
ചെങ്ങന്നൂർ: തിരുവനന്തപുരം സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്ന ശേഷം പാലത്തിൽനിന്ന് ആറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ ദമ്പതികളെ കോടതി വെറുതെ വിട്ടു. ചെന്നിത്തല തൃപ്പരുന്തുറ നന്ദു ഭവനത്തിൽ പ്രവീൺ, ഭാര്യ മഞ്ജു എന്നിവരെയാണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത 116/2019 നമ്പർ കേസിലെ പ്രതികളാണിവർ.
യുവതിക്ക് അവകാശപ്പെട്ട വസ്തു വിറ്റ് പണവുമായി വന്നാൽ വിവാഹം കഴിക്കാമെന്ന് ഒന്നാം പ്രതിയായ പ്രവീൺ വിശ്വസിപ്പിച്ചിരുന്നു. ഇതനുസരിച്ച് പണവുമായി എത്തിയ യുവതിയെ 2018 ഡിസംബർ 28-ന് പ്രതികൾ തിരുവനന്തപുരത്തുനിന്നും മാവേലിക്കര വലിയ പെരുമ്പുഴക്കടവ് പാലത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അർധരാത്രി പന്ത്രണ്ടോടെ യുവതിയുടെ കൈവശമുണ്ടായിരുന്ന പണവും ഫോണും കവർന്ന ശേഷം പാലത്തിൽനിന്നും അച്ചൻകോവിലാറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.ഇന്ത്യൻ ശിക്ഷാനിയമത്തിലെ വധശ്രമം, കവർച്ച തുടങ്ങിയ ഗുരുതരമായ വകുപ്പുകളായ 392 394, 397, 307, 34 ചുമത്തിയാണ് മാന്നാർ പോലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. എന്നാൽ വിചാരണ വേളയിൽ പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതികൾക്കായി അഡ്വക്കേറ്റ് എബ്രഹാം ജോസഫ് കോടതിയിൽ ഹാജരായി.











