധാന്യം നൽകി. പുതിയ ഇനം മാവുകൾ എത്തിയതും പ്രതീക്ഷ നൽകി. എന്നാൽ കൃഷി വകുപ്പ് ഈ കൃഷിക്ക് വേണ്ടത്ര പ്രോത്സാഹനം നൽകുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്. തടതുരപ്പൻ പുഴു, തേയിലക്കൊതുക് എന്നിവയുടെ ശല്യവും തുടരുകയാണ്. ഇതിനിടയിൽ വിലയിലെ മാറ്റങ്ങൾ കൂടിയായതോടെ കശുമാവ് കൃഷിയിൽ നിന്ന് കർഷകർ പിന്തിരിയുന്ന അവസ്ഥയുണ്ട്. അധികൃതർ കർഷകരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിച്ചാൽ കശുവണ്ടി കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകും. മഴയുടെ പേരിൽ വലിയ വിലയിടിവ് നേരിടുന്ന കശുവണ്ടി കൃഷിയെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ ഇനിയും സംവിധാനമില്ല.

കണ്ണൂർ ഫെനി കടലാസിൽ

പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ സർക്കാർ അനുമതി നൽകാൻ തീരുമാനിച്ചതോടെ കർഷകരുടെ പ്രതീക്ഷകൾ ഉയർന്നിരുന്നു. ഉപയോഗിക്കാതെ നശിച്ചുപോകുന്ന കശുമാങ്ങയ്ക്ക് ഇനി നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കണ്ണൂരിലെ കർഷകർ. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിനാണ് ഉത്പാദന അനുമതി ലഭിച്ചിരിക്കുന്നത്. ബീവറേജസ് കോർപ്പറേഷൻ വഴിയാണ് മദ്യം വിൽക്കുക. മദ്യം ഉത്പാദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിക്കഴിഞ്ഞു. 1991 മുതൽ ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. നിലവിൽ ഗോവയിൽ മാത്രമാണ് സർക്കാർ അംഗീകാരത്തോടെ കശുമാങ്ങയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുന്നത്.

പഴങ്ങൾ ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം 2022ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് കശുമാങ്ങയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാൻ പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് സർക്കാർ അനുമതി നൽകിയത്. 2016ലാണ് ബാങ്ക് ഭരണസമിതി ഇത് സംബന്ധിച്ച വിശദമായ പദ്ധതി രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. എക്സൈസ് വകുപ്പിന്റെ അന്തിമാനുമതി ലഭിക്കുന്ന മുറയ്ക്ക് എത്രയും പെട്ടെന്ന് തന്നെ ഫെനിയുടെ ഉത്പാദനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബാങ്ക് ഭരണസമിതി പറഞ്ഞു. ഒരു ലിറ്റർ ഫെനിയുടെ ഉത്പാദന ചെലവ് 200 രൂപയാണ് പ്രതീക്ഷിക്കുന്നത്. ബീവറേജസ് കോർപ്പറേഷൻ വഴി 500 രൂപ നിരക്കിൽ വിൽപന നടത്തിയാൽ തന്നെ ലാഭകരമാകും.

പയ്യാവൂരിൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കർ സ്ഥലത്താണ് ഫെനി ഉത്പാദിപ്പിക്കുക. ചെലവ് കുറഞ്ഞ കൃഷിയാണ് കശുമാവ്. തരിശായ സ്ഥലം മാത്രം മതി. വെള്ളവും വളവും ആവശ്യമില്ല. നിലവിൽ പോഷകസമൃദ്ധമായ കശുമാങ്ങ തോട്ടങ്ങളിൽ വെറുതെ നശിച്ചുപോവുകയാണ്. ഫെനി ഉത്പാദനം തുടങ്ങിയാൽ കശുമാങ്ങയ്ക്കും വില ലഭിക്കുന്നതോടെ കശുമാവ് കൃഷിയും വർദ്ധിക്കും. ഒരു കിലോ കശുവണ്ടിയുടെ പഴത്തിന്റെ തൂക്കം ശരാശരി 9.700 കിലോയാണ്. ഇത്രയും പഴത്തിൽ നിന്ന് 5.5 ലിറ്റർ നീര് കിട്ടും. ഈ നീര് സംസ്കരിച്ചാൽ അര ലിറ്റർ ഫെനി കിട്ടും. കശുവണ്ടിയുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും ഫെനിയുടെ വിലയിൽ മാറ്റമുണ്ടാകില്ല. അതുകൊണ്ടുതന്നെ കശുമാങ്ങ കശുവണ്ടിയേക്കാൾ മൂല്യമേറിയതായി മാറും. വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ട പാനീയമാണ് ഗോവൻ ഫെനി. കേരളത്തിൽ സമൃദ്ധമായി ലഭിക്കുന്ന കശുമാങ്ങയിൽ നിന്ന് മദ്യമുണ്ടാക്കുന്നതിലൂടെ ടൂറിസം മേഖലയെയും പരിപോഷിപ്പിക്കാൻ കഴിയും.

വീണടിയുന്നു കോടികളുടെ മുതൽ

ലോകത്തിലെ മേൽത്തരം കശുമാവുകളുടെ കേന്ദ്രമായ കണ്ണൂർ, കാസർകോട് ജില്ലകളിൽ കോടിക്കണക്കിന് രൂപയുടെ പോഷകസമൃദ്ധമായ കശുമാങ്ങയാണ് വർഷന്തോറും വെറുതെ വീണടിയുന്നത്. ഗോവൻ മാതൃകയിൽ കശുമാങ്ങയിൽ നിന്ന് ഫെനിക്ക് സമാനമായ മദ്യം ഉത്പാദിപ്പിക്കാമെന്നിരിക്കെയാണ് കശുമാവിനെ പാടെ അവഗണിക്കുന്നതും കർഷകനെ സഹായിക്കാനുള്ള അവസരം കളഞ്ഞുകുളിക്കുന്നതും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img