08:42am 16 September 2026
NEWS
സി.പി.എം നേരിടുന്നത് അസാധാരണ രാഷ്ട്രീയസാഹചര്യം
16/09/2026  06:16 AM IST
ചെറുകര സണ്ണീലൂക്കോസ്
സി.പി.എം നേരിടുന്നത് അസാധാരണ രാഷ്ട്രീയസാഹചര്യം
HIGHLIGHTS

'മുറ്റത്തെ പാഴ്മരം കാണിക്കുന്നത് മണ്ണ് മോശമാണെന്നാണ്. എന്നാൽ വഴിയെ പോകുന്നവർ മരത്തെ ശപിക്കുന്നു.'

ജർമ്മൻ കവിയും നാടകകൃത്തുമായ ബെർതോൾഡ് ബ്രെഹ്തിന്റെ പ്രസിദ്ധമായ വരികളിലൊന്നാണ്.
'മുറ്റത്തെ പാഴ്മരം കാണിക്കുന്നത് മണ്ണ് മോശമാണെന്നാണ്. എന്നാൽ വഴിയെ പോകുന്നവർ മരത്തെ ശപിക്കുന്നു.'
തെറ്റുതിരുത്തൽ നടപടിയെന്ന പേരിൽ സി.പി.എമ്മുമായി ബന്ധപ്പെട്ട് നടക്കുന്ന കോലാഹലങ്ങൾ ഈ വരികളാണ് ഓർമ്മപ്പെടുത്തുന്നത്. പ്രസ്ഥാനത്തിന്റെ അടിമണ്ണിന് എന്താണ് കുഴപ്പം എന്നുനോക്കാതെ മരംവെട്ടി തീയിട്ടോ അതേ മണ്ണിൽ പകരം തൈ നട്ടിട്ടോ പ്രതിസന്ധി തരണം ചെയ്യാനാവില്ല.

13 മുതൽ 15 വരെ കോഴിക്കോട്ട് നടന്ന വിശാല സംസ്ഥാന കമ്മിറ്റിയിലെ ഒരു വിവരവും പുറത്തുപോകാതിരിക്കാനായി സി.പി.എം പുലർത്തിയ ജാഗ്രത 'ഇരുമ്പുമറ' എന്ന വിശേഷണത്തിനും അപ്പുറത്തായിരുന്നു. വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഉയരുന്ന വിമർശനങ്ങളും ചർച്ചകളും മാധ്യമങ്ങൾക്ക് ചോരുന്നത് എങ്ങനെയും തടയണമെന്ന് സംസ്ഥാന നേതൃത്വം നൽകിയ നിർദ്ദേശം പാലിക്കാൻ പല ജില്ലാകമ്മിറ്റികളും വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുംവിധമുള്ള കരുതൽ നടപടികളെടുത്തതിൽ അമർഷം പലരും പുറമേ പ്രകടിപ്പിച്ചില്ലെന്നുമാത്രം.
സി.പി.എം സംസ്ഥാന നേതൃത്വം, പാർട്ടി നേതൃത്വത്തിനെതിരെ വിപുലീകൃത സംസ്ഥാന സമിതിയിലുയരാനിടയുള്ള രൂക്ഷവിമർശനങ്ങൾ ജനങ്ങളറിയുന്നതിനെ ഭയപ്പെട്ടിരുന്നു. യോഗത്തിലെ ചർച്ച മാധ്യമങ്ങൾക്ക് ചോരാതിരിക്കാൻ കടുത്ത ജാഗ്രതയുടെ ഭാഗമായി ജനാധിപത്യ വിരുദ്ധമെന്നുപോലും പറയാവുന്ന ഉരുക്കുമുഷ്ടി പോലും ഉപയോഗിച്ചത് അതുകൊണ്ടാണ്.

കേരളത്തിലെ പരാജയം വിലയിരുത്തി 2026 ജൂലൈ 11, 12, 13 തീയതികളിൽ ചേർന്ന സി.പി.എം കേന്ദ്രകമ്മിറ്റിയോഗം അംഗീകരിച്ച അവലോകന റിപ്പോർട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മനസ്സുകൊണ്ട് വിയോജിപ്പുള്ള റിപ്പോർട്ട് ആയിരുന്നു. കേന്ദ്രകമ്മിറ്റി അവലോകന റിപ്പോർട്ടിന്റെ ചുവടുപിടിച്ചൊരു ചർച്ച വിപുലീകൃത സംസ്ഥാന സമിതിയിൽ നടന്നാൽ തങ്ങൾക്ക് കേരള പാർട്ടിയിലുള്ള അപ്രമാദിത്തം നഷ്ടപ്പെടും എന്ന് പിണറായി വിജയനും എം.വി. ഗോവിന്ദനും ഉറപ്പായിരുന്നു. അതുകൊണ്ടാണവർ കോഴിക്കോട് സംസ്ഥാന സമിതിക്ക് മുമ്പേ ചർച്ചകളെയൊക്കെ ഗതി തിരിച്ചുവിടാനുള്ള നിർണ്ണായകനീക്കം നടത്തിയത്. പയ്യന്നൂരിലും തളിപ്പറമ്പിലും നടത്തിയ വിശദീകരണ യോഗങ്ങളും അവിടെ പിണറായി തോൽവിയെക്കുറിച്ച് വിശദീകരിച്ച ഭാഷ്യവും അതിന്റെ ഭാഗമായിരുന്നു.

ജൂലൈ 11-13 തീയതിയിൽ കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിച്ച തിരഞ്ഞെടുപ്പുഫല അവലോകനത്തിൽ കൃത്യമായ സ്വയം വിമർശനങ്ങളുണ്ടായിരുന്നു. അതിന്റെ തുടർച്ചയായി വിപുലമായ ചർച്ച നടത്താനാണ് വടക്ക് പി. ജയരാജൻ മുതൽ തെക്ക് ഡോ. തോമസ് ഐസക്ക് വരെയുള്ളവർ തയ്യാറെടുത്തിരുന്നത്. പരാജയകാരണമായ വീഴ്ചകൾ കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ അക്കമിട്ട് ചൂണ്ടിക്കാണിച്ചിരുന്നു. 

കേന്ദ്ര റിപ്പോർട്ടിലെ പ്രധാന നിഗമനങ്ങൾ വികസനത്തിനും ക്ഷേമത്തിനുമുള്ള പ്രചാരണത്തിന്റെ ശ്രദ്ധ ഫലപ്രദമായില്ല. നവലിബറൽ, കോർപ്പറേറ്റ്- വർഗ്ഗീയ നയങ്ങൾക്കെതിരായ രാഷ്ട്രീയ പ്രചാരണത്തിന് പ്രാധാന്യം നൽകിയില്ല(15). പ്രചാരണത്തെ വ്യക്തിപരമാക്കി, സഖാവ് പിണറായി വിജയനെ കേന്ദ്രീകരിച്ചായിരുന്നതുകൊണ്ട്, അദ്ദേഹത്തിനെതിരേ ലക്ഷ്യം വച്ചുള്ള പ്രചാരണം നടത്താൻ യു.ഡി.എഫിന് അവസരം നൽകി. തൽഫലമായി യു.ഡി.എഫിന്റെ പിന്തിരിപ്പൻ ഭരണവർഗ്ഗപക്ഷപാതം തുറന്നുകാട്ടാനുള്ള മുൻകയ്യ് നമുക്ക് നഷ്ടപ്പെട്ടു(16).

ബി.ജെ.പി- സി.പി.എം രഹസ്യ ഡീൽ ഉണ്ടെന്ന പ്രചാരണത്തെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞില്ല(17). ആഗോള അയ്യപ്പസംഗമത്തിന് യു.പി മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത് ഒഴിവാക്കാമായിരുന്നു. അത് ഹിന്ദുത്വ വർഗ്ഗീയശക്തികളോട് ഞങ്ങൾക്ക് മൃദുസമീപനമാണെന്ന ധാരണ സൃഷ്ടിച്ചു.(18) വെള്ളാപ്പള്ളി നടേശന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനകളോട് ശക്തമായി പ്രതികരിച്ചില്ല(19).

പി.എം ശ്രീ വിഷയത്തിൽ എൽ.ഡി.എഫ് പങ്കാളികളെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. മാത്രമല്ല ബി.ജെ.പിയുമായി ഒരു അന്തർധാരയുണ്ടെന്ന് പ്രചാരണത്തിന് സഹായകരവുമായി(20). അത്തരം അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു(21). പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനം ഉണ്ടായില്ല(22).

നമ്മുടെ ചില നേതാക്കൾ മാധ്യമങ്ങളുമായി സംവദിക്കുമ്പോഴോ പൊതുജനങ്ങൾക്ക് മുന്നിലോ സംസാരിക്കുന്നതിൽ ജാഗ്രത പുലർത്തുന്നില്ല(23).
നമ്മുടെ അടിസ്ഥാന വിഭാഗങ്ങളിലെ ഒരു വിഭാഗം (തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ദരിദ്രകർഷകർ)ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് വോട്ട് ചെയ്തില്ല.(25) ചില വിഭാഗങ്ങളിലെ അതൃപ്തി ഭരണവിരുദ്ധ വികാരത്തിനും തിരഞ്ഞെടുപ്പുപരാജയത്തിനും കാരണമായി. (27). നമ്മുടെ രാഷ്ട്രീയ വീക്ഷണങ്ങൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ കഴിവുള്ള സഖാക്കളുടെ എണ്ണത്തിലെ കുറവ്(28). 

പോലീസിന്റെയും മറ്റ് ബ്യൂറോക്രസി വിഭാഗങ്ങളുടെയും അമിതാധികാരത്തിനെതിരേ നമ്മുടെ കേഡറിലും ജനങ്ങളിലും ഒരു വികാരം ഉണ്ടായിരുന്നു. പല മന്ത്രിമാരും പ്രാപ്തിയുള്ളവരല്ലെന്നു ജനങ്ങൾ കരുതി(30). നമ്മുടെ പാർട്ടിയുടെ അടിസ്ഥാന സ്വത്വമായ അടിസ്ഥാന വർഗ്ഗങ്ങളുടെ താൽപ്പര്യങ്ങളുടെ സംരക്ഷകരെന്ന നില പാർട്ടിക്ക് നഷ്ടപ്പെട്ടു(31). നമ്മുടെ ബഹുജന സംഘടനകൾ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്ന രീതി കഴിഞ്ഞ 10 വർഷം അവഗണിക്കപ്പെട്ടു. അതുകൊണ്ടാണ് ഒരു വിഭാഗം ആളുകൾ നമ്മുടെ പാർട്ടിയിൽ നിന്നകന്നുപോയത്(32).

പാർട്ടി നേതാക്കളുടെയും കേഡറിന്റെയും ഒരു വിഭാഗത്തിൽ ധാർഷ്ട്യം, അഴിമതി, സ്വജനപക്ഷപാതം, സമ്പന്ന ജീവിതശൈലി തുടങ്ങിയ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടും തിരുത്തൽ നടപടികൾ സ്വീകരിക്കാത്തതിനാൽ ആളുകൾക്ക് ഞങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു(33). 

അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ശബരിമല സ്വർണ്ണക്കടത്ത് കേസിൽ എ. പത്മകുമാറിനെതിരേ നടപടിയെടുക്കാതിരുന്നത് ഞങ്ങളുടെ ഭാഗത്തുനിന്നുവന്ന വീഴ്ചയാണ്(34). സമയബന്ധിതമായി അച്ചടക്കനടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ നാശനഷ്ടങ്ങൾ കുറയ്ക്കാമായിരുന്നു(35).
വരുമാനത്തിനനുസരിച്ച് ജീവിക്കുന്നതിനപ്പുറം ചില വ്യക്തികൾ സമ്പന്നമായ ജീവിതശൈലി സ്വീകരിക്കുന്നത് ജനങ്ങൾക്കിടയിൽ അവമതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അത്തരം പോരായ്മകൾ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.(സംസ്ഥാന അവലോകന റിപ്പോർട്ടിലെ ഖണ്ഡിക 4,12, കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ഖണ്ഡിക 36), ജനങ്ങളും പാർട്ടിയും, താഴെത്തട്ടിലുള്ള കേഡർമാരും പാർട്ടി നേതൃത്വവും തമ്മിലുള്ള വിടവ് വളർന്നുവന്നപ്പോൾ ആളുകൾ അകന്നു. അതുകൊണ്ട് അടിസ്ഥാന സാഹചര്യം ശരിയായി മനസ്സിലാക്കാൻ കഴിയാതെയായി(37).

പാർട്ടിയുടെ മൂന്ന് പരമ്പരാഗത അടിത്തറകളിൽ പാർട്ടി സ്ഥാനാർത്ഥികളുടെ പരാജയം നേതൃത്വത്തിനും പാർട്ടിയുടെ അണികൾക്കും ഇടയിൽ വളർന്നുവന്ന വിടവും അതിന്റെ ഫലമായി നമ്മുടെ ബഹുജന അടിത്തറയിൽ ഉണ്ടായ ക്ഷയവും കാണിക്കുന്നു. പാർട്ടിക്കുള്ളിൽ വളരുന്ന പാർലമെന്ററി അവസരവാദത്തിനെതിരെ ജാഗ്രത പാലിക്കണം(38). പാർട്ടി അംഗങ്ങളുടെയും കേഡറുകളുടെയും നിസ്സംഗത യഥാസമയം തിരിച്ചറിയാൻ കഴിഞ്ഞില്ല.(39)

സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ, സംഭവിച്ച വീഴ്ചകൾ സംസ്ഥാനത്ത് മുഴുവൻ ഒരു നെഗറ്റീവ് സന്ദേശം നൽകി. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നമ്മുടെ നീതി ചോദ്യം ചെയ്യപ്പെട്ടു. സ്വജനപക്ഷപാതമെന്ന ആരോപണവും ഉയർന്നുവന്നു. നമുക്ക് അവയെ വിജയകരമായി നേരിടാൻ കഴിഞ്ഞില്ല.

ശൈലജയുടെ മണ്ഡലം മാറ്റത്തെ കേന്ദ്രീകരിച്ച് ഞങ്ങൾ എന്തൊക്കെ സംഘടനാന്യായീകരണങ്ങൾ നൽകിയാലും പൊതുജനാഭിപ്രായം അനുകൂലമായിരുന്നില്ല(43). തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർത്ഥികളെ വേണ്ടത്ര ശ്രദ്ധയോടെ തീരുമാനിച്ചില്ല. സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും പിഴവുകൾ വരുത്തി(44). പാർട്ടിക്ക് കണ്ണൂരിൽ മുസ്ലീം ന്യൂനപക്ഷത്തിൽ നിന്ന് സ്ഥാനാർത്ഥി ഉണ്ടായില്ല(45). സ്ഥാനാർത്ഥി നിർണ്ണയത്തിലെ പോരായ്മയുടെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റികൾക്കും സംസ്ഥാന നേതൃത്വത്തിനുമുണ്ട്(46,47).

കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലെ 48-ാം ഖണ്ഡികയിലാണ് ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച രാഷ്ട്രീയ സംഘടനാപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനുമായി സെപ്തംബറിൽ സംസ്ഥാന കമ്മിറ്റിയുടെ വിപുലമായ യോഗം നടത്താൻ തീരുമാനിച്ച കാര്യം പറയുന്നത്.

തിരഞ്ഞെടുപ്പിലെ തിരിച്ചടിയിലേക്ക് നയിച്ച രാഷ്ട്രീയവും സംഘടനാപരവുമായ വീഴ്ചകൾ അക്കമിട്ട് നിരത്തിയ കേന്ദ്രകമ്മിറ്റി അവലോകനത്തിലെ ഉള്ളടക്കം തെറ്റുതിരുത്തലിനുള്ള വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കാനുള്ള കരടുറിപ്പോർട്ടിൽ പ്രതിഫലിക്കാത്ത വിധമാണ് സംസ്ഥാന നേതൃത്വം (സെക്രട്ടറിയേറ്റ്) തയ്യാറാക്കിയത് എന്നതും പ്രതിപക്ഷ നേതാവ് പിണറായിയുടെ നിലപാടുകൾക്ക് ജനറൽ സെക്രട്ടറി എം.എ ബേബി, പരോക്ഷ പിന്തുണ നൽകിയതും കേരളത്തിലെ സി.പി.എം തെറ്റുകൾ തുറന്ന് സമ്മതിച്ച തെറ്റുകൾ തിരുത്തി അടിസ്ഥാന വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കും ജനങ്ങളുടെ പിന്തുണ തിരികെ നേടും എന്ന പ്രതീക്ഷ നഷ്ടപ്പെടുത്തിയിരിക്കുകയാണ്.

അതിനുപുറമേയാണ് കൂനിന്മേൽ കുരു എന്നുപറഞ്ഞപോലെ മാസപ്പടി കേസിൽ സി.പി.എം ഉന്നയിച്ച പ്രതിരോധ ന്യായങ്ങളുടെയെല്ലാം മുന ഒടിഞ്ഞിരിക്കുന്നത്. സി.എം.ആർ.എൽ- എക്‌സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ 25 പേജുള്ള വിശദമായ റിപ്പോർട്ടി(കത്ത്) ലെ വിവരങ്ങൾ പിണറായി വിജയനും സി.പി.എംനും യുക്തിസഹമായി അത്ര പെട്ടെന്ന് നിഷേധിക്കാൻ കഴിയാത്തതാണ്. PMCA സെക്ഷൻ 66(2) പ്രകാരം ശേഖരിച്ച നിരവധി തെളിവുകൾ കൈമാറിയിട്ടുണ്ട്. വീണയുടെ കമ്പനിയിൽ നിന്നും സേവനം ഒന്നും ലഭിച്ചിട്ടില്ലെന്നും പിണറായി വിജയന്റെ മകൾ എന്ന നിലയിലാണ് തുക നൽകിയതെന്നും ശശിധരൻ കർത്ത എം.ഡി നൽകിയ മൊഴിയും പിണറായിലേക്കാണെത്തിയത്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നൊക്കെ പറഞ്ഞ് ദുർബലമായ പ്രതിരോധം തീർക്കാൻ കഴിയുമെങ്കിലും കേസിന്റെ വഴിത്തിരിവ് സി.പി.എംനും പിണറായി വിജയനും കനത്ത പ്രഹരമാണ് ഏൽപ്പിച്ചിട്ടുള്ളത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img