10:02am 21 July 2024
NEWS
'ബോക്സ്‌ ഓഫീസ് സുൽത്താന്റെ' 'ദി ഡെവിൾ' ക്രൂരകൃത്യങ്ങൾ
12/06/2024  11:15 AM IST
വിഷ്ണുമംഗലം കുമാർ
'ബോക്സ്‌ ഓഫീസ് സുൽത്താന്റെ' 'ദി ഡെവിൾ' ക്രൂരകൃത്യങ്ങൾ

അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റാക്കുന്ന കന്നഡത്തിലെ ചാലഞ്ചിങ് സ്റ്റാർ ദർശന് സിനിമാലോകത്തുള്ള മറ്റൊരു വിശേഷണമാണ് ബോക്സ് ഓഫീസ് സുൽത്താൻ!.സദാ കൂടെ നടക്കുന്ന വളരെ അടുത്ത അനുചരവൃന്ദത്തിൽ താരം വിശേഷിപ്പിക്കപ്പെടുന്നത് ഡി- ബോസ് എന്നാണ്.              ദർശൻ നായകവേഷം ചെയ്ത എഴുപത്തഞ്ചോളം സിനിമകളിൽ ഒട്ടുമിക്കതും   വൻസാമ്പത്തിക വിജയം നേടിയവയാണ്. ഉയർന്ന  വിപണിമൂല്യവും വിപുലമായ ആരാധക വൃന്ദവുമുള്ള     സൂപ്പർതാരമാണ് ദർശൻ. എന്നാൽ ജീവിതത്തിൽ ഇദ്ദേഹം ക്രൂരതയുടെ പര്യായമായ കൊടുംവില്ലനാണ്. ആ ക്രൂരതയാണ് കർണാടകത്തെ ഞെട്ടിച്ച ഒരു പാവം യുവാവിന്റെ ദാരുണ കൊലപാതകത്തിൽ എത്തിനിൽക്കുന്നത്. നടിയും മോഡലും ഫാഷൻ ഡിസൈനറുമായ പവിത്ര ഗൗഡയുമായി ദർശനുള്ള വഴിവിട്ട ബന്ധമാണ് ചിത്രദുർഗ്ഗ സ്വദേശിയായ രേണുകസ്വാമി എന്ന യുവാവ് നിഷ്ക്കരുണം വധിക്കപ്പെട്ടതിന്റെ അടിസ്ഥാന കാരണം. 

കൊല്ലപ്പെട്ട രേണുകസ്വാമി ദർശന്റെ കടുത്ത ആരാധകനായിരുന്നു എന്നതാണ് മറ്റൊരു വൈരുധ്യം. പവിത്ര ഗൗഡയ്ക്ക് ദർശനുമായുള്ള അതിരുവിട്ട  ബന്ധം രേണുകസ്വാമിയ്ക്ക് ഇഷ്ടമായിരുന്നില്ല. തന്റെ ആരാധനാബിംബമായ താരത്തിന്റെ കുടുംബജീവിതം തകർക്കുന്നത് ആ നടി യാണെന്നായിരുന്നു രേണുക സ്വാമിയുടെ ആക്ഷേപം. കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാട്സ്ആപ്, ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ പവിത്ര ഗൗഡയ്ക്ക് രേണുകസ്വാമി അയക്കാറുണ്ടായിരുന്നു. ദർശന്റെ ഭാര്യ വിജയലക്ഷ്മിയും പവിത്ര ഗൗഡയും തമ്മിലുള്ള സോഷ്യൽ മീഡിയാവഴക്കിൽ പവിത്ര ഗൗഡയെ കുറ്റപ്പെടുത്തി ക്കൊണ്ട് രേണുകസ്വാമി അശ്ലീലച്ചുവയുള്ള കമന്റിട്ടതാണ് അവർക്കും ദർശനും അയാളോട് അടങ്ങാത്ത പകയുണ്ടാകാനും ഇരുവരും പ്രകോപിതരാകാനും കാരണം. 

ദർശനും പവിത്ര ഗൗഡയും കൊലപാതകത്തിൽ പങ്കാളികളായ മറ്റ് പതിനൊന്നു പേരും അറസ്റ്റിലായിട്ടുണ്ട്. പവിത്ര ഗൗഡയാണ് ഒന്നാം പ്രതി. ദർശൻ രണ്ടാംപ്രതിയും. ദർശന്റെ അടുത്ത സുഹൃത്തുക്കളും അനുയായികളുമാണ് മറ്റു പതിനൊന്നു പേരും. എല്ലാ പ്രതികളെയും കോടതി ആറുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കന്നഡത്തിലെ പഴയ കാല നടനായ തൂഗുദീപ ശ്രീനിവാസിന്റെ മകനാണ് ദർശൻ. പിതാവ് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പേരെടുത്ത അഭിനേതാവാണെങ്കിലും(1995ൽ അന്തരിച്ചു) ദർശൻ ലൈറ്റ് ബോയ് ആയാണ് സിനിമാരംഗത്തെത്തുന്നത്. പിന്നീട് പ്രമുഖ ഛായാഗ്രഹകൻ ബി സി ഗൗരീശങ്കറിന്റെ സഹായിയായി. തുടർന്നാണ് അഭിനയരംഗത്തേക്ക് കടന്നത്.

2001 ൽ പുറത്തുവന്ന മെജസ്റ്റിക് ഹിറ്റായതോടെ താരപരിവേഷം കൈവന്നു. പിന്നീട് ചെയ്ത സിനിമകൾ തുടർച്ചയായി ഹിറ്റായി.          ചാലഞ്ചിങ്  സ്റ്റാർ എന്ന വിശേഷണത്തോടെ ദർശന്റെ ഗ്രാഫ് കുതിച്ചുയർന്നു. 2003ൽ ആണ് ദർശൻ വിവാഹിതനായത്. ഭാര്യ വിജയലക്ഷ്മി. ഒരു മകനുണ്ട്. വിവാദങ്ങളും ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും താരമായതുമുതൽ ദർശന്റെ ജീവിതത്തിൽ കൂടെയുണ്ട്. ഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ 2011 ൽ താരം പതിനാല് ദിവസം ജയിലിൽ കിടന്നിട്ടുണ്ട്. ആ കേസ് കോടതിയ്ക്ക് പുറത്ത് ഒത്തുതീരുകയായിരുന്നു. 2016 ൽ ഭാര്യ വിജയലക്ഷ്മി വീണ്ടും പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ പരാതിപ്പെട്ടിരുന്നു. നടി പവിത്ര ഗൗഡയുമായി ദർശനുള്ള വഴിവിട്ട ബന്ധമായിരുന്നു അതിന്റെ കാരണം.                  

വന്യജീവികളോട് വലിയ ആസക്തിയുള്ള ദർശൻ മൈസൂരുവിനടുത്തുള്ള മലവള്ളിയിൽ സ്വന്തമായൊരു മൃഗശാല നടത്തുന്നുണ്ട്. അവിടേക്ക് ഒരു പുലിക്കുട്ടിയെ 'ദത്തെടുത്തത്' വിവാദമായിരുന്നു. 2021 ൽ മൈസൂരുവിലെ ഒരു ഹോട്ടൽ വെയിറ്ററെ മർദ്ദിച്ച സംഭവം, നിർമ്മാതാവിനെ ഭീഷണിപ്പെടുത്തിയത്, വീടിനടുത്ത് കാർ പാർക്ക് ചെയ്ത അഭിഭാഷകയെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചത്, ബംഗളുരു രാജാജിനഗറിലെ ഹോട്ടലിൽ ഒരു സിനിമയുടെ വിജയത്തിന്റെ പേരിൽ സുഹൃത്തുക്കളോടൊപ്പം നടത്തിയ 'ആഘോഷം' അതിരുകടന്നത്, അങ്ങിനെ ദർശന്റെ പേരിൽ വിവാദങ്ങളുടെയും കേസ്സുകളുടെയും പരമ്പര തന്നെയുണ്ട്. കഴിഞ്ഞ വർഷം ജനവരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ താരത്തിന്റെ മൈസൂരുവിലെ ഫാംഹൗസ് റെയിഡ് ചെയ്ത് അപൂർവ്വ പക്ഷികളെയും ജീവികളെയും പിടിച്ചെടുത്തിരുന്നു. അതിന്റെ പേരിലും കേസ്സുണ്ട്. 

ഈ വർഷം ജനവരിയിലാണ് 'ഞങ്ങളുടെ ബന്ധം പത്തുവർഷം പൂർത്തിയായി. ജീവിതകാലം വരെ തുടരും' എന്ന അടിക്കുറിപ്പോടെ ദർശനോടൊപ്പമുള്ള വീഡിയോ സഹിതം പവിത്ര ഗൗഡ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. അത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. അതാണ് വിജയലക്ഷ്മിയും പവിത്ര ഗൗഡയും തമ്മിലുള്ള സോഷ്യൽ മീഡിയാ വഴക്കിന് തുടക്കമിട്ടത്. അതിൽ പവിത്ര ഗൗഡയെ കുറ്റപ്പെടുത്തി കമന്റി ട്ടതാണ് രേണുകസ്വാമിയ്ക്ക് വിനയായത്. ചിത്രദുർഗ ദർശൻ ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റ് രാഘവേന്ദ്രയാണ് ജൂൺ 8ന്‌ രേണുകസ്വാമിയെ തഞ്ചത്തിൽ ദർശന്റെ സുഹൃത്ത് വിനയിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിൽ ബംഗളുരു രാജരാജേശ്വരി നഗറിലുള്ള ഷെഡിലെത്തിച്ചത്. അഞ്ചു ഏക്രയോളം വിസ്തൃതിയുള്ള തോട്ടഭൂമിയിലാണ് ഈ ഷെഡ്.വിനയിന്റെ പിതൃ സഹോദരൻ രാജണ്ണയാണ് ഈ ഭൂമിയുടെ ഉടമ. അദ്ദേഹം മറ്റൊരാൾക്ക്‌ പാട്ടത്തിന് നൽകിയിരിക്കുകയാണ്. വായ്പ അടവ് മുടക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് കൊണ്ടുവന്നിടുന്നത് ഇവിടെയാണ്.         

രേണുകസ്വാമിയെ ഈ ഷെഡ്‌ഡിലെത്തിച്ച് പതിനൊന്ന് അംഗ സംഘം കുറ്റവിചാരണ ചെയ്ത് അതിഭീകരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്ന് പോലീസ് പറയുന്നു. സംഭവസ്ഥലത്ത് ദർശന്റെയും പവിത്രഗൗഡയുടെയും സാന്നിധ്യമുണ്ടായിരുന്നെന്നും തെളിഞ്ഞിട്ടുണ്ട്. ഈ ഷെഡിലേക്ക് ദർശന്റെ കാർ രണ്ടുതവണ വരുന്നതിന്റെയും പോകുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. 

ചിത്രദുർഗ്ഗയിലെ ഒരു പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു രേണുക സ്വാമി. വൃദ്ധരായ മാതാപിതാക്കളുടെ ഏകമകൻ. കഴിഞ്ഞവർഷം വിവാഹിതനായ രേണുകസ്വാമിയുടെ ഭാര്യ അഞ്ചുമാസം ഗർഭിണിയാണ്. ജോലിചെയ്തിരുന്ന ചിത്രദുർഗയിലെ ഫാർമസിയിൽ നിന്ന് സൂത്രത്തിൽ വിളിച്ചിറക്കി രേണുകസ്വാമിയെ ബംഗളുരുവിൽ എത്തിക്കുകയായിരുന്നു. മൃതദേഹം വലിച്ചെറിഞ്ഞത് സുമനഹള്ളി മേൽപ്പാലത്തിന് അരികിലുള്ള മാലിന്യക്കൂമ്പാരത്തിലാണ്. തെരുവുനായ്ക്കൾ മൃതദേഹം കടിച്ചുവലിക്കുന്നത് കണ്ട സമീപത്തെ അപ്പാർട്ട്മെന്റിലെ വാച്ച്മാനാണ് പോലീസിൽ വിവരമറിയിച്ചത്.    

കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തവെ മൂന്ന് പേർ സ്റ്റേഷനിൽ ഹാജരായി തങ്ങളാണ് കൃത്യം ചെയ്തതെന്ന് ഏറ്റുപറഞ്ഞതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ആ മൂന്നുപേരും കുറ്റകൃത്യത്തിൽ പങ്കാളികളാണ്. ദർശനെയും പവിത്ര ഗൗഡയെയും രക്ഷിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായായിരുന്നു കീഴടങ്ങൽ നാടകം.                                        

ദി ഡെവിൾ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ദർശൻ മൈസൂരുവിലായിരുന്നു. മറ്റു കൂട്ടാളികളെയെല്ലാം പിടികൂടി തെളിവുകൾ ശേഖരിച്ചതിന് ശേഷം പവിത്ര ഗൗഡയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കസ്റ്റഡിയിലെടുത്തിരുന്നു.    മൈസൂരുവിലെ ലളിത് മഹൽ വിലാസ് ഹോട്ടലിലായിരുന്നു ദി ഡെവിളിന്റെ ഷൂട്ടിങ്. രാവിലെ ജിമ്മിലെ പ്രാക്ടീസ് കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങും വഴിയിലാണ് ബംഗളുരുവിൽ നിന്നെത്തിയ പോലീസ് സംഘം ദർശനെ പിടികൂടുന്നത്. അനേകായിരം ആരാധകരുള്ള സൂപ്പർതാരം ഒരു കൊലപാതകക്കേസിൽ  തെളിവുകളോടെ അറസ്റ്റിലായത്   കർണാടകത്തെയാകെ നടുക്കം കൊള്ളിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL