12:06pm 13 November 2026
NEWS
വേനലവധി വെട്ടിക്കുറച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.
27/03/2026  11:46 AM IST
ചെറുകര സണ്ണിലൂക്കോസ്
വേനലവധി വെട്ടിക്കുറച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.

 

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനല്‍ അവധി ഒരു മാസമായി കുറച്ചുകൊണ്ട് ഉത്തരവിറങ്ങിയെന്ന തരത്തിലുള്ള സന്ദേശമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. ഈ വ്യാജ പ്രചാരണത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിയമ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

'മുൻ കാലങ്ങളിലെ പോലെ തന്നെയാണ് അവധി. ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത്. വിദ്യാർഥികള്‍, രക്ഷിതാക്കള്‍, അധ്യാപകർ എന്നിവർക്കിടയില്‍ അനാവശ്യമായ പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ്. നിലവിലെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് സർക്കാർ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി' പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.കെ‌ വാസുകി ഐഎഎസ് പറഞ്ഞു.

ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ അല്ലാതെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി വാർത്താക്കുറിപ്പിലൂടെ അഭ്യർഥിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img