04:04am 07 November 2026
NEWS
ധർമ്മശാസ്താവും ദേവസ്വം ബോർഡിന്റെ അധാർമ്മികതയും
14/08/2026  10:45 AM IST
പി. ജയചന്ദ്രൻ
ധർമ്മശാസ്താവും ദേവസ്വം ബോർഡിന്റെ അധാർമ്മികതയും
HIGHLIGHTS

നിയമത്തിന് മുന്നിൽ കുറ്റവാളിയും പൊതുസമൂഹത്തിന് മുന്നിൽ കളങ്കിതനുമായി നിൽക്കുന്ന കണ്ഠര് രാജീവരുടെ അപേക്ഷ സ്വീകരിച്ച് മകൻ കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിച്ച ദേവസ്വം ബോർഡിന്റെ നിലപാട് ധാർമ്മികതയ്ക്ക് ചേർന്നതോ?

കണ്ഠര് രാജീവരുടെ പിൻഗാമിയായി മകൻ കണ്ഠര് ബ്രഹ്മദത്തനെ ശബരിമല ക്ഷേത്രതന്ത്രിയായി നിയമിച്ചുകൊണ്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം കോടിക്കണക്കായ അയ്യപ്പഭക്തർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ബോർഡിന്റെ തീരുമാനത്തെ ഒരു വിഭാഗം പൂർണ്ണമായും ന്യായീകരിക്കുമ്പോൾ, വലിയൊരു വിഭാഗം അതിനെതിരെ ശക്തമായി പ്രതികരിക്കുകയും തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവരികയും ചെയ്തിരിക്കുകയാണ്. എന്നുമാത്രമല്ല ദേവസ്വം ബോർഡിന്റെ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ് ചിലർ എന്നും കേൾക്കുന്നു. ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിചേർക്കപ്പെട്ട് എസ്.ഐ.ടി (സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം) അറസ്റ്റ് ചെയ്ത് 41 ദിവസം കാരാഗൃഹത്തിൽ പാർപ്പിച്ച രാജീവര്, അതേത്തുടർന്നാണല്ലോ തന്ത്രിസ്ഥാനം ഒഴിയുകയും പകരം തന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കണമെന്ന് ദേവസ്വം ബോർഡിനോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തത്. ആ അപേക്ഷ പരിഗണിച്ചാണ് കണ്ഠര് ബ്രഹ്മദത്തനെ ശബരിമല ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ദേവസ്വം ബോർഡ് നിശ്ചയിച്ചത്. ആ നിലയിൽ കളങ്കിതനായ ഒരു വ്യക്തിയുടെ അപേക്ഷ സ്വീകരിച്ച് അതിന്മേൽ ആ വ്യക്തിക്ക് അനുകൂലമായ തീരുമാനം എടുത്ത ദേവസ്വം ബോർഡിന്റെ നടപടിയാണ് കോടതി കയറാൻ പോകുന്നത്.

ആരാണ് തന്ത്രി?

ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ നടത്തുകയും,ആചാരങ്ങളും പൂജാവിധികളും നിശ്ചയിക്കുകയും മേൽനോട്ടം വഹിക്കുകയും ഒക്കെ ചെയ്യുന്ന പരമാചാര്യനാണ് ക്ഷേത്രം തന്ത്രി. ഇദ്ദേഹത്തെ ദേവതയുടെ പിതൃസ്ഥാനീയായാണ് കരുതപ്പെട്ടുപോരുന്നത്. നമ്പൂതിരി ബ്രാഹ്മണരാണ് പൊതുവേ തന്ത്രിമാരാകുന്നതെങ്കിലും, നമ്പൂതിരിമാരിൽതന്നെ നിയുക്ത കുടുംബങ്ങളിൽപ്പെട്ടവർ മാത്രമേ തന്ത്രിമാരായി മാറാറുള്ളൂ എന്ന രീതി കൂടിയുണ്ട്. അതായത് ക്ഷേത്രതന്ത്രിസ്ഥാനം ചില പ്രത്യേക കുടുംബങ്ങൾക്ക് തീറെഴുതിവച്ചിരിക്കുന്നു എന്നുസാരം. ആ നിലയിൽ പാരമ്പര്യമായി കൈമാറിപ്പോരുന്ന തന്ത്രിസ്ഥാനം സ്വയം ഒഴിയുകയോ, പാരമ്പര്യം നിന്നുപോവുകയോ ചെയ്താൽ മാത്രമേ മാറുകയുള്ളൂ. (തങ്ങളുടെ മാത്രമല്ല ഭാവിതലമുറകളെക്കൂടി സംരക്ഷിക്കാൻ തക്കവിധം നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ ഈവിധം ഒരു വ്യവസ്ഥ തയ്യാറാക്കി വച്ചിട്ടുണ്ട് ഇവരുടെ മുൻഗാമികൾ). കോഴിക്കോട്ടിരി(കൊട്ടിയൂർ ക്ഷേത്രം), പുഴക്കര ചേന്നാസ്  (ഗുരുവായൂർ ക്ഷേത്രം), താഴമൺ(ശബരിമല), കുഴിക്കാട്ടില്ലം(തിരുവല്ല വലിയമ്പലം)... എന്നിങ്ങനെ ചില കുടുംബങ്ങളാണ് കേരളത്തിലെ അറിയപ്പെടുന്ന തന്ത്രി ഇല്ലങ്ങൾ. ദൈവികമായ കാര്യങ്ങളെക്കുറിച്ച് വിധി പറയുന്നതിനുള്ള അധികാരവും തന്ത്രിമാരിലാണ് നിക്ഷിപ്തമായിട്ടുള്ളത്.

താഴമൺ മഠം

കേരളത്തിലെ മറ്റ് തന്ത്രി കുടുംബങ്ങളിൽ നിന്നും വ്യത്യസ്തമായി ശബരിമല പോലെ ഒരു മഹാക്ഷേത്രത്തിന്റെ താന്ത്രികാവകാശം കൂടി ഉള്ളതിനാൽ(വേറെയും ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്) സമ്പത്തിലും പ്രാമാണിത്വത്തിലുമൊക്കെ മുൻനിരസ്ഥാനം താഴമൺ കുടുംബത്തിനാണ്. ചെങ്ങന്നൂരിനടുത്ത് മുണ്ടൻകാവ് ആസ്ഥാനമായുള്ള ഈ കുടുംബം ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലെത്തിയത് സാക്ഷാൽ പരശുരാമൻ വഴിയാണെന്നാണ് ഐതിഹ്യം. അതിങ്ങനെ:

കേരളം സൃഷ്ടിച്ച പരശുരാമൻ നാടിന്റെ സംരക്ഷണത്തിനായി മലയോരങ്ങളിൽ ശാസ്താക്ഷേത്രങ്ങളും ഇടനാടുകളിൽ ശൈവ-വൈഷ്ണവ ക്ഷേത്രങ്ങളും പണിതു. അവിടങ്ങളിൽ പൂജകളും മറ്റും നടത്തുന്നതിന്റെ ആവശ്യത്തിലേക്കായി ബ്രാഹ്മണകുടുംബങ്ങൾ ഇല്ലാതിരുന്നതിനാൽ ആന്ധ്രാപ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്ന് രണ്ട്  ബ്രാഹ്മണ കുടുംബങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നു. അവരുമായി യാത്ര ചെയ്യുമ്പോൾ കൃഷ്ണാനദി മുറിച്ചുകടക്കേണ്ടതായി വന്നപ്പോൾ അവരെ പരീക്ഷിക്കുവാൻ വേണ്ടി, നദി മുറിച്ചുകടക്കുവാൻ അവരോട് പരശുരാമൻ പറഞ്ഞു എന്നും, അപ്പോൾ കൂട്ടത്തിൽ ഒരാൾ വെള്ളത്തിന് മുകളിലൂടെ നടന്നു മറുകരയെത്തി എന്നും, അടുത്തയാൾ വെള്ളം വകഞ്ഞുമാറ്റി അടിത്തട്ടിലൂടെ നദികടന്നു എന്നുമാണ് ഐതിഹ്യം. ഇവരിൽ വെള്ളത്തിന് മുകളിലൂടെ നടന്നയാളെ തരണനല്ലൂർ എന്നും അടിത്തട്ടിലൂടെ നടന്ന് മറുകരയിലെത്തിയയാളെ താഴമൺ എന്നും വിളിച്ചതായും ഐതിഹ്യം പറയുന്നു.

ഇങ്ങനെ ആന്ധ്രാപ്രദേശിൽ നിന്നും കൊണ്ടുവന്ന ഇവർക്ക് ഒട്ടനവധി ക്ഷേത്രങ്ങളുടെ താന്ത്രികാവകാശം നൽകിയെങ്കിലും താഴമൺ മഠക്കാർ ശബരിമലയിൽ എത്തപ്പെട്ടത് 1902 ലെ തീപിടുത്തത്തെത്തുടർന്നാണെന്നാണ് പറയപ്പെടുന്നത്. 1902 ൽ കത്തിനശിച്ച ക്ഷേത്രം 1910 ൽ പുനർനിർമ്മിച്ചപ്പോൾ താഴമൺ മഠത്തിലെ കണ്ഠര് പ്രഭാകര് ആണ് പ്രതിഷ്ഠ നടത്തിയത്(താഴമൺ പുരുഷൻമാരെയൊക്കെയും പേരിന് മുമ്പിൽ കണ്ഠരര് എന്ന് ചേർത്താണ് വിളിക്കുന്നത്). അങ്ങനെയാണ് താഴമൺ മഠക്കാർക്ക് ശബരിമല താന്ത്രികാവകാശം ലഭിക്കുന്നത്. അത് പിന്നീട് പാരമ്പര്യാവകാശമായി മാറുകയായിരുന്നു.

പിന്നീട് 1950 ൽ വീണ്ടും ക്ഷേത്രം കത്തിയപ്പോൾ കണ്ഠര് ശങ്കരര് ആണ് രണ്ടാം പ്രതിഷ്ഠ നടത്തിയത്. കണ്ഠര് മഹേശ്വര്, കണ്ഠര് നീലകണ്ഠര്, കണ്ഠര് കൃഷ്ണര് എന്നിവരായിരുന്നു താഴമൺ മഠത്തിൽ നിന്നുള്ള ആദ്യകാല തന്ത്രിമാർ. ഇവരിൽ കണ്ഠര് നീലകണ്ഠര്ക്ക് ആൺമക്കളില്ലാതിരുന്നതിനാലാണ് മഹേശ്വരരുടെയും കൃഷ്ണരുടേയും മക്കളായ കണ്ഠരര് മോഹനരും കണ്ഠര് രാജീവരും ശബരിമലയിൽ തന്ത്രാധിപത്യം ഉറപ്പിക്കുവാൻ ഇടയായത്.

എന്നാൽ ഈ പാരമ്പര്യവാദികൾ, രാജ്യത്തിനകത്തും പുറത്തുമുള്ള കോടിക്കണക്കിന് അയ്യപ്പഭക്തരുടെ അകളങ്കിതമായ ഭക്തി കണ്ടില്ല. അഥവാ കണ്ടെങ്കിൽ തന്നെ അതിനുനേരെ നോക്കി കൊഞ്ഞനം കുത്തുകയാണ് ചെയ്തത്. ദേവതയുടെ പിതൃസ്ഥാനീയനാണ് തന്ത്രി എന്ന വിശ്വാസത്താൽ തന്ത്രിയെ ദേവതുല്യം കാണുകയും, ആ കാൽക്കൽ ഭക്ത്യാദരപൂർവ്വം കാണിക്കവെച്ച് നമസ്‌ക്കരിക്കുകയുമൊക്കെ ചെയ്യുന്ന പാവം ഭക്തരെ ക്രൂരമാംവിധം വഞ്ചിക്കുകയാണ് കണ്ഠരര് മോഹനരും കണ്ഠര് രാജീവരും ചെയ്തത്. ദൈവതുല്യം ഞങ്ങൾ ആരാധിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യുന്ന തന്ത്രിമാരെ ഉദാത്ത ഭക്തിയുടെ അനുകരണീയ മാതൃകകളായിട്ടാണ് അയ്യപ്പഭക്തർ പൊതുവേ നോക്കിക്കണ്ടുപോരുന്നത്. അതുകൊണ്ടുതന്നെ ഈ തന്ത്രിമാരിൽ നിന്നും സന്മാർഗ്ഗത്തിന്റെയും സദാചാരത്തിന്റെയുമൊക്കെ പ്രവർത്തികളാണ് ഭക്തർ പ്രതീക്ഷിക്കുന്നത്. അവിടെയാണ് താഴമൺ മഠത്തിലെ തന്ത്രിമാരായ കണ്ഠര് മോഹനരും കണ്ഠര് രാജീവരും കോടാനുകോടി അയ്യപ്പഭക്തരുടെ പ്രതീക്ഷകളേയും വിശ്വാസങ്ങളേയും തകർത്തുകളഞ്ഞത്.

അയ്യപ്പഭക്തർ ഏറ്റവും ആദരവോടെ കാണുന്ന തന്ത്രിമാരിൽ കണ്ഠര് മോഹനരാണ് ആദ്യമായി വിശ്വാസി സമൂഹത്തിന്റെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചത്. 2006 ജൂലൈ 23 ന് കുപ്രസിദ്ധ വനിതാകുറ്റവാളിയായ ശോഭാജോണും സംഘവും ഒരുക്കിയ കെണിയിൽ തന്ത്രി കണ്ഠര് മോഹനര് വീണപ്പോൾ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ പിതൃസ്ഥാനീയൻ അനാശാസ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട വാർത്ത മൂക്കത്തുവിരൽ വച്ചാണ് ഭക്തസമൂഹം കേട്ടത്. ശോഭയുടെ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയ മോഹനരെ ഒരു സ്ത്രീക്കൊപ്പം നഗ്നനാക്കി നിർത്തി ഫോട്ടോ എടുക്കുകയും, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 27.5 പവൻ സ്വർണ്ണാഭരണവും, ഇരുപതിനായിരം രൂപയും കൈക്കലാക്കി.
തുടർന്ന് ലൈംഗികാന്വേഷണക്കേസിൽ അകപ്പെട്ട മോഹനരെ ദേവസ്വം ബോർഡ് തന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പിന്നീട് പിതാവ് മഹേശ്വരർക്കൊപ്പം അയ്യപ്പന്റെ ശ്രീകോവിലിൽ പ്രവേശിച്ചതുപോലും വിവാദമായി. ഒരു സാധാരണപൗരനു ലഭിക്കുന്നതിനപ്പുറം പരിഗണനയൊന്നും മോഹനർക്ക് നൽകരുതെന്നായിരുന്നു ദേവസ്വം ബോർഡിന്റെ നിലപാട്. തുടർന്ന് വർഷങ്ങളോളം ശബരിമലയിൽ അവകാശങ്ങളൊന്നുമില്ലാത്ത താഴമൺ കുടുംബാംഗമായി മോഹനര് മാറി. തന്ത്രിസ്ഥാനം തിരികെ ലഭിക്കുന്നതിനായി മോഹനര് ഹൈക്കോടതിയേയും സുപ്രീംകോടതിയേയുമൊക്കെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. താന്ത്രികജ്ഞാനവുമായി ബന്ധപ്പെട്ടു പുറത്തുവന്ന വിവരങ്ങളും മോഹനർക്ക് ദോഷമായി മാറി. ശബരിമലയിലെ ക്രമക്കേടുകളെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് പരിപൂർണ്ണൻ കമ്മീഷനുമുൻപാകെ മോഹനര് നൽകിയ മൊഴികൾ പലതും വിശ്വാസികൾക്ക് മനോവേദനയുണ്ടാക്കുന്നതായിരുന്നു. അതാകട്ടെ അവരുടെ ഉള്ളിൽ അയ്യപ്പന്റെ പിതൃസ്ഥാനീയനായിരുന്ന മോഹനരെക്കുറിച്ച് വെറുപ്പുളവാക്കുകയും ചെയ്തു. സംസ്‌കൃതം പോലും അറിയാത്ത മോഹനർക്ക് ശബരിമലയിലെ ആചാരങ്ങളോ പൂജാവിധികളോ, എന്തിന് അയ്യപ്പന്റെ മൂലമന്ത്രം പോലും അറിയില്ലെന്നുള്ള ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. തുടർന്ന് ശബരിമലയിൽ പൂജാകർമ്മങ്ങൾ ചെയ്യുന്നതിന് മോഹനർക്ക് വിലക്കുണ്ടായി. നീണ്ട 12 വർഷങ്ങൾക്കുശേഷമാണ് ആ വിലക്കുകൾ മാറിയത്. അപ്പോഴും തന്ത്രി എന്ന നിലയിൽ മോഹനർക്ക് ശബരിമലയിൽ പ്രവേശനമുണ്ടായില്ല. പകരം മകൻ കണ്ഠര് മഹേഷ് മോഹനർ താഴമൺ മഠത്തിൽ നിന്നുള്ള തന്ത്രിയായി ശബരിമലയിലെത്തി.

ശബരിമലയ്ക്ക് കളങ്കവുമായി കണ്ഠര് രാജീവരും

വർഷങ്ങൾക്കുശേഷം താഴമൺ മഠത്തിലെ മറ്റൊരു തന്ത്രി കൂടി പരിപാവനമായ ശബരിമലയ്ക്ക് കളങ്കം വരുത്തി ജയിൽശിക്ഷയനുഭവിച്ചിരിക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റി എന്ന വിവാദനായകൻ നടത്തിയ ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് അയ്യപ്പഭക്തർ ദൈവതുല്യം കരുതിയിരുന്ന കണ്ഠര് രാജീവര് പൂജപ്പുര സെൻട്രൽ ജയിലിലെ 'സുഖസൗകര്യങ്ങൾ' മനസ്സിലാക്കിയത്.

ബിരുദാനന്തര ബിരുദധാരിയായ റിട്ട. കൃഷിവകുപ്പുദ്യോഗസ്ഥൻ രാജീവര്, അച്ഛൻ കണ്ഠര് കൃഷ്ണരർക്കൊപ്പം സഹായിയായിട്ടാണ് ശബരിമലയിൽ ആദ്യമായി എത്തുന്നത്. പിന്നീട് 90 മുതലാണ് മുഴുവൻ സമയപൂജാരിയായി മാറിയത്. ശബരിമലയിലെ താന്ത്രിക സ്ഥാനത്ത് 36 വർഷം പിന്നിട്ട രാജീവര്, സ്വർണ്ണക്കൊള്ളക്കേസ് മുറുകുമ്പോൾ പ്രധാന പ്രതിയായി മാറും എന്നാണ് നിയമവൃത്തങ്ങളിലെ സംസാരം. കാരണം ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നതും, അയാൾക്കവിടെ അമിതപ്രാധാന്യം നൽകിയതുമെല്ലാം തന്ത്രി രാജീവരാണെന്നാണ് കണ്ടെത്തൽ. ആ അമിത പ്രാധാന്യം ഉപയോഗിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നിട്ടുള്ള എല്ലാവിവാദ സ്വർണ്ണക്കൊള്ളയും നടത്തിയത്. അതേത്തുടർന്നാണല്ലോ രാജീവരേയും സ്വർണ്ണക്കൊള്ളക്കേസിൽ പ്രതി ചേർക്കുവാനും 41 ദിവസം ജയിലിലടയ്ക്കുവാനും എസ്.ഐ.ടി തയ്യാറായത്.

ഈ സംഭവം നടക്കുമ്പോൾ പഴയ വിവാദ തന്ത്രി കണ്ഠര് മോഹനരുടെ മകൻ കണ്ഠരര് മഹേഷ് മോഹനരായിരുന്നു ശബരിമല തന്ത്രി. ഊഴമനുസരിച്ച് ഇനി ഒരു വർഷം രാജീവരാണ് തന്ത്രിയാകേണ്ടത്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ തന്നെ ഒഴിവാക്കണമെന്നും പകരം തന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ട് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകി. ആ കത്തിന്റടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കുകയും ചെയ്തു.

ആ നിയമനമാണ് വിവാദമായി മാറിയിട്ടുള്ളത്. പാരമ്പര്യങ്ങളും മാമൂലുകളും പലതും പൊളിച്ചെഴുതിയ നാട്ടിൽ, ആ പാരമ്പര്യം പറഞ്ഞ്, കളങ്കിതനായ ഒരു വ്യക്തിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ആ വ്യക്തിയുടെ മകന് തന്ത്രിസ്ഥാനം കൊടുക്കേണ്ടതുണ്ടോ എന്നാണ് ചോദ്യമുയരുന്നത്. ശബരിമലയിൽ കാലങ്ങളായി തുടർന്നുവരുന്ന പതിവനുസരിച്ച് അങ്ങനെയാകാമെന്നിരിക്കിലും ഇവിടെ ഈ പ്രത്യേക സാഹചര്യത്തിൽ നിയമത്തിന് മുന്നിൽ കുറ്റാന്വേഷിതനും, പൊതുസമൂഹത്തിന് മുന്നിലും കളങ്കിതനുമായി നിൽക്കുന്ന രാജീവരുടെ അപേക്ഷ സ്വീകരിക്കാതിരിക്കാനുള്ള ധാർമ്മികത ദേവസ്വം ബോർഡ് കാട്ടണമായിരുന്നു എന്ന വാദമാണ് പൊതുവേ ഉയരുന്നത്. ഒപ്പം താഴമൺ മഠത്തിന്റെ താന്ത്രികാവകാശ കുത്തക ഇനിയും തുടരരുതെന്നും സംസാരമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img