09:04am 14 November 2026
NEWS
ജോമോൻ പുത്തൻപുരയ്ക്കലിനെ അപകീർത്തിപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്കും 6 മാസം തടവിന് കോടതി ശിക്ഷിച്ചു
27/08/2025  05:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജോമോൻ പുത്തൻപുരയ്ക്കലിനെ അപകീർത്തിപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്കും 6 മാസം തടവിന് കോടതി ശിക്ഷിച്ചു

സിസ്റ്റർ അഭയകേസിൽ മൂന്നു പതിറ്റാണ്ടുകാലം നിയമപോരാട്ടം നടത്തി പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വാങ്ങികൊടുത്തതിന് പിന്നിൽ പ്രവർത്തിച്ച ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലിനെ അപകീർത്തിപ്പെടുത്തിയ കേസിൽ അഡ്വ. എ.എക്സ്. വർഗീസ് ഉൾപ്പെടെ 3 പ്രതികൾക്ക് കോടതി 6 മാസം തടവിനും 10,000/-രൂപ വീതം പിഴയും ചുമത്തി ശിക്ഷിച്ചു.

2010 സെപ്റ്റംബർ 5 ന് കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച "അഭയയെ കൊന്നവർ രക്ഷപ്പെടും" എന്ന ഹെഡ്ഡിംഗിൽ ഹൈക്കോടതിയിലെ അഡ്വ. എ.എക്‌സ്. വർഗീസ് നടത്തിയ അഭിമുഖത്തിൽ ജോമോൻ പുത്തൻപുരയ്ക്കലിനെ അപകീർത്തിപ്പെടുത്തിയതിനാണ് അഡ്വ. എ. എക്സ്. വർഗീസ്, കലാകൗമുദി എഡിറ്റർ എം. സുകുമാരൻ, റിപ്പോർട്ടർ പി.എം. ബിനുകുമാർ എന്നിവരെ 6 മാസം തടവിനും 10,000/- രൂപ വീതം പിഴയും ചുമത്തി തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് ജുഡീഷ്യറി മജിസ്ട്രേറ്റ് ആതിര ആർ.എസ്. പണിക്കർ പ്രതികളെ ശിക്ഷിച്ചത്.

മൂന്നു പ്രതികളും 10,000/- രൂപ വീതം വാദി ജോമോൻ പുത്തൻപുരയ്ക്കലിന് നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ പ്രതികൾ 10 ദിവസം കൂടി തടവുശിക്ഷ അനുഭവിക്കണം എന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അഭയ കേസിന്റെ പേരിൽ ജോമോൻ പുത്തൻപുരയ്ക്കൽ സാമ്പത്തികനേട്ടം ഉണ്ടാക്കി എന്നും അമേരിക്കയിൽ വരെ പോയി പണപിരിവ് നടത്തി എന്നാണ് അപകീർത്തി കേസിന് ആസ്‌പദമായ ആരോപണം. ഈ ആരോപണം കളവാണെന്ന് തെളിയിച്ചുകൊണ്ട് പാസ്പോർട്ട് കോടതിയിൽ ഹാജരാക്കുകയും, അതിൽനിന്നും ജോമോൻ ഒരിക്കൽപോലും വിദേശത്ത് പോയിട്ടില്ല എന്ന് പാസ്പോർട്ടിൽ നിന്നും വെളിവാകുകയും ജോമോനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ എല്ലാം കളവാണെന്നും തെളിഞ്ഞതിനെ തുടർന്നാണ് കോടതി പ്രതികളെ ശിക്ഷിച്ചത്.

ജോമോൻ പുത്തൻപുരയ്ക്കലിനോട് കലാകൗമുദി വാരികയിലൂടെ എഡിറ്റർ എം. സുകുമാരൻ നിരൂപാധികം മാപ്പുപറഞ്ഞു പ്രസിദ്ധീകരിച്ചത് കോടതി അംഗീകരിക്കാതെ തള്ളിയതിനുശേഷമാണ് ശിക്ഷ വിധിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img