10:28pm 21 September 2026
NEWS
''ആസൂത്രിത ലക്ഷ്യമാണ് എനിക്കെ തിരെയുള്ള അപവാദ പ്രചരണം'' -കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ
01/10/2025  08:42 PM IST
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
ആസൂത്രിത ലക്ഷ്യമാണ് എനിക്കെ തിരെയുള്ള അപവാദ പ്രചരണം -കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ

സൈബർലോകത്ത് ആർക്കും ആർക്കെതിരെയും ആക്രമണങ്ങൾ നടത്താനാവുന്ന സ്ഥിതിവിശേഷമാണുള്ളത്. സത്യമായാലും അസത്യമായാലും ആദ്യം പ്രചരിക്കുന്ന കാര്യങ്ങളാണ് ലോകത്താകമാനം വ്യാപിക്കുക. സത്യം ചെരിപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ പാതിദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുമെന്നത് പതിരില്ലാത്ത പഴഞ്ചൊല്ലാണ്. 
സൈബർ ഇടങ്ങളിൽ പ്രചരിക്കുന്ന ഏതൊരു കാര്യത്തിന്റേയും സത്യമോ ന്യായമോ സാഹചര്യമോ അവസ്ഥകളോ അ്‌ന്വേഷിക്കാതെ ഫോർവേർഡ് ബട്ടൺ ക്ലിക്ക് ചെയ്യുന്നവരാണ് ഭൂരിപക്ഷവും. അപരന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനിഷ്ടമുള്ള മനസ്സുകൾക്ക് നൂറുമേനി വിളവ് നൽകുന്ന വയലാണ് സൈബർ ലോകത്തെ സാമൂഹ്യ മാധ്യമങ്ങൾ.  ഭൂമി സൂര്യനെ ചുറ്റുന്നതുപോലെ ലോകമിപ്പോൾ സാമൂഹ്യ മാധ്യമങ്ങളെയാണ് ചുറ്റുന്നത്. സാമൂഹ്യ മാധ്യമങ്ങൾ കൈപ്പിടിയിലൊതുക്കിയവർക്കാണ് ആധിപത്യം!

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ചതാണ് വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ട് പ്രചരിച്ച കാര്യങ്ങൾ. പാർട്ടിയിലെ ഒരു ഉന്നത പ്രവർത്തകയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പേര് എതിരാളികൾ പ്രചരിപ്പിച്ചത്. കേരളത്തിലെ ഭരണപക്ഷത്തെ നിയന്ത്രിക്കുന്ന  പ്രധാന പാർട്ടിയായ സി.പി.ഐ.(എം) ന്റെ പ്രമുഖ എം എൽ എമാരിൽ ഒരാളെന്ന നിലയിൽ കെ എൻ ഉണ്ണികൃഷ്ണൻ തനിക്കെതിരേ വന്ന അപവാദ പ്രചരണത്തെക്കുറിച്ച് 'കേരളശബ്ദം' ലേഖകൻ മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയോട് മനസ്സു തുറക്കുന്നു: 

തേജോവധം ചെയ്യുന്ന അപവാദ പ്രചരണം 

 സമൂഹമാധ്യമങ്ങളിലൂടെ എനിക്കെതിരെ വന്ന അപവാദപ്രചരണങ്ങൾ അടിസ്ഥാന രഹിതവും വ്യാജവുമാണ്. ഈ സംഭവം എനിക്കെതിരെ മാത്രമല്ല മറ്റൊരു മഹതിയുമായി കൂടി ചേർത്താണ് പുറത്തുവന്നത്. അതുകൊണ്ടുതന്നെ അതിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. 
വ്യക്തികളെ തേജോവധം ചെയ്യുകയും അവരുടെ പൊതുജീവിതത്തെ കളങ്കപ്പെടുത്തുന്നതുമാണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ. രാഷ്ട്രീയ പാർട്ടി നേതാക്കൾ മാത്രമല്ല സാമൂഹ്യ നേതാക്കൾ ഉൾപ്പെടെ ഇതിനെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. 
ഈ സംഭവം എന്റെ ശ്രദ്ധയിൽപ്പെടുന്നത് സെപ്റ്റംബർ 11-ാം തിയതിയാണ്. പറവൂരിലെ കോൺഗ്രസിന്റെ നേതാവും അവരുടെ ഫേസ്ബുക്കും അക്കൗണ്ടും മറ്റു സമൂഹ മാധ്യമങ്ങളും കൈകാര്യം ചെയ്യുന്ന സി.കെ. ഗോപാല കൃഷ്ണനെന്ന ആളാണ് പേര് വെക്കാതെ അപവാദം ആദ്യം പ്രചരിപ്പിച്ചത്. പേരുകളില്ലെങ്കിലും സൂചനകളുടെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ഊഹിച്ചാൽ ആരൊക്കെയെയാണ് അപവാദത്തിൽ ഉദ്ദേശിച്ചിരിക്കുന്നതെന്ന് തിരിച്ചറിയാനാവും. ഫേസ്ബുക്കിൽ വന്ന പോസ്റ്റാണ് എന്റെ ശ്രദ്ധയിൽപ്പെടുന്നത്. 

ആരുടെയും പേര് അപവാദ പ്രചരണത്തിൽ ഇല്ല എന്നതിനാൽ പ്രത്യേകിച്ച് ആരുടേയും പേരിൽ കേസ് കൊടുക്കാനുള്ള സാധ്യതകൾ ഇല്ലായിരുന്നു. അതുകൊണ്ട് അതിനെ അവഗണിക്കാനാണ് ആദ്യം ശ്രമിച്ചത്. പക്ഷേ 18-ാം തീയതി ആയപ്പോഴേക്കും അപവാദത്തിന് ശക്തി കൂടുകയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളും നടക്കാൻ തുടങ്ങി. ആ സമയത്ത് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. 

സെപ്റ്റംബർ 17-ന് 'പ്രതിപക്ഷം' എന്ന യൂട്യൂബ് ചാനലിൽ ഷാജഹാൻ നടത്തിയ പരാമർശങ്ങൾ എന്നെ വളരെയധികം വേദനിപ്പിക്കുകയുണ്ടായി. വളരെ മൃഗീയവും ഏറ്റവും നീചമായും ഒരു സാധാരണ മനുഷ്യനോട് പോലും ചെയ്യാൻ പാടില്ലാത്ത വിധത്തിലുള്ള മ്ലേച്ഛമായ രീതിയാണ് അദ്ദേഹം അവലംബിച്ചത്. ഏത് മനുഷ്യനും സഹിക്കാൻ കഴിയാത്ത കാര്യമായിരുന്നു അത്. അതോടെയാണ് ഇത്തരം അപവാദം വെറുതെ വിട്ടുകൊടുത്തുകൂടാ എന്ന് ചിന്തിക്കേണ്ടിവന്നത്. 

പ്രതിപക്ഷം യൂട്യൂബ് ചാനലിന് പിന്നാലെ മറ്റു ചില യൂട്യൂബുകളും ചില പത്രങ്ങളുമൊക്കെ എന്റെ പേരുവെച്ചും ഫോട്ടോ ഉപയോഗിച്ചും ഇതേ അപവാദം അവതരിപ്പിച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വ്യക്തികളും ചില പ്രസ്ഥാനത്തിന്റെ നേതാക്കളുമെല്ലാം എന്റെ പേരും പടവും വെച്ച് ഫോർവേഡ് ചെയ്യാൻ തുടങ്ങി. ആ സമയത്താണ് ഞാനിതിൽ ഇടപെടണമെന്ന് കരുതിയതും എന്റെ പാർട്ടി നേതൃത്വത്തെ ഈ കാര്യങ്ങൾ അറിയിക്കുകയും ചെയ്തത്. 

പാർട്ടിയുടേയും നേതാക്കളുടെയും കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 18-ാം തീയതി വൈകുന്നേരത്തോടെ എന്റെ നിരപരാധിത്വം ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി ഫേസ്ബുക്കിൽ ഞാനൊരു പോസ്റ്റിട്ടത്. ഇതുതന്നെ മാധ്യമങ്ങൾക്കും നൽകി. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്ന പ്രാഥമിക കാര്യം വിലമതിച്ച് എല്ലാ മാധ്യമങ്ങളും പ്രസ്തുത വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. 
നേരത്തെ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ എന്നെ തെറ്റിദ്ധരിച്ച കുറേ പേരുടെയങ്കിലും തെറ്റിദ്ധാരണ മാറാൻ എന്റെ പോസ്റ്റും മാധ്യമ വാർത്തകളും സഹായിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. 

പൊലീസിൽ പരാതി നൽകുന്നു

സെപ്റ്റംബർ 18-നുതന്നെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും ആലുവ എസ് പിക്കും വൈപ്പിൻ ഉൾപ്പെടുന്ന മുനമ്പം ഡി വൈ എസ് പിക്കും പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ മൊഴിയെടുക്കാൻ എവിടെ വരണമെന്ന് പൊലീസ് അന്വേഷിച്ചപ്പോൾ താനവടേക്ക് വരാമെന്നായിരുന്നു പറഞ്ഞത്. 
സെപ്റ്റംബർ 19-ന് കോവളത്ത് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ കോൺക്ലേവിൽ പങ്കെടുത്തപ്പോൾ മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നു. നിയമസഭ കഴിഞ്ഞ് തിരികെ എത്തിയ ദിവസം പൊലീസിന് മൊഴി നൽകുകയും, തിരിച്ചറിയാനാവുന്ന തെളിവുകളെല്ലാം കൈമാറുകയും ചെയ്തു. അതിനു പുറമേ ശ്രദ്ധയിൽപ്പെട്ട കാര്യങ്ങളും വിശദീകരിച്ചു.  അപവാദം ഷെയർ ചെയ്ത നൂറോളം ആളുകളെ പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. അവരെയെല്ലാം പൊലീസ് ചോദ്യം ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അപ്പോൾ സത്യം പുറത്തുവരും. 

രാഷ്ട്രീയമാണ് കാരണം

കോൺഗ്രസിന്റെ പല നേതാക്കളും അനുയായികളും ഡി സി സി അംഗങ്ങൾ, മണ്ഡലം സെക്രട്ടറിമാർ, അവരുടെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങിയവയാണ് കൂടുതലായും ഈ അപവാദം പ്രചരിപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്നത്. രാഷ്ട്രീയമായ ഒരു തലം കൂടി ഇതിനു പിന്നിലുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരണം നിയമസഭയിൽ ഞങ്ങളുടെ സഹപ്രവർത്തനായ കോൺഗ്രസിലെ രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയം കോൺഗ്രസ് രാഷ്ട്രീയത്തിന് വന്ന അധ:പതനമോ അജീർണ്ണതയോ കാണിക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ ഭാവിയുണ്ടായിരുന്ന ചെറുപ്പക്കാരന് വന്നുചേർന്ന അപചയങ്ങളും അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ നിന്നുമെല്ലാം മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ നേതാവെന്ന നിലയിൽ എനിക്കെതിരെ ആരോപണം ഉയർത്തിയിട്ടുണ്ടാവുക. ഞാനങ്ങനെയാണ് കാണുന്നത്. 

ഷാജഹാന്റെ രാഷ്ട്രീയം

എന്നെ അത്ഭുതപ്പെടുത്തിയ കാര്യമെന്നു പറഞ്ഞാൽ ഷാജഹാൻ നടത്തിയ പരാമർശങ്ങളാണ്. അദ്ദേഹം പറവൂരിൽ നിന്നും എത്രയോ ദൂരെ താമസിക്കുന്ന ആളാണ്. കാര്യങ്ങളും വിവരങ്ങളും ലഭ്യമാകാൻ അഞ്ചുമിനുട്ടോ നിമിഷങ്ങളോ മതിയെങ്കിലും പറവൂരിന്റെ ഭൂമിശാസ്ത്രം, അപവാദത്തിന് ഇരയായ വനിത താമസിക്കുന്ന പ്രദേശം എന്നിവയെക്കുറിച്ച് യാതൊരു അറിവും വിവരവുമില്ലാത്ത വ്യക്തിയായിട്ടും തത്സമയം നടന്ന കാര്യം പോലെ വിശ്വസനീയമായ രീതിയിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. 

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ദേശാഭിമാനിയുടെ ജീവനക്കാരനുമൊക്കെയായിരുന്നുവല്ലോ ഷാജഹാൻ. മലപ്പുറത്തു നടന്ന സി പി എം സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ ശത്രുവിന് ചോർത്തിക്കൊടുത്തതിന്റെ പേരിൽ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്ത് നടപടികൾ വിധേയനായ ആളാണ് അദ്ദേഹം. അന്നുമുതൽ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിക്കും ഇടതുപക്ഷക്കാർക്കും എതിരായി തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങൾക്ക് സമൂഹത്തിലുള്ള അന്തസ്സ് കളഞ്ഞു കുളിക്കുന്ന വിധത്തിൽ ഏറ്റവും മോശമായ രീതിയിലാണ് അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും വരുന്നത്. 

അദ്ദേഹത്തിന്റെ കൂടെ അന്ന് പ്രവർത്തിച്ചവരിൽ ചിലരോ അല്ലെങ്കിൽ രാഷ്ട്രീയമായി നമ്മെ തകർക്കണമെന്ന് ചിന്തിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയം സ്വീകരിച്ചിട്ടുള്ളവരോ ആയ ചിലരെങ്കിലും ഷാജഹാനുമായി എന്തെങ്കിലും ബന്ധങ്ങൾ പുലർത്തുന്നവരിലുണ്ട്. അവരുടെ പേരൊന്നും ഇപ്പോൾ വ്യക്തമാക്കുന്നില്ല. 
അന്നത്തെ കാലത്ത് ഷാജഹാന് ബന്ധമുണ്ടായിരുന്ന, ഇന്നത്തെ മുഖ്യമന്ത്രി പിണറായിക്കെതിരായി നിലപാട് സ്വീകരിക്കുന്ന ആളുകളുമായി ചേർന്ന ഒരു അച്ചുതണ്ട് പ്രവർത്തിക്കുന്നുണ്ട്. അതിന് കോൺഗ്രസുമായും ബി ജെ പിയുമായും പാർട്ടിയിൽ നിന്നും പുറന്തള്ളിയവരുമായും ബന്ധമുണ്ടാകാം. പാർട്ടിക്കകത്തുള്ളവരെന്ന് പറയുന്നില്ല. അവരിൽ നിന്നും അച്ചാരം വാങ്ങി എഴുതിയതായിരിക്കാം. 

പണ്ടത്തെ പത്രപ്രവർത്തനം എന്നാൽ സത്യസന്ധവും വിശ്വാസവുമുണ്ടായിരുന്നു. ഇന്നത്തെ പത്രപ്രവർത്തനമെന്നു പറഞ്ഞാൽ പത്രസ്ഥാപനങ്ങൾ തന്നെ കോർപറേറ്റ് താത്പര്യത്തിന് അനുകൂലമയാരിക്കുകയാണ്. അതുകൊണ്ട് സത്യസന്ധതയ്‌ക്കൊന്നും അതിൽ സ്ഥാനമുണ്ടെന്ന് കരുതുന്നില്ല. വാർത്തകൾ സൃഷ്ടിക്കുക അത് പ്രചരിപ്പിക്കുക എന്നതാണ് രീതി. അതിന്റെ ചുവടുപിടിച്ചിട്ടാണ് ഈ അപവാദവും നടത്തിയിട്ടുള്ളത്. കൂലിയെഴുത്ത് എന്നാണതിനെ പറയുക. അത് അങ്ങേയറ്റം തരം താണ പരിപാടിയാണെന്നാണ് എന്റെ പക്ഷം. മറ്റു മാധ്യമ പ്രവർത്തകർക്കും അപമാനമുണ്ടാക്കുന്ന പത്രപ്രവർത്തന രീതിയാണ് അത്.

തെരഞ്ഞെടുപ്പും മണ്ഡലങ്ങളും എതിരാളികളുടെ ലക്ഷ്യം

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഇത്തരം ശക്തികൾ ലക്ഷ്യംവെക്കുന്നുണ്ടോ എന്നു ഞാൻ സംശയിക്കുന്നുണ്ട്. ഞാനിപ്പോൾ വൈപ്പിൻ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഒരാളാണ്. വൈപ്പിൻ മണ്ഡലത്തിൽ ഒരു നൂറു കൊല്ലത്തിനിടയിൽ നടക്കാത്ത വികസന പ്രവർത്തനങ്ങൾക്കാണ് ഞാൻ നേതൃത്വം നൽകി ക്കൊണ്ടിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ഞാനവിടെ മത്സരിക്കുമോ ഇല്ലയോ എന്നൊക്കെ പാർട്ടി നേതൃത്വം തീരുമാനിക്കുന്ന കാര്യങ്ങളാണ്. വ്യക്തിപരമായി ഞാൻ തീരുമാനിക്കേണ്ട കാര്യമല്ല. 
ഞാനവിടെ വേരുറച്ച് മത്സരിച്ച് വീണ്ടും ജയിക്കുമോ എന്ന് കരുതുന്ന രാഷ്ട്രീയ എതിരാളികളും അല്ലാത്തവരുമൊക്കെ ഉണ്ടാകാം. അതിന് ഇട നൽകാതിരിക്കാനും എന്നെ മാനസികമായി തകർക്കാനുമാണ് ഇത് ചെയ്തിരിക്കുന്നത്. 

അതുപോലെ അപവാദത്തിൽ ചേർത്തു പറഞ്ഞിരിക്കുന്ന വനിത പാർലമെന്റിലേക്ക് മത്സരിച്ചതാണ്. അവർ നിർഭാഗ്യവശാൽ പരാജയപ്പെട്ടെങ്കിലും സ്വാഭാവികമായും പ്രധാനപ്പെട്ട വനിതാ വ്യക്തിത്വം എന്ന നിലയിൽ അവർക്കും മത്സരിക്കാൻ പാർട്ടി സീറ്റ് കൊടുക്കുമോ എന്ന ആശങ്കയും ഉണ്ടാവാം. വൈപ്പിനിലോ പറവൂരിലോ എറണാകുളം ജില്ലയിൽ എവിടെ വേണമെങ്കിലും അവർ മത്സരിച്ചേക്കാം. പറവൂർ മണ്ഡലവും വൈപ്പിൻ മണ്ഡലവുമാണ് എതിരാളികൾ ടാർഗെറ്റ് ചെയ്തിരിക്കുന്നത്. 

അരനൂറ്റാണ്ട് നീളുന്ന രാഷ്ട്രീയം

 അടിയന്തരാവസ്ഥയ്ക്ക് മുമ്പ് 1974-ൽ ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കെ എസ് എഫ് ഐയിലൂടെയാണ് ഞാൻ രംഗത്തു വരുന്നത്. സ്‌കൂൾ യൂണിറ്റ് ഭാരവാഹിയും എറണാകുളം നഗരത്തിൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. എസ് എഫ് ഐയുടെ അന്നത്തെ ജില്ലാ കമ്മിറ്റി അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് പഠനത്തിന് ശേഷം ഡി വൈ എഫ് ഐയുടെ നഗരത്തിലെ പ്രവർത്തകനായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു. പത്തു വർഷത്തോളം ബ്ലോക്ക് കമ്മിറ്റിയുടെ ഭാരവാഹിയായിട്ടുണ്ട്. അതിനു ശേഷം ലോക്കൽ കമ്മിറ്റിയിലെ സെക്രട്ടറി, ഏരിയ കമ്മിറ്റിയിലെ പ്രധാന പ്രവർത്തകൻ തുടങ്ങി ഏരിയാ കമ്മിറ്റിയിലെ സെക്രട്ടറിയായി പത്തു വർഷം പ്രവർത്തിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് വർഷം എറണാകുളം നഗരത്തിൽ പ്രവർത്തിച്ചിട്ടുള്ള ദീർഘകാലത്തെ രാഷ്ട്രീയ ജീവിതവുമുണ്ട്. 1988-ൽ കൊച്ചിൻ കോർപ്പറേഷൻ കൗൺസിലറായിരുന്നു. ഒരു തരത്തിലുമുള്ള ആരോപണങ്ങൾക്കും വിധേയമായിട്ടില്ല. ഈ അൻപത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ പാർട്ടിയിൽ നിന്നോ മറ്റിടങ്ങളിൽ നിന്നോ നടപടിക്ക് വിധേയനായിട്ടില്ല.

ഗീബൽസിയൻ തന്ത്രം

ഇതൊരു ഗീബൽസിയൻ തന്ത്രത്തിന്റെ രീതിശാസ്ത്രമാണ്. ഒരു നുണ നൂറുവട്ടം ആരോപിച്ചാൽ അത് ശരിയെന്ന് ജനങ്ങൾക്ക് തോന്നുമെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷ്യമിട്ട് ചെയ്ത ആസൂത്രിതവും സംഘടിതവുമായ നീക്കം. 
രാഷ്ട്രീയം ലക്ഷ്യം തന്നെയായിരിക്കണം ആരോപണങ്ങൾക്ക് പിന്നിലുള്ളത്. അല്ലെങ്കിൽ ഷാജഹാനെപ്പോലുള്ള ആളുകളെ അവർ തെരഞ്ഞെടുക്കില്ല. സർക്കാറിന്റെ വക്താവെന്ന നിലയിൽ തന്നെ താറടിച്ചു കാണിക്കാനാണ് അവർ ശ്രമിക്കുന്നത്. 

പൊലീസ് അന്വേഷിക്കട്ടെ 

അന്വേഷണത്തിന് പൊലീസിന്റെ നല്ലൊരു ടീമിനെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ആലുവ എസ് പി, ഡി വൈ എസ് പി, ഞാറക്കൽ സി ഐ, സൈബറിൽ നിന്ന് പ്രധാന ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. അവർ കൃത്യമായ നടപടിയിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

തകർക്കരുത് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌ക്കാരം

കേരളത്തിന് നല്ലൊരു രാഷ്ട്രീയ സംസ്‌ക്കാരമുണ്ട്. എത്ര ഭിന്നാഭിപ്രായമുണ്ടായാലും പ്രത്യയശാസ്ത്ര തർക്കമുണ്ടായാലും എല്ലാവരോടും സ്‌നേഹത്തോടും പരസ്പര ബഹുമാനത്തോടെയും പെരുമാറുന്ന നല്ലൊരു രാഷ്ട്രീയ സംസ്‌ക്കാരമാണത്. മതേതരവും ജനാധിപത്യപരവുമായ സംസ്‌ക്കാരം കൂടിയാണത്. അതിന്റെ വേരറുക്കുന്ന തരത്തിലാണ് ഇപ്പോഴുണ്ടായ അപവാദങ്ങൾ വന്നിരിക്കുന്നത്. അതുകൊണ്ടാണല്ലോ കെ മുരളീധരനെപ്പോലുള്ള നേതാക്കൾ ഇതാര് ചെയ്താലും അതൊക്കെ തെറ്റാണെന്നും നിർത്തണമെന്നുമൊക്കെ പറഞ്ഞത്. 
എന്നെ നിരവധി കോൺഗ്രസ് നേതാക്കൾ വിളിച്ചിട്ടുണ്ട്. തങ്ങൾക്കിതിൽ ബന്ധമില്ലെന്ന് അവർ പറയാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ബന്ധമില്ലെന്ന് പറയേണ്ടത് പറവൂരിന്റെ എം എൽ എ കൂടിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. അദ്ദേഹം തള്ളിപ്പറയുകയും നിഷേധിക്കുകയും വേണം. അവരുടെ പാർട്ടിയിൽ ആരെങ്കിലും ഇതുപോലെ ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ പേരിൽ നടപടിയെടുക്കണം. ജില്ലാ കോൺഗ്രസ് നേതൃത്വവും സംസ്ഥാന നേതൃത്വവും ഇതൊന്നും  പാടില്ലെന്ന് പരസ്യമായി പറയണമായിരുന്നു. അതാരും ചെയ്തിട്ടില്ല. അതാണ് സങ്കടപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img