
നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്ത് തന്നെ. ഇതുസംബന്ധിച്ച കെപിസിസി ശുപാർശ എഐസിസി അംഗീകരിച്ചു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ മുൻ നിലമ്പൂർ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇത് തീർത്തും അവഗണിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ദീർഘകാലം നിലമ്പൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച മുൻ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മകനാണ് ആര്യാടൻ ഷൗക്കത്ത്. 2016ൽ നിലമ്പൂരിൽ പി വി അൻവറിനോട് ആര്യാടൻ ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു. സാംസ്കാരിക പ്രവർത്തകൻ കൂടിയായ ആര്യാടൻ ഷൗക്കത്തിനെ വീണ്ടും നിലമ്പൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെ ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവർ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നത്. അൻവറിൻ്റെ എതിർപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനും വി ഡി സതീശനും കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് അൻവറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്.
പ്രദേശത്തെ മുസ്ലിം സംഘടനകൾക്ക് ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോട് താൽപര്യമില്ലെന്ന് നേരത്തെ അൻവർ വ്യക്തമാക്കിയിരുന്നു. അതിനാൽ ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നായിരുന്നു അൻവറിൻ്റെ നിലപാട്. എംഎൽഎ സ്ഥാനം രാജിവെച്ച ഉടനെ തന്നെ ഇനി നിലമ്പൂരിൽ മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് വി എസ് ജോയ് സ്ഥാനാർത്ഥിയായി വരുന്നത് കോൺഗ്രസിൻ്റെ വിജയസാധ്യത കൂട്ടുമെന്നും അൻവർ പറഞ്ഞിരുന്നു.











