
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ പുരോഗമിക്കെ, സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായ ഈഴവ വിഭാഗത്തിന്റെ പ്രാതിനിധ്യം വെട്ടിനിരത്താൻ ആസൂത്രിത നീക്കം നടക്കുന്നതായി പരാതി. ഒമ്പത് ഈഴവ എം.എൽ.എമാർ യു.ഡി.എഫ് പക്ഷത്തുള്ളപ്പോഴാണ് മന്ത്രിസ്ഥാനം രണ്ടിലേക്ക് ചുരുക്കാൻ നീക്കം നടക്കുന്നത്.
ചില പ്രത്യേക മത-സമുദായ ശക്തികളുടെയും സഭകളുടെയും സമ്മർദ്ദത്തിന് വഴങ്ങി, ജനസംഖ്യയിൽ 27 ശതമാനത്തോളം വരുന്ന ഈഴവ സമുദായത്തെ തഴയാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമമെന്നാണ് ആക്ഷേപം. ഇത് വരുംദിവസങ്ങളിൽ സർക്കാരിനെതിരെ സമുദായത്തിനിടയിൽ കടുത്ത അതൃപ്തിക്കും പ്രതിഷേധത്തിനും വഴിതുറക്കുമെന്ന് ഉറപ്പാണ്.
ജനസംഖ്യാനുപാതികമായ അവഗണന
2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3.31 കോടിയാണ്. നിലവിൽ ഇത് മൂന്നരക്കോടി പിന്നിട്ടതായാണ് അനുമാനം. ഏകദേശം ഒരു കോടിയോളം വരുന്ന ഈഴവ ജനസംഖ്യ കണക്കിലെടുത്താൽ, ജനസംഖ്യാനുപാതികമായി സമുദായത്തിന് ചുരുങ്ങിയത് 35 സീറ്റുകൾക്കും ആറ് മന്ത്രിസ്ഥാനങ്ങൾക്കും അർഹതയുണ്ട്. എന്നാൽ ഈ ചരിത്രപരമായ വസ്തുതകളെ വിസ്മരിച്ചുകൊണ്ടാണ് നിലവിലെ നീക്കങ്ങൾ.
അർഹരായവരുടെ പട്ടിക പുറത്ത്, എണ്ണം വെട്ടാൻ നീക്കം
കോൺഗ്രസ് ഇത്തവണ 17 ഈഴവ സ്ഥാനാർത്ഥികളെയാണ് മത്സരരംഗത്തിറക്കിയത്. ഇതിൽ താഴെ പറയുന്ന ഒമ്പത് പേർ വിജയിച്ചു കയറി:
ബിന്ദു കൃഷ്ണ
എം. ലിജു
ദീപക് ജോയി
സേനാപതി വേണു
നാട്ടകം സുരേഷ്
ഒ.ജെ. ജനീഷ്
സുമേഷ് അച്യുതൻ
കെ. ജയന്ത്
വിദ്യാ ബാലകൃഷ്ണൻ
ആദ്യഘട്ടത്തിൽ ബിന്ദു കൃഷ്ണ, എം. ലിജു, ദീപക് ജോയ്, സുമേഷ് അച്യുതൻ തുടങ്ങിയവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ മറ്റു സമുദായങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി ഈ പട്ടികയിൽ നിന്നും ഭൂരിഭാഗത്തെയും ഒഴിവാക്കി പ്രാതിനിധ്യം രണ്ടായി കുറയ്ക്കാനാണ് നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്.
2011-ലെ അവസ്ഥ ആവർത്തിക്കുന്നു
1991 മുതൽ 2021 വരെയുള്ള ചരിത്രം പരിശോധിച്ചാൽ, 2011-ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഈഴവ മന്ത്രിമാരുടെ എണ്ണം രണ്ടിലേക്ക് കുറഞ്ഞത്. അന്നും പിന്നാക്ക വിഭാഗങ്ങളെ വെട്ടിനിരത്തുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. എന്നാൽ ഇടതുമുന്നണി അധികാരത്തിലിരുന്ന 2016-ൽ ഒമ്പത് മന്ത്രിമാരും, 2021-ൽ അഞ്ച് മന്ത്രിമാരും ഈഴവ സമുദായത്തിൽ നിന്നുണ്ടായിരുന്നു.
വിവിധ മന്ത്രിസഭകളിലെ ഈഴവ പ്രാതിനിധ്യം:വർഷം മുഖ്യമന്ത്രി മന്ത്രിമാരുടെ എണ്ണം
1991 കെ. കരുണാകരൻ 4
1995 എ.കെ. ആന്റണി 5
2004 ഉമ്മൻചാണ്ടി 6
2006 വി.എസ്. അച്യുതാനന്ദൻ 6
2011 ഉമ്മൻചാണ്ടി 2
2016 പിണറായി വിജയൻ 9
ഈഴവ സമുദായത്തെ രാഷ്ട്രീയമായി ദുർബലപ്പെടുത്താനുള്ള ഈ നീക്കത്തിനെതിരെ സമുദായ സംഘടനകൾ രംഗത്തുവരാൻ സാധ്യതയുണ്ട്. അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ യു.ഡി.എഫിന്റെ അടിത്തറ ഇളകുന്ന തരത്തിലുള്ള പ്രതിഷേധങ്ങൾക്കും ഇത് കാരണമായേക്കാം.










