
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ സമാപന ദിനത്തിൽ മാടമ്പ് കുഞ്ഞുകുട്ടൻ പുരസ്കാരം ശ്രീമൂല നഗരം മോഹനൻ യു.എസ്. രവീന്ദ്രന് സമർപ്പിക്കുന്നു. യൂനസ് വിനോദ, കാ.ഭാ.സുരേന്ദ്രൻ, ജി. കെ.പിള്ള തെക്കേടത്ത്, ജാൻ അബുദാബി, ആശാലത എന്നിവർ സമീപം.
കൊച്ചി: അവിസ്മരണീയമായ മുഹൂർത്തങ്ങളും, കഥാപാത്രങ്ങളും സൃഷ്ടിച്ച അതുല്യ പ്രതിഭയാണ് മാടമ്പ് എന്നും സംസ്കൃതിയെയും, സംസ്കാരത്തെയും ഒരു പോറൽ പോലും ഏൽപ്പിക്കാതെ പുതിയ യുഗത്തിലും അവതരിപ്പിച്ചു എന്നതാണ് അദ്ദേഹത്തിൻ്റെ മഹത്വം എന്നും ശ്രീമൂല നഗരം മോഹനൻ പറഞ്ഞു. മാടമ്പ് കുഞ്ഞുകുട്ടൻ പുരസ്കാരം യു.എസ്. രവീന്ദ്രന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹിക്കുന്ന അംഗീകാരം സാഹിത്യ രംഗത്ത് ലഭിക്കാതെ പോയ ഒരു നോവലിസ്റ്റ് കൂടിയാണ് മാടമ്പ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ജാൻ അബുദാബിക്ക് പ്രത്യേക പുരസ്കാരവും നൽകി ആദരിച്ചു. കാ.ഭാ.സുരേന്ദ്രൻ, ജി. കെ.പിള്ള തെക്കേടത്ത്, യൂനസ് വിനോദ, ആശാലത എന്നിവർ പങ്കെടുത്തു.
തുടർന്ന് 26ലധികം സാഹിത്യകാരന്മാർ പങ്കെടുത്ത മലയാള സാഹിത്യകാര സംഗമവും നടന്നു. വൈകീട്ട് 4 മണിക്ക് ഡോ.ഗോപിനാഥ് പനങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിരിച്ചു പിരിയാം എന്ന പരിപാടിയോട് കൂടി ഈ വർഷത്തെ പുസ്തകോത്സവത്തിന് അവസാനമായി. 270ഓളം സ്റ്റാളുകളോടെ
എറണാകുളത്തപ്പൻ മൈതാനത്ത് നവംബർ ഒന്നുമുതൽ പത്ത് വരെയാണ് 28 ആമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നടന്നത്.










