
നവംബർ 11 ന് ഡെൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ഭീകരർ നടത്തിയ ചാവേർ ആക്രമണമാണെന്ന വാർത്ത രാജ്യം മുഴുവൻ അമ്പരപ്പോടെയാണ് കേട്ടത്. ഇന്ത്യയുടെ പരമാധികാരത്തിന്റെ പ്രതീകമാണ് ചെങ്കോട്ട. മുഗൾകാലത്തെ രാജധാനി, സ്വതന്ത്ര ഇന്ത്യയിൽ പ്രധാന മന്ത്രിമാർ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന സ്ഥാനം. ഇവിടെ സ്‌ഫോടനത്തിനായി തിരഞ്ഞെടുത്തത് രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധയാകർഷിക്കുന്നതിനുവേണ്ടിയായിരിക്കണം.
എത്ര പഴുതടച്ച സുരക്ഷാ സന്നാഹം ഒരുക്കിയാലും എത്ര തന്ത്രപ്രാധാന്യമുള്ള സ്ഥലത്തും ആക്രമണം നടത്താൻ തങ്ങൾ പ്രാപ്തരാണെന്നുള്ള വെല്ലുവിളിയും മുന്നറിയിപ്പുമാണ് ഭീകരർ സ്‌ഫോടനത്തിലൂടെ നൽകിയിരിക്കുന്നത്. ഡൽഹിയിലെ റെഡ്‌ഫോർട്ട്, മെട്രോ സ്റ്റേഷന് സമീപമുണ്ടായ ശക്തമായ കാർബോംബ് സ്‌ഫോടനത്തിൽ പന്ത്രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഫരീദാബാദിൽ ഡോക്ടറായ ഉമർ മുഹമ്മദിന്റെ ചാവേർ ആക്രമണമായിരുന്നു സ്‌ഫോടനം എന്നു കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ അബദ്ധത്തിൽ പൊട്ടിതെറിച്ചതാണോ? എന്ന സാധ്യതയും സംശയിക്കുന്നുണ്ട്. ഫരീദാബാദിലെ അൽഫലാഗ് മെഡിക്കൽ കോളേജിലെ ഡോക്ടറായ ഉമറിനും അറസ്റ്റിലായ ഡോക്ടർമാർക്കും ഭീകരസംഘടനകളായ ജയ്‌ഷെ മുഹമ്മദ്, അൻസർ ഗസ്‌വത്തുൽ ഹിന്ദ്(എ.ജി.എച്ച്) എന്നിവയുമായുള്ള ബന്ധം കണ്ടെത്താനായിട്ടുണ്ടെന്നാണ് വിവരം.
ജമ്മുകാശ്മീരിലെ പുൽവാമ സ്വദശിയായ ഡോക്ടർ മുസമ്മിൽ ഗനായുമായി ചാവേറായ ഡോക്ടർക്ക് ബന്ധം ഉണ്ടായിരുന്നതായി സംശയം ഉണ്ട്. ഡോ. മുസമ്മിൽ ധൗജിലെ അൽഫലാഹ് സർവ്വകലാശാലയിൽ ഡോക്ടറായിരുന്നു. ഇയാൾ ജെയ്‌ഷെ-ഇ- മുഹമ്മദിനെ പിന്തുണച്ച് ശ്രീനഗറിൽ പോസ്റ്റർ ഒട്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫരീദാബാദിൽ നടത്തിയ റെയ്ഡിൽ 2900 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയുണ്ടായി. ഈ റെയ്ഡ് നടന്ന അതേദിവസമാണ് ചെങ്കോട്ടയിലെ സ്‌ഫോടനം നടന്നത്.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കനത്ത പ്രഹരം ഏറ്റുവാങ്ങിയ ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയിൽ തങ്ങളുടെ സാന്നിദ്ധ്യം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായും ഒക്‌ടോബറിൽ ജമാഅത്ത്- ഉൽ-മോമി നാത്താ എന്ന പേരിൽ ആദ്യത്തെ വനിതാവിഭാഗം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്. ജെയ്‌ഷെ ഇ.എം.സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന വനിതാ വിഭാഗമായ ജമാഅത്ത് ഉൽ-മോമി നാത്തിന്റെ ഇന്ത്യൻ ബ്രാഞ്ചിന്റെ ചുമതല നൽകപ്പെട്ട ലഖ്‌നൗ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോ. ഷഹിൻ ഷാഹിദ് ഫരീദാബാദ് റെയ്ഡിനെ തുടർന്ന് അറസ്റ്റിലായിട്ടുണ്ട്. ചാവേറായ ഡോക്ടർക്ക് ഒരാഴ്ച മുമ്പ് അറസ്റ്റിലായ അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ(ജി.എം.സി) മുൻ സീനിയർ റസിഡന്റ് ഡോക്ടറായ അദീൽ അഹമ്മദ് റാത്തറുമായും ബന്ധം ഉണ്ടായിരുന്നതായി അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഫരീദാബാദിലെ അൽ-ഫലാഹ് സർവ്വകലാശാലയിൽ നിന്ന് അറസ്റ്റിലായവരാണ് മുസമ്മിൽ ഷക്കീൽ, ഉമർ മുഹമ്മദ് എന്ന ഡോക്ടർമാരും വനിതാഡോക്ടർ ഷഹീൻ ഷാഹിദും.
ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരവാദസംഘടനയ്ക്ക് ഇന്ത്യക്കകത്ത് ഉന്നതവിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളെവരെ ചാവേറായി ലഭിക്കുന്നു എന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് വലിയ വെല്ലുവിളിയാണ്. രാജ്യം സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കുകയും ഭീകരർ നമ്മുടെ പൗരന്മാരെ സ്വാധീനിക്കുന്നതിന് സാധ്യതയുള്ള വഴികൾ കണ്ടെത്തി അടയ്ക്കുകയും വേണം. എന്തൊക്കെയാണെങ്കിലും ഇന്ത്യ ഇത്തരം ഛിദ്രശക്തികളുടെ ഒളിപ്പോരുകളെ അതിജീവിക്കുകതന്നെ ചെയ്യും.










