01:42pm 27 June 2026
NEWS
സിപിഐക്കെതിരെ കനയ്യ നിർത്തിയ കോൺ​ഗ്രസ് സ്ഥാനാർത്ഥിയും പരാജയപ്പെട്ടു; ബീഹാറിൽ പരസ്പരം മത്സരിച്ച ഇന്ത്യാ മുന്നണിയുടെ നേർചിത്രം ഇങ്ങനെ..
14/11/2025  09:00 PM IST
nila
സിപിഐക്കെതിരെ കനയ്യ നിർത്തിയ കോൺ​ഗ്രസ് സ്ഥാനാർത്ഥിയും പരാജയപ്പെട്ടു; ബീഹാറിൽ പരസ്പരം മത്സരിച്ച ഇന്ത്യാ മുന്നണിയുടെ നേർചിത്രം ഇങ്ങനെ..

പാട്ന: ബീഹാറിൽ ബിജെപിയും ജെഡിയുവും നേതൃത്വം നൽകി എൻഡിഎ സഖ്യം വലിയ വിജയമാണ് നേടിയത്. ഇന്ത്യാ മുന്നണിയും കോൺ​ഗ്രസും വലിയ പരാജയം ഏറ്റുവാങ്ങി. ബിജെപിയേയും ജെഡിയുവിനെയും എതിർക്കാൻ മഹാസഖ്യം രൂപീകരിച്ചെങ്കിലും കോൺ​ഗ്രസിനും ആർജെഡിക്കും തുടക്കംമുതൽ തന്നെ സഖ്യകക്ഷികളോട് നീതിപുലർത്താനോ വിശ്വാസ്യത ആർജ്ജിക്കാനോ കഴിഞ്ഞിരുന്നില്ല. ഇതോടെ പരസ്പര വിശ്വാസമില്ലാത്ത മഹാസഖ്യമായി ബീഹാറിലെ പ്രതിപക്ഷ മുന്നണി. പല മണ്ഡലങ്ങളിലും പ്രതിപക്ഷ സഖ്യത്തിലെ പാർട്ടികൾ നേർക്കുനേർ മത്സരിച്ചു. ഇതിന്റെ പ്രതിഫലനം എന്ന നിലയിൽ മറ്റു മണ്ഡലങ്ങളിൽ ചില അടിയൊഴുക്കുകളുമുണ്ടായി. എൻഡിഎയുടെ വിജയത്തിന്റെ തിളക്കം കൂട്ടാൻ ഇതും കാരണമായി. 

തർക്കം കാരണം ആർ‌ജെ‌ഡി, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവ പരസ്പരം മത്സരിക്കുന്ന കാഴ്ച്ചയാണ് ബീഹാറിൽ കാണാനായത്.  ബെഗുസാരായിയിലെ ബച്വാര സീറ്റിൽ സിപിഐയുടെ സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തി. ഇതിന് പ്രതികാരമായി റൊസേര, രാജപാക്കർ, ബിഹാർ ഷെരീഫ് എന്നീ മണ്ഡലങ്ങളിൽ സിപിഐ കോൺഗ്രസിനെതിരെ സ്ഥാനാർത്ഥികളെ നിർത്തി. രാജ്ഗിർ നിയമസഭാ മണ്ഡലത്തിൽ, കോൺഗ്രസ് നോമിനിക്കെതിരെ സിപിഐ (എം‌എൽ) സ്ഥാനാർത്ഥിയെ നിർത്തി.  വൈശാലി, ലാൽഗഞ്ച് മണ്ഡലങ്ങളിൽ കോൺഗ്രസും ആർ‌ജെ‌ഡിയും നേർക്കുനേർ മത്സരിച്ചു. 

ബെഗുസാരായിയിലെ ബച്വാര സീറ്റിൽ സിപിഐക്കെതിരെ മത്സരിക്കാനുള്ള വാശി സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന കനയ്യ കുമാറിനായിരുന്നു. സിപിഐയുടെ ശക്തികേന്ദ്രമായാണ് ബെഗുസാരായി ജില്ല അറിയപ്പെടുന്നത്. താൻ പാർട്ടിവിട്ടതോടെ ഇവിടെ സിപിഐ തകർന്നു എന്ന് തെളിയിക്കുകയായിരുന്നു കനയ്യയുടെ ലക്ഷ്യം. എന്നാൽ, ഫലം വന്നപ്പോൾ കനയ്യ കുമാർ നിർത്തിയ കോൺ​ഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെടുകയും ബിജെപി സ്ഥാനാർത്ഥി 15841 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ഇവിടെ ബിജെപി സ്ഥാനാർത്ഥിയായ സുരേന്ദ്ര മേത്ത 100343 വോട്ടുകൾ നേടി. കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ ശിവപ്രകാശ് ​ഗരീബ് ദാസ് 84502 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സിപിഐ സ്ഥാനാർത്ഥിയായ അബ്ദേഷ് കുമാർ റായി 21588 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. കോൺ​ഗ്രസിന്റെയും സിപിഐയുടെയും സ്ഥാനാർത്ഥികൾ സമാഹരിച്ച വോട്ടുകൾ ഒന്നിച്ചായിരുന്നെങ്കിൽ ഇവിടെ ബിജെപി സ്ഥാനാർത്ഥി പരാജയപ്പെടുമായിരുന്നു.

സിപിഐയും കോൺ​ഗ്രസും നേർക്കുനേർ മത്സരിച്ച രാജപാക്കറിലും എൻഡിഎ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇവിടെ ജെഡിയു സ്ഥാനാർത്ഥിയായ മഹേന്ദ്ര റാം 96258 വോട്ടുകൾ നേടി. കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ പ്രതിമ കുമാരി 48069 വോട്ടുകൾ നേടിയപ്പോൾ സിപിഐ സ്ഥാനാർത്ഥി മൊഹിത് പാസ്വാൻ 12990 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.

ബീഹാർ ഷെരീഫിൽ ബിജെപി സ്ഥാനാർത്ഥി ഡോ. സുനിൽകുമാർ 29168 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. ഇവിടെ ഡോ. സുനിൽകുമാർ 109304 വോട്ട് നേടിയപ്പോൾ കോൺ​ഗ്രസ് സ്ഥാനാർത്ഥി ഒമിർ ഖാൻ 80136 വോട്ടുകളും സിപിഐ സ്ഥാനാർത്ഥി ശിവ് കുമാർ യാദവ് 2736 വോട്ടുകളും നേടി. 

ആർജെഡിയും കോൺ​ഗ്രസും നേർക്കുനേർ പോരാടിയ വൈശാലിയിലും വിജയം എൻഡിഎയ്ക്കായിരുന്നു. ഇവിടെ ജെഡിയു സ്ഥാനാർത്ഥി സിദ്ധാർത്ഥ് പട്ടേൽ 108377 വോട്ടുകൾ നേടി വിജയിച്ചു. ആർജെഡി സ്ഥാനാർത്ഥി അജയകുമാർ കുശ്വാഹ 75787 വോട്ടുകളും കോൺ​ഗ്രസ് സ്ഥാനാർത്ഥി സഞ്ജീവ് സിം​ഗ് 20395 വോട്ടുകളും നേടി. ലാൽ ​ഗഞ്ചിലും ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. 

ബീഹാറിൽ എൻഡിഎ സഖ്യം കെട്ടുറപ്പോടെ നേടിയത് മിന്നും വിജയം

അതേസമയം, ബീഹാറിലെ എൻഡിഎ സഖ്യം കെട്ടുറപ്പുള്ളതും സുസജ്ജവുമായിരുന്നു. അധികാരം നിലനിർത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തിൽ എണ്ണയിട്ട യന്ത്രംപോലെ മുന്നണി സംവിധാനം പ്രവർത്തിച്ചു. വോട്ടെണ്ണി കഴിഞ്ഞപ്പോൾ അതിന്റെ ഫലവും കണ്ടു. ഏറ്റവും ഒടുവിലത്തെ ഫലസൂചനകൾ അനുസരിച്ച് ബീഹാറിലെ കക്ഷിനില താഴെ പറയുന്നു.

ബിജെപി - 89
ജെഡിയു- 85
ആർജെഡി - 25
എൽജെപിആർവി - 19
കോൺ​ഗ്രസ് - 6
എഐഎംഐഎം- 5
എച്ച്എഎംഎസ്- 5
രാഷ്ട്രീയ ലോക് മോർച്ച - 3
സിപിഐ(എംഎൽ) - 2
സിപിഎം -1

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img