
കൊച്ചി: സഭാ സ്നേഹികളെ കേൾക്കാൻ തയ്യാറാകാതെ സഭാവിരുദ്ധരുമായി ചേർന്ന് ഏകീകൃത കുർബാനയും സഭ നിയമങ്ങളും അട്ടിമറിച്ചും കുറ്റവാളികളെ സംരക്ഷിക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ ധാർഷ്ട്യത്തിനേറ്റ വലിയൊരു തിരിച്ചടിയാണ് ഈ കോടതിവിധിയെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.സിവിൽ കോടതി ഉത്തരവ് ലംഘിച്ച് ബസിലിക്കയിൽ ആരംഭിച്ച കുർബാന അവസാനിപ്പിക്കണമെന്ന വിശ്വാസികളുടെ ആവശ്യം മെത്രാപ്പോലീത്തൻ വികാരിയും ബസലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് മങ്ങാട്ടും അംഗീകരിക്കാതിരുന്നതിനാലാണ് വിശ്വാസികൾ ദേവാലയത്തിനുള്ളിൽ രാപ്പകൽ പ്രാർഥന യജ്ഞo നടത്തി കുർബാന തടഞ്ഞത്. ഇതോടെ വിശ്വാസികളെ വെല്ലുവിളിച്ച് സമീപത്തെ കപ്പേളയിൽ ഇവർ കുർബാന തുടങ്ങി. കോടതിവിധി ലംഘിച്ച് ബസിലിക്കയിൽ കുർബാന നടത്തില്ലെന്ന് ഉറപ്പ് ലഭിച്ചാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്ന് മേജർ ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള മെത്രാന്മാരെ പലകുറി അറിയിച്ചിരുന്നു. എന്നാൽ, ഇതൊന്നും ചെവിക്കൊള്ളാതെ ഏകീകൃത കുർബാനക്കായി നിലകൊണ്ടവരെ സഭാവിരുദ്ധരായി പ്രഖ്യാപിക്കാനും, കള്ളക്കേസുകളിൽ കുടുക്കാനും, ഗുണ്ടാ ആക്രമണങ്ങൾ നടത്താനും, ഭീഷണിപ്പെടുത്താനുമാണ് മാർ പാംപ്ലാനിയും അതിരൂപത കൂരിയയും നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. ബസിലിക്കയിൽ പന്തൽ കെട്ടി നടത്തിയ ഡിക്കന്മാരുടെ പട്ടം നൽകൽ ചടങ്ങും ബസിലിക്കയിൽ നടത്തിയ കുർബാനയും കോടതിയലക്ഷ്യമായിരുന്നെന്നും ഈ ഉത്തരവോടെ വ്യക്തമായി. ബസിലിക്കയിൽ കുർബാന നടത്തരുതെന്ന സിവിൽ കോടതി ഉത്തരവ് ലംഘിച്ചു മാർ പാംപ്ലാനിയും ഫാ. തോമസ് മങ്ങാട്ടും കഴിഞ്ഞ നവംബർ 31 മുതൽ ബസിലിക്കയിൽ കുർബാന ആരംഭിച്ചു. തുടർന്ന് ഡിസംബർ 10 മുതൽ ദേവാലയത്തിനുള്ളിൽ പ്രാർത്ഥന യജ്ഞം ആരംഭിച്ച വിശ്വാസികളെ പുറത്താക്കണമെന്ന മാർ പാംപ്ലാനിയുടെ പരാതിയിലാണ് മീഡിയേഷൻ ഉത്തരവ് വന്നിരിക്കുന്നത്. മധ്യസ്ഥതയുടെ കാലയളവിൽ ബസിലിക്ക, സമീപത്തെ കപ്പേള എന്നിവിടങ്ങളിലും ദേവാലയ പരിസരത്ത് താൽക്കാലിക പന്തലോ മറ്റു സൗകര്യങ്ങളോ ഒരുക്കിയും കുർബാന നടത്തരുത്, രാവിലെ 5.30 മുതൽ രാത്രി 8 വരെ വിശ്വാസികൾക്ക് പ്രാർത്ഥിക്കാനായി ബസിലിക്ക തുറന്നിടണം, ദേവാലയത്തിൽ എത്തുന്നവരെ തടയരുത്, മധ്യസ്ഥന് ആവശ്യമെന്ന് തോന്നുന്ന പക്ഷം മെത്രാന്മാരുൾപ്പടെയുള്ള കക്ഷികളോട് ഹാജരാകാനും ആവശ്യമെങ്കിൽ വിദഗ്ദരുടെ സേവനം ആവശ്യപ്പെടാനും മീഡിയേറ്റർക്ക് അധികാരമുണ്ട്, മധ്യസ്ഥതയുടെ ചെലവിലേക്ക് 5 ലക്ഷം രൂപ പരാതിക്കാരൻ നൽകണം എന്നിവയാണ് ഇടക്കാല ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ.
വിശ്വാസികൾക്ക് പറയാനുള്ളത് പറയാനും മെത്രാപ്പോലീത്തൻ വികാരിയുടെയും വിമത വൈദീകരുടേയും നിയമലംഘനങ്ങൾക്കു തടയിടാനും ഈ മീഡിയേഷനിലൂടെ വിശ്വാസികൾക്ക് സാധിച്ചു. കോടതി ഉത്തരവ് ലംഘിച്ച് ബസിലിക്കയിൽ നടന്നിരുന്ന കുർബാന തടയുകയെന്ന ലക്ഷ്യം നേടാനായെന്ന ചാരിതാർത്ഥ്യത്തോടെ 85 ദിവസങ്ങൾ പൂർത്തിയാക്കിയ ബസിലിക്കയിലെ പ്രതിഷേധ പ്രാർത്ഥന യജ്ഞo ഇന്ന് അവസാനിപ്പിക്കുന്നതായും മധ്യസ്ഥനുമായി പൂർണമായും സഹകരിക്കുമെന്നും കോടതിവിധി സ്വാഗതം ചെയ്യുന്നതായും വാർത്ത സമ്മേളനത്തിൽ
ചീഫ് കോഡിനേറ്റർ അഡ്വ. മത്തായി മുതിരേന്തി, കോർഡിനേറ്റർമാരായ അഡ്വ. ജോയ് ജോർജ്, സീലിയ ആൻറണി, സെക്രട്ടറി ടെൻസൻ പുളിക്കൽ എന്നിവർ അറിയിച്ചു.
ഇതിനിടെ ഇന്നലെ (ബുധൻ) വൈകിട്ട് 4.30 ടെ കുരിശിന്റെ വഴിയും മറ്റു പ്രത്യേക പ്രാർത്ഥനകളും നടത്തി കോടതി നിർദ്ദേശപ്രകാരം ബസിലിക്കയിൽ 85 ദിവസങ്ങളായി നടത്തിവന്ന പ്രതിഷേധ പ്രാർത്ഥന യജ്ഞം അവസാനിപ്പിച്ചു വിശ്വാസികൾ ദേവാലയംവിട്ട് പുറത്തിറങ്ങി.
ഫോട്ടോ:- കോടതി ഉത്തരവ് ലംഘിച്ച് കുർബാന നടത്തിയതിനെതിരെ വൺ ചർച്ച് വൺ കുർബാന ജൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ 85 ദിവസങ്ങളായി എറണാകുളം ബസിലിക്കയിൽ നടത്തിവന്നിരുന്ന പ്രതിക്ഷേധ പ്രാർത്ഥന യജ്ഞം അവസാനിപ്പിച്ച് വിശ്വാസികൾ ദേവാലയം വിട്ട് പുറത്തിറങ്ങുന്നു.
Photo Courtesy - Google








