
ദോഹ: ഖത്തറിലെ ശീതകാലത്തിലെ ഏറ്റവും തണുപ്പുള്ള ഘട്ടമായി കണക്കാക്കപ്പെടുന്ന ‘അൽ ഷബാത്ത്’ സീസൺ ആരംഭിച്ചതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. 2026 ജനുവരി 16 മുതൽ ആരംഭിച്ച ഈ സീസൺ 26 ദിവസം നീണ്ടുനിൽക്കും.
ഈ കാലയളവിൽ രാജ്യത്ത് താപനിലയിൽ കൂടുതൽ കുറവ്, മേഘാവരണം, വരണ്ടതും തണുത്തതുമായ കാറ്റുകൾ എന്നിവ അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ ദോഹ ഉൾപ്പെടെ ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഖത്തർ കാലാവസ്ഥ വകുപ്പ് (QMD) അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ കാറ്റും അതിശൈത്യമായ രാത്രികളും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് ജനുവരി 15 മുതൽ പ്രാബല്യത്തിൽ വന്നതായും വകുപ്പ് വ്യക്തമാക്കി.
ശീതകാല വിനോദസഞ്ചാരത്തിനും ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കും ഈ കാലയളവിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.











