08:05pm 01 May 2026
NEWS
​"കൊളീജിയം സ്വതന്ത്രമാകണം, കേന്ദ്രത്തിന് അതിൽ റോളില്ല": ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിൽ ആശങ്കയറിയിച്ച് ജസ്റ്റിസ് ഉജ്ജൽ ഭുവൻ
25/01/2026  10:55 AM IST
സുരേഷ് വണ്ടന്നൂർ
​കൊളീജിയം സ്വതന്ത്രമാകണം, കേന്ദ്രത്തിന് അതിൽ റോളില്ല: ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിൽ ആശങ്കയറിയിച്ച് ജസ്റ്റിസ് ഉജ്ജൽ ഭുവൻ

തിരുവനന്തപുരം:​ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾക്കും അതിന് വഴങ്ങുന്ന കൊളീജിയം നടപടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുവൻ. ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിൽ കേന്ദ്രസർക്കാരിന് യാതൊരു അവകാശവുമില്ലെന്നും ഇത്തരം ഇടപെടലുകൾ കൊളീജിയം സംവിധാനത്തിന്റെ വിശ്വാസ്യതയെയും സ്വതന്ത്ര സ്വഭാവത്തെയും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

​പുണെ ഐ.എൽ.എസ് ലോ കോളേജിൽ "ഭരണഘടനാ ധാർമ്മികതയും ജനാധിപത്യ ഭരണവും" എന്ന വിഷയത്തിൽ ജി.വി. പണ്ഡിറ്റ് മെമ്മോറിയൽ ലക്ചർ നടത്തുകയായിരുന്നു അദ്ദേഹം.​കഴിഞ്ഞ വർഷം ജസ്റ്റിസ് അതുൽ ശ്രീധരനെ മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള ശുപാർശ, കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയ കൊളീജിയം നടപടിയെ ജസ്റ്റിസ് ഭുവൻ പരോക്ഷമായി പരാമർശിച്ചു. സർക്കാരിന്റെ പുനഃപരിശോധനാ ആവശ്യപ്രകാരമാണ് തീരുമാനത്തിൽ മാറ്റം വരുത്തിയതെന്ന് കൊളീജിയം രേഖപ്പെടുത്തിയത് തെറ്റായ കീഴ് വഴക്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
​ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിലോ സ്ഥലംമാറ്റത്തിലോ സർക്കാരിന് യാതൊരു റോളുമില്ല. ഈ അധികാരം പൂർണ്ണമായും ജുഡീഷ്യറിയിൽ നിക്ഷിപ്തമാണ്.

​ നീതിനിർവഹണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായിരിക്കണം . സർക്കാരിന് താൽപ്പര്യമില്ലാത്ത വിധിയോ ഉത്തരവോ പുറപ്പെടുവിക്കുന്ന ജഡ്ജിമാരെ അച്ചടക്കം പഠിപ്പിക്കാനുള്ള ശിക്ഷാ നടപടിയായി ഇതിനെ കാണരുത്.
​ രാഷ്ട്രീയമോ ഭരണപരമോ ആയ സമ്മർദ്ദങ്ങളിൽ നിന്ന് നീതിന്യായ വ്യവസ്ഥയെ സംരക്ഷിക്കാനാണ് കൊളീജിയം സംവിധാനം രൂപീകരിച്ചത്. സർക്കാർ ആവശ്യത്തിന് വഴങ്ങി തീരുമാനങ്ങൾ മാറ്റുന്നത് ഈ ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലനമാണ്.
​ കൊളീജിയം സംവിധാനത്തിന് പകരമായി കൊണ്ടുവന്ന നിയമങ്ങളെ ജുഡീഷ്യറി ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സംവിധാനം പൂർണ്ണമായ സുതാര്യതയോടെയും സ്വാതന്ത്ര്യത്തോടെയും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജുഡീഷ്യറിക്ക് വലിയ ഉത്തരവാദിത്തമുണ്ട്.

​ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിൽ എക്സിക്യൂട്ടീവ് സ്വാധീനം വ്യക്തമാകുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകൾ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന് നേരേയുള്ള പ്രഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img