04:19am 16 October 2026
NEWS
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കണം
15/10/2026  11:31 AM IST
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കണം

 

ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആദ്യത്തെ പത്തുരാജ്യങ്ങളിൽ പത്താമത് വരുന്ന എതോപ്യയിലെ ജനസംഖ്യ 13.8 കോടിയെന്നാണ് കണക്ക്. ലോകത്ത് ആകെ 195 രാജ്യങ്ങളുണ്ട്. ഇന്ത്യയിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ 2025 ഒക്‌ടോബർ 27 ന് പ്രഖ്യാപിച്ച വോട്ടർപട്ടിക തീവ്രമായി പുനഃപരിശോധിക്കുന്ന എസ്.ഐ.ആർ പ്രക്രിയയിലൂടെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ 13.39 കോടി ആളുകളാണ്.

ചീഫ് ഇലക്ഷൻ കമ്മീഷണറെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി ഇതിനെ വിശദീകരിക്കാൻ ശ്രമിക്കുന്നത് 2.8 കോടി പേർ മരിച്ചവർ, 1.01 കോടി പേർ രണ്ടിടത്ത് വോട്ട് ഉള്ളവർ, 6.3 കോടി പേർ വിട്ടുമാറിയവരും, 3 കോടി പേർ സ്ഥലമില്ലാത്തവരുമാണെന്നാണ്. 6.3 കോടി പേർ വീടുമാറിയെങ്കിൽ പുതിയ മേൽവിലാസത്തിൽ പട്ടികയിലുൾപ്പെടേണ്ടതല്ലേ എന്ന ചോദ്യം ബാക്കിയാകുന്നു.
ഒരേ വോട്ടർമാരെ പല ബൂത്തുകളിലെത്തിച്ചും കള്ളമേൽവിലാസം ഉപയോഗിച്ചും കന്നിവോട്ടർമാരെ ചേർക്കുന്ന നടപടിയിൽ ക്രമക്കേട് നടത്തിയും 2024 ലെ ലോക്‌സഭാ ഇലക്ഷൻ ഫലത്തെ ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് മോദിയും അമിത്ഷായും ചേർന്ന് അട്ടിമറിച്ചെന്നായിരുന്നു 2025 ഓഗസ്റ്റ് 7 ന് രാഹുൽഗാന്ധി ഉന്നയിച്ച ആരോപണം. രാജ്യത്ത് വോട്ടുകൊള്ളയിലൂടെ 3000 വോട്ടുകൾക്ക് താഴെ ഭൂരിപക്ഷത്തിന് ബി.ജെ.പി വിജയിച്ച 25 മണ്ഡലങ്ങളുണ്ടെന്നും ഇതില്ലായിരുന്നെങ്കിൽ അവർക്ക് ഭരണം നഷ്ടപ്പെടുമായിരുന്നുവെന്നുമുള്ള ഗുരുതരമായ ആരോപണത്തിൽ രാഹുൽഗാന്ധി ഉറച്ചുനിന്നു.

പിന്നീട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിവരുന്ന വോട്ടർപട്ടികയുടെ പ്രത്യേക- തീവ്ര പരിഷ്‌ക്കരണം(എസ്.ഐ.ആർ) ഇന്ത്യൻ ജനാധിപത്യത്തെതന്നെ അപായത്തിലാക്കുന്ന പ്രക്രിയയാണെന്ന് ദിവസം ചെല്ലുംതോറും കൂടുതൽ കൂടുതൽ വ്യക്തമാകുകയാണ്.
ജനാധിപത്യസംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത അപ്പാടെ തകർന്ന നിലയിലാണ്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം 6 ൽ വരുത്തിയ മാറ്റങ്ങൾക്ക് സുപ്രീംകോടതിയുടെ അംഗീകാരം ഉണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. 

എന്നാൽ പരിഷ്‌ക്കരിച്ച ഫോം 6 ന് കോടതി ഒരിക്കലും അംഗീകാരം നൽകിയിട്ടില്ലെന്ന് ഒക്‌ടോബർ 5 ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തത വരുത്തിയതോടെ എസ്.ഐ.ആർ സംബന്ധിച്ച ദുരൂഹതകൾ പിന്നെയും വർദ്ധിക്കുകയാണ് ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും വേണ്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാർ നടത്തുന്ന ഒത്തുകളിയാണ് എസ്.ഐ.ആർ എന്ന കോൺഗ്രസ് ആരോപണത്തോട് ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ മാത്രമല്ല പ്രതിപക്ഷത്തെ കക്ഷികളെല്ലാം യോജിക്കുന്നുവെന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ വിജയമാണ്.

തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർസിങ് സന്ധുവും, വിവേക് ജോഷിയും കമ്മീഷന്റെ തീരുമാനങ്ങളിൽ പലതിലും വിയോജിപ്പുമായി ഇക്കഴിഞ്ഞ ജൂലൈ 29 ന് കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന് അയച്ച കത്ത് വെളിയിൽ വന്നതാണ് ഗ്യാനേഷ് കുമാറിന്റെ രഹസ്യ അജണ്ട മറനീക്കി പുറത്തുവരാൻ ഇടയാക്കിയത്. 

വോട്ടുകൊള്ള ഉയർത്തി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി 2025 മുതലുയർത്തിക്കൊണ്ടുവന്ന ഇലക്ഷൻ കമ്മീഷനെതിരായ പോരാട്ടം രാഷ്ട്രീയപ്പാർട്ടികളുടെ സമരങ്ങൾക്കപ്പുറം ജനകീയ പ്രക്ഷോഭങ്ങളുടെ തീച്ചൂളയിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുകയാണ്. മോദി ഭരണം മുമ്പെങ്ങും അഭിമുഖീകരിക്കാത്ത ജനകീയ മുന്നേറ്റത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രത്യക്ഷത്തിൽ സമരക്കാരുടെ പ്രധാന ലക്ഷ്യമെങ്കിലും മോദി-അമിത്ഷാ നേതൃത്വത്തിന്റെ അമിതാധികാര ജനാധിപത്യ വിരുദ്ധഭരണശൈലിക്കെതിരേയുള്ള പ്രതിഷേധങ്ങളാണ് രാജ്യതലസ്ഥാനത്ത് അരങ്ങേറുന്നത്. പ്രതിപക്ഷ പാർട്ടികളും അവരുടെ അനുഭാവികളും മാത്രമല്ല വിദ്യാർത്ഥികളും യുവാക്കളും വരെ തെരുവിലിറങ്ങുന്നുവെന്നത് 12 വർഷത്തെ ബി.ജെ.പി ഭരണത്തിനെതിരേയുള്ള ശക്തമായ മുന്നറിയിപ്പാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.